Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പലരും പറയാൻ മടിച്ച കാര്യങ്ങൾ തുറന്നെഴുതി; ഒടുവിൽ പുരസ്‌കാരം തേടിയെത്തി

angie-thomas-award എല്ലാവരും ഒരിക്കലെങ്കിലും വായിച്ചിരിക്കണം എന്നു നിരൂപകര്‍ നിര്‍ദേശിച്ച അമേരിക്കന്‍ യുവ നോവലിസ്റ്റ് ആന്‍ജി തോമസിന്റെ ദ് ഹേറ്റ് യു ഗീവ് എന്ന നോവല്‍ ഇനി ലോകത്തിന്റെ വിശാലമായ സാഹിത്യ ഭൂപടത്തിലേക്ക്.

മനസ്സിനെ മഥിച്ച സംഭവം കഥയായി രൂപപ്പെടുമ്പോള്‍ ഒരു പുസ്തകമെഴുതണം എന്നായിരുന്നില്ല ആന്‍ജി തോമസിന്റെ ആഗ്രഹം. നിറത്തിന്റെ പേരില്‍ വേട്ടയാടപ്പെടുന്നവരുടെ യാഥാര്‍ഥ്യം ലോകം തിരിച്ചറിയണം. ജീവിതത്തില്‍ തെറ്റിന്റെ വഴിയിലൂടെ ഒരിക്കല്‍പ്പോലും സഞ്ചരിച്ചിട്ടില്ലെങ്കിലും നിറം കറുപ്പായതിന്റെ പേരില്‍ എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യപ്പെടാം. വിചാരണയില്ലാതെ വധിക്കപ്പെടാം. അന്വേഷണം പോലുമുണ്ടാകില്ല. കൊല്ലപ്പെടുന്ന ആ നിമിഷത്തില്‍ തീരുന്നു ഒരു ജീവിതം. ആരും ചോദിക്കാനും പറയാനുമില്ലാത്ത ജീവിതം. ലോകത്തെ ഏറ്റവും വികസിച്ച ഒരു രാജ്യത്തു നടക്കുന്ന ദുരുഹവും പൈശാചികവുമായ നേരനുഭവങ്ങള്‍. ലോകം അറിയണം. പ്രതികരിക്കണം. എഴുതാനിരുന്നപ്പോള്‍ ആന്‍ജി തോമിസിനെ പ്രചോദിപ്പിച്ചതും പേനയെ മുന്നോട്ടുകൊണ്ടുപോയതും മഹാന്‍മായ പല  മനുഷ്യരും  ജീവന്‍കൊടുത്തു പരിശ്രമിച്ചിട്ടും പൂര്‍ണമായി പരിഹരിക്കാന്‍ കഴിയാതിരുന്ന പ്രശ്നം. കഥ കൈവിട്ടുപോകുകയും വലിയൊരു നോവലാകുകയും ചെയ്യുന്നു. അഞ്ഞൂറോളം പേജുകളുള്ള നോവല്‍. ന്യൂയോര്‍ക് ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാമതെത്തുന്നു. ഇപ്പോഴിതാ, അഞ്ചുലക്ഷത്തോളം പുരസ്കാരത്തുകയുള്ള വാട്ടര്‍ സ്റ്റോണ്‍സ് ബാലസാഹിത്യ പുരസ്കാരം നേടിയിരിക്കുന്നു. 2017-ല്‍ പുറത്തിറങ്ങി എല്ലാവരും ഒരിക്കലെങ്കിലും വായിച്ചിരിക്കണം എന്നു നിരൂപകര്‍ നിര്‍ദേശിച്ച അമേരിക്കന്‍ യുവ നോവലിസ്റ്റ് ആന്‍ജി തോമസിന്റെ  ദ് ഹേറ്റ് യു ഗീവ് എന്ന നോവല്‍ ഇനി ലോകത്തിന്റെ വിശാലമായ സാഹിത്യ ഭൂപടത്തിലേക്ക്. 

hate-u-give-book

ബെല്‍ഹാവന്‍ സര്‍വകലാശാലയില്‍ ക്രിയേറ്റിവ് റൈറ്റിങ്ങ് പ്രോജക്റ്റിന്റെ ഭാഗമായി കഥ എഴുതാനിരുന്നപ്പോള്‍ ആന്‍ജി തോമസിന്റെ മനസ്സില്‍ നിറഞ്ഞുനിന്നതു ഭാവനയായിരുന്നില്ല; ഒരു യഥാര്‍ഥ സംഭവം. 2009 ലെ ഓസ്കര്‍ ഗ്രാന്റ് വെടിവെയ്പ്. കൊള്ളക്കാരെന്നു മുദ്രയടിച്ച് നാലു കറുത്ത വര്‍ഗക്കാരെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം ആന്‍ജിയുടെ മനസ്സില്‍ സൃഷ്ടിച്ചതു വലിയ വൈകാരിക സംഘര്‍ഷങ്ങള്‍. ഇക്കാലത്തും ഇങ്ങനെയൊക്കെ സംഭവിക്കുന്നോ. നിറം ഒരു ശാപമായി മാറുന്നോ. അമേരിക്കയില്‍ കറുത്തവര്‍ നേരിടുന്ന ജീവിതദുരന്തം ആന്‍ജി വാക്കുകളിലേക്കു പകര്‍ന്നു. എഴുതിവന്നപ്പോള്‍ കഥയുടെ ചെറിയ ചട്ടക്കൂട്ടില്‍നിന്നു സംഭവം നോവലായി വികസിച്ചു. അങ്ങനെ പിറന്നു ആന്‍ജി തോമസിന്റെ ആദ്യത്തെ നോവല്‍ ദ് ഹേറ്റ് യു ഗിവ്. 

നോവല്‍ പൂര്‍ത്തിയായപ്പോള്‍ അടുത്ത പ്രതിസന്ധി. എങ്ങനെ പ്രസിദ്ധീകരിക്കും. പ്രത്യേകിച്ചും കറുത്തവരുടെ രാഷ്ട്രീയമാണു പറയുന്നത്. മുന്‍നിര പ്രസാധകര്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ തയ്യാറാകുമോ. ഒരു ലിറ്റററി ഏജന്റിനെ സമീപിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സംഭവിച്ചത് ഹാര്‍പര്‍ കോളിന്‍സ് ഉള്‍പ്പെടെ 13 പ്രസാധകര്‍ പുസ്തകത്തിന്റെ അവകാശത്തിനുവേണ്ടി ലേലം വിളിക്കുന്നത്. 2017 ഫെബ്രുവരി 28. 464 പേജുകളുള്ള ആന്‍ജി തോമസിന്റെ പ്രഥമ നോവല്‍ അമേരിക്കയില്‍ വെളിച്ചം കാണുന്നു.

16 വയസ്സുള്ള സ്റ്റാര്‍ കാര്‍ടറാണു നോവലിലെ കേന്ദ്രകഥാപാത്രം. രണ്ടു ലോകങ്ങളിലാണു കാര്‍ടര്‍ ജീവിക്കുന്നത്. അവള്‍ ജീവിക്കുന്ന, കറുത്തവര്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാര്‍ഡന്‍ ഹൈറ്റ്സ് എന്ന ദരിദ്രമായ പ്രദേശം ഒന്ന്.  വീട്ടില്‍നിന്നു കുറച്ചുമാറി സ്ഥിതി ചെയ്യുന്ന സ്കൂള്‍ മറ്റൊരു ലോകം. ഒരിടത്തു ദാരിദ്ര്യത്തിന്റെ കഥകളാണെങ്കില്‍ സ്കൂളില്‍ എല്ലാത്തരം വിദ്യാര്‍ഥികളുമുണ്ട്. പുറത്തുനടക്കുന്ന വിവേചനത്തിന്റെയും വേര്‍തിരിവിന്റെയും തിക്താനുഭവങ്ങള്‍ അവര്‍ അറിയുന്നുപോലുമില്ല. 

ഒരു രാത്രി സ്റ്റാര്‍ കാര്‍ടര്‍ ഗാര്‍ഡന്‍ ഹൈറ്റ്സില്‍ ഒരു പാര്‍ടിക്കു പോകുന്നു. അവിടെവച്ചു തന്റെ ബാല്യകാല സുഹൃത്ത് ഖലീലിനെ കാണുന്നു. പാര്‍ടിക്കു ശേഷം സ്റ്റാര്‍ കാര്‍ടറെ ഖലീല്‍ വീട്ടില്‍ തിരിച്ചെത്തിക്കാമെന്നു പറയുന്നു. അവര്‍ ഇരുവുരും കൂടി കാറില്‍  വീട്ടിലേക്കു വരുന്നു. വഴിമധ്യേ പൊലീസുകാര്‍ വാഹനം കൈ കാണിച്ചുനിര്‍ത്തുന്നു. ഖലീലിനോടു പുറത്തിറങ്ങാന്‍ പറയുന്നു. സ്റ്റാര്‍ കാര്‍ടറിന്റെ കണ്‍മുന്നില്‍വച്ച് ഒരു പ്രകോപനവുമില്ലാതെ ഖലീലിനെ പൊലീസുകാരന്‍ വെടിവച്ചുകൊല്ലുന്നു. മയക്കുമരുന്ന മാഫിയയുടെ ആളാണെന്നും കൊള്ളക്കാരനെന്നും ആക്ഷേപിച്ചുകൊണ്ടാണ് നിരപരാധിയും നിഷ്കളങ്കനുമായ ഖലീലിനെ കൊലപ്പെടുത്തുന്നത്. സംഭവം പുറത്തറിയുന്നതോടെ ഗാര്‍ഡന്‍  ഹൈറ്റ്സില്‍ പ്രതിഷേധം തുടങ്ങുകയായി. വെടിവെയ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസിന് ഒരു താല്‍പര്യവുമില്ല. പക്ഷേ പ്രക്ഷോഭം ചൂടുപിടിക്കുന്നതോടെ ഖലീലിന്റെ നിഷ്ഠുര കൊലപാതകം രാജ്യത്തിന്റെ ശ്രദ്ധയില്‍വരുന്നു. യഥാര്‍ഥത്തില്‍ എന്താണു സംഭവിച്ചതെന്ന് അറിയാവുന്ന ഒരേയൊരാള്‍ സ്റ്റാര്‍ കാര്‍ടര്‍ മാത്രമാണ്. തന്റെ സുഹൃത്തിനുവേണ്ടി സാക്ഷി പറയുന്ന സ്റ്റാര്‍ കാര്‍ടറിന്റെ വാക്കുകളാണു ദ് ഹേറ്റ് യു ഗിവ് എന്ന നോവലിന്റെ ശക്തി. വെറുപ്പിനും വിദ്വേഷത്തിനും വര്‍ണവിവേചനത്തിനും എതിരെ ഉയരുന്ന ശക്തമായ വാക്കുകള്‍.