'ആൾക്കൂട്ടത്തിന്റെ വോട്ട്‌ വേണ്ടെന്നു പറയൂ' ചുള്ളിക്കാടിനോട് സുഭാഷ് ചന്ദ്രൻ.

സുഭാഷ് ചന്ദ്രൻ, ബാലചന്ദ്രൻ ചുള്ളിക്കാട് – ചിത്രം: സേതുപാർവതി എസ്‌.

ബാലചന്ദ്രൻ ചുള്ളിക്കാടിന് പിന്തുണയുമായി സുഭാഷ് ചന്ദ്രൻ. 'ആൾക്കൂട്ടം നിങ്ങളേയും പിടികൂടിയിരിക്കുന്നു. ചീത്തക്കവിതകളുടെ പേരിൽ നിങ്ങളെ കൊല്ലാൻ അവർക്കു സാധിക്കായ്കയാൽ ചീത്ത സീരിയലുകൾ എന്നവർ മാറ്റിപ്പറയുന്നു. ആൾക്കൂട്ടത്തെ നോക്കി ദൈവത്തെപ്പോലെ മന്ദഹസിക്കൂ. അവരുടെ വോട്ട്‌ വേണ്ടെന്നു പറയൂ' എന്ന് ബാലചന്ദ്രൻ ചുള്ളിക്കാടിനെ സുഭാഷ് ചന്ദ്രൻ ഓർമിപ്പിക്കുന്നു.

സുഭാഷ് ചന്ദ്രന്‍ ബാലചന്ദ്രനെഴുതിയ കുറിപ്പ് ഇങ്ങനെ –

ബാലചന്ദ്രനൊപ്പം

ജൂലിയസ്‌ സീസർ കൊല്ലപ്പെട്ടപ്പോൾ ആൾക്കൂട്ടം ചെയ്തതും ഇതുതന്നെ. ബ്രൂട്ടസ്സെന്നും കാസ്കയെന്നും സിന്നയെന്നും പേരുള്ള ചിലരാണ് വധത്തിനുപിന്നിൽ എന്നുമാത്രമേ ആൾക്കൂട്ടത്തിനു തിരിഞ്ഞുള്ളൂ. ആ പേരുകളുള്ള സകലരേയും തിരഞ്ഞുപിടിച്ച്‌ വധിക്കാൻ ഒരുമ്പെട്ടു ഹാലിളകിയ ആൾക്കൂട്ടം. അങ്ങനെയവരുടെ കയ്യിൽ സിന്ന എന്നു പേരുള്ള ഒരു പാവം വന്നുപെട്ടു. "ഞാൻ നിങ്ങളന്വേഷിക്കുന്ന ഗൂഢാലോചകനല്ല; ഒരു പാവം കവി മാത്രം!" അടികൊണ്ട്‌ അയാൾ നിലവിളിച്ചു.

"എങ്കിൽ അവന്റെ പൊട്ടക്കവിതകളുടെ പേരിൽ അവനെ കൊന്നേക്കുക!", ആൾക്കൂട്ടത്തിന്റെ മൂപ്പൻ-ജീവിതത്തിൽ നല്ലതോ ചീത്തയോ ആയ ഒരൊറ്റക്കവിതപോലും വായിച്ചിട്ടില്ലാത്ത ആ ഭ്രാന്തൻ നായ- കൽപ്പിച്ചു. 

ആൾക്കൂട്ടം സിന്നയെ അടിച്ചുകൊന്നു. 

പ്രിയ ബാലചന്ദ്രൻ! ഇവിടെ ആൾക്കൂട്ടം നിങ്ങളേയും പിടികൂടിയിരിക്കുന്നു. ചീത്തക്കവിതകളുടെ പേരിൽ നിങ്ങളെ കൊല്ലാൻ അവർക്കു സാധിക്കായ്കയാൽ ചീത്ത സീരിയലുകൾ എന്നവർ മാറ്റിപ്പറയുന്നു. ഇനി നിങ്ങൾ നല്ല സീരിയലിൽ മാത്രം അഭിനയിക്കുന്ന ഒരാളാണെന്നു വന്നാൽ അവർ നിങ്ങളുടെ കക്കൂസ്‌ മാന്താൻ വരും. നിങ്ങൾ മേധത്തിനുകൊള്ളാത്ത മാലിന്യം വിസർജ്ജിച്ചു ടാങ്കിൽ സംരക്ഷിക്കുന്നയാളാണെന്നു വിധിയെഴുതും. 

അതുകൊണ്ട്‌ ആൾക്കൂട്ടത്തെ നോക്കി ദൈവത്തെപ്പോലെ മന്ദഹസിക്കൂ. അവരുടെ വോട്ട്‌ വേണ്ടെന്നു പറയൂ. അവരത്‌ ഉമ്മൻ ചാണ്ടിക്കോ പിണറായിക്കോ നരേന്ദ്രമോഡിക്കോ ചെയ്ത്‌ രസിച്ചോട്ടെ. താങ്കൾ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലത്ത്‌ എന്നെപ്പോലെ ചിലർ താങ്കളെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ടെന്നു മനസ്സിലാക്കി ഓരോ ദിവസവും ഉറങ്ങാൻ കിടക്കൂ!

സ്വന്തം 

സുഭാഷ്‌ ചന്ദ്രൻ

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം