പുരുഷൻമാരുടെ ഏറ്റവും മടുപ്പിക്കുന്ന മുഖമേതായിരിക്കും. സംശയമില്ല; ഭർതൃമുഖം തന്നെ. എല്ലാ പുരുഷൻമാർക്കും ഒരേ മുഖമായാലോ. എല്ലാ പൊലീസുകാർക്കും ഒരേ മുഖമാകുന്നതുപോലെ എല്ലാ പുരുഷൻമാർക്കും ഒരേ മുഖം– ഭർതൃമുഖം– ആകാതിരിക്കട്ടെ എന്നാഗ്രഹിക്കുന്നവരുണ്ട്. വനിതാ ദിനത്തിൽ പ്രസക്തമായ ആഗ്രഹം. മകനും സഹോദരനും സുഹൃത്തും കാമുകനും ആകാൻ കഴിയുന്ന, ‘ഭർത്താവ്’ ആകാതിരിക്കുന്ന ജീവിതപങ്കാളി.
സ്ത്രീകളുടെ ഏറ്റവും വെറുപ്പിക്കുന്ന മുഖം ഭാര്യമുഖവുമാണ് ചിലർക്കെങ്കിലും. ഭാര്യയാകാതിരിക്കാൻ ശ്രമിച്ച് സുഹൃത്തും മകളും സഹോദരിയും കാമുകിയും ആകുന്നതോടെ സ്ത്രീകൾ തിരിച്ചുപിടിക്കുന്നതു സ്വന്തം വ്യക്തിത്വം മാത്രമല്ല ഇഷ്ടപ്പെട്ട പുരുഷനെക്കൂടിയാണ്.
ഭർത്താവും ഭാര്യയുമാകാതെ തുല്യപങ്കാളികളായി ജീവിതത്തോണി തുഴയുന്നവരെക്കുറിച്ചുള്ള മനോഹരമായ ആശയം പങ്കുവയ്ക്കുന്ന ഒരു കഥയാണു പെൺകുരിശ്. പുതിയ തലമുറ കഥാകൃത്തുക്കളിൽ ശ്രദ്ധേയയായ സോണിയ റഫീക്ക് എഴുതിയ ചെറുകഥ. സാധാരണ കഥകളിൽനിന്നു വ്യത്യസ്തമായി രാജ്യാന്തര കാഴ്ചപ്പാടിൽ എഴുതപ്പെട്ട വിമോചനത്തിന്റെ കഥ. സ്ത്രീയുടെ മാത്രമല്ല പുരുഷന്റെയും ഉയിർത്തെഴുന്നേൽപിന്റെയും യഥാർഥസ്വത്വത്തിന്റെ വീണ്ടെടുപ്പിന്റെയും കഥ.
ഹിന്ദുവായി ജനിച്ച് ഇസ്ലാമായി മരിച്ച എഴുത്തുകാരിയായ സ്ത്രീയാണ് പെൺകുരിശിലെ പ്രധാന കഥാപാത്രങ്ങളിലൊരാൾ. അവരുടെ പേര് കഥയിലൊരിടത്തും പറയുന്നില്ല. എഴുത്തുകാരിയുടെ ആദ്യത്തെ ചരമവാർഷികം. ഇസ്ലാം മതാചാരങ്ങൾക്കു വിരുദ്ധമായി അന്ന് ചില വസ്തുക്കളുടെ പ്രതിഷ്ഠ കണ്ടെത്തുന്നു അവരുടെ ഖബറിസ്ഥാനിൽ. ഖബറിനു ചുറ്റും ജമന്തിപ്പൂക്കൾ. വിശിഷ്ടഗന്ധമുള്ള സുഗന്ധദ്രവ്യങ്ങൾ പുകച്ച ധൂപക്കുറ്റികൾ. പരേതയുടെ പഴയകാല ഫോട്ടോഗ്രാഫുകളും കൽക്കണ്ടം കൊണ്ടുണ്ടാക്കിയ നിറം പൂശിയ ചെറിയ തലയോട്ടികളും.
എഴുത്തുകാരിയുടെ ഖബർ അലങ്കരിച്ചതും അലങ്കാരവസ്തുക്കളിലൂടെ ദുരൂഹത ഉണർത്തിയതും അകാലത്തിൽ അന്തരിച്ച മെക്സിക്കൻ ചിത്രകാരി ഫ്രിഡ കാഹ്‍ളോ.1907 ൽ ജനിച്ച് 47–ാം വയസ്സിൽ മരിക്കുന്നതിനു തൊട്ടുതലേവർഷം മാത്രം ഏകാംഗ പ്രദർശനം നടത്തിയ പ്രതിഭാശാലി. പിൽക്കാല ഫെമിനിസ്റ്റുകൾ പ്രചോദനം നേടിയ സ്വതന്ത്ര ആവിഷ്ക്കാരങ്ങളുടെ വക്താവ്. മനസ്സിന്റെ കാമനകൾ കൊണ്ടു നൃത്തം ചെയ്ത നിത്യപ്രണയിനിയായിരുന്ന മലയാളത്തിലെ എഴുത്തുകാരിയുടെ ഓർമദിവസം ഖബറിൽ വരാതിരിക്കാൻ ആവില്ലായിരുന്നു ഫ്രിഡയ്ക്ക്. സ്നേഹത്തിലും അനുകമ്പയിലും ജനിച്ച എഴുത്തുകാരിയുടെ ഓർമയ്ക്കു മുന്നിൽ ജമന്തിപ്പൂക്കളാൽ അർച്ചന നടത്താതിരിക്കാനും. ഭർതൃമുഖമുള്ള പൊലീസുകാർ അപ്പോഴേക്കും നഗരത്തിൽ തിരച്ചിൽ ഊർജിതമാക്കിയിരുന്നു. അവരുടെ കണ്ണിൽപ്പെടാതെ കടപ്പുറത്തുകൂടി അലയുകയാണ് ഫ്രിഡയും അവൾ വരച്ച നൃത്തത്തിലൂടെ പുനരുജ്ജീവനം നേടിയ ഇസഡോറ ഡങ്കനും. അധുനിക നൃത്തത്തിനു തുടക്കം കുറിച്ച ലോകപ്രശസ്ത നർത്തകിയാണ് ഇസഡോറ. അമേരിക്കയിൽ ജനിച്ച് നൃത്തത്തിലൂടെ യൂറോപ്പ് കീഴടിക്കിയെങ്കിലും അമ്പതു വയസ്സിനു മുമ്പ് സ്കാർഫ് കാറിന്റെ വീലിൽ കുടുങ്ങി അകാലചരമം പ്രാപിച്ച ചിത്രകാരി. ഇവർക്കൊപ്പമുണ്ട് നോവലിസ്റ്റും നാടകകൃത്തും സംവിധായികയുമായ ഫ്രഞ്ചുകാരി മാർഗരറ്റ് ഡുറാസും.
ഇസഡോറ ഡങ്കനെയും മാർഗരറ്റിനെയും നീർമാതളപ്പൂവിനെ പ്രണയിച്ച എഴുത്തുകാരിയെയും മോഡലുകളാക്കി ജീവിതത്തിൽ അമ്മയായിട്ടില്ലാത്ത ഫ്രിഡ സ്മാരകം ഒരുക്കുകയാണ്– ബ്രഷിലൂടെ, ഖബറിൽ ഉറങ്ങുന്നവളുടെ ഇരുവശവും ലംബമായി കിടക്കുന്ന ഫ്രിഡയും ഇസഡോറയും. മരണപ്പെട്ടവളുടെ തലയോടു ചേർന്ന് നേർവര പോലെ മാർഗരറ്റ് കിടക്കുന്നു. അങ്ങനെ നാലു സ്ത്രീകളാൽ ഖബറിസ്ഥാനിൽ ഒരു കുരിശു രൂപപ്പെടുന്നു. ഇസഡോറയുടെയും മാർഗരറ്റിന്റെയും മരണപ്പെട്ട പ്രണയിനിയുടെയും നെറ്റിയിൽ കാമുകന്റെ ചിത്രവും വരച്ചു. തൃക്കണ്ണിൽ പുരുഷനെ ആവാഹിച്ച നാലു സ്ത്രീകളാൽ ഒരു പെൺകുരിശ്. അവരെത്തമ്മിൽ ബന്ധിപ്പിക്കുന്ന പ്രണയത്തിന്റെ നൂൽരേഖകളും.
കലാകാരികളായി ജനിച്ച പ്രതിഭാശാലികൾ ജീവിതത്താൽ നിർമിക്കുന്ന പെൺകുരിശ് സോണിയ റഫീക്ക് എന്ന എഴുത്തുകാരിയുടെ ഭാവന മാത്രമല്ല; ഇന്നത്തെ ലോകത്തിന്റെ യാഥാർഥ്യം കൂടിയാണ്. ഇന്നത്തെ മാത്രമല്ല എന്നത്തെയും ലോകത്തിന്റെ യാഥാർഥ്യം. കലാകാരികളാകുന്നതോടെ, സ്വാതന്ത്ര്യം കൊതിക്കുന്നതിലൂടെ വേട്ടക്കാരായ ഒരേ മുഖമുള്ള പൊലീസുകാരുടെ നോട്ടപ്പുള്ളികളുമാകുന്ന ലോകമെങ്ങുമുള്ള വ്യക്തിത്വമുള്ളവരുടെ പോരാട്ടത്തിന്റെ ചിത്രം.
ഫ്രഞ്ചുകാരി മാർഗരറ്റ് ഡുറാസും മെക്സിക്കൻ ചിത്രകാരി ഫ്രിഡയും അമേരിക്കക്കാരി ഇസഡോറയും മലയാളത്തിന്റെ നിത്യപ്രണയിനിയും ഒരുമിക്കുന്നതാകട്ടെ മരണത്തിനുശേഷവും. അപ്പോൾ മാത്രമാണവർക്കു മറ്റുള്ളവരുടെ കണ്ണിൽപ്പെടാതെ പുറത്തിറങ്ങാൻ കഴിയുന്നത്. ആഗ്രഹിക്കുന്ന സമയമത്രയും കടപ്പുറത്തു ചെലവിടാൻ കഴിയുന്നത്. അവിടെയുമുണ്ട് ഒരേ മുഖമുള്ള പൊലീസുകാർ. പക്ഷേ, ജീവിച്ചിരിക്കുന്നവരാകയാൽ അവർക്കു കാണാനാവുന്നില്ല മരിച്ചുപോയവരെ.
ഋതുക്കൾക്കു യഥേഷ്ടം കോറിവരയ്ക്കുവാൻ ഒന്നുമറിയാത്തതുപോലെ നിന്നുകൊടുക്കുന്ന ഭൂമിയെപ്പോലെ കലയുടെ കലഹവും കലാപവും ഓർമിപ്പിക്കുന്നു പെൺകുരിശ്. സ്ത്രീത്വത്തിന്റെ വിമോചനവും വിപ്ലവവും ഒരു സാധ്യതയായി ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.
Books In Malayalam Literature, Malayalam Literature News, മലയാളസാഹിത്യം