മലാല യൂസഫ്സായിയുടെ പുതിയ പുസ്തകം ഉടൻ

മലാല യൂസഫ്സായ്

ചരിത്രം സൃഷ്ടിച്ച ആത്മകഥയ്ക്കുശേഷം പുതിയ പുസ്തകവുമായെത്തുന്നു മലാല യൂസഫ്സായി. ഒരു കുട്ടിക്കും ഒരു ഗുരുവിനും ഒരു പുസ്തകത്തിനും ഒരു പേനയ്ക്കും ലോകത്തെ മാറ്റിമറിക്കാനാകുമെന്നു പറഞ്ഞ മലാലയുടെ പുതിയ പുസ്തകം. ലോകം ഇന്നു നേരിടുന്ന ഏറ്റവും വേദനിപ്പിക്കുന്ന, സങ്കീർണമായ പ്രശ്നത്തെക്കുറിച്ചാണ്. അഭയാർഥികളെക്കുറിച്ച്. പലായനത്തെക്കുറിച്ച്. നഷ്ടമാകുന്ന വേരുകളെക്കുറിച്ച്. 

സ്വന്തം വീടു വിട്ടുപോകുന്നത് എത്രമാത്രം വേദനിപ്പിക്കുന്ന അനുഭവമാണെന്ന് എനിക്കറിയാം. വീടു മാത്രമല്ല നാടും നാട്ടുകാരും. ശ്വസിക്കുന്ന വായുവും പരിചിതമായ കാഴ്ചകളും. വീടു പിന്നിൽ വിട്ടുപോയതിനുശേഷമാണ് വീടും നാടും ഉപേക്ഷിക്കേണ്ടിവന്ന അനേകം പേരെ ഞാൻ പരിചയപ്പെടുന്നത്. എന്നെപ്പോലെ അവർക്കുമുണ്ട് കഥകൾ. പിന്നിൽ ഉപേക്ഷിച്ച സ്നേഹങ്ങൾ. സൗഹൃദങ്ങൾ. വിലമതിക്കാനാവാത്ത ചുറ്റുപാടുകൾ. അവരുടെ ജീവിതം പറയാൻ ശ്രമിക്കുകയാണു ഞാൻ പുതിയ പുസ്തകത്തിലൂടെ. പുസ്തകത്തിന്റെ പേര്: ഞങ്ങൾ അഭയാർഥികൾ (വി ആർ ഡിസ്പ്ളേസ്ഡ് ). ആത്മകഥ പ്രസിദ്ധീകരിച്ച് അഞ്ചുവർഷത്തിനുശേഷമെത്തുന്ന പുതിയ പുസ്തകം സെപ്റ്റംബർ നാലിനു പുറത്തിറങ്ങും. 

സ്വന്തം വീടു നഷ്ടപ്പെടുമ്പോൾ മനസ്സിൽ അലയടിക്കുന്ന വികാരങ്ങൾ. ജീവിച്ചുവന്ന, പരിചയിച്ച സമുദായത്തിൽനിന്നു മാറുമ്പോൾ ഉണ്ടാകുന്ന പ്രാണനൊമ്പരങ്ങൾ. ഇന്നലെവരെ ജീവിച്ച ലോകം ഇനിയില്ലെന്നും പുതിയൊരു ലോകത്തേക്ക് കാലെടുത്തുവയ്ക്കുകയാണെന്നും മനസ്സിനെ പറഞ്ഞുപഠിപ്പിക്കുന്നതിന്റെ ബുദ്ധിമുട്ട്. ഇവയൊക്കെയും സ്വന്തമനുഭവത്തിലൂടെയും പരിചയമുള്ളവരുടെ ജീവിതത്തിലൂടെയും പരിചയപ്പെടുത്തുകയാണു മാലാല പുതിയ പുസ്തകത്തിൽ. 

പലായനം ചെയ്യുന്നവരുടെ കണക്കുകൾ നാം ദിവസവും വായിക്കുന്നു. ആ കണക്കുകളിൽ നഷ്ടപ്പെടുന്ന മനുഷ്യത്വം തിരിച്ചറിയുന്നുമില്ല– പുതിയ പുസ്തകത്തിന്റെ രചനയിലേക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ചു മലാല പറയുന്നു. ലക്ഷക്കണക്കിന് അഭയാർഥികളെക്കുറിച്ചു നാം ദിവസവും വായിക്കുന്നു. ബോട്ടിലും ട്രക്കിലും മറ്റും അള്ളിപ്പിടിച്ച് അതിർത്തികൾ കടന്ന് ദുരിതാശ്വാസ ക്യാംപുകളിൽ ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നവരുടെ യാതനകൾ. ഞെട്ടിപ്പിക്കുന്ന ഒരു ചിത്രം കാണുമ്പോഴോ, പ്രത്യേകതയുള്ള ഒരു കഥ വായിക്കുമ്പോഴോ മാത്രമാണ് നാം അവരുടെ കഥകളുടെ ഭീകരത തിരിച്ചറിയുന്നത്. അല്ലാത്തപ്പോഴും അവരുടെ യാതനകൾ തുടരുന്നുണ്ട്. നാം അതറിയുന്നില്ല എന്നു മാത്രം. ഞങ്ങൾ അഭയാർഥികൾ എന്ന  പുസ്തകത്തിലൂടെ ഞാൻ തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണ് ആർക്കും വേണ്ടാത്തവരുടെ അവകാശങ്ങൾ. എല്ലാവർക്കുമുണ്ട് മനുഷ്യാവകാശങ്ങൾ. എല്ലാവരും അർഹിക്കുന്നു വീട്. സ്നേഹമുള്ള ചുറ്റുപാടുകൾ. 

പുസ്തകം വിറ്റുകിട്ടുന്ന വരുമാനം വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന ലോകമെങ്ങുമുള്ള പെൺകുട്ടികളെ സഹായിക്കാൻ വേണ്ടി രൂപം കൊടുത്ത മലാല ഫണ്ടിനായിരിക്കും എന്നും മലാല വെളിപ്പെടുത്തുന്നു. 

ലോകത്തിന്റെ ഇഷ്ടം പിടിച്ചുപറ്റിയ ആത്മകഥ ‘ഞാൻ മലാല’ ബെസ്റ്റ് സെല്ലറായിരുന്നു. 2012 ഒക്ടോബറിലാണ് 15 വയസ്സുള്ള മലാല താലിബാൻ സൈനികരുടെ ആക്രമണത്തിന് ഇരയായത്. സ്കൂളിൽ നിന്നു കൂട്ടുകാരോടൊന്നിച്ചു വീട്ടിലേക്കു മടങ്ങും വഴി സ്വാത് താഴ്‍വരയിൽ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. തലയ്ക്കു മാരകമായി പരുക്കേറ്റ മലാല കുടുംബസമേതം ബ്രിട്ടനിൽ അഭയം തേടി. വിദഗ്ധ ചികിൽസ ലഭിച്ചതിനെ തുടർന്ന് ആരോഗ്യം വീണ്ടെടുത്തു. പ്രശസ്തമായ ഓക്സ്ഫഡ് സർവകലാശലയിലെ വിദ്യാർഥിനിയാണ് ഇപ്പോൾ മലാല. പുസ്തകവും പേനയുമാണ് ആയുധമെന്നു പറഞ്ഞിട്ടുള്ള ലോകത്തെ ഏറ്റവും പ്രശസ്തയായ പെൺകുട്ടി പുതിയ പുസ്തകത്തിലൂടെ നടത്തുന്ന പോരാട്ടം സ്വന്തം അവകാശങ്ങൾക്കുവേണ്ടിയല്ല; എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട അഭയാർഥികൾക്കുവേണ്ടിയാണ്. 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം