കള്ളന്മാരെ കുറിച്ചുള്ള കഥകൾ സാഹിത്യത്തിൽ ആവശ്യത്തിനുണ്ട്. വായനയ്ക്കും അപ്പുറം ചില നാടൻ മനുഷ്യർ കള്ളന്മാരാക്കപ്പെടുന്നതിന്റെ പിന്നാമ്പുറം കാണിച്ചു തരുന്ന കഥകളാണ് ഈയടുത്തു നടന്നതും. എല്ലാ നാടുകളിലുമുണ്ട് അല്ലറ ചില്ലറ മോഷണങ്ങൾ നടത്തി ജീവിക്കുന്ന തനി സാധാരണക്കാരായ മനുഷ്യർ, ഒട്ടും അപകടകാരികളല്ലാത്ത, വെറുതെയൊന്നും അങ്ങനെ ജീവിതം ജീവിച്ചു തീർക്കാനിഷ്ടമില്ലാത്ത കള്ളന്മാർ.
കള്ളൻ പവിത്രൻ പദ്മരാജന്റെ തൂലികയിൽ നിന്നും ഏറ്റവും മികച്ച ഒരു കൃതിയായി ഇന്നും വായിക്കപ്പെടുന്നു. കള്ളനായ പവിത്രനെയും കൊച്ചുണ്ണിയെയും മണിയൻ പിള്ളയെയുമൊക്കെ ഇന്നും ആളുകൾ വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്. പക്ഷേ ഏറ്റവും വായനയിൽ നോവിച്ച കള്ളൻ പൊതിച്ചോറിലെ ആ അധ്യാപകനായിരുന്നു. ഒരു നേരത്തെ വിശപ്പിനു വേണ്ടി സ്വന്തം വിദ്യാർത്ഥിയുടെ ഉച്ച ഭക്ഷണം മോഷ്ടിക്കുന്നതിൽ കൂടുതൽ വലിയ പാതകമൊന്നും അദ്ദേഹം ചെയ്തിരുന്നില്ല. അങ്ങനെ ഒരു കളവിന്റെ ഓർമ്മ ഒരുപക്ഷേ എല്ലാവർക്കും പറയുവാനുമുണ്ടാകും. പക്ഷേ അതിലൊന്നും കഴിഞ്ഞ ദിവസം ക്രൂരമായ കൊല്ലപ്പെട്ട മധുവിന്റെ മുഖമില്ല.
നാട്ടിൽ ഒരു കള്ളനുണ്ടായിരുന്നു, അരിസി മാപ്പിള. അയാളെ എന്തിനാണ് അങ്ങനെ വിളിച്ചതെന്നോ, ആ പേരിന്റെ പിന്നിലെന്തെന്നോ വലിയ പിടിയില്ല, പക്ഷേ ഓർമ്മ വച്ച കാലം മുതൽ അയാൾക്ക് എന്നും ഒരേ മുഖം. നാട്ടിൽ നടക്കുന്ന ഉത്സവം തുടങ്ങിയ വലിയ കാര്യങ്ങൾക്കും പാല് കാച്ചു പോലെയുള്ള ചെറിയ വീട്ടു കാര്യങ്ങൾക്കും വരെ അരിസിയമ്മാവൻ ഓടി നടന്നു പണിയെടുക്കും. എല്ലാ വീടുകളിലും അയാൾക്ക് സ്വന്തം വീടെന്ന പോലെ തോന്നിപ്പിച്ചു ആള് കാണിക്കും. പക്ഷേ പിറ്റേ ദിവസം എല്ലാം കഴിഞ്ഞു ലിസ്റ്റെടുത്തു നോക്കുമ്പോൾ ഒരു പത്രമോ ഒരു കുല പഴമോ, രണ്ടു തേങ്ങയോ ഒക്കെ കുറവുണ്ടാകും. എല്ലാവർക്കുമറിയാമെങ്കിലും അരിസിയമ്മാവനെ ഇന്നേവരെ ആരും കുറ്റപ്പെടുത്തിയതോ തല്ലിയതോ ആയ കഥയില്ല. കയ്യോടെ പിടിച്ചാൽ രണ്ടു ചീത്ത കയ്യോടെ വാങ്ങിയ ശേഷം ഒരു ഇളിഞ്ഞ ചിരിയും ചിരിച്ചു പിന്നോട്ട് നോക്കാതെ പോകും എന്നല്ലാതെ അയാളുടെ ആ ചെറിയ മോഷണങ്ങൾ പൊതുവെ എല്ലാവരും അംഗീകരിച്ചിരുന്നു. അതിൽ കൂടുതലൊന്നും അയാൾ മോഷ്ടിച്ചിരുന്നുമില്ല.
അരിസിയമ്മാവന് എൺപതു വയസ്സോളം പ്രായം ചെന്ന ഒരമ്മയുണ്ടായിരുന്നു, രണ്ടാൾക്കും ഭക്ഷണം കഴിക്കണമെങ്കിൽ പ്രത്യേകിച്ച് ജോലിയൊന്നുമില്ല, അരിസി കൊണ്ട് ചെല്ലുന്നതു കൊണ്ട് വേണം ഭക്ഷണം വയ്ക്കാനും വിളമ്പാനും. എൺപത്തിലും തിളക്കമുള്ള കണ്ണുകൾ കൊണ്ട് അരിസിയമ്മാവന്റെ അമ്മ എപ്പോഴും ഞങ്ങൾ കുട്ടികളെ മോഹിപ്പിച്ചിരുന്നു. എങ്കിലും അവരുടെ വീട് ഒരു നിഗൂഢ സാമ്രാജ്യമെന്ന് വിശ്വസിച്ചു. അല്ലെങ്കിലും നമ്മുടെയൊന്നും കയ്യിലൊതുങ്ങാത്ത കഥകൾ എപ്പോഴും നിഗൂഢമായിരിക്കുമല്ലോ.
മധുവിന്റെ കൊലപാതകം ആദ്യം ഓർമ്മിപ്പിച്ചത് അരിസിയമ്മാവനെയാണ്. ആ നാടിന്റെ നന്മയോ മനുഷ്യരുടെ മനുഷ്യത്വമോ ഏതാണ് അരിസിയെ മരണത്തിൽ നിന്ന് രക്ഷപെടുത്തിയതെന്നു ഒരു നിമിഷത്തെ ഭീതിയോടെ ഓർത്തു. എന്ത് തെറ്റിനാണ് മധു എന്ന വ്യക്തി കൊല്ലപ്പെടുന്നത്? അരിയും പലചരക്കു സാധനങ്ങളും മോഷ്ടിച്ചതിനോ? അയാൾ സ്ഥിരമായി ഇത്തരം സാധനങ്ങൾ കൊണ്ട് പോകുമെന്ന് പറയുമ്പോൾ എന്തുകൊണ്ട് അയാളുടെ വിശപ്പിന്റെ നിലവിളി അതിൽ കൂടി നിന്ന ഒരു മനുഷ്യൻ പോലും കേട്ടില്ല? വിശപ്പുള്ളവനെ ഭക്ഷണം മോഷ്ടിക്കേണ്ടതുള്ളൂ എന്ന സാമാന്യ മര്യാദയോർത്തെങ്കിലും നീ ഇന്നെന്തെങ്കിലും കഴിച്ചുവോ എന്നാരും ചോദിച്ചില്ല? അല്ലെങ്കിലും വയറു നിറഞ്ഞിരിക്കുന്നവന് വിശന്നു എരിയുന്ന വയറിനെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്! അങ്ങനെയൊരു ചോദ്യത്തിന്റെ സാധ്യത പോലും അവന്റെ ഹൃദയത്തിലോ നാവിലോ ഉയരാൻ പോകുന്നില്ല.
കാരൂരിനെ വീണ്ടുമോർമ്മിക്കുന്നു. പൊതിച്ചോർ കട്ടുകൊണ്ടു പോയതും വിശന്നിട്ടാവും. അത് മനസ്സിലാക്കി തരുന്ന വലിയൊരു നിസ്സഹായതയുണ്ട്, ലോകത്തിലെ ഏറ്റവും വലിയ ആന്തരിക സംഘർഷം വിശപ്പാണെന്ന് കണ്ടെത്തുന്ന ഒരു നിമിഷം. വിശപ്പിൽ നിന്ന് പുറത്തു കടന്നാൽ മാത്രമേ കണ്ടെത്തലുകളും മറ്റെന്തും നടക്കൂ എന്ന് മനസ്സിലാകുന്ന അവസ്ഥ. അല്ലെങ്കിൽ തന്നെയും ഭക്ഷണത്തിനു വേണ്ടി തന്നെയാണല്ലോ മനുഷ്യൻ അവന്റെ ആദിമ കണ്ടു പിടിത്തം നടത്തിയതും. അതുകൊണ്ടു തന്നെ മധുവിനെ വെറുതെ വിടാമായിരുന്നു. നിനക്ക് വിശക്കുന്നുണ്ടെങ്കിൽ വല്ലപ്പോഴും വന്നാൽ ഞങ്ങൾ ഭക്ഷണം തരുമല്ലോ എന്ന് പറഞ്ഞു ശകാരിച്ചു കാട്ടിലേക്ക് തന്നെ പറഞ്ഞയക്കാമായിരുന്നു.
കൊച്ചുണ്ണിയും കള്ളൻ പവിത്രനും എല്ലാം ജീവിതത്തിനു വേണ്ടി മോഷണത്തിലേക്കിറങ്ങിയവരാണ് എന്നവരുടെ ആദ്യ കാലങ്ങൾ ബോധ്യപ്പെടുത്തുന്നുണ്ട്. പിന്നീട് ഒരുതവണ പേര് മായ്ച്ചു കളയാതെ അതുതന്നെ തുടരാൻ നിർവാഹമുള്ളൂ എന്ന് വന്നപ്പോൾ അവർ ആധിപത്യം സ്ഥാപിച്ചു എന്നത് ശരി തന്നെ. പക്ഷേ അവിടെയൊന്നും മധുവിനെ ചേർത്ത് വായിക്കാനാവില്ല. കാരണം അത്രവലിയ ഒരു ബൗദ്ധിക നിലവാരവും പ്രവർത്തന മികവുമൊന്നും മധുവിനുണ്ടായിരുന്നില്ല. വിശപ്പ് മുന്നോട്ടു നയിക്കുന്ന രണ്ടു കാലുകളും അതിനൊരു മാത്രം ചരിക്കുന്ന തലച്ചോറും മാത്രമാവും അയാളുടെ കൂട്ട്. എന്നിരുന്നാലും കൊച്ചുണ്ണിയെയും കള്ളൻ പവിത്രനെയുമൊക്കെ മലയാളി അത്രമേൽ കരുണാർദ്രമായ ഹൃദയത്തോടെ തന്നെ സ്വീകരിച്ചിട്ടുണ്ട്. പൊതിച്ചോറിലെ അധ്യാപകന് നേരെ ഈറനുള്ള മിഴികളോടെ നാം നോക്കി നിന്നിട്ടുണ്ട്. അരിസിയമ്മാവന്റെ ചില്ലറ മോഷണങ്ങൾക്ക് നേരെ ആർദ്രതയോടെ മാറി നിന്ന് നോക്കിയിട്ടുണ്ട്, എന്നിട്ടും മധുവിന്റെ നെഞ്ചിൻകൂടു തകർക്കാൻ തോന്നിയെങ്കിൽ അതിനു പിന്നിൽ അവന്റെ നിറവും ഗോത്രവും തന്നെയാകുമോ? എത്ര നികൃഷ്ടമാണ് ആ ചിന്ത പോലും എന്ന് തോന്നുന്നു. പക്ഷേ വളരെ സ്വാഭാവികമാണ് ആ തോന്നൽ. സാധാരണ മനുഷ്യരെന്നു വിവക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ നിന്നും ആട്ടിയകറ്റപ്പെടേണ്ടവനാണല്ലോ ഗോത്ര വിഭാഗക്കാരൻ. അവനു വിശപ്പ് പാടില്ല, ആവശ്യങ്ങളും സമരങ്ങളും പാടില്ല. നൽകുന്നത് വാങ്ങിച്ചു കൊണ്ട് മിണ്ടാതെ ഒരു മൂലയ്ക്കിരുന്നോണം.
എല്ലാ വാക്കുകൾക്കും മുകളിലാണ് മധു എന്ന പേരുണ്ടായിരുന്ന ആ വ്യക്തിയുടെ നിഷ്‌കങ്കത നിറഞ്ഞ കണ്ണുകൾ. അവ പേടിച്ചരണ്ടിരുന്നു. അരിസിയമ്മാവന്റെ കണ്ണുകളിൽ അത്തരം ഒരു ഭയം ഒരുപക്ഷേ അയാളെ പരസ്യമായി പിടിച്ചാൽ പോലും കണ്ടിട്ടില്ല, കാരണം ഇതൊക്കെ എനിക്കും കൂടി അർഹതപ്പെട്ടതായിരുന്നല്ലോ എന്നൊരു മുഖവും അർഹതപ്പെട്ടത് ഞാനെടുത്തു എന്ന ഭാവവുമല്ലാതെ മറ്റൊന്നും അവിടെയുണ്ടായിട്ടില്ല. എന്നാൽ മധുവുൾപ്പെടെയുള്ള അയാളുടെ വിഭാഗങ്ങൾക്ക് കൂടി അർഹതപ്പെട്ടത് കട്ടെടുത്ത മനുഷ്യർ അയാളെ മർദ്ദിക്കുമ്പോൾ അയാൾക്കെങ്ങനെ അത്രമേൽ നിഷ്കളങ്കമായി തുടരാനാകുന്നു! ചോദ്യം ചെയ്യാൻ അയാൾ പഠിച്ചിരുന്നിരിക്കില്ല.
തിരുട്ടു ഗ്രാമത്തിലെ കൊടും കൊള്ളക്കാർ ഒന്നുമല്ല പലപ്പോഴും ഗ്രാമങ്ങളിലെ തനി നാടൻ മോഷ്ടാക്കൾ. അവരെ ഉപദ്രവിക്കുക എന്നതിനപ്പുറം അവരുടെ ആവശ്യങ്ങളിലേയ്ക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുക മാത്രമാണ് അവർ ചെയ്യുക എന്ന് തോന്നുന്നു. വിശപ്പും പ്രാഥമിക ആവശ്യങ്ങളും തന്നെയാണല്ലോ ആദ്യത്തെ മുൻതൂക്കമുള്ള കാര്യങ്ങൾ. അങ്ങനെ വരുമ്പോൾ അരി കട്ടെടുക്കുന്ന, പൊതിച്ചോർ കട്ടെടുക്കുന്ന ഒരുവനെ മുന്നിൽ കിട്ടുമ്പോൾ, "നീ ഇന്ന് ഭക്ഷണം കഴിച്ചുവോ?, ഞാൻ വാങ്ങി തരട്ടെ!" എന്ന് ആദ്യം അവന്റെ പട്ടിണിയിലേക്ക് നോക്കി ചോദിക്കാനുള്ള ആർദ്രത ഉണ്ടാവണം. എന്നാലേ മനുഷ്യനാകൂ... !
Books In Malayalam Literature, Malayalam Literature News, മലയാളസാഹിത്യം