സർവനാശമടുത്തു, ഇനി കുറച്ചുനാൾ എന്നു ചിന്തിക്കുന്നവരോട്...

മൈക്രോസോഫ്റ്റ്സ് സ്ഥാപകനും ലോക സമ്പന്നരുടെ പട്ടികയിലെ മുൻനിരക്കാരനുമായ ബിൽ ഗേറ്റ്സ് ഈ വർഷം ജനുവരി അവസാനം ട്വീറ്റ് ചെയ്തത് ഒരു പുസ്തകത്തെക്കുറിച്ചു പറയാൻ: എൻലൈറ്റൻമെന്റ് നൗ– ദ് കേസ് ഫോർ റീസൺ, സയൻസ്, ഹ്യൂമനിസം ആൻഡ് പ്രോഗ്രസ്. കനേഡിയൻ–അമേരിക്കൻ ശാസ്ത്രചിന്തകനും മനശാസ്ത്രജ്ഞനുമായ സ്റ്റീവൻ പിങ്കറുടെ ഏറ്റവും പുതിയ പുസ്തകത്തെക്കുറിച്ചു പറയാൻ. 

ഹർവാർഡ് യൂണിവേഴ്സിറ്റിയിൽ സൈക്കോളജി പ്രഫസറായ പിങ്കറുടെ പുസ്തകത്തെക്കുറിച്ച് എന്താണിത്ര പറയാൻ എന്ന് അത്ഭുതം തോന്നുന്നതിനു പകരം അറിയണം പിങ്കറിനെക്കുറിച്ച്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകത്തെക്കുറിച്ചും. 

ജീവിച്ചിരിക്കുന്ന കാലത്ത് ഏറ്റവും കൂടുതൽ കേട്ടുപഴകുന്ന ചില വാചകങ്ങളുണ്ട്. അറിഞ്ഞോ അറിയാതെയോ എല്ലാവരും ഏറ്റുപറയുന്ന, അടിമയായിപ്പോകുന്ന ഏറ്റുപറച്ചിലുകൾ– എത്ര മോശമാണീ കാലം. സഹിക്കാൻ പറ്റുന്നില്ല. എന്നും കേൾക്കുന്നത് അക്രമത്തിന്റെ വാർത്തകൾ. അടിപിടികൾ. സ്ത്രീത്വത്തിനു നേരെ നടക്കുന്ന അതിക്രമങ്ങൾ. മാനഭംഗങ്ങൾ. കൊലപാതകങ്ങൾ. വംശീയ അധിക്ഷേപങ്ങൾ. സർവനാശമടുത്തിരിക്കുന്നു. ഇനി കുറച്ചുനാൾ മാത്രം... ഇങ്ങനെ തുടരുന്ന വർത്തമാന ലോകത്തെക്കുറിച്ചുള്ള അസംതൃപ്തിയും രോഷവും. കേൾക്കുന്ന മാത്രയില്‍ ഈ ആശയവുമായി യോജിക്കും മിക്കവരും. കഴിഞ്ഞകാലത്തിന്റെ നൻമകളെക്കുറിച്ചോർത്തു നെടുവീർപ്പിടും. ഭാഗ്യംകെട്ട ലോകമാണല്ലോ ഇപ്പോഴത്തേത് എന്നു വിലപിക്കും. പക്ഷേ, യാഥാർഥ്യമെന്താണ്? ഈ ചോദ്യത്തിന്റെ ഉത്തരം തേടുകയാണു പിങ്കർ. 

ജീവിതത്തിൽ വിശ്വാസം നഷ്ടപ്പെടുന്ന, ശുഭാപ്തിവിശ്വാസം ഇല്ലാതാകുന്ന, നാളെകളെക്കുറിച്ച് ആശങ്കപ്പെടുന്ന സന്ദർഭങ്ങളിൽ പിങ്കറുടെ പുസ്തകം –എൻലൈറ്റൻമെന്റ് നൗ– കയ്യിലെടുക്കുക. പറഞ്ഞുപഴകിയ ചൊല്ലിനപ്പുറം യാഥാർഥ്യം എന്തെന്നു പറയുകയാണദ്ദേഹം. ഇന്നത്തെ ലോകത്തിന്റെ അവസ്ഥയും നാളത്തെ ലോകം എങ്ങനെയായിരിക്കുമെന്ന കാഴ്ചപ്പാടും അവതരിപ്പിക്കുന്നു. ധീരമായും വിശ്വസനീയമായും. ഒഴുക്കിനെതിരെ നീന്തുകയാണു പിങ്കർ. ഭാവിയുടെ പുസ്തകമാണ് പുതിയ കാലത്തിന്റെ ഈ ഇതിഹാസം. നാളെയുടെ പോരാട്ട ചരിത്രം. 

സമകാലിക ലോകത്തെക്കുറിച്ചോർത്തു കരഞ്ഞും തളർന്നും ഭാവിയെക്കുറിച്ചു പ്രതീക്ഷ നഷ്ടപ്പെട്ടും ജീവിക്കുന്നവരെ യാഥാർഥ്യത്തിലേക്കു വിളിച്ചുണർത്തിയ ചിന്തകനായിരുന്നു ബർട്രാൻഡ് റസ്സൽ. പുതിയ കാലത്തിന്റെ ദുരന്തങ്ങളിൽ തളരുന്നവർ ഇന്നലെയുടെ തടവുകാരാണെന്നും ഭാവി അവർക്കുള്ളതല്ലെന്നും അസന്നിഗ്ധമായി പറഞ്ഞു റസ്സൽ. പക്ഷേ, കാലം മുന്നോട്ടുപോകുമ്പോഴും പിന്നോട്ടു നോക്കുന്നവരാണു കൂടുതൽ. ഭൂതകാലത്തിൽ അഭിരമിക്കുന്നവർ. അവരോടാണു പിങ്കർക്കു പറയാനുള്ളയത്. കണക്കും കാര്യവുമായി നിരത്തുന്ന മാറിയ കാലത്തിന്റെ കണക്കെഴുത്തുകൾ. എഴുതിയതു മായ്ച്ചും പുതുതായി എഴുതിയും വരും കാലത്തിനുവേണ്ടി എഴുതുന്ന അക്ഷരങ്ങൾ. 

കേൾക്കുന്ന, കാണുന്ന, അറിയുന്ന ദുരന്തങ്ങളോരോന്നും കാലത്തെക്കുറിച്ചുള്ള അവിശ്വാസമാകും പകരുക. ജീവിതത്തിൽ വിശ്വാസം നഷ്ടപ്പെടുത്തുന്നവ. മനശാസ്ത്രപരമായ ഒരു രോഗം പോലുമായി ഈ ചിന്താഗതി മാറുന്നു– പിങ്കറുടെ ഭാഷയിൽ ‘ക്രൈസിസ് ഓഫ് കോൺഫിഡൻസ്’. സദാ സംശയത്തിന്റെ പിടിയിലകപ്പെട്ടവർ. ഭാവിയെക്കുറിച്ച് എപ്പോഴും ആശങ്കപ്പെടുന്നവർ. വരാനിരിക്കുന്ന കാലം ദുരിതമയമാകുമല്ലോ എന്നു പേടിക്കുന്നവർ. അവരോടു പിങ്കർ പറയുന്നു: കണ്ണു തുറന്നു നോക്കുക. യഥാർഥത്തിൽ നമ്മൾ നടക്കുന്നതു മുന്നോട്ടുതന്നെ. കഴിഞ്ഞകാലത്തു നേരിടേണ്ടിവന്ന അതിക്രമങ്ങൾ വാസ്തവത്തിൽ ഇപ്പോൾ കുറവല്ലേ. കുറച്ചുകൂടി മെച്ചപ്പെട്ട ലോകം ഇനിയും സൃഷ്ടിക്കാനും തീർച്ചയായും കഴിയും. ശാസ്ത്രം കൂടുതൽ മികച്ച സാധ്യതകൾ മുന്നോട്ടുവയ്ക്കുന്നു. യുക്തി ജീവിതത്തെ വസ്തുനിഷ്ഠമായി കാണാനും പ്രേരിപ്പിക്കുന്നു. 

യുക്തിയുടെ കണ്ണട ധരിക്കുക. ഒപ്പം സഹാനുഭൂതി വാക്കുകളെ ആർദ്രമാക്കട്ടെ. പ്രവൃത്തികളെ സൗന്ദര്യമുള്ളതാക്കട്ടെ. കുറേക്കൂടി മെച്ചപ്പെട്ട മനുഷ്യരാകാൻ ശ്രമിക്കൂ നിരന്തരം. ധീര, നൂതന ലോകം തീർച്ചയായും സാധ്യമാണ്. 

കഴിഞ്ഞ അരനൂറ്റാണ്ട് അതിനുമുമ്പുള്ള വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആശയം കുറേക്കൂടി വ്യക്തമാകും. പഴയ കാലത്തെയത്ര വർഗ്ഗവിവേചനം ഇപ്പോഴുണ്ടോ. ലിംഗനീതിയിലും വലിയ പുരോഗതി സൃഷ്ടിക്കാനായിട്ടില്ലേ. ദാരിദ്ര്യം കുറയുകയല്ലേ ചെയ്തത്. സ്ത്രീ ശാക്തീകരണം ഇന്നു ശക്തമായ ഒരു ആശയമല്ലേ. 1600 മുതലുള്ള ലോകത്തിന്റെ ചരിത്രം തിരഞ്ഞാൽ യുദ്ധത്തെത്തുടർന്നുള്ള മരണങ്ങൾ ഏറ്റവും കുറവ് ഇപ്പോഴല്ലേ. ഇവയൊക്കെയും വസ്തുതകളാണെന്നിരിക്കെ അവയ്ക്കു നേരെ കണ്ണടയ്ക്കുന്നതെന്തിന്. പ്രതീക്ഷയോടെ മുന്നോട്ടുതന്നെ നോക്കൂ. 

പിങ്കർ അവതരിപ്പിക്കുന്ന കണക്കുകൾ വിശ്വസനീയമാണ്. സത്യത്തിന്റെ അടിസ്ഥാനശിലയിൽ ഉറച്ചതാണ്. അവയ്ക്കുനേരെ അധികനേരം കണ്ണടയ്ക്കാൻ ആർക്കുമാവില്ല. ഈ കാലത്തിനും വരും കാലത്തിനും വേണ്ടിയുള്ള പിങ്കറുടെ വാക്കുകളിൽനിന്നാകട്ടെ പുതിയകാലത്തിന്റെ നിർമിതി. നാളയിലേക്ക് ഉറ്റുനോക്കുന്ന ബിൽ ഗേറ്റ്സ് തിരിച്ചറിയുന്നുണ്ട് പിങ്കറുടെ വാക്കുകളിലെ പുതുമ. പ്രതീക്ഷ. അതുകൊണ്ടാണ് പുതിയ തലമുറയ്ക്കായി അദ്ദേഹം പിങ്കറുടെ പുസ്തകം ശുപാര്‍ശ ചെയ്യുന്നതും. 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം