നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ? ചങ്കിൽ തൊടും , ഭയന്നു വിറയ്ക്കും ഓരോ വരിയും!

മനുഷ്യരെ ജനകീയ വിചാരണ ചെയ്‌തത്‌ തല്ലിക്കൊന്ന വാർത്തകൾ കേൾക്കുമ്പോൾ അതൊക്കെ അങ്ങ് ഉത്തരേന്ത്യയിൽ അല്ലേ നടക്കൂ എന്ന് മലയാളി പലപ്പോഴും ആശ്വസിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഉത്തരേന്ത്യയിൽ നിന്നും കേരളത്തിലേക്ക് അധികം ദൂരമില്ല എന്ന യാഥാർഥ്യം നമ്മൾ നടുക്കത്തോടെ തിരിച്ചറിയുകയാണ്.

മലയാളിയുടെ മനസ്സാക്ഷിയെ ഞെട്ടിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു മർദനമേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ കേരള മനസ്സാക്ഷി നാണിച്ചുതലതാഴ്ത്തി നിൽക്കുകയാണ്. സിനിമ- സാമൂഹിക-സാംസ്‌കാരിക മേഖലയിലുള്ളവർ ഒന്നടങ്കം സംഭവത്തെ അപലപിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലും നിരവധി പേർ തങ്ങളുടെ ആത്മരോഷം തീർക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സാഹിത്യകാരൻ പി എൻ ഗോപികൃഷ്ണന്റെ കവിത ശ്രദ്ധേയമാവുകയാണ്. 

ഞങ്ങളുടെ സമ്പത്ത് കവർന്നത് നിങ്ങളാണ്.

പക്ഷെ, കള്ളൻ ഞാനായിരുന്നു.

മനസ്സിൽ കക്കൂസ് കുഴിച്ചത് നിങ്ങളാണ്.

 

പക്ഷെ, ഭ്രാന്തൻ ഞാനായിരുന്നു -

വിചാരണ ചെയ്യപ്പെടേണ്ടത് നിങ്ങളാണ്

പക്ഷെ, പ്രതി എപ്പോഴും ഞാനായിരുന്നു

 

ഒന്നിച്ചുള്ള ഫോട്ടോ , എന്റെ ഔദാര്യം ആകേണ്ടതാണ്.

പക്ഷെ, അത് നിങ്ങൾ തീരുമാനിച്ച സെൽഫിയായിരുന്നു

 

ആരും മരിക്കരുതേ എന്നായിരുന്നു ഞാൻ പ്രാർത്ഥിച്ചിരുന്നത്.

പക്ഷേ, നിങ്ങൾ എന്നെ മുറിച്ചിട്ടു.

 

ഇനി ഒച്ചയിടല്ലേ,

കൊന്നു കഴിഞ്ഞാൽ

കണ്ണീരൊഴുക്കുക എന്നത്

നിങ്ങളുടെ മാത്രം ആചാരം

അട്ടപ്പാടി കുറുമ്പ കടുകുമണ്ണയിൽ, ഏഴുവർഷമായി വനത്തിലെ പാറയിടുക്കിലായിരുന്നു മധുവിന്റെ ജീവിതം. അച്ഛൻ മല്ലൻ വർഷങ്ങൾക്കുമുൻപേ മരിച്ചു. അമ്മ മല്ലികയും സഹോദരിമാരായ ചന്ദ്രികയും സരസയുമാണു വീട്ടിലുള്ളത്. പ്രാഥമികവിദ്യാഭ്യാസം മാത്രം ലഭിച്ചിട്ടുള്ള മധു വർഷങ്ങൾക്കു മുൻപു പാലക്കാടു ഭാഗത്തു കെട്ടിടം പണിക്കു പോയിരുന്നു. അവിടെവച്ച് ആക്രമിക്കപ്പെട്ടതോടെ ഭയന്ന് ഊരിലേക്കുതന്നെ മടങ്ങി. പുറത്തുനിന്നുള്ളവരെ ഭയത്തോടെ കണ്ട്, വനത്തിൽ പാറയിടുക്കിലായിരുന്നു പിന്നീടു വാസം. വല്ലപ്പോഴും അമ്മയുടെയും സഹോദരിമാരുടെയും അടുത്തെത്തും. അരി മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മധുവിനെ കഴിഞ്ഞ ദിവസം ഒരുകൂട്ടം ആളുകൾ മധുവിനെ കെട്ടിയിട്ട് മർദിച്ചത്. തുടർന്ന് കുഴഞ്ഞു വീണ മധു ആശുപത്രിയിൽ വച്ച് മരണത്തിനു കീഴടങ്ങുകയായിരുന്നു.

കേരളസമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് നേരെ അതിക്രമങ്ങൾ വർധിക്കുന്നുവെന്ന റിപ്പോർട്ടും അടുത്തിടെ പുറത്തുവന്നിരുന്നു.

കടമ്മനിട്ടയുടെ കുറത്തി എന്ന കവിതയും ഈ സാഹചര്യത്തിൽ വീണ്ടും പ്രസക്തമാവുകയാണ്.

നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ 

നിങ്ങളവരുടെ കറുത്ത കണ്ണുകൾ ചൂഴ്ന്നെടുക്കുന്നോ

നിങ്ങൾ ഞങ്ങളുടെ കുഴിമാടം കുളംതോണ്ടുന്നോ?

നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്...