ഹരികുമാറിന്റെ സിദ്ധാന്തങ്ങൾ: വിമർശനത്തിന്റെ പ്രവാചക ശബ്ദം

മലയാളത്തിൽ സിദ്ധാന്ത നിർമ്മിതിയില്ല; സിദ്ധാന്തങ്ങളെ അന്ധമായി അനുകരിക്കുകയോ മുഴക്കോലിനൊപ്പിച്ച് അളന്നുമുറിക്കുകയോ ആണ് ചെയ്യുന്നത്. സ്വന്തമായി ഒരു സാഹിത്യസിദ്ധാന്തം എന്നത് മലയാള എഴുത്തുകാരുടെ സ്വപ്നം മാത്രമായിരുന്നു. കാരണം സർവകലാശാലകളിൽ മറ്റുള്ളവരുടെ സിദ്ധാന്തം പഠിപ്പിക്കാനാണ് ശ്രമിക്കുന്നത്. അവിടെ ആരും ഒന്നുംതന്നെ നിർമ്മിച്ചെടുക്കുന്നില്ല. പാശ്ചാത്യ ഉത്തരാധുനികരായ ഹോമിഭാഭ, ഴാക് ലക്കാൻ, എഡ്വേർഡ് സെയ്ദ് തുടങ്ങിയവരുടെ കൃതികളിൽ നിന്ന് ഒരു ഭാഗം എടുത്ത് അത് നമ്മുടെ കൃതികളിൽ പ്രയോഗിച്ചുനോക്കുന്നതുവരെയേ നമ്മുടെ നിരൂപണം ഉണ്ടായിട്ടുള്ളൂ; മാർക്സിയൻ നിരൂപകർ മാർക്സിസ്റ്റ് സിദ്ധാന്തങ്ങൾ കടമെടുത്ത് എഴുതുന്നതുപോലെ ഇൗ പാരമ്പര്യത്തെ ബ്രേക്ക് ചെയ്യുന്ന, ചരിത്രത്തിലെ ആദ്യത്തെ സംരംഭമാണ് ഹരികുമാറിന്റെ നവാദ്വൈതവും മറ്റ് സിദ്ധാന്തങ്ങളും. ഇവിടെ അവലോകനം ചെയ്യുന്ന "എം.കെ. ഹരികുമാറിന്റെ സിദ്ധാന്തങ്ങൾ" എന്ന കൃതി ഒരു വഴിത്തിരിവാണ്. കലാശാലകൾക്ക് പുറത്ത് ഒരു വിമർശകൻ സ്വന്തം സാഹിത്യദർശനങ്ങളെ വിവിധ സൈദ്ധാന്തിക അന്വേഷണങ്ങളായി ക്രോഡീകരിച്ചിരിക്കുന്നു. ഒരു കലാശാലാ പ്രൊഫസർക്ക് ഇൗ തലത്തിലെത്തണമെങ്കിൽ വീണ്ടും ജനിക്കേണ്ടിവരും. പഠിച്ചതിനെ മറികടന്ന് പുതിയ ലോകം ആരായാനുള്ള ധൈഷണികബലം ഇതിനാവശ്യമാണ്.

നവാദ്വൈതം, നവാധുനികത, മാധ്യമമാണ് കല, തനിമനസ്, വിനിയോഗത്തിന്റെ സൗന്ദര്യശാസ്ത്രം, ഉത്തര-ഉത്തരാധുനികത, സ്യൂഡോ റിയലിസം, സമന്വയഘടകങ്ങൾ, എല്ലാ വസ്തുക്കളിലും മനുഷ്യൻ ജീവിക്കുന്നു എന്നീ സിദ്ധാന്തങ്ങളാണ് ഹരികുമാർ അവതരിപ്പിക്കുന്നത്. ഇവയെ തീർത്തും സാഹിത്യപരം എന്ന് വിശേഷിപ്പിക്കാനുമാവില്ല; കാരണം ഇതിൽ പ്രപഞ്ചദർശനവും ഭാഷാദർശനവുമുണ്ട്.

സ്യൂഡോ - റിയലിസം അഥവാ വ്യാജ യാഥാർത്ഥ്യം പുതിയൊരു സാഹിത്യരചനാ സങ്കേതമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഇത് അദ്ദേഹം സ്വയം വികസിപ്പിച്ചതാണ്. ഇത് അദ്ദേഹത്തിന്റെ ജലച്ഛായ, ശ്രീനാരായണായ, വാൻഗോഗിന് എന്നീ നോവലുകളിൽ പരീക്ഷിച്ച് വിജയിപ്പിച്ചതാണ്. പുതിയൊരു നോവൽ ഗണമായി ഇൗ കൃതികളെ കണക്കാക്കാം. അതായത് യാഥാർത്ഥ്യത്തെ വ്യാജ യാഥാർത്ഥ്യംകൊണ്ട് നിർമ്മിക്കുകയാണ്. അങ്ങനെമാത്രം സൃഷ്ടിക്കാവുന്ന യാഥാർഥ്യമാണ് തേടുന്നത്.

ഏതൊരു വസ്തുവിലും എഴുത്തുകാരൻ തന്നെത്തന്നെയാണ് കാണുന്നതെന്ന ദർശനം സാഹിത്യത്തിന്റെ നവാദ്വൈതം എന്ന ഭാഗത്തുണ്ട്. നവാദ്വൈതത്തിനു രണ്ടു വശമുണ്ട്. ആദ്യത്തേത് നവാദ്വൈതത്തിന്റെ പ്രപഞ്ചവീക്ഷണമാണ്. ആശയമായാലും വസ്തു ആയാലും സ്വയം നിരസിച്ചും സ്വയം നിർമ്മിച്ചും ഒാരോ നിമിഷത്തിലും മറ്റൊന്നായിക്കൊണ്ടിരിക്കുന്നു എന്ന ദർശനമാണത്. അതുകൊണ്ട് അതിനു ആത്യന്തികതലമില്ല. രണ്ടാമത്തേത്, സാഹിത്യത്തിലെ നവാദ്വൈതമാണ്. അവിടെ എഴുത്തുകാരൻ പ്രകൃതിയിൽ സ്വയം ദർശിക്കുകയാണ്. ചുറ്റുമുള്ള ലോകത്തെ അയാൾ ഇങ്ങനെ ചലിപ്പിക്കുന്നു.

ഹരികുമാറിന്റെ നവാദ്വൈതം ശ്രീശങ്കരന്റെ നവാദ്വൈതമല്ലെന്നും അത് മറ്റൊന്നാണെന്നും പ്രമുഖ സംസ്കൃത പണ്ഡിതനായ ഡോ. ചാത്തനാത്ത് അച്യുതനുണ്ണി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മലയാള വിമർശനത്തിലെ മനോഹരമായ ഒരു നിമിഷമാണിത്. കലാശാലകൾ ഇൗ സിദ്ധാന്തങ്ങൾ ചർച്ച ചെയ്യാത്തത് അപകർഷതകൊണ്ടാണെന്ന് കരുതട്ടെ. മലയാളിയായ ഒരാളുടെ സിദ്ധാന്തങ്ങളാണിവിടെയുള്ളത്.

ഹരികുമാറിന്റെ തനിമനസ് എന്ന സിദ്ധാന്തം പ്രകൃതിയിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്. ഇൗ ഭാഗം നോക്കുക: സസ്യങ്ങൾ ഇൗ അവയവസങ്കല്പത്തെ പിന്തുടരുന്നില്ല. അവയുടെ ശിഖരങ്ങളാണ് എല്ലാം. എല്ലാ അവയവങ്ങളും ശിഖരങ്ങളിൽ ചെന്ന് ആവിഷ്കാരം നടത്തുകയാണ്. ആ അവയവങ്ങൾ നഷ്ടപ്പെടൽ എന്ന നൈരന്തര്യത്തിലാണ് നിലകൊള്ളുന്നത്. ഇലകൾ കൊഴിയുന്നു. ശിഖരങ്ങൾ വെട്ടിമാറ്റിയാലും അതിൽനിന്ന് വീണ്ടും തളിർക്കുന്നു. ചില സസ്യങ്ങൾ അതിന്റെ ശരീരത്തിൽ ഏത് ഭാഗത്ത് നിന്നും മറ്റൊരു ജനിക്കു സജ്ജമാണ്. അവ ശരീരം നിറയെ മറ്റു ജന്മങ്ങളെ കൊണ്ടുനടക്കുകയാണ്. എവിടെനിന്നും അവ പുതിയ മുളകളെ അനുവദിക്കുകയാണ്. ഏത് സാഹചര്യത്തിലും ആ മുളകൾ നാമ്പെടുക്കും.

ഒാരോന്നിനും തനിമനസുണ്ട് എന്ന തത്വം ഒാരോന്നിന്റെയും ആത്മീയതയാണ്. മലയാള വിമർശനചരിത്രത്തിലെ അസുലഭമായ സന്ധിയാണിത്. ഇവിടെ ഒരു വിമർശകൻ ഒരു കർതൃത്വം എന്ന നിലയിൽ വേറിടുകയാണ്. സ്വന്തം പന്ഥാവിലൂടെ ഒരാൾ നടന്നുവരുകയാണ്. തത്വചിന്തയും ദാർശനികതയും സൗന്ദര്യവും ഭാവനയും സമ്മേളിക്കുന്ന നിമിഷം. മാത്രമല്ല, ഇൗ സിദ്ധാന്തങ്ങളെ പിൻപറ്റി അദ്ദേഹം മൂന്നു നോവലുകളും കഥകളും കവിതകളും രചിച്ചിരിക്കുന്നു. ഒരു സാഹിതീയമായ സമഗ്രത ഇവിടെ തിരിച്ചറിയാനാകും.

സാഹിത്യരചനയെക്കുറിച്ച് പറയുമ്പോഴെല്ലാം ഒാർമ്മിക്കപ്പെടുന്ന ഒരു പേരാണ് ലോഞ്ചിനസ്. അദ്ദേഹത്തിന്റെ "ഉദാത്തരചന" ഇന്നും നവീന വിമർശകർപോലും, യൂറോപ്പിൽ ചർച്ചചെയ്യുന്നു.

"സുദീർഘമായ അനുഭവം കൊണ്ടേ സാഹിത്യത്തിന്റെ മൂല്യനിർണയം നടത്താൻ കഴിയൂ'' എന്ന മുന്നറിയിപ്പ് നൽകിയാണ് ലോഞ്ചിനസ് ഉദാത്തരചനകളുടെ സ്വഭാവം വ്യക്തമാക്കുന്നത്.

"മഹനീയമായ മനസ്സിന്റെ പ്രതിധ്വനിയാണ് ഉദാത്തത'' എന്ന് ലോഞ്ചനൈസ് വ്യക്തമാക്കുന്നു. ശ്രേഷ്ഠങ്ങളായ ആശയങ്ങളെ പഠിക്കാൻ തക്കവിധത്തിൽ നാം മനസ്സിനെ നിരന്തരം പരിശീലിപ്പിക്കണം. സാധാരണമായ ഒരാശയംപോലും ഉത്കൃഷ്ഠമായ മനസ്സിന്റെ സന്തതിയാകുമ്പോൾ അതിന്റെ മഹത്വം വർത്തിക്കുന്നു എന്ന ആശയം ആധുനിക കാലഘട്ടത്തിലെ വിശ്വമഹാകവിയും നിരൂപകനുമായ ടി.എസ്. എലിയട്ട് പറഞ്ഞിട്ടുണ്ട്. Tradition and the Individual Talent എന്ന ഉപന്യാസത്തിൽ ഇൗ ആശയത്തെ എലിയട്ട് വിശദീകരിക്കുന്നു. സുശക്തവും പ്രചോദനാത്മകവുമായ വികാരമായാണ് ഉദാത്തതയുടെ അടയാളവാക്യമായി ശ്രീഅരബിന്ദോ തന്റെ ‘Future Poetry’ യിൽ ഉയർത്തിക്കാണിക്കുന്നത്. "ഉജ്വലമായ വികാരം, അതുളവാക്കുന്ന ഹർഷോന്മാദം, അതിന്റെ മാന്ത്രികപ്രഭാവം, ഇവയെല്ലാം കലയുടെ മാറ്റുരക്കുന്ന ഘടകങ്ങളാണെന്ന് ആധുനിക കാലഘട്ടത്തിലെ മികച്ച നിരൂപകരിൽ ഒരാളായി ലോകം വാഴ്ത്തുന്ന എഫ്.ആർ. ലീവീസും പറയുന്നു. യൂറോപ്പിൽ സൈദ്ധാന്തിക നിരുപണ ചർച്ച സജീവമാണ്. അടുത്തകാലത്ത് യൂറോപ്പിൽ ഏറെ ചർച്ചചെയ്ത 'The illness and the art' എന്ന ഗ്രന്ഥം പ്രാദേശിക ഭാഷാ നിരൂപണത്തെയും സ്വാധീനിച്ചു. രോഗവും കലയും എന്ന പേരിൽ കെ.പി. അപ്പനെഴുതിയ പുസ്തകം ആശയപരമായി ഇൗ ഗ്രന്ഥത്തോട് കടപ്പെട്ടിരിക്കുന്നു. ഒരിക്കൽ താൻ അനുഭവിച്ച വികാരത്തെ മറ്റുള്ളവരെ അനുഭവിപ്പിക്കുന്നതരത്തിൽ, വാക്കുകൾ, രേഖകൾ, ശബ്ദങ്ങൾ എന്നിവയിലൂടെ പകർന്നുകൊടുക്കുമ്പോൾ അവിടെ കലയുടെ പ്രവർത്തനം നടക്കും എന്നത് ഒരു സാഹിത്യ വിദ്യാർഥിക്ക് അറിയുന്ന കാര്യമാണ്.

വിശ്വവിഖ്യാത ഇറ്റാലിയൻ സൗന്ദര്യശാസ്ത്രവിദഗ്ധൻ ക്രോച്ചേയുടെ വീക്ഷണത്തിൽ കവിതയിൽ തത്വങ്ങളും, ആവശ്യകങ്ങളുമായ രണ്ട് ഘടകങ്ങൾ ഉണ്ട്. നാനാപ്രകാരത്തിലുള്ള വിചിത്രങ്ങളും, അവയ്ക്ക് ചൈതന്യമേകുന്ന വികാരവും, അന്തർജ്ഞാനം വഴി നേടിയെടുക്കുന്ന ഉൾക്കാഴ്ചയും, കാവ്യത്തെ അനശ്വരമാക്കുന്നു. മൗലികപ്രതിഭയുള്ള നിരൂപകരുടെ ഒരു നിരതന്നെ യൂറോപ്പിൽ എല്ലാ കാലത്തും ഉണ്ടായിരുന്നു. തിയററ്റിക്കൽ ക്രിട്ടിസിസം നൂറ്റാണ്ടുകളായി യൂറോപ്പിൽ ചർച്ചചെയ്യപ്പെടുന്നു. ആധുനിക കലാസാഹിത്യത്തെക്കുറിച്ച് ഒർട്ടികാ-ഇൗ-ഗാസറ്റ് എഴുതിയ he Glittering Candles എം. കൃഷ്ണൻനായരാണ് മലയാളത്തിൽ പരിചയപ്പെടുത്തിയത്. സാഹിത്യമീമാംസയെ സൈക്കോളജി, അന്ത്രോപോളജി, ചരിത്രം, സൗന്ദര്യാത്മകതലം, സാമൂഹ്യതലം, ഫിലോസഫിയുടെ തലം തുടങ്ങിയ വൈജ്ഞാനിക മേഖലകളുമായി ബന്ധപ്പെടുത്തി പഠനം നടത്തുന്ന രീതി മലയാളത്തിൽ അപൂർവ്വമാണ്. മാരാരും, മുണ്ടശ്ശേരിയും, കേസരിയും, സൈദ്ധാന്തികനിരൂപണരംഗത്ത് മാറ്റുരച്ചവരാണെന്ന് ആരും പറയില്ല. 

കെ.പി. അപ്പൻ തുടങ്ങിവച്ച നവീന നിരൂപണരംഗം തളിർത്തു. പക്ഷേ പന്തലിച്ചില്ല. ആധുനിക നിരൂപണം ഒ.വി.വിജയനും, ആനന്ദിനും ചുറ്റും കറങ്ങി. ഇൗ രംഗത്ത് കാര്യമായ ഇടപെടൽ നടത്തി നമ്മുടെ നിരൂപണശാഖയെ വീണ്ടും സൈദ്ധാന്തികതലത്തിലേക്ക് ഉയർത്താനുള്ള ശ്രമമാണ് നവീന നിരൂപകനായ എം.കെ. ഹരികുമാർ നടത്തുന്നത്. തന്റെ സിദ്ധാന്തങ്ങൾ അദ്ദേഹം അനാർഭാടമായ ശൈലിയിൽ വായനക്കാരുടെ മുന്നിൽവയ്ക്കുന്നു. സാഹിത്യകലയെക്കുറിച്ചുള്ള അത്യാധുനിക യൂറോപ്യൻ കാഴ്ചപ്പാടുമായി തുലനം ചെയ്യുമ്പോൾ മലയാളം തരിശുനിലമാണെന്ന് അദ്ദേഹം വാദിക്കുന്നു. മലയാളത്തെ ചലനം കൊള്ളിച്ച ആധുനികത അറുപതുകൾക്കുശേഷം മലയാളത്തിൽ ദർശനത്തിന്റെ മിന്നൽപിണർ സൃഷ്ടിച്ചു. ഇൗ മൂവ്മെന്റിനെക്കുറിച്ച് ഹരികുമാർ പറയുന്നതിങ്ങനെയാണ്:

"ആധുനികതയുടെ വരവോടെ പഴയ സൗന്ദര്യനിയമങ്ങൾ അതേപടി തുടരേണ്ടതില്ല എന്ന ചിന്ത പ്രബലപ്പെട്ടു. ആവർത്തന വിരസമായ കലാവിദ്യ നിരാകരിക്കപ്പെടണമെന്നത് വലിയ ആശയമായിരുന്നു. പുതിയ രീതിയിൽ ഭാവനചെയ്യപ്പെടണം. പുതിയ രൂപവും ഉള്ളടക്കവും വേണം'' (പുറം 61) ദൈവവിശ്വാസിയും, ക്ലാസ്സിക്കൽ പാരമ്പര്യത്തിന്റെ വക്താവും ആയ ടി.എസ്. എലിയട്ടും, നിരീശ്വരവാദിയായ സാർത്രും ആധുനികതയുടെ പട്ടികയിൽ സ്ഥാനം പിടിക്കുന്നു. ഇതുപോലെ ഉത്തരാധുനികതയുടെ കാലഘട്ടം സാഹിത്യത്തെ നയിച്ചത് ലാറ്റിനമേരിക്കൻ എഴുത്തുകാരാണ്. വിശ്വസാഹിത്യത്തിന്റെ ന്യൂക്ലിയസ്സ് കഴിഞ്ഞ മുപ്പതുവർഷമായി ലാറ്റിനമേരിക്കയിലാണ്. ഹരികുമാർ റിയലിസത്തിന്റെ പരിമിതികളെക്കുറിച്ച് വാചാലനാകുന്നു. പക്ഷേ മാജിക്കൽ റിയലിസം എന്തുകൊണ്ട് ലോകത്തിലെ എല്ലാ പ്രാദേശിക ഭാഷകളേയും കീഴടക്കി എന്നു പറയുന്നില്ല. "സ്ഥലവും കാലവും മുൻപത്തെപോലെയല്ല അനുഭവിക്കുന്നത്'' എന്ന ഹരികുമാറിന്റെ ചിന്തയും അംഗീകരിക്കാം. പക്ഷേ ജീവിതംതന്നെ ഒരു ഫാന്റസിയായി കാണുന്ന ഇൗ ചിന്തകൻ ഇടതുപക്ഷ ഭാവനയുടെ നവീനസിദ്ധികൾ ഇന്നത്തെ വിശ്വസാഹിത്യത്തെ എങ്ങനെ ചലിപ്പിക്കുന്നു എന്ന് വ്യക്തമാക്കാൻ വിട്ടുപോകുന്നു. 

ആധുനികതയുടെ പ്രാധാന്യം അംഗീകരിക്കുന്ന ഹരികുമാർ തന്റെ ""സിദ്ധാന്തങ്ങൾ'' എന്ന കൃതിയിൽ ഉത്തരാധുനികതയെക്കുറിച്ച് പറയുന്ന ഭാഗമിതാണ്: ""ഉത്തരാധുനികതയാകട്ടെ ഒരു ആഖ്യാനത്തിലും വിശ്വസിച്ചില്ല. വസ്തുനിഷ്ഠ യാഥാർത്ഥ്യത്തിനുപകരം, സംശയവും, പാരഡിയും, വിരുദ്ധോക്തിയുമാണ് അവർ സൃഷ്ടിച്ചത്. സത്യത്തെ നമ്മൾ സാമൂഹികവും, ചരിത്രവരവുമായി നിർമ്മിക്കുന്നതാണെന്ന സിദ്ധാന്തമാണീ ഉത്തരാധുനികത'' (പുറം 61).

കെ.പി. അപ്പൻ ഉത്തരാധുനികത എന്ന ടൈറ്റിലിൽ ഒരു പുസ്തകം എഴുതിയത് ഒാർമിക്കുക. മിഗുവൽ ആസ്റ്ററിയാസ്, ബോർഹസ്, അലഹോ കാർപൻറ്റിയർ, ഹുവാൻ റൂൾഫോ തുടങ്ങിയ ലാറ്റിനമേരിക്കൻ പ്രതിഭകളുടെ രചനാ സവിശേഷതയെ മറികടക്കുന്ന യൂറോപ്യൻ എഴുത്തുകാർ എത്രപേരുണ്ട്? ഒരു ഭൂഖണ്ഡത്തിന്റെ സ്വപ്നങ്ങൾക്കും, വിഹ്വലതകൾക്കും ഇൗ എഴുത്തുകാർ ലോകസാഹിത്യ ഭൂപടത്തിൽ തിളക്കമേറിയ ഒരു സ്ഥാനം നേടിക്കൊടുത്തു. ആഴത്തിലുള്ള പഠനത്തിനുശേഷം നടത്തിയ നിരീക്ഷണങ്ങളാണ് "മാധ്യമമാണ് കല'', "തനിമനസ്സ്'' തുടങ്ങിയ ലേഖനങ്ങൾ. "സൗന്ദര്യബോധത്തിന്റെ സ്വാഭാവികമായ എത്തിച്ചേരലാണ് വായന. സാഹിത്യകൃതികളിലേക്ക് നാം വീണ്ടും വീണ്ടും പോകുന്നത് നമ്മുടെതന്നെ സൗന്ദര്യ ശിക്ഷണത്തിന്റെ ബലത്തിലാണ്.'' (പുറം 82).

ഇൗ നിരീക്ഷണത്തോട് ആർക്കും വിയോജിപ്പുണ്ടാകില്ല. മുഹമ്മദ് ബഷീർ സൃഷ്ടിച്ച സൗന്ദര്യഗോപുരം കലയുടെ, ജീവപടലമായ സൗന്ദര്യശാസ്ത്രത്തിന്റെ മെറ്റബോളിസം അദ്ദേഹത്തിന്റെ കലയിലുണ്ട്. ജീവിതത്തിന്റെ ഏറ്റവും വിലപ്പെട്ട പാഠങ്ങൾ നഗരവീഥിയിൽനിന്നും, കാരാഗൃഹത്തിൽനിന്നും പഠിച്ച ഇൗ എഴുത്തുകാരനിന്നും, ആധുനിക എഴുത്തുകാരുടെ ശിരസ്സിനുമുകളിൽ നിൽക്കുന്നു. പ്രചരണ കോലാഹലങ്ങൾ ഏത് പീറ കൃതിയെയും, ഹിമാലയത്തോളം ഉയർത്തിക്കാണിക്കുന്ന ഇന്നത്തെ കച്ചവടരീതിയെയും ഹരികുമാർ വിമർശിക്കുന്നുണ്ട്. ഇവിടെ അരുന്ധതീ റോയിയുടെ വാക്കുകൾ പ്രസക്തമാണ്: "ഇന്ത്യയിലെ പ്രാദേശിക ഭാഷകളിൽ എഴുതപ്പെടുന്ന കൃതികളുടെ അടുത്ത് വരാൻ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാർക്ക് കഴിയില്ല. പിന്നെ പോപ്പുലാരിറ്റി നേടിയെടുക്കുന്നത്, ഇംഗ്ലീഷ് ഭാഷയുടെ പ്രചാരം കൊണ്ടും മാർക്കറ്റിംഗ് തന്ത്രം കൊണ്ടുമാണ്''. ഇൗ മാർക്കറ്റിംഗ് തന്ത്രത്തെ വളരെ വേഗത്തിൽ പഠിക്കാനുള്ള ശ്രമവും ഇൗ കൃതിയിലുണ്ട്. ഇത്തരത്തിലുള്ള ഒരു കൃതി അടുത്തകാലത്തൊന്നും മലയാളത്തിൽ വന്നിട്ടില്ല.

പുരസ്കാരങ്ങളും, മീഡിയയുടെ വർണപ്രപഞ്ചവും ഏതു കൃതിയെയും ആകാശത്തോളം ഉയർത്തിക്കാണിക്കുന്ന ഇൗ കാലത്തിന്റെ വ്യാപാരതാല്പര്യങ്ങളെ ഹരികുമാർ തുറന്നു കാണിക്കുന്ന ലേഖനമാണ് "മാധ്യമമാണ് കല" ഇൗ ലേഖനത്തിൽ നിന്നുള്ള ഒരു ഭാഗമിതാ: "നവമാധ്യമമായ ഫെയ്സ്ബുക്ക് നോക്കൂ. ഇതിൽ ആർക്കും ഒരു അക്കൗണ്ട് തുടങ്ങാം. തുറന്നാലുടനെ ഒരു വിലാസവും കർതൃത്വപദവിയും ലഭിക്കുകയായി. സ്വന്തമായി ഒരു പേജാണ് ലഭിക്കുന്നത്. അച്ചടിമാധ്യമത്തിലാണെങ്കിൽ ഒരു പേജ് ലഭിക്കണമെങ്കിൽ എത്രയോ കടമ്പകൾ കടക്കണം. പരിചയ സമ്പന്നനായ ഒരു കോളമിസ്റ്റിനാണ് അവിടെ സ്വന്തമായി പേജ് ലഭിക്കുന്നത്.'' (പുറം 34)

പണ്ട് ഒരു കവിയാകണമെങ്കിൽ വർഷങ്ങളുടെ കാത്തിരിപ്പ് വേണം, തയ്യാറെടുപ്പ് വേണം. വൈലോപ്പിള്ളിയും ആനന്ദും സക്കറിയായും രണ്ടു ദിവസംകൊണ്ട് സാഹിത്യരംഗം കീഴടക്കിവന്നവരല്ല. പക്ഷേ, ഇന്ന് മാധ്യമംതന്നെ കലയായതോടുകൂടി ഏത് ടീനേജുകാരനും കലാകാരന്റെ തൊപ്പിവയ്ക്കാം എന്ന അവസ്ഥയുണ്ട്. ഹരികുമാർ എഴുതുന്നു: ""മാധ്യമം സ്വയം കലയാകുമ്പോൾ അതിലിടപെടുന്നവരും കലാകാരന്മാരാവുന്നു''. (പുറം 35)

ഡിജിറ്റൽ കല, വിനിയോഗത്തിന്റെ സൗന്ദര്യശാസ്ത്രം, അല്ലെങ്കിൽ ഉത്തരാധുനികത എന്ന ലേഖനവും ശ്രദ്ധേയമാണ്. ഇൗ ലേഖനം തുടങ്ങുന്നതിങ്ങനെയാണ്: "ഡിജിറ്റൽ ഗ്രാഫിക് കല ഒരു പുതിയ സംസ്കാരമാണ്. സംസ്കാരം എന്നു പറയുന്നത് ഒരു പ്രകൃതിവിഭവം പോലെയാണെന്ന് അമേരിക്കൻ ചിന്തകനായ ജോർജ് യൂഡീസ് പറഞ്ഞത് ഒാർക്കുകയാണ്. ആർക്ക് വേണമെങ്കിലും സംസ്കാരത്തിന്റെ ഓഹരി കൈപ്പറ്റാം'' (പുറം 23)

മനുഷ്യന്റെ കാഴ്ചപ്പാട് സ്ഥൂലത്തിൽനിന്നും തുളവീണ സൂക്ഷ്മത്തിലേക്ക് നീങ്ങുന്ന ഇരുണ്ട കാലഘട്ടത്തിന്റെ ചിത്രം ഹരികുമാർ വരച്ചിടുന്നത് ഏതാനും വാക്കുകളിലാണ്. അനലോഗ് ക്യാമറകൾക്ക് പകരം മൊബൈൽ ക്യാമറകൾ വന്നതോടെ ഡിജിറ്റൽ ഒരു പൊതുവീക്ഷണമായി. മാധ്യമങ്ങളിലും, പരസ്യങ്ങളിലും, വരുന്നതെല്ലാം ഡിജിറ്റൽ ഉൽപ്പന്നങ്ങളാണ്. ഡിജിറ്റൽ ക്യാമറകൾ എന്തു നൽകുന്നുവോ അതാണ് മനുഷ്യൻ'' (പുറം 23). സൈബർ ആർട്ടിസ്റ്റുകൾ സ്യൂസ് ദേവനായി മാറിയ ആധുനികകാലഘട്ടത്തിൽ സൗന്ദര്യശാസ്ത്രത്തിന്റെ മാനം നിർണയിക്കുന്നത് ഡിജിറ്റൽ, ഗ്രാഫിക് ലോകമാണ്. ഇരുപത്തൊന്നാം നൂറ്റാണ്ട് നിർമ്മിച്ചത് ഇന്റർനെറ്റിന്റെയും ഗൂഗിളിന്റെയും വാരിയെല്ലുകൾ ഉൗരിയെടുത്താണ്. ആധുനിക ടെക്നോളജിയുടെ കറുത്ത കൈപ്പത്തികൾ മനുഷ്യന്റെ ശരീരത്തിൽ പതുക്കെ വിരലമർത്തുമ്പോൾ നമ്മുടെ ചിന്തകളും, ലോകവീക്ഷണവും മെറ്റാഫിസിക്കലായ വിശ്വാസവും വീണുടയുന്ന ഇൗ കാലഘട്ടത്തിന്റെ ഉജ്ജ്വലമായ ഒരു ചിത്രം ഇൗ ലേഖനത്തിലുണ്ട്. കല ഒരു അഖണ്ഡമായ അനുഭവമായിരുന്നു. ഒരാൾ സൃഷ്ടിക്കുന്നു, അത് അയാളുടേത് മാത്രമായിരുന്നു. അതുകൊണ്ടാണ് ഫ്രഞ്ച് ചിന്തകനായ സാർത്ര് പറഞ്ഞത്, "കലയെ മരിച്ചവരോടും ഇനിയും ജനിച്ചിട്ടില്ലാത്തവരോടും ചേർത്തുനിർത്താൻ കഴിയില്ല'' (പുറം 26) എന്ന്.

ഇന്ദ്രിയങ്ങളുടെ മാജിക്കാണ് കല. മരിച്ചവരുടെ നിഴലായി അത് പ്രത്യക്ഷപ്പെടില്ല. മരിക്കാൻ തയ്യാറല്ല എന്ന നിർബന്ധമാണ് കലയെ അഖണ്ഡമാക്കുന്നത്. ഹരികുമാറിന്റെ ചിന്തകൾ ഇരുട്ട് കീറുന്ന വജ്രസൂചിപോലെ പിളർക്കേണ്ടവയെ പിളർന്ന് മുമ്പോട്ട് പോകുന്നു. "സാഹിത്യകൃതികൾക്ക്, നിശ്ചിതമായ, വാർത്തെടുത്ത ഒരു സൗന്ദര്യശാസ്ത്രമല്ല ഉള്ളത്, സൗന്ദര്യശാസ്ത്രത്തെ നിരാകരിക്കുമ്പോഴും, മറ്റൊരു ഐക്യവും കേന്ദ്രവും സാക്ഷാത്കരിക്കുന്നുണ്ട്.'' (പുറം 26) മനുഷ്യനിൽനിന്നു തുടങ്ങി മനുഷ്യനിൽ അവസാനിക്കുന്ന കലയുടെ ഈശ്വരത്വം പതുക്കെ ഇല്ലാതാവുന്ന ഇൗ സൈബർയുഗത്തിൽ മനുഷ്യമനസ്സ് തന്നെ റോബോട്ടിക്ക് ആകുന്നതിൽ അത്ഭുതമില്ല. ലബനോണിലെ ദേശീയ കവിയും, ഇരുപതാം നൂറ്റാണ്ടിലെ മഹാനായ മിസ്റ്റിക്കുമായ ഖലിൽ ജിബ്രാൻ തന്റെ അമ്മയുടെ ചിത്രം വരച്ചപ്പോൾ പറഞ്ഞതിങ്ങനെയാണ്: "ഇത് എന്റെ അമ്മയുടെ ആത്മാവിന്റെ ഛായാചിത്രമാണ്. ഇത് വരക്കുമ്പോൾ എന്തെങ്കിലും കൗശലങ്ങളോ കലാപരമായ ചാതുര്യങ്ങളോ എന്നിലുണർന്നില്ല. പകർത്താൻ ആഗ്രഹിച്ചത് എന്റെ ആത്മാവിൽനിന്നും ഒഴുകി.'' കല ജീവരക്തമായി മാറുകയാണിവിടെ.

മലയാള നോവൽ സാഹിത്യത്തിലെ എക്കാലത്തേയും ക്ലാസിക്കായ "ഖസാക്കിന്റെ ഇതിഹാസ"ത്തിലെ കഥാനായകൻ പൂർവനിശ്ചിതമായ ഒരു നിയോഗമനുസരിച്ചാണ് ഖസാക്കിൽ എത്തിപ്പെട്ടത് എന്ന തോന്നൽ അയാളെ തുടക്കം തൊട്ട് പിടികൂടുന്നതരത്തിൽ ഒരു മാന്ത്രികരഹസ്യം പതുക്കെ ചുരുൾ നിവരുന്നുണ്ട്. ഖസാക്കിലെ ചരാചരങ്ങൾ, പ്രാചീനമായ ഒരു പൊരുളുമായി അയാളെ അടുപ്പിക്കുന്നു. ഇവിടെ ഭൂതവും വർത്തമാനവും ഭാവിയുമെല്ലാം കൂടിക്കലർന്ന് മനുഷ്യജീവിതത്തിന്റെ ആത്യന്തിക സത്യം തിരയുന്ന ഒരു ദർശനം ഒ.വി. വിജയൻ രൂപപ്പെടുത്തുന്നു. മനുഷ്യനിരപേക്ഷതയില്ല, അസംബന്ധമുണ്ട്. ടെക്നോളജിയും അതിന്റെ കുട്ടിയായ ഇന്റർനെറ്റും കലയുടെ ആത്മാവിൽനിന്നും അതിന്റെ അന്തസ്സത്ത ചോർത്തിക്കളയുന്നു എന്ന കണ്ടെത്തലിലാണ് ഹരികുമാർ എത്തിനിൽക്കുന്നത്.

ഇൗ കൃതിയിലെ ഏറ്റവും മികച്ച ഉപന്യാസം "തനിമനസ്സാ'ണ്.

"ജീവജാലങ്ങളുടെ നേരുകൾ ഒരു മതമായി നിൽക്കുകയാണ്. സസ്യങ്ങൾക്ക് നല്ല ബുദ്ധിയുണ്ട് എന്ന് ഒരു ശാസ്ത്രകാരൻ പറഞ്ഞതോർക്കുന്നു. അവയ്ക്ക് ബുദ്ധിയുണ്ടെങ്കിലും, അതിൽ സ്വാർത്ഥതയോ തിന്മയോ ഉണ്ടാകുന്നില്ല.'' (പുറം 36). ഇൗ ലേഖനത്തിൽനിന്നുള്ള ഒരു ഭാഗമിതാ: "മനുഷ്യൻ അവന്റെ മനസ്സ് ആഗ്രഹിക്കുന്നതിനനുസരിച്ച് പുതിയ ജന്മം കൈവരിക്കുകയാണ്. പ്രകൃതിയിലേക്ക് ശ്രദ്ധകൊടുത്താൽ നാം പ്രകൃതിയായി മാറും'' (പുറം 39). ഭാരതീയ ചിന്തയുടെ അനുരണനങ്ങൾ വഹിക്കുന്ന ഇൗ ലേഖനം ചെന്നെത്തുന്നത് രാമാനുജാചാര്യന്റെ വിശിഷ്ഠാദ്വൈതത്തിലേക്കാണ്. സൗന്ദര്യം ജീവിതമാണ് കലയിൽ പക്ഷേ, ഇൗ സൗന്ദര്യം ആത്മാവിനെ ബലിഷ്ഠമാക്കുന്നതിനുള്ള ശക്തിയും, മനസ്സിന്റെ ഹരിതത്വം മണൽക്കാടായി മാറാതിരിക്കാനുള്ള ദൈവികതയുള്ള വിരലടയാളവുമാണ്. ടാഗോറിന് സമശീർഷനായ മുഹമ്മദ് ഇക്ബാലിന്റെ "ആത്മരഹസ്യ'ത്തിൽ പറയുന്നു: "ശാസ്ത്രവും കലയും ജീവിതത്തിന്റെ ഭൃത്യന്മാരാണ്. അതിന്റെ ഗൃഹത്തിൽ പിറന്നു വളർന്ന രണ്ടടിമകൾ'' (Science and art are the servants of life, slaves and bred in its house)

കലാപ്രയോജനം ഉൽകൃഷ്ടങ്ങളായ ആഗ്രഹങ്ങളെ ഉദ്ബുദ്ധങ്ങളാക്കുകയും, തദ്വാരാ വിശിഷ്ടങ്ങളായ കർമ്മപ്രേരണകളെ സന്നദ്ധമാക്കുകയും ചെയ്യുന്ന യുഗത്തിൽനിന്ന് മരുവൽക്കരണത്തിലേക്ക് നീങ്ങുന്നതിനെതിരെ ഇൗ എഴുത്തുകാരൻ നടത്തുന്ന ധീരമായ പ്രവാചക ശബ്ദമാണീ കൃതിയിലുടനീളം പ്രതിഫലിക്കുന്നത്. ആത്മാവ് സർവ്വവ്യാപകമാണ്. പക്ഷേ, സർവ്വത്ര സമമായ നിലയിലല്ല അതിന്റെ സാന്നിധ്യം. ഒാരോ പരമാണുവിലും ആ മൗലികതത്വം സുപ്തമായിരിക്കുന്നു. അനാവിഷ്കൃതവും അലസവുമായി വർത്തിക്കുന്ന ശക്തിയെ യന്ത്രസംസ്കാരത്തിന്റെ പൈശാചിക നൃത്തംകൊണ്ട് പരാജയപ്പെടുത്താനുള്ള ശ്രമം മനുഷ്യരാശിയുടെ ധൈഷണിക വളർച്ചയെ തീക്കനൽകൊണ്ട് കരിച്ചുകളയുന്നത് പോലെയാണ്. പ്രകൃതിയോട് എെക്യവും തമ്യവും പ്രാപിക്കത്തക്കവണ്ണം വിശ്വപ്രേമപൂർണ്ണമായ ഒരു ഹൃദയത്തിനുമാത്രമേ ഒരു സുമത്തിന്റെ മൂകതയ്ക്ക് ധ്യാനത്തിന്റെ ഭാഷ നൽകാൻ കഴിയൂ എന്ന ടഗോറിന്റെ ചിന്തകളുടെ അംശങ്ങളും 'തനിമനസ്സ്' എന്ന ലേഖനത്തിൽ കാണാം. 

"ഒരു ജലബിന്ദു ആത്മതത്വം ഹൃദിസ്ഥമാക്കുമ്പോൾ, അത് നിസ്സാരമായ സ്വജീവിതത്തെ സാർത്ഥകമായ മൂകഫലമാക്കുന്നു'' എന്ന് കഠോപനിഷത്ത് പറയുന്നതും ശ്രദ്ധേയമാണ്. പർവ്വതം അതിന്റെ ആത്മാവിനെ ഉപേക്ഷിക്കട്ടെ. അത് തകർന്ന് തരിപ്പണമാകും. ആദ്ധ്യാത്മികവാദികൾ മനുഷ്യരുടെ മദ്ധ്യത്തിൽനിന്ന് ഇൗശ്വരസന്നിധിയിലേക്ക് പറന്നുപോകാൻ ആഗ്രഹിക്കുന്നവരാണ്, ഇൗ കൃതിയിലെ ലേഖനങ്ങളിലൂടെ കടന്നുപോകുന്ന ഒാരോ വായനക്കാരനും ഒാർക്കേണ്ടത്, ""വിശ്വമേ എന്റെ ആത്മീയാഹ്ലാദം നിന്റെ ഹരിതവനങ്ങൾക്ക് ഒരു പുതിയഛായയും ശോഭയും നൽകുന്നില്ലേ? നിന്റെ പ്രഭാതകണങ്ങൾക്ക് ഉജ്ജ്വലകാന്തിയും?'' എന്ന ടാഗോറിന്റെ വരികളാണ്. ഭാവഗാനങ്ങളുടെ മാദക പ്രകാശത്തിൽ വിശ്വചൈതന്യം പ്രസരിക്കുന്ന കാവ്യങ്ങൾ ഇല്ലാതായി. റോബോട്ടുകൾ കവിതകളും കഥകളും എഴുതുന്ന ഒരു കാലം വന്നുകൊണ്ടിരിക്കുകയാണ്. ഇൗ ദുരന്തത്തെ ദാർശനികമായി നോക്കിക്കാണുന്ന ഹരികുമാറിന്റെ ഗ്രന്ഥം സൈദ്ധാന്തിക നിരൂപണരംഗത്ത് ഒരു നാഴികക്കല്ലാണ്.

മലയാള കലാശാലകളിലെ ഗവേഷണവിഭാഗം ഹരികുമാറിന്റെ സിദ്ധാന്തങ്ങളിലേക്കും അതിൽനിന്ന് രൂപംകൊണ്ട നോവലുകളിലേക്കും തിരിയേണ്ട സമയമാണിത്. ഇത് നാളെ അവർക്ക് ഏറ്റെടുക്കേണ്ടിവരും. കാരണം, ഇതുപോലെ സ്വന്തം സിദ്ധാന്തം മലയാളത്തിൽ വേറെയില്ലല്ലോ. മലയാള നോവലിസ്റ്റുകളാരും തന്നെ സാഹിത്യസിദ്ധാന്തങ്ങൾ നിർമ്മിച്ചവരോ ദർശനങ്ങൾ തത്വചിന്ത എന്ന നിലയിൽ അവതരിപ്പിച്ചവരോ അല്ലല്ലോ.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം