ഒരു മാർക്സിയൻ പ്രണയകഥ

പിറകുവശത്തെ മുറിയിൽ ഒരു വയസ്സുകാരന്‍ മകൻ ഫ്രാൻസിസ്കയുടെ മൃതദേഹം കിടത്തിയിരിക്കുന്നു. അവിടെനിന്നു കിടക്കകളും മറ്റു സാധനങ്ങളും മുൻവശത്തെ മുറിയിലിട്ടശേഷം ഞങ്ങളെല്ലാം അവിടെ കിടന്നുറങ്ങി. ശവപേടകം വാങ്ങിക്കണമായിരുന്നു. പണത്തിനായി സ്നേഹിതൻമാരെ സമീപിച്ചെങ്കിലും കിട്ടിയില്ല. തൊട്ടടുത്തു താമസിച്ചിരുന്ന പ്രവാസിയായ ഒരു ഫ്രഞ്ചുകാരി നൽകിയ രണ്ടു പൗണ്ടുകൊണ്ട് വിലകുറഞ്ഞ ഒരു ശവപേടകം വാങ്ങി. 

മകൻ മരിച്ച ദുഃഖത്തോടൊപ്പം ശവപേടകം വാങ്ങാൻ പണമില്ലാത്ത അവസ്ഥ കൂടിയായപ്പോൾ ഇരട്ടിദുരിതത്തിലൂടെ കടന്നുപോയ ഒരു കുടുംബത്തിന്റെ സങ്കടം വിവരിക്കുന്നതു ഗൃഹനാഥ ജെന്നി. ആ പേര് അത്ര പരിചിതമല്ലെങ്കിലും അവരും മൂന്നു പെൺമക്കളും ഇല്ലായിരുന്നില്ലെങ്കിൽ കാൾ മാർക്സ് ഉണ്ടാകുമായിരുന്നില്ല. കാൾ മാർക്സ് ഇല്ലായിരുന്നെങ്കിൽ ഇന്നു നാമറിയുന്ന ലോകവും ഉണ്ടാകുമായിരുന്നില്ല. 

മാർക്സിന്റെ ഭാര്യയാണ് ജെന്നി. മനോഹരമായ പ്രണയകാലത്തിനുശേഷം വിവാഹത്തിൽ ഒരുമിച്ച ദമ്പതികൾ. ജീവിതത്തിൽ അവർ കടന്നുപോയതു സമാനതകളില്ലാത്ത ദുരിതങ്ങളിലൂടെ. പലായനങ്ങളിലൂടെ. ദാരിദ്ര്യത്തിന്റെ ഇരുട്ടിലൂടെ. വിഷമങ്ങൾക്കിടയിലും സ്നേഹത്തിന്റെ പൊട്ടാത്ത ഇഴ അവരെ ഒരുമിപ്പിച്ചുനിർത്തി. പരസ്പര സ്നേഹത്തിന്റെ ബലത്തിൽ അവർ പടുത്തുയർത്തിയ കുടുംബത്തിലിരുന്നാണ് ലോകചരിത്രത്തെ മാറ്റിയ പുസ്തകങ്ങൾ മാർക്സ് രചിച്ചത്. അപ്പോഴും ആ മനുഷ്യൻ കടന്നുപോയ കഠിനകാലങ്ങളെക്കുറിച്ചു ലോകം അറിഞ്ഞില്ല. കടന്നുപോയ ദുരന്തങ്ങളുടെ തീവ്രത മനസ്സിലാക്കിയില്ല; യാദൃഛികമായി മാർക്സിനെക്കുറിച്ചു വായിച്ച മേരി ഗബ്രിയേൽ എന്ന പത്രപ്രവർത്തക ജീവചരിത്രം എഴുതുന്നതുവരെ. മൂലധനം മാർക്സിനെ വിശ്വപ്രസിദ്ധനാക്കിയെങ്കിൽ‌ ‘പ്രേമവും മൂലധനവും’ മേരി ഗബ്രിയേലിനെയും പ്രസിദ്ധയാക്കി. ചരിത്രത്തെ തനിക്കു മുമ്പും ശേഷവും എന്നു വേർതിരിച്ച ഒരു മനുഷ്യന്റെ അറിയപ്പെടാത്ത ജീവിതത്തിലേക്കു വെളിച്ചം വീശി. 

റോയിട്ടർ ന്യൂസ് ഏജൻസിയിൽ എഡിറ്ററായി ജോലി ചെയ്യുകയായിരുന്നു മേരി ഗബ്രിയേൽ. പ്രസിദ്ധരായ ലണ്ടൻ നിവാസികളുടെ ജീവിതം പ്രതിപാദിക്കുന്ന ഒരു മാസിക വായിക്കവെ, കാൾ മാർക്സിന്റെ മൂന്നു പെൺമക്കളിൽ രണ്ടുപേർ ആത്മഹത്യ ചെയ്തതായ വെളിപ്പെടുത്തലാണ് മാർക്സിന്റെ ജീവിതത്തെക്കുറിച്ചു കൂടുതലറിയാൻ മേരിയെ പ്രേരിപ്പിച്ചത്. നാലു കുട്ടികളുടെ അകാലമരണത്തിനും ദാരിദ്ര്യത്തിനും രോഗത്തിനും സാമൂഹിക ബഹിഷ്കരണത്തിനും നശിപ്പിക്കാൻ സാധിക്കാത്ത, ആർദ്രമായ സ്നേഹത്തിൽ ജീവിച്ച ഒരു ഭർത്താവിന്റെയും ഭാര്യയുടെയും കഥയാണ് മാർക്സിന്റെ ജീവിതം തേടിച്ചെന്ന മേരി അറിഞ്ഞത്. അദ്ദേഹത്തിന്റെ ജീവിതത്തിൽ നിറഞ്ഞുനിന്ന പത്നി ജെന്നിയും മൂന്നു പെൺമക്കളും അനുഭവിച്ച കഷ്ടപ്പാടുകൾ, പിന്നിട്ട ദുരിതങ്ങൾ അനവധിയായിരുന്നു. എട്ടുകൊല്ലം ഒരു തപസ്സ് അനുഷ്ഠിക്കുന്ന ഏകാഗ്രതയിൽ മാർക്സിന്റെ ജീവിതം പഠിച്ച മേരി പുറത്തിറക്കിയ ബ്രിഹദ് ഗ്രന്ഥമാണ് ലവ് ആൻഡ് ക്യാപിറ്റൽ. മാർക്സിന്റെ അപൂർവ സുന്ദരമായ ജീവിതകഥ. 

കണ്ണുകളടയ്ക്കുമ്പോഴെല്ലാം ഞാൻ കാണുന്നതു താങ്കളുടെ ചിരിയാണ്. ഇതെന്റെ നിധിയാണ്. എന്നും അതെന്നോടൊപ്പമുണ്ടാകും. കഴിഞ്ഞുപോയ സന്തോഷകരമായ മണിക്കൂറുകളിലൂടെ ഞാൻ വീണ്ടും ജീവിക്കുകയാണിപ്പോൾ. ആ പ്രേമത്തിൽ മുഴുകി താങ്കളുടെ ഹൃദയത്തോടു ചേർന്ന് ഞാൻ കിടക്കുന്നു. കാൾ... താങ്കളുടെ ഭാര്യയാവുക– ഈശ്വരാ അതെന്നെ ഭ്രാന്തു പിടിപ്പിക്കുന്നു. 

എന്റെ പ്രിയപ്പെട്ടവനേ എന്ന അഭിസംബോധനയുമായി പ്രണയത്തിന്റെ നാളുകളിൽ ജെന്നി മാർക്സിനെഴുതിയ കത്തിലെ വരികൾ. വർഷം 1835.  ജർമനിയിൽ ട്രയർ എന്ന നഗരത്തിലായിരുന്നു മാർക്സും ജെന്നിയും ജീവിച്ചിരുന്നത്. അവരുടെ കുടുംബങ്ങൾക്കു പരസ്പരം അറിയാമായിരുന്നു. സഹോദരനായ എഡ്ഗാറിന്റെ സതീർഥ്യനായ മാർക്സ് ജെന്നിയുടെ ഗൃഹത്തിലെ സ്ഥിരം സന്ദർശകനായിരുന്നു. സൗഹൃദം പ്രണയത്തിലേക്കു വികസിച്ചപ്പോൾ 1836–ൽ വിവാഹിതരാകാൻ അവർ രഹസ്യമായി തീരുമാനിച്ചു. ആഗ്രഹിച്ചതുപോലെ വിവാഹിതരായെങ്കിലും രാഷ്ട്രീയ പ്രവർത്തനങ്ങളും ആശയലോകത്തെ ഇടപെടലുകളും പത്രധിപ ജോലിയുമെല്ലാം മാർക്സിന്റെ ജീവിതം അശാന്തമാക്കി. ജർമനിയിൽനിന്നു പാരിസിലേക്കും ലണ്ടനിലേക്കും സ്വിറ്റ്സർലണ്ടിലേക്കും ബൽജിയത്തിലേക്കുമെല്ലാം അഭയം തേടി പലവട്ടം പലായനം ചെയ്യേണ്ടിവന്നു അവർക്ക്. സ്ഥിരവരുമാനം ഇല്ലാത്തതിനാൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു കിട്ടുന്ന തുഛമായ തുക മാത്രമായിരുന്നു വരുമാനം. പാരമ്പര്യമായി കിട്ടിയ വെള്ളിപ്പാത്രങ്ങൾ ഒന്നിലധികം തവണ പണയം വച്ചും തിരിച്ചെടുത്തും ആ കുടുംബം ദാരിദ്രത്തെ വകഞ്ഞുമാറ്റിക്കൊണ്ടിരുന്നു.

ഉറ്റസുഹൃത്ത് ഏംഗൽസിന് എഴുതിയ ഒരു കത്തിൽ ഒരിക്കൽ മാർക്സ് എഴുതി: കഴിഞ്ഞ എട്ടുപത്തു ദിവസമായി ബ്രെഡ്ഡും ഉരുളക്കിഴങ്ങുമാണ് ഞങ്ങളുടെ ആഹാരം. എങ്ങനെ ഇതിനെ അതിജീവിക്കാൻ സാധിക്കുമെന്ന് എനിക്കറിയില്ല. എല്ലാ വശത്തുനിന്നും കൊടുങ്കാറ്റടിക്കുകയാണ്. 

റൊട്ടിക്കച്ചവടക്കാരൻ, പഴക്കച്ചവടക്കാരൻ, മാംസകച്ചവടക്കാരൻ തുടങ്ങിയവരെല്ലാം മാർക്സിന്റെ വീട്ടുപടിക്കൽ കാത്തുനിന്നു. എഴുതാനുള്ള കടലാസ് വാങ്ങാനായി ലിവർപൂളിൽനിന്നു വാങ്ങിയ ഒരു കോട്ട് ഒരിക്കൽ പണയം വയ്ക്കേണ്ടിയും വന്നു മാർക്സിന്. 

ലോകത്തെ പട്ടിണിപ്പാവങ്ങളുടെ ജീവിതത്തിൽ പുതിയൊരു പുലരി  സൃഷ്ടിക്കാൻ ഉറക്കമൊഴിഞ്ഞ ഒരു മനുഷ്യൻ കടന്നുപോയ യാതനകൾ. ഇതിനിടയിലും ഭാര്യയേയും മക്കളേയും അഗാധമായി സ്നേഹിക്കുകയും അവരോടൊത്ത് സമയം ചെലവിടുകയും ചെയ്തിരുന്നു അദ്ദേഹം. അവധിദിവസങ്ങളിൽ ഒന്നരമണിക്കൂറോളം നടന്നുപോയി മറ്റു കുട്ടികളുമൊത്തു കളിക്കാനും ഉല്ലാസങ്ങളിൽ ഏർപ്പെടാനും  മക്കൾക്ക് അവസരമൊരുക്കി. വീട്ടിൽ തിരക്കിട്ട് എഴുതുന്നതിനിടയിൽ മക്കൾ ചുറ്റും കൂടി നിന്ന് ബഹളം വച്ചാലും വിലക്കിയില്ല അദ്ദേഹം. ദേഹത്തു കയറി അവർ വികൃതികളുണ്ടാക്കുമ്പോഴും മാറ്റത്തിനുവേണ്ടി തുടിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ മാറ്റാൻ. മാറ്റിമറിക്കാൻ. 

വർഷം 1881. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ, മൂലധനം എന്നീ കൃതികൾക്ക് ആവശ്യക്കാർ ഏറെയൊന്നും ഉണ്ടായില്ലെങ്കിലും അപ്പോഴേക്കും മാർക്സിന്റെ സംഭാവനകൾ കുറേയൊക്കെ ലോകം തിരിച്ചറിഞ്ഞിരുന്നു. ലീഡേഴ്സ് ഓഫ് മോഡേൺ തോട്ട് എന്ന മാസികയിൽ മാർക്സിന്റെ സംഭാവന പ്രതിപാദിച്ചുകൊണ്ട് അക്കാലത്ത് ഒരു ലേഖനം വന്നു. എഴുതിയതു ബെൽഫോർട് ബാക്സ്. കോപ്പർനിക്കസിന്റെ കണ്ടുപിടുത്തങ്ങളോട് മാർക്സിന്റെ ആശയങ്ങളെ താരതമ്യം ചെയ്യുന്നതായിരുന്നു ലേഖനം. വരാനിരിക്കുന്ന നൂറ്റാണ്ടുകളിലും മാർക്സ് സ്വാധീനം ചെലുത്തുമെന്ന വിലയിരുത്തലും. രോഗം മൂലം കിടക്കിയിൽത്തന്നെയായിരുന്നു അക്കാലത്തു ജെന്നി. ഡിസംബർ മാസത്തിൽ അവരുടെ കിടക്കയുടെ അരികിലിരുന്ന് മാർക്സ് ജെന്നിക്കു കേൾക്കാൻവേണ്ടി ആ ലേഖനം വായിച്ചു. തന്റെ പ്രിയപ്പെട്ടവനെ ലോകം തിരിച്ചറിഞ്ഞെന്ന വാക്കുകൾ ഭാർത്താവിൽനിന്നു തന്നെ കേൾക്കുമ്പോൾ, തങ്ങളുടെ കഷ്ടപ്പാടുകൾ വെറുതെയായില്ലെന്നു തിരിച്ചറിഞ്ഞപ്പോൾ, ജെന്നി കണ്ണുകളടച്ചു. ലോകത്തിലെ ഏറ്റവും ത്യാഗപൂർണമായ പ്രണയങ്ങളിലൊന്നിന്റെ അവസാന രംഗം. 

മൂലധനം ലോകത്തിന്റെ സാമ്പത്തിക സാഹചര്യങ്ങളെ വിശകലനം ചെയ്ത് പുതിയൊരു സാമൂഹിക ക്രമത്തിന്റെ വിത്തുപാകിയെങ്കിൽ മേരി ഗബ്രിയേലിന്റെ പ്രേമവും മൂലധനവും ജീവിതത്തിൽ സ്നേഹം വീണ്ടെടുക്കുന്ന ഔഷധമാണ്. തിരിച്ചടികളിൽനിന്നും ഊർജം ഉൾക്കൊള്ളാനുള്ള ആഹ്വാനമാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലൊന്ന്. 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം