തീ

ഇന്ന് ലോക കവിതാ ദിനം. പി.എൻ. ഗോപീകൃഷ്ണൻ എഴുതിയ കവിത 'തീ'. വര – മാർട്ടിൻ പി.സി.

എനിക്കോർമ്മയുണ്ട്.

ചെറുപ്പത്തിൽ എന്റെ മുന്നിൽ 

ഒരു ജന്തു പ്രത്യക്ഷപ്പെട്ടത്.

ശരീരമില്ലാത്ത ഒരാളൽ. നിശ്ശബ്ദമായ ആഴ്ന്നിറങ്ങൽ.

പ്രാണൻ അനുഭവിച്ച ഏറ്റവും തീവ്രമായ ചുംബനം 

അതിന്റേതായിരുന്നു. 

          ഇടവിട്ടിടവിട്ട് എല്ലാവരും അതിനെ 

          കണ്ടുകൊണ്ടിരുന്നു.

          അതിന്റെ ധാർഷ്ട്യം. വെല്ലുവിളി.

          കാലുകളോ നട്ടെല്ലോ ഇല്ലാത്ത 

          എണീറ്റുനിൽപ്പ്.

          ഡാർവിനോ മെൻഡലിനോ 

          അടയാളപ്പെടുത്താൻ കഴിയാത്ത 

          അതിന്റെ സുതാര്യജീവിതം.

എല്ലാ ഓർമ്മയും അതിൽ നിന്ന്.

എല്ലാ മറവിയും അതിലേയ്ക്ക്.

  അത് കടന്നുപോയ്ക്കഴിഞ്ഞാൽ

നഗരങ്ങൾ 

കമ്പികളുടെയും അസ്ഥികളുടെയും 

കൂമ്പാരം.

കാടുകൾ

കരിഞ്ഞ പ്രാർത്ഥനകൾ.

          അത് വരുന്നു എന്ന് പേടിച്ച് 

          തന്നിൽ നിന്ന് തന്നെ പാഞ്ഞകലുന്ന 

          ദ്രാവകപ്പേടിക്ക്

          പുഴ എന്നു പേര് വീണു .

          ആകാശങ്ങളിലേയ്ക്ക് 

          തന്നെത്തന്നെ പിഴുതെടുക്കാൻ വെമ്പുന്ന 

          പച്ചപ്പേടിക്ക്

          മരം എന്നു പേര് വീണു .

          ദീർഘനിശ്വാസ വൃത്തങ്ങളിൽ 

          ഓടിക്കൊണ്ടിരിക്കുന്ന

          സ്ഥലപ്പേടിക്ക് 

          ഭൂമി എന്നു പേര് വീണു.

          കുരുക്കുകൾ പൊട്ടിച്ച് 

          കുരുക്കുകളിലേയ്ക്ക് വീഴുന്ന 

          മാംസപ്പേടിക്ക്

          മനുഷ്യർ എന്നു പേര് വീണു.

അതിന്റെ ക്ലോക്കിൽ 

പന്ത്രണ്ടെത്താതിരിക്കാൻ 

സൂചികളിൽ ഞാളുന്ന കനത്തെ

അതിന്റെ കലണ്ടറിൽ 

31 /12 ലേയ്ക്ക് ഓടുന്ന 

ദിവസത്തിന്റെ കാലിൽ 

തൂങ്ങുന്ന കല്ലിനെ 

പ്രത്യാശ 

എന്ന്‌ പേരിടട്ടെ.

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം