Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുള്ളിക്കാടിന്റെ വിമർശനത്തിൽനിന്നു പഠിക്കാനുള്ളത്...

Balachandran-Chullikkad ബാലചന്ദ്രൻ ചുള്ളിക്കാട്

ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് എന്താണു പറയാനുള്ളത്?

ചോദ്യം ആറാം ക്ളാസ് വിദ്യാർഥിയോട്. ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് എന്നെക്കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കരുതെന്ന് വിദ്യാർഥിയുടെ ഉത്തരം.

കരയിലെ ഏറ്റവും വലിയ ജീവി ഏതെന്ന് മറ്റൊരു ചോദ്യം. 

ആമ എന്നു വിദ്യാർഥിയുടെ ഉത്തരം. 

സ്നേഹനിധിയായ അധ്യാപകൻ മ എന്ന അക്ഷരത്തിനുചുറ്റും ചുവന്ന മഷിയിൽ വട്ടം വരച്ചിട്ട് ന എന്നെഴുതി. ആനയുടെയും ആമയുടെയും ആദ്യാക്ഷരം ആ ആണല്ലോ. അതു ശരിയുമാണ്. അതിന്റെ പേരിൽ അര മാർക്ക് വിദ്യാർഥിക്ക്. 

അടുത്തകാലത്തു നവമാധ്യമങ്ങളിൽ പ്രചരിച്ച ഈ ഉത്തരക്കടലാസുകൾ യാഥാർഥ്യമാണെങ്കിലും അല്ലെങ്കിലും പ്രസക്തമാണ്; പ്രത്യേകിച്ചു കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ആക്ഷേപത്തിന്റെ വെളിച്ചത്തിൽ. സ്കൂളിലോ കോളജിലോ സർവകലാശാലയിലോ ഇനി തന്റെ കവിത പഠിപ്പിക്കരുതെന്നും  പാഠ്യപദ്ധതിയിൽനിന്നു രചനകൾ ഒഴിവാക്കണമെന്നുമുള്ള ചുള്ളിക്കാടിന്റെ അഭ്യർഥനയേക്കാൾ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് ഭാഷാപഠനത്തിലെ പോരായ്മകളും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മൂല്യശോഷണവും. ഒരു കവിയുടെ അഭ്യർഥനകൊണ്ടോ ഏതാനും എഴുത്തുകാരുടെ ആഹ്വാനങ്ങൾകൊണ്ടോ പെട്ടെന്നൊരു മാറ്റം ഉണ്ടാകില്ലെങ്കിലും നാളത്തെ തലമുറയെക്കുറിച്ചു ചിന്തിക്കുന്നവർ തീർച്ചയായും കണക്കിലെടുക്കണം ചുള്ളിക്കാടിന്റെ വിമർശനങ്ങൾ. 

നവമാധ്യമങ്ങൾ അരങ്ങുതകർക്കുന്ന പുതിയ കാലത്തിനു സാധ്യതകളേറെയുണ്ട്; അപകടങ്ങളും. കഥയോ കവിതയോ ലേഖനങ്ങളോ മാസികകളുടെയോ പുസ്തക പ്രസാധകരുടെയോ മാത്രം കുത്തകയായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് പ്രസിദ്ധീകരിക്കപ്പെടുന്ന അതേ നിമിഷം തന്നെ എന്തും അനുവാദത്തിനും അനുമതിക്കും കാത്തുനിൽക്കാതെ പ്രകൃതിപ്രതിഭാസങ്ങൾ പോലെ ലോകമാകെ സഞ്ചരിക്കുന്നു.‘ഷെയറു’കളും ‘ഫോർവേഡുകളും’ എവിടെയൊക്കെ, ഏതൊക്കെ കൈകളിൽ എത്തിച്ചേരുന്നുവെന്നു സങ്കൽപ്പിക്കാൻപോലും പ്രയാസം. സൃഷ്ടികളുടെ ജനാധിപത്യവത്കരണമാണു സംഭവിക്കുന്നത്; ആ അർഥത്തിൽ സ്വാഗതം ചെയ്യപ്പെടേണ്ടതും. പക്ഷേ കുരുതി കൊടുക്കപ്പെടുന്നതു പലപ്പോഴും ഭാഷ. ഭാഷാ ശുദ്ധി. അക്ഷരത്തെറ്റുകൾ ഇന്ന് ഒരു പരാതിയായോ പരിഭവമായോ ആരും ചൂണ്ടിക്കാട്ടാതായിരിക്കുന്നു. പ്രധാന കാരണം സാങ്കേതിക വിദ്യയുടെ തന്നെ ഭാഗമായ പിഴവുകൾ. മൊബൈൽ ഫോണുകളിലൂടെ പങ്കുവയ്ക്കപ്പെടുന്ന സന്ദേശങ്ങളിൽ തെറ്റുകൾ വ്യാപകം. ഒരു തെറ്റുപോലുമില്ലാതെ ഒരു സന്ദേശവും ആർക്കും എഴുതാനോ അയയ്ക്കാനോ കഴിയാത്ത സാഹചര്യം. മലയാള ഭാഷയിലെ ചില അക്ഷരങ്ങളും പ്രയോഗങ്ങളും ഇപ്പോഴും പൂർണമായി വഴങ്ങിയിട്ടില്ല സാങ്കേതിക വിദ്യയ്ക്ക്. തെറ്റുകൾ സ്വാഭാവികമാകുന്നു. അക്ഷരത്തെറ്റുകൾ കണ്ടില്ലെന്നു നടിക്കേണ്ടിവരുന്നു. പിഴവുകളേറെയുള്ള സന്ദേശങ്ങളിലൂടെ കടന്നുപോകുന്ന പുതിയ തലമുറ തെറ്റിനും ശരിക്കുമിടയിൽ വഴിയറിയാതെ കഷ്ടപ്പെടുന്നു. ഈ ദയനീയ സാഹചര്യത്തിന്റെകൂടി ഫലമാണ് പുതിയ തലമുറ അറിഞ്ഞും അറിയാതെയും വരുത്തുന്ന തെറ്റുകൾ. പിഴവുകൾക്കു ന്യായീകരണമില്ലെങ്കിലും യാഥാർഥ്യത്തിനു നേരെ കണ്ണടയ്ക്കാനും കഴിയാത്ത സ്ഥിതി. 

ആനന്ദം എന്ന വാക്ക് ഉൾക്കൊള്ളുന്ന ഒന്നിലേറെ കവിതകൾ എഴുതിയിട്ടുണ്ടെങ്കിലും പ്രണയത്തിന്റെ ആത്മരക്തത്തിൽ ചുള്ളിക്കാട് എഴുതിയ ആനന്ദധാര എന്ന കവിത  ഏറ്റുചൊല്ലിയിട്ടുണ്ട് ഏറെപ്പേർ. ക്യാംപസുകളുടെയും പ്രിയപ്പെട്ട കവിത. കവിതയുടെ ജനകീയത കൊണ്ടുതന്നെ സിനിമയിൽ പോലും ഉപയോഗിച്ചിട്ടുണ്ട് ആനന്ദധാരയിലെ വരികൾ. കവിയുടെ ശബ്ദത്തിൽ ആനന്ദധാര ചൊല്ലിക്കേൾക്കണമെന്ന് ഒരു വിദ്യാർഥി ആഗ്രഹിക്കുന്നതു സ്വാഭാവികമെങ്കിലും എഴുതിക്കൊടുത്തപ്പോൾ സംഭവിച്ച വാക്കിലെ തെറ്റ് കവിയിൽ സൃഷ്ടിച്ചതു കടുത്ത വികാരങ്ങൾ. ഒരുകാലത്തു ക്ഷുഭിതയൗവ്വനത്തിന്റെ പ്രതീകമായി കവിതയിൽ ജ്വലിച്ചുയർന്ന ചുള്ളിക്കാട് ഇന്നും കൈമോശം വരാത്ത തീവ്ര നിലപാടുകളാൽ അപ്രതീക്ഷിതമായി രംഗത്തുവന്നിരിക്കുന്നു;  മകളെ ഉപദ്രവിക്കുന്നതു കണ്ടുനിൽക്കാനാകാത്ത പിതാവിനെപ്പോലെ. കവിതയും വാക്കും അപമാനിക്കപ്പെട്ടു എന്നതിനൊപ്പം തെറ്റായ വാക്കുകൾ എഴുതിയിട്ടും പരീക്ഷകളിൽ കടന്നുകൂടാൻ വിദ്യാർഥികൾക്കു കഴിയുന്ന പരീക്ഷകളും വിദ്യാഭ്യാസ സമ്പ്രദായവും വിചാരണ ചെയ്യപ്പെടുന്നു. 

തന്റെ കവിതയ്‌ക്കും ജീവിതത്തിനുമെതിരെ ഉയർന്നുവന്ന വിമർശനങ്ങളും പ്രസിദ്ധീകരിച്ച ലേഖനങ്ങളും കുറിപ്പുകളും കത്തുകളും പരാമർശങ്ങളും സൂചനകളും സമാഹരിച്ചു സ്വന്തം ചെലവിൽ പുസ്തകമിറക്കുമെന്നു ചുള്ളിക്കാട് പ്രഖ്യാപിച്ചത് 2009 ൽ. സ്‌ഥാനമാനങ്ങളോ പുരസ്‌കാരങ്ങളോ ബഹുമതികളോ ഔദ്യോഗിക പദവികളോ ഇല്ലാതെ, നൂറിൽ താഴെ കവിതകളുടെ മാത്രം ബലത്തിൽ സാഹിത്യലോകത്തു നിൽക്കുന്ന ഒരു കവി ഏറ്റുവാങ്ങിയ ശത്രുതയുടെയും പകയുടെയും ആഴം രേഖപ്പെടുത്താനുള്ള എളിയ ശ്രമമെന്നാണു ചുള്ളിക്കാട് അന്നു പറഞ്ഞത്. വിവാദങ്ങളുടെ പുസ്‌തകം പ്രഖ്യാപിക്കുന്നതു മറ്റൊരു വിവാദത്തിനു വേണ്ടിയാണെന്ന് ആർക്കെങ്കിലും വിമർശനമുണ്ടെങ്കിൽ എഴുതിത്തന്നാൽ അതും പുസ്‌തകത്തിൽ ഉൾപ്പെടുത്താമെന്നും അന്നു കവി പറഞ്ഞിരുന്നു. കവിത, ജീവിതം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിമർശനങ്ങളും വിവാദങ്ങളും പുസ്‌തകത്തിൽ ഉൾപ്പെടുത്തുമെന്നു പറഞ്ഞിരുന്നെങ്കിലും പിന്നീട് ആ ഉദ്യമത്തിൽനിന്നു പിൻമാറി കവി. പുസ്തക പ്രസിദ്ധീകരണം ഒരു വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളിൽ‌ ഒതുങ്ങുന്ന കാര്യമാണെങ്കിൽ ഇപ്പോഴത്തെ ചുള്ളിക്കാടിന്റെ വിമർശനങ്ങളെ കണ്ടില്ലെന്നു നടിക്കാൻ ആവില്ല അധികൃതർക്കും വിദ്യാഭ്യാസ വിചക്ഷണൻമാർക്കും. ഒരു എഴുത്തുകാരന്റെ രചനകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതോ ഗവേഷണം നടത്തുന്നതോ നടത്താതിരിക്കുന്നതോ ഒന്നുമല്ല വിഷയം മറിച്ച് ഭാഷാശുദ്ധിയില്ലാത്ത, അക്ഷരത്തെറ്റില്ലാതെ അക്ഷരമെഴുതാൻ അറിവില്ലാത്ത ഒരു തലമുറയുടെ ഉദയമാണ്. 

എന്തു ചെയ്യാം എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ചിന്ത മാത്രം പോരാ സത്വരനടപടികൾ തന്നെ വേണം. ചങ്ങമ്പുഴയ്ക്കു ശേഷം മലയാളം തിവ്രാഭിമുഖ്യത്തോടെ ഏറ്റെടുത്ത കവിയുടെ വാക്കുകളിൽനിന്നു നല്ല മലയാളത്തിന്റെ നല്ല ഭാവിയിലേക്കു സഞ്ചരിക്കട്ടെ കേരളം. 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം