വിവാദത്തിന്റെ പുകമറയിൽ നിന്നു പുറത്തുവന്നിട്ടേയുള്ളൂ നൊബേൽസമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെന്നിനെക്കുറിച്ചുള്ള ഡോക്യുമെന്ററി. സുമൻ ഘോഷ് സംവിധാനം ചെയ്ത ഒരു മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററിയെ വിവാദത്തിലേക്കു തള്ളിവിട്ടത് ഏതാനും വാക്കുകൾ. പശു, ഗുജറാത്ത്, ഹിന്ദുത്വ, ഹിന്ദു എന്നീ നാലു വാക്കുകളിൽ സെൻസർ ബോർഡ് കത്തിവച്ചതോടെയാണ് ഡോക്യുമെന്ററി വെളിച്ചം കാണുമോയെന്ന സംശയം ഉയർന്നത്.
ചെറിയ വാക്കുകളായിരിക്കെത്തന്നെ ഒരേസമയം പ്രകീർത്തിക്കപ്പെടുകയും തെറ്റിധരിക്കപ്പെടുകയും ഇന്ത്യൻ സാഹചര്യത്തിൽ വലിയ പൊട്ടിത്തെറി ഉണ്ടാക്കുന്നതുമാണ് ഈ വാക്കുകൾ. പ്രത്യേകിച്ചും ഹിന്ദുവും ഹിന്ദുത്വവും. പറയുമ്പോഴും എഴുതുമ്പോഴും വിചാരിക്കുമ്പോഴുമെല്ലാം വലിയ ശ്രദ്ധചെലുത്തേണ്ട വാക്കുകൾ. ഈ പ്രത്യേക സാഹചര്യം നന്നായി മനസ്സാക്കിക്കൊണ്ടുതന്നെ ആശയത്തെ ആശയം കൊണ്ടു നേരിടുകയാണ് എഴുത്തുകാരനും പ്രഭാഷകനും പാർലമെന്റംഗവുമായ ഡോ.ശശി തരൂർ. വിശ്വാസത്തെ അന്ധവിശ്വാസത്തിൽനിന്നു വേർപെടുത്തുക. ആചാരങ്ങളെ അനാചാരങ്ങളിൽനിന്നു വേർതിരിക്കുക. ഹിന്ദുവും ഹിന്ദുത്വവും യഥാർഥത്തിൽ എന്താണെന്നും എന്തല്ലെന്നും തരൂർ വിശദീകരിക്കുകയാണ് വൈ അയാം എ ഹിന്ദു (ഞാനെന്തുകൊണ്ടു ഹിന്ദുവായി) എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകത്തിലൂടെ.
പൊതുജീവിതത്തിൽ ഇന്നുകാണുന്ന ഹിംസാത്മക ഹിന്ദുത്വമല്ല യഥാർഥ ഹിന്ദുത്വമെന്നു സ്ഥാപിക്കുകയാണു തരൂർ. നിരത്താൻ അനേകം തെളിവുകളുണ്ട് അദ്ദേഹത്തിന്റെ കൈവശം. കേരളത്തിലെ പ്രൗഢിയും പാരമ്പര്യവുമുള്ള പുരാതനമായ ഒരു ഹിന്ദു കുടുംബത്തിലാണു തരൂർ ജനിച്ചതും വളർന്നതും. ഹിന്ദുമത ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കുന്ന കുടുംബം. ഹിന്ദുവായി ജനിക്കുകയും വളർന്നുവരുകയും ചെയ്തപ്പോൾതന്നെ മറ്റു വിശ്വാസങ്ങളോട് അസഹിഷ്ണുത കാണിച്ചിട്ടില്ല തന്റെ കുടുംബാംഗങ്ങളെന്നു പറയുന്നു തരൂർ. അത്തരമൊരു അന്തരീക്ഷത്തിൽ ജനിച്ചുവളർന്നതാണ് തന്റെ ഏറ്റവും വലിയ കരുത്ത്. വിശ്വാസം പുലർത്തുമ്പോൾതന്നെ തന്റെ വിശ്വാസം മാത്രം ശരിയാണെന്നു പറയുന്നിടത്താണു മൗലികവാദം വേരുപിടിക്കുന്നത്.
ആശയതലത്തിൽ സ്വീകരണമനോഭാവമാണു വേണ്ടതെന്നു പറഞ്ഞിട്ടുണ്ട് പടിഞ്ഞാറിന്റെ കോട്ടകളിലുള്ളവരെപ്പോലും സഹോദരീ സഹോദരൻമാരായി കണ്ട സ്വാമി വിവേകാനന്ദൻ. എല്ലാ മതങ്ങളിൽനിന്നും അകലം പാലിക്കുകയല്ല മറിച്ച് എല്ലാ മതങ്ങളുമായും സഹകരിക്കുന്ന മതേതരത്വമാണു ഇന്ത്യയുടെ കരുത്ത്. മതത്തെ തെരുവിലേക്കു വലിച്ചിഴക്കുന്ന ഭ്രാന്തൻമാർ ഇന്നു ചെയ്യുന്നതാകട്ടെ നേരെ വിപരീതവും.
വേദങ്ങളും ഉപനിഷത്തുകളും സംസ്കൃത കാവ്യങ്ങളും ഉദ്ധരിച്ചുകൊണ്ടാണു തരൂർ ഹിന്ദുത്വത്തിന്റെ ആത്മാവിനെ കണ്ടെടുക്കാൻ ശ്രമിക്കുന്നതും താൻ എങ്ങനെയാണ് ഒരു ഹിന്ദു ആയതെന്ന് വിശദീകരിക്കുന്നതും. പശുക്കടത്തായാലും ചരിത്രസ്മാരകം സംരക്ഷിക്കുന്ന വിഷയമായാലുമൊക്കെ 2014–ൽ മോദി സർക്കാർ അധികാരത്തിലേറിയതുമുതൽ ഹിന്ദുവും ഹിന്ദുത്വയും ചർച്ചകളിലേക്കു വലിച്ചിഴക്കപ്പെടുന്നു. ബോളിവുഡ് സിനിമകളും ദേശീയഗാനം പോലും വലിച്ചിഴയ്ക്കപ്പെടുന്നുണ്ട് വിവാദങ്ങളിലേക്ക്. ഈ വിവാദ'വ്യവസായ'ത്തിന് യഥാർഥ ഹിന്ദുത്വയുമായി ബന്ധമില്ലെന്നാണു തരൂരിന്റെ പ്രധാനവാദം.
ഞങ്ങളുടെ മതം മാത്രം ശരിയാണെന്നു പറയുന്നതും അതിനായി തെരുവിലിറങ്ങുന്നതും ഞങ്ങളുടെ ടീം മാത്രം വിജയിക്കണമെന്നു വാശിപിടിച്ച് അക്രമം അഴിച്ചുവിടുന്ന യൂറോപ്പിലെ ഫുട്ബോൾ ഭ്രാന്തൻമാരുടേതിൽനിന്നു വ്യത്യസ്തമായ സമീപനമല്ല. ഗണപതിയുടെ ചിത്രം കവറിൽപതിച്ച പുസ്തകത്തിലൂടെ ആയിരക്കണക്കിനു വർഷങ്ങളായി നിലനിൽക്കുന്ന ഹിന്ദുവിശ്വാസത്തിന്റെ വേരുകളിലേക്ക് ഇറങ്ങിച്ചെല്ലാനാണു തരൂർ ശ്രമിക്കുന്നത്, ഒരു പുസ്തകമല്ല ഹിന്ദുത്വത്തിന്റെ കാതൽ. ഒരു ദൈവമോ ഒരു ആചാര്യനല്ലോ അല്ല അവസാനവാക്ക്. എണ്ണമറ്റ വർഷങ്ങൾ. ഋഷിമാർ. മഹർഷിമാർ. ഗുരുക്കൻമാർ. അനുയായികൾ. വിശ്വാസത്തിന്റെയും അനുഷ്ഠാനത്തിന്റെയും പുണ്യഭൂമികൾ. ഇന്ത്യൻ സംസ്കാരവും ഹിന്ദുയിസവും തരൂരിന്റെ പാണ്ഡിത്യം നിറഞ്ഞ വാക്കുകളിൽ പുതിയൊരു വെളിച്ചത്തിലും നിറവിലും അവതരിപ്പിക്കപ്പെടുകയാണു പുസ്തകത്തിലൂടെ.
ഏതാനും രാഷ്ട്രീയകക്ഷികൾ അവകാശപ്പെടുന്നതല്ല ഹിന്ദുയിസത്തിന്റെ ആത്മാവെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് പാർലമെന്റംഗമായ തരൂർ സ്ഥാപിക്കുന്നു. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയകക്ഷിയുടെ നിലപാടുകളും നിലപാടുമാറ്റങ്ങളുമൊന്നും പുസ്തകത്തിൽ വിശദീകരിക്കുന്നില്ലെങ്കിലും ചർച്ച ചെയ്യപ്പെടാനുള്ള കരുത്തും എതിരാളികളെ പ്രതിരോധത്തിലാക്കുന്ന ആശയങ്ങളുടെ ശക്തിയുമുണ്ട് തരൂരിന്റെ പുസ്തകത്തിന്.
Books In Malayalam Literature, Malayalam Literature News, മലയാളസാഹിത്യം