സർവശക്തനായ ഗവർണറും പാനമയുടെ പന്തടക്കവും

സമകാലിക വിഷയങ്ങളെ വിശകലനം ചെയ്ത് എൻ.എസ് മാധവൻ എഴുതുന്നു...

എന്തൊക്കെയായിരുന്നു..! റാലികൾ, മാനിഫെസ്റ്റോകൾ, അട്ടഹാസപ്രസംഗങ്ങൾ, പരിഹാസ ട്വീറ്റുകൾ, തിരഞ്ഞെടുപ്പു സർവേകൾ, വിരലിൽ മഷിപുരളൽ, ഇവിഎം ഞെക്കലുകൾ, ബീപ് ശബ്ദങ്ങൾ, ഓരോ ടിവി ചാനലിലും ഒന്നോ ഒന്നിലധികമോ എക്സിറ്റ് പോളുകൾ, ഒടുവിൽ ഫലപ്രഖ്യാപനം. എന്നിട്ടെന്തായി? കർണാടക ആരു ഭരിക്കണമെന്ന് തീരുമാനിച്ചതാര്? ആ സംസ്ഥാനത്തു നിന്ന് ദൂരെ എവിടെയോ ജനിച്ച, ഭരണഘടനാപദവിയുള്ള ഒരു ഉദ്യോഗസ്ഥൻ – ഗവർണർ. 

ഈ പദവി ഇന്ത്യയിലേക്കു കടന്നുവരുന്നതു ബ്രിട്ടിഷ് ഭരണകാലത്താണ്. കോളനിയെ വരുതിക്കുനിർത്താൻ അവർ നിയമിച്ച ഉദ്യോഗസ്ഥപ്രഭുക്കളായിരുന്നു ഗവർണർമാർ. ബ്രിട്ടിഷുകാർ ഇന്ത്യ ഭരിച്ചതു ബലപ്രയോഗത്തിൽക്കൂടി മാത്രമായിരുന്നില്ല; അതിനവർക്ക് ഇന്ത്യയിലെ വരേണ്യവർഗത്തിന്റെ സഹകരണം ഉണ്ടായിരുന്നു. അതുകൊണ്ട്, കൊളോണിയൽ ഇന്ത്യയുടെ ഭരണഘടന എന്നു പറയാവുന്ന, ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് – 1935 അനുസരിച്ച് പ്രവിശ്യകളിലെ ഭരണം നാട്ടുകാർക്കു കൈമാറി. പക്ഷേ, തിരഞ്ഞെടുപ്പിലൂടെ നിലവിൽ വരുന്ന പ്രവിശ്യാ സർക്കാരുകളുടെ അധീശത്വം ഡൽഹിയിൽ‌നിന്ന് വൈസ്രോയി നിയമിക്കുന്ന ഗവർണർക്കായിരിക്കും. സർവശക്തനായ ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കണമെന്നു പറഞ്ഞു കോൺഗ്രസ് പ്രക്ഷോഭം നടത്തി.

ഇന്ത്യയ്‌ക്കു സ്വാതന്ത്ര്യം കിട്ടി, പുതിയ റിപ്പബ്ലിക്കിന്റെ ഭരണഘടന നിർമിക്കാൻ കോൺഗ്രസിനു ഭൂരിപക്ഷമുള്ള ഭരണഘടനാസഭ കൂടിയപ്പോൾ, സ്വാതന്ത്ര്യസമരകാലത്ത് കോൺഗ്രസ് എതിർത്തിരുന്ന ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് – 1935ലെ ഗവർണർ പദവി പുതിയ റിപ്പബ്ലിക്കിന്റെ ഭരണഘടനയിലും അതേപടി തന്നെ നിലനിർത്തി. കൂട്ടത്തിൽ ഭരണമാറ്റം വരുമ്പോൾ മുഖ്യമന്ത്രിയെ ക്ഷണിക്കാനുള്ള പുതിയ അധികാരവും. സംസ്ഥാനങ്ങളും കേന്ദ്രവുമായി ബന്ധിക്കുന്ന നന്മനിറഞ്ഞ പാലമാണു ഗവർണർ എന്നുപറഞ്ഞ് പ്രധാനമന്ത്രി നെഹ്റു അതിനെ ന്യായീകരിച്ചു. 1954ൽ മദ്രാസിലെ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ അവിടത്തെ ഗവർണർ, ഭൂരിപക്ഷമുള്ള യുണൈറ്റഡ് ഫ്രണ്ടിനെ അവഗണിച്ച്, എംഎൽഎ അല്ലാത്ത സി.രാജഗോപാലാചാരിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിനെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചു. കഥ തുടർന്നുകൊണ്ടേയിരിക്കുന്നു. 

സങ്കടം, ഈ കാഴ്ചകൾ 

കണ്ണിനു മുന്നിൽ, അരണ്ട വെളിച്ചത്തിൽ, എടപ്പാൾ തിയറ്ററിലെ ബാലികാപീഡനത്തിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യങ്ങൾ ചുരുളഴിഞ്ഞപ്പോൾ, ദിവസവും ഒന്നോ രണ്ടോ ഇത്തരം സംഭവങ്ങൾ പത്രങ്ങളിൽ വായിക്കുന്ന, ‌മലയാളി ഞെട്ടിത്തരിച്ചുപോയി. നിഷ്കളങ്കതയും കുടിലതയും ഒരേ ഫ്രെയ്‌മിൽ കാണുക സഹിക്കുന്നതിലും അപ്പുറമാണ്. ബാലപീഡ നിത്യവും നാം വായിക്കപ്പെടേണ്ട വാർത്തയാകുന്ന രീതിയിൽ സാർവത്രികമാണ്. 

നിഷ്കളങ്കതയും കുടിലതയും ഒരേ ഫ്രെയ്‌മിൽ കാണുക സഹിക്കുന്നതിലും അപ്പുറമാണ്

ഇവിടെയാണ് എടപ്പാൾ സംഭവം അപൂർവമാകുന്നത്; സംഭവം അല്ല, അതിനെ നേരിട്ട രീതി. ബാലപീഡയ്‌ക്കെതിരെ സക്രിയമായി ഒരാൾ മുന്നോട്ടുവന്നു, ആ തിയറ്ററിന്റെ ഉടമ. സിസിടിവി ദൃശ്യങ്ങൾ കണ്ട അദ്ദേഹത്തിന് പൊല്ലാപ്പിൽ ചാടാതിരിക്കുവാനുള്ള, പൊതുവേ കാണുന്ന പിന്മാറൽ അനുസരിച്ചു മിണ്ടാതിരിക്കാമായിരുന്നു. പക്ഷേ, അദ്ദേഹം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും പൊലീസിനെയും അറിയിച്ചു. കേസ് മുന്നോട്ടു പോകാഞ്ഞപ്പോൾ, വിടാതെ പിന്തുടർന്ന് കുറ്റവാളിയെ നിയമത്തിനു മുൻപിൽ എത്തിച്ചു.

ബാലപീഡനക്കുറ്റങ്ങൾ യാഥാർഥത്തിൽ റിപ്പോർട്ട് ചെയ്യുന്നതിനെക്കാൾ വളരെ കൂടുതലായിരിക്കും. സമൂഹമാധ്യമങ്ങളിൽ ‘മീ ടു’ പ്രചാരണം വലിയ തോതിൽ നടക്കുമ്പോൾ, ദിവസവും ആയിരക്കണക്കിനു സ്ത്രീകൾ എനിക്കും സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞു മുന്നോട്ടു വന്നു; കുറെ പുരുഷന്മാരും. കുട്ടിയുടെ ഭാവിയിലെ മാനസികജീവിതം ഒറ്റ അനുഭവംകൊണ്ടു താറുമാറാകാം എന്നിരിക്കെ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള അന്തരീക്ഷം കേരളത്തിൽ നിലനിൽക്കുന്നുണ്ടോ? 

ഒരു ഉദാഹരണം, ഈ വർഷം തൃശൂർ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ബാലപീഡന കേസുകൾ 97 (ഒരു പക്ഷേ, ഇത് ‘മഞ്ഞുകട്ടയുടെ തുമ്പ്’ മാത്രമായിരിക്കും) ആണെങ്കിൽ അന്വേഷണം പുരോഗമിക്കുന്നതു 20 ശതമാനത്തിൽ മാത്രമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി. പൊലീസിനു വീണ്ടും പരിശീലനം നൽകുക മാത്രമല്ല ചെയ്യേണ്ടത്, ഇത്രയും അധികാരവും ജനസമ്പർക്കവുമുള്ള ജോലിക്കായി റിക്രൂട്ട്  ചെയ്യുമ്പോൾതന്നെ ഉദ്യോഗാർഥികൾക്കു കാക്കിയിടാൻ പറ്റിയ സംവേദനക്ഷമതയുണ്ടെന്ന് മനഃശാസ്ത്ര പരീക്ഷയിലൂടെ ഉറപ്പാക്കുകയും വേണം. 

പൊരുതാനുറച്ച് പാനമ 

ഐസ്‌ലൻഡിനു പുറമേ, അടുത്തമാസം തുടങ്ങുന്ന ലോകകപ്പിൽ ആദ്യമായി ഫൈനൽസിൽ പ്രവേശിക്കുന്ന മറ്റൊരു ചെറിയ രാജ്യമാണു പാനമ. ജനസംഖ്യ 40 ലക്ഷം. ഇതിനുമുൻപ് 2014ലെ ബ്രസീൽ ലോകകപ്പിലാണ് അവർ യോഗ്യതയുടെ അടുത്തെത്തിയത്. അന്ന്, അവസാന യോഗ്യതാമത്സരത്തിൽ യുഎസിനെ തോൽപിച്ചാലേ അവർക്കു രക്ഷയുണ്ടായിരുന്നുള്ളൂ. 90–ാം നിമിഷത്തിലും പാനമ ഒരു ഗോളിനു മുന്നിലായിരുന്നു. പനാമ 2 – യുഎസ് 1. ഇഞ്ചുറി ടൈമിലെ ഭ്രാന്തുപിടിച്ച മൂന്നു മിനിറ്റുകളിൽ യു എസ് രണ്ടു ഗോളുകൾ അടിച്ചു. അതോടെ ഒരു രാജ്യത്തിന്റെ ഹൃദയം തകർന്നു. 

അമിൽകാർ ഹെൻറിക്വസ്

ഇത്തവണ പാനമ യോഗ്യത നേടിയത് ഏറ്റവും നാടകീയമായിട്ടാണ്; ദുഃഖകരമായ ഒരു കൊലപാതകത്തിന്റെ നിഴലിലും. യോഗ്യതാമത്സരങ്ങളിൽ രണ്ടെണ്ണം ബാക്കി നിൽക്കെയാണ് അവരുടെ മിഡ്‌ഫീൽഡർ അമിൽകാർ ഹെൻറിക്വസിനെ, വീട്ടിൽനിന്നു പുറത്തിറങ്ങുമ്പോൾ, ആസൂത്രിതമായി വെടിവച്ചു കൊന്നത്. മൂന്നു ചെറുപ്പക്കാർ അറസ്റ്റിലായെങ്കിലും എന്താണു കൊലയുടെ കാരണമെന്ന് ഇന്നുവരെ പുറത്തുവന്നിട്ടില്ല.  

ആ കൊലപാതകം തകർത്ത മനോബലവുമായിട്ടാണ് പാനമ അവരുടെ അവസാനത്തെ മത്സരത്തിൽ കോസ്റ്ററിക്കയെ നേരിടാനെത്തിയത്. പാനമയ്‌ക്ക് ആ കളി ജയിച്ചാൽ മാത്രം പോരായിരുന്നു, യുഎസിനെ താരതമ്യേന ദുർബലരായ ട്രിനിഡാഡ് ആൻഡ് ടുബാഗോ തോൽപിക്കുകയും വേണം. ഏതായാലും അതു രണ്ടും സംഭവിച്ചു. ലോകകപ്പ് ഫൈനൽസിലേക്കുള്ള യോഗ്യത അവർ സമർപ്പിക്കുന്നത് കൊല്ലപ്പെട്ട ഹെന്റിക്യൂസിനാണ്. പാനമയിൽ ഫുട്ബോൾ ഒന്നാമത്തെ കളിയല്ല; അതു ബേസ്‌ബോളാണ്. ഇന്ത്യയിൽ ക്രിക്കറ്റിന്റെ പിന്നിൽ ഫുട്ബോളിനും ലോകോത്തര തലത്തിലേക്കു വളരാം എന്നാണ് പാനമ നൽകുന്ന സ്പഷ്ടമായ സന്ദേശം. 

സ്കോർപ്പിയോൺ കിക്ക്: ‘ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം. ആ സമയത്തിനുള്ളിൽ ബിസിസിഐ മൂന്ന് ഇന്ത്യ-ശ്രീലങ്ക സീരീസ് സംഘടിപ്പിച്ചിരിക്കും’–  സംഗീതകലാനിധി സഞ്ജയ് സുബ്രഹ്മണ്യൻ ട്വിറ്ററിൽ.

വാഹ്! പാട്ടിൽ മാത്രമല്ല വെട്ടിലും ഉസ്താദ്!     

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം