ഉദയം കാണാൻ ഉറക്കമൊഴിച്ചവരെല്ലാം സംശയിക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു. അർഹമായ അവകാശങ്ങൾക്കുവേണ്ടി ഒത്തുകൂടുന്നവരെയെല്ലാം തടവറയുടെ ഇരുട്ടിൽ തള്ളിയ കാലം.സജീവമായി പ്രവർത്തിക്കണമെന്നുപോലുമില്ല; നാവടക്കാൻ ആവശ്യപ്പെടുന്ന ഭരണകൂടത്തിനെതിരെ നാവനക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്നവരെപ്പോലും ചങ്ങലയ്ക്കിട്ട കാലം. ഒരേ വീട്ടിൽ അന്തിയുറങ്ങുമ്പോഴും കൂടെയുള്ളവരിൽ സുഹൃത്ത് ആര് ചാരനാര് എന്നുറപ്പിക്കാനാവാത്ത കാലം. അടിയന്തരാവസ്ഥ എന്നു വിളിക്കപ്പെട്ട ആ കറുത്ത ദിനങ്ങളിൽ ഭരണകൂടത്തിന്റെ കണ്ണിലെ കരടായിരുന്നു എം.സുകുമാരൻ എന്ന എഴുത്തുകാരൻ. നക്സൽ ഭീഷണി അടിച്ചമർത്താൻ നിയോഗിക്കപ്പെട്ട സ്പെഷൽ സ്ക്വാഡിന്റെ നോട്ടപ്പുള്ളി.
വസന്തത്തിന്റെ ഇടിമുഴക്കത്തിനുവേണ്ടി കാതോർത്ത കേരളത്തിലെ തീവ്രവിപ്ളവകാരികൾ ഏറ്റവും കൂടുതൽ പേടിച്ചത് ജൻമിമാരെ ആയിരുന്നില്ല. അവർ നിയോഗിച്ച എന്തിനും മടിക്കാത്ത കിങ്കരൻമാരെയുമല്ല. മറിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനെ:ജയറാം പടിക്കൽ. മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന നാവുകളെ നിശ്ശബ്ദനാക്കാൻ ശേഷിയുള്ള ഉരുക്കുമുഷ്ടിയുടെ ഉടമ. അടിയന്തരാവസ്ഥ ഒരുക്കിയ മറവിൽ ഒരുകാലഘട്ടത്തിലെ ചിന്തിക്കുന്നവരെയെല്ലാം പേടിപ്പിച്ചുനിർത്തിയ പൊലീസ് ഭീകരതയുടെ മുഖം. ജയറാം പടിക്കൽ സംശയത്തിന്റെ പേരിൽ വിളിച്ചുവരുത്തിയ എഴുത്തുകാരിൽ ഒരാളായിരുന്നു സുകുമാരൻ.പാലക്കാട്ടുനിന്നു തിരുവനന്തപുരത്തേക്കു കുടിയേറി ഏജീസ് ഓഫിസ് കേന്ദ്രീകരിച്ചു സംഘടനാ പ്രവർത്തനം നടത്തിയ എഴുത്തുകാരൻ. സാതന്ത്ര്യത്തോടെ എഴുതുന്നതെന്തും സെൻസറിങ്ങിനു വിധേയമായ കാലത്ത് നക്സൽവേട്ടയ്ക്കിറങ്ങിയ പൊലീസുകാർ ആവർത്തിച്ചുവായിച്ചു എം.സുകുമാരന്റെ കഥകൾ. ആ വാക്കുകളിലെ വിപ്ളവവീര്യത്തെ അവർ സംശയത്തോടെ വീക്ഷിച്ചു. ഉൻമൂലനത്തിനുള്ള ആഹ്വാനവും ഭരണകൂടത്തെ മറിച്ചിടാനുള്ള പദ്ധതിയുമാണ് സുകുമാരൻ എന്ന എഴുത്തുകാരന്റേത് എന്നവർ ഉറച്ചുവിശ്വസിച്ചു.അവരുടെ വിശ്വാസത്തെ അരക്കിട്ടുറപ്പിച്ച കഥയാണ് ‘ഉദയം കാണാൻ ഉറക്കമൊഴിച്ചവർ’. പൊലീസ് ക്യാംപിലേക്കു വിളിച്ചുവരുത്തി ജയറാം പടിക്കൽ സുകുമാരനെ ചോദ്യം ചെയ്യാൻ കാരണമായ കഥ.
വിശ്വാസത്തിൽ അടിയുറച്ച്, അടിച്ചമർത്തപ്പെട്ടവരുടെ മോചനത്തിനുവേണ്ടി രാവു പകലാക്കിയ ഒരു സഖാവാണ് ഉദയം കാണാൻ ഉറക്കമൊഴിച്ചവർ എന്ന കഥയിലെ നായകൻ. അയാളുടെ പേര് പുറത്തുപറയാൻ പാടില്ല. യഥാർഥ സഖാക്കൾ രഹസ്യപ്പേരുകളിൽ അറിയപ്പെട്ട കാലത്ത് സുകുമാരൻ സൃഷ്ടിച്ച സഖാവ് അറിയപ്പെട്ടത് പിഎൽ പേരിൽ. ഒരു രാത്രിയിലെ കുറച്ചു മണിക്കൂറുകൾക്കുവേണ്ടി അഭയകേന്ദ്രം തിരഞ്ഞ് സഖാക്കളുടെ വാതിലിൽ മുട്ടിവിളിച്ച അഭയാർഥി. വടക്കുനിന്നു തലസ്ഥാനനഗരത്തിൽ എത്തിയിരിക്കുകയാണയാൾ. ഈ രാത്രി കഴിഞ്ഞാൽ പുലർച്ചെ വീണ്ടും വടക്കൻ മേഖലയിലേക്കു നീങ്ങും.ചാരമായി പുകയുന്നുണ്ടെങ്കിലും അണയാത്ത കനലുകൾ ആ ചാരത്തിൽ പൂഴ്ന്നുകിടക്കുന്നു എന്ന വാർത്തയുടെ ആവേശത്തിലാണയാൾ.
തിരിച്ചറിയാതിരിക്കാൻ വേഷപ്രഛന്നനായാണു പിഎൽ നടക്കുന്നത്. ചുരുണ്ടമുടി മുഴുവൻ വടിച്ചുകളഞ്ഞു. സ്റ്റാലിൻ മീശയുടെ ഭാഗത്തു കുറ്റിരോമങ്ങൾ മാത്രം.തിരിച്ചറിയില്ല ആരും; സ്വന്തം അമ്മ പോലും. വെള്ളിടിയേറ്റ പോലെ സഖാവ് ഒന്നു നിന്നു. നിനച്ചിരിക്കാതെയാണ് ആ ഓർമ; ജൻമം തന്ന വയറിന്റെ ഓർമ. വിപ്ളവകാരിയുടെ മനസ്സിന്റെ മേൽത്തട്ടിൽ ദ്വാരങ്ങൾ വീഴുന്നു. അമ്മ കിടപ്പിലാണെന്ന് അറിഞ്ഞതു നാലുമാസം മുമ്പ്. ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നുപോലും അറിയില്ല. അറിയാനുള്ള വ്യഗ്രത കെട്ടുപോയതു വിപ്ളവത്തിന്റെ തീയിൽ.
അഭയം തേടി അലയുകയാണയാൾ. അപ്രതീക്ഷിതമായി കഴിഞ്ഞദിവസം ബുദ്ധിജീവിയെ കണ്ടിരുന്നു. അയാൾ സഹായിക്കുമെന്നാണു കരുതിയത്. താൻ നിസ്സഹായനാണെന്നായിരുന്നു ബുദ്ധിജീവിയുടെ മറുപടി. ഒരു സഹായവും ചെയ്യാനുള്ള അവസ്ഥയിലല്ല എന്നയാൾ തീർത്തുപറഞ്ഞു. വ്യക്തിപരമായി അഞ്ചോ പത്തോ വേണമെങ്കിൽ തരാമെന്നും.
വേണ്ട സഖാവേ, പട്ടിണി എനിക്കൊരു പുത്തരിയല്ലെന്നു സഖാവിനറിയാമല്ലോ– ഇറങ്ങിനടന്നു പിഎൽ.
ഇനി തേടാനുള്ളത് ഒരു വാതിൽ മാത്രം. ഇന്നവിടെ അന്തിയുറങ്ങണം. ഈ രാത്രി. വാതിലിൽ മുട്ടി. അസ്വസ്ഥതയോടെ വാതിൽ തുറന്നു.
അകത്തു കയറി ഇരിക്കൂ എന്നു പറയുന്നില്ല.
കസേര നീക്കിയിടുന്നില്ല.
എങ്കിലും അകത്തേക്കു കയറി. സാഹചര്യം വിശദീകരിച്ചു. ലഭിച്ചതു പ്രതീക്ഷിക്കാത്ത മറുപടി: ഞാൻ തുറന്നുപറയുകയാണ്. തൽക്കാലം എന്നെ ഒഴിവാക്കണം.
ഒരു രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തതിന്റെ ഭീതിയിലാണ് ഇപ്പോഴും സുഹൃത്ത്. ഷർട്ടൂരി അയാൾ ദേഹം പ്രദർശിപ്പിച്ചു. ഈ എല്ലിൻകൂടിന് ഇനി ഒരു മർദനവും സഹിക്കാനാവില്ല. എന്നെ വെറുതെ വിടൂ...കരച്ചിലിന്റെ വക്കിലാണയാൾ.
ഒടുവിൽ ഒരുകാര്യം മാത്രം ചോദിച്ചു: നാളെ രാവിലെ സ്ഥലം വിടുകയാണ്. ഇന്നു രാത്രി ഈ മുറിയിൽ കിടന്നോട്ടെ.
മറുപടി പ്രതികൂലം. എനിക്കെതിർപ്പില്ല പക്ഷേ....
ഇറങ്ങിനടന്നു. പടിയിറങ്ങുമ്പോൾ ഒന്നുമാത്രം പറഞ്ഞു: ലാൽ സലാം....
ഈ രാത്രി ഇനി എങ്ങോട്ട്. സഖാവ് പിഎൽ നടക്കുകയാണ്. വന്ന വഴിയിലേക്കുതന്നെ. മഴ പെയ്യാൻ തുടങ്ങുന്നു. ഉദയത്തിന് ഇനിയുമുണ്ട് മണിക്കൂറുകൾ.
ഇല്ല, എനിക്കാരോടും പകയില്ല. എനിക്കിപ്പോൾ ഒന്നുമാത്രമേ നിങ്ങളെ ഓർമിപ്പിക്കാനുള്ളൂ. എന്റെ ബോധമണ്ഡലത്തിൽ വാടാത്ത പൂക്കൾ വിരിയിച്ച കുറച്ചു വാക്കുകൾ. ചെഗുവേരയുടെ വാക്കുകൾ: മരണം ആകസ്മികമായി എവിടെവച്ചു കടന്നെത്തിയാലും അതു സ്വാഗതം ചെയ്യപ്പെടട്ടെ. പക്ഷേ, ഒന്നുണ്ട്. കേൾക്കാൻ കൊതിക്കുന്ന ഒരു ചെവിയിലെങ്കിലും നമ്മുടെ പോർവിളി പതിക്കണം. നമുക്കുശേഷം ഈ ആയുധങ്ങളേന്താൻ ഒരു കയ്യെങ്കിലും പുതുതായി ഉയർന്നുവരണം.
Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം