' ഞങ്ങള്‍ ആദിവാസികൾ, നിങ്ങള്‍ക്ക് അടിച്ചുകൊല്ലാനുള്ള വസ്തു '

പൊതു സാഹിത്യം പൊതുവല്ലെന്നും ദളിത് സാഹിത്യം വിഭാഗീയതയല്ലെന്നും ദളിത് എഴുത്തുകാര്‍

'മധുവിന്റെ കൊലപാതകം ആദ്യത്തേതല്ല, കേരളീയ സമൂഹം ഒട്ടേറെ മധുമാരെ ഇതുപോലെ അടിച്ചും തല്ലിയും കൊന്നിട്ടുണ്ട്. ഞങ്ങള്‍ ആദിവാസികള്‍ എന്നാല്‍ നിങ്ങള്‍ പരിഷ്‌കൃതരെന്ന് സ്വയം പറയുന്നവര്‍ക്ക് ചവിട്ടിയും കുത്തിയും കൊല്ലാനുള്ള വിഭവം തന്നെ,' കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൊച്ചരേത്തിയുടെ രചയ്താവായ ആദിവാസി എഴുത്തുകാരന്‍ നാരായന്‍ കൃതി സാഹിത്യ-വിജ്ഞാനോത്സവ വേദിയില്‍ പൊട്ടിത്തെറിച്ചു. ഹന്‍ഡ്‌സ സൊവ്വേന്ദ്ര ശേഖറോടൊപ്പം അരികുകളില്‍ നിന്നുള്ള എഴുത്ത് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസികളുടെ ഭൂമി ആര്‍ക്കും നേടിയെടുക്കാന്‍ കഴിയും, കാരണം ആദിവാസിക്ക് ഒരു രേഖയും കാണിക്കാനില്ല. അവരെ ആട്ടിയോടിക്കാന്‍ ശക്തരായവരാണ് നിങ്ങളെല്ലാം. ആദിവാസികളുടെ ജീവിതം എഴുതാന്‍ ശ്രമിക്കുന്നവരോട് എനിക്ക് പറയാനുള്ളത്, അവരുടെ ജീവിതം പഠിച്ചിട്ട് എഴുതുക എന്നാണ്. ഒരു ഗോത്രസമൂഹത്തിന്റെ പൂര്‍വാവസ്ഥകള്‍ മനസ്സിലാക്കിവേണം രചന നിര്‍വഹിക്കാൻ. 

എഴുതിയ കൃതിയെ മുന്‍നിര്‍ത്തി ഒട്ടേറെ ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വന്ന ഹന്‍ഡ്‌സ, ആദിവാസി സമൂഹത്തില്‍ നിന്നുകൊണ്ട് എഴുതുന്നതിലെ ബുദ്ധിമുട്ടുകള്‍ വിവരിച്ചു. എന്നാല്‍ ഗോത്രവര്‍ഗ രചനകള്‍ എന്ന നിലയില്‍ സര്‍ഗസൃഷ്ടികളെ വേര്‍തിരിക്കേണ്ടതില്ലെന്നും ഹന്‍ഡ്‌സ പറഞ്ഞു.

നേരത്തെ ദളിത് സാഹിത്യം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലും എം.ആര്‍. രേണുകുമാര്‍, കെ. കെ. ബാബുരാജ്, അജയ് ശേഖര്‍ എന്നിവരോടൊപ്പം നാരായന്‍ പങ്കെടുത്തിരുന്നു. ദളിത് സാഹിത്യംപോലുള്ള അരികുകകളില്‍ നിന്നുള്ള സാഹിത്യങ്ങള്‍ ഉണ്ടായി വരുന്നതിനെ വിഭാഗീയത എന്നു വിശേഷിപ്പിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് ദളിത് എഴുത്തുകാര്‍ ഒന്നടങ്കം പറഞ്ഞു. പൊതുജീവിതത്തെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കുകയും അതിന് നീതി പകരുകയും വികസപ്പിക്കുകയുമാണ് ഇത്തരം പുതുസാഹിത്യമാതൃകകള്‍ ചെയ്യുന്നത്. ആ അർഥത്തില്‍ നിലവിലെ പൊതുസാഹിത്യം പൊതുവല്ലെന്ന സത്യം പറയേണ്ടി വരുമെന്നും ഇവര്‍ പറഞ്ഞു.

നിലവിലുള്ള ഭാഷാരീതികളും രൂപമാതൃകകളും ഇത്തരം പുതിയ ആവിഷ്‌കാരങ്ങള്‍ക്ക് മതിയാകാതെ വരുമെന്ന വെല്ലുവിളിയെ കെ.കെ. ബാബുരാജ് ഉയര്‍ത്തിക്കാണിച്ചു. 

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം