ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞതിൽ ഒരു തെറ്റുമില്ല. മലയാളഭാഷാ-സാഹിത്യപഠനം അതിന്റെ അങ്ങേയറ്റത്തെ അപചയഘട്ടത്തിലാണ്. അത് സ്കൂൾ തലത്തിൽ ആരംഭിച്ച് കോളജ്- സർവകലാശാലാ തലങ്ങളിലേക്കു വ്യാപിച്ചിരിക്കുന്നു. ആരുടെയൊക്കെയോ വലിയ അജൻഡകൾ ഇതിനു പിന്നിലുണ്ടെന്നു വിവിധ ഘട്ടങ്ങളിലെ ഭാഷാ- സാഹിത്യവിഷയങ്ങളുടെ പഠനപദ്ധതികൾ നോക്കിയാൽ മനസ്സിലാകും. അക്ഷരത്തെറ്റുകളും വാക്യത്തെറ്റുകളുമൊക്കെ തിരുത്തേണ്ടതും നന്നായി എഴുതാനും ഉച്ചരിക്കാനും ശീലിക്കേണ്ടതും സ്കൂൾ ഘട്ടത്തിലാണ്. ഭാഷ എങ്ങനെയായാലും ആശയം നോക്കിയാൽ മതി എന്നാണ് മൂല്യനിർണയത്തിനു പുറപ്പെടുന്ന അധ്യാപകർക്കു ലഭിക്കുന്ന നിർദ്ദേശം. സാഹിത്യസങ്കേതങ്ങളെക്കുറിച്ചു പ്രാഥമികമായ ധാരണ പോലും വേണ്ടെന്ന മനോഭാവമാണു പഠനപദ്ധതി തയാറാക്കുന്നവർക്കുള്ളത്. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കാൻ അധ്യാപകരോ വിദ്യാർഥികളോ തയാറാകുന്നില്ല. കോളജ് ക്ലാസ്സുകളിലും സ്ഥിതി അതുതന്നെ. വിപുലമായ പാഠ്യപദ്ധതിയാണ് സർവകലാശാലകളുടേത്. പക്ഷേ ക്ലാസ്സെടുക്കാൻ വേണ്ടത്ര സമയം ലഭിക്കുന്നില്ലെന്നു മാത്രം. നിരന്തരമുള്ള പരീക്ഷകളും മൂല്യനിർണയവും മാത്രമാണ് അവിടെ പ്രധാനം. അത്തരത്തിൽ പരുവപ്പെടാൻ വിദ്യാർഥികളും അധ്യാപകരും നിർബന്ധിതരാവുകയാണ്. ഏതെങ്കിലും വിഷയം പഠിച്ചാൽ മതി എന്ന മനോഭാവത്തോടെ വരുന്ന വിദ്യാർഥികളുടെ എണ്ണം കൂടുന്നു. എങ്ങനെയെങ്കിലും പഠിപ്പിച്ചു തീർത്താൽ മതി എന്ന് അധ്യാപകരും കരുതുന്നു. ഗവേഷണരംഗത്തും സ്ഥിതിക്കു വ്യത്യാസമില്ല. ഏതെങ്കിലും വിഷയത്തിൽ ഗവേഷണം ചെയ്യണം എന്നല്ലാതെ അത് കഴിയുന്നത്ര സമഗ്രമാക്കണം എന്നു പലരും കരുതാറില്ല. പ്രബന്ധം എങ്ങനെ തയാറാക്കിയാലും ഗവേഷണബിരുദം കിട്ടും എന്ന തോന്നൽ ബലപ്പെടുത്തുന്ന തരത്തിലുള്ള ബിരുദദാനങ്ങൾ അവരുടെ ആത്മവിശ്വാസത്തിന് ആക്കം കൂട്ടുന്നു. ഫലത്തിൽ, മലയാളഭാഷയും സാഹിത്യവും എത്ര അലസമായും കൈകാര്യം ചെയ്യാം എന്ന മനോഭാവം അക്കാദമിക് മേഖലയിൽ ശക്തമായിത്തീർന്നിട്ടുണ്ട്.
തെറ്റും ശരിയുമൊക്കെ ആപേക്ഷികമാണ്. ഭാഷയിലായാലും അത് അങ്ങനെതന്നെ. ജനങ്ങളാണ് ആത്യന്തികമായി ഭാഷയുടെ ഗതിയും രൂപവും തീരുമാനിക്കുന്നത്. എന്നാൽ അത്തരം കാര്യങ്ങൾ വിശകലനം ചെയ്യേണ്ട അക്കാദമിക് മേഖലയിലുള്ളവർക്ക് ഭാഷയുടെ ഘടനയും പരിണാമഗതികളും തിരിച്ചറിയാൻ കഴിയണം. അത്തരത്തിലുള്ള പരിശീലനം ലഭിക്കാത്തതുകൊണ്ടുതന്നെ പുസ്തകപ്രസാധനരംഗത്തും മാധ്യമരംഗത്തുമൊക്കെ ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള അപര്യാപ്തത പ്രകടമാകുന്നുണ്ട്. പ്രസിദ്ധീകരണത്തിനുമുമ്പ് പ്രൂഫ് അയച്ചുകിട്ടിയാൽ എഴുത്തുകാർക്കു പോലും വേണ്ട തിരുത്തലുകൾ വരുത്താനറിയില്ല. എഴുത്തുകാർക്ക് അക്ഷരമോ വാക്യമോ തെറ്റിയാലും പ്രൂഫ് വായനക്കാർക്കു തിരുത്താനാവണം. അവർക്കും അക്കാര്യത്തിൽ ധാരണയില്ലെങ്കിൽ എന്തു ചെയ്യും? ഇക്കാര്യങ്ങളിലെല്ലാം ഇംഗ്ലിഷിന്റെ കാര്യം വ്യത്യസ്തമാണ് എന്നതാണു കൗതുകകരം. അക്ഷരത്തെറ്റോ വാക്യത്തെറ്റോ വരുത്തുന്നതു വലിയ കുറവാണെന്ന് ഇംഗ്ലിഷ് പഠിതാക്കൾ കരുതുന്നു. ഉച്ചാരണം പോലും കഴിയുന്നത്ര മെച്ചപ്പെടുത്താൻ അവർ ശ്രമിക്കുകയും ചെയ്യുന്നു. സാഹിത്യസങ്കേതങ്ങളെക്കുറിച്ചുള്ള പഠനവും ഇംഗ്ലിഷിൽ അന്യം നിന്നിട്ടില്ല. മലയാളത്തിനും ഇംഗ്ലിഷിനും രണ്ടു രീതി എന്നത് ഇരട്ടത്താപ്പല്ലാതെ മറ്റൊന്നുമല്ല.
കവിതാവായനയും അക്കാദമിക് പഠനവുമായുള്ള ബന്ധം മറ്റൊരു വിഷയമാണ്. അക്കാദമിക് രംഗത്തിനു പുറത്താണല്ലൊ കവിതയെഴുത്തും വായനയും സർഗാത്മകമാകുന്നത്. പക്ഷേ ബാലചന്ദ്രൻ ചുള്ളിക്കാട് അക്കാദമിക് രംഗത്തെക്കുറിച്ച് ഉന്നയിക്കുന്ന ഉത്കണ്ഠകൾ കാര്യമായിത്തന്നെ ചർച്ച ചെയ്യേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിമർശനങ്ങൾ ഞാനും പങ്കുവയ്ക്കുന്നു.
Books In Malayalam Literature, Malayalam Literature News, മലയാളസാഹിത്യം