'ജയ ബച്ചൻ ഞങ്ങളെ റാഗ് ചെയ്യും'

കെ.ജി.ജോർജിന്റെ ആദ്യ സിനിമയിലെ നായിക, ജയലളിതയുടെ അവസാന സിനിമയിൽ വേഷമിട്ട താരം, ജോൺ ഏബ്രഹാം സിനിമയിലെ ‘നഷ്ട നായിക’. ജമീല മാലിക്കിന്റെ ജീവിതകഥ തുടരുന്നു.... ചിത്രത്തിൽ ജയ ബച്ചൻ, ജമീല മാലിക്.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എനിക്കൊട്ടുമേ അപരിചിതമായിരുന്നില്ല. പേടിച്ചുവിറച്ചാണ് അവിടെ എത്തിയതെങ്കിലും ഒരു വൻ മലയാളിസംഘം സീനിയേഴ്സായി അവിടെയുണ്ട്. കെ.ജി.ജോർജ്, രാമചന്ദ്രബാബു, കെ.ആർ.മോഹനൻ, ഷാജി എൻ. കരുൺ അങ്ങനെ ഒരു മലയാളി സിനിഹൗസ്. പന്ത്രണ്ടുപേർ മാത്രമുള്ള ഞങ്ങളുടെ ബാച്ചിൽ രണ്ടേ രണ്ടു പെൺകുട്ടികൾ;  മഞ്ജുവും ഞാനും.  

തെക്കേയിന്ത്യയിൽനിന്ന് എനിക്കൊപ്പം അതിസുന്ദരനായൊരു ഓംസുരി ഗാന്ധിയുമുണ്ട്. മൂന്നു മാസം കഴിഞ്ഞപ്പോൾ അയാൾ ഇൻസ്റ്റിറ്റ്യൂട്ട് വിട്ടു. 

പ്രിൻസിപ്പൽ റോഷൻ തനേജ സ്നേഹമൂർത്തിയായ മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ വീടിനോടു ചേർന്നുള്ള കെട്ടിടത്തിലാണു പെൺകുട്ടികളുടെ താമസം. 

ജയ ബച്ചൻ സീനിയറായി പഠിക്കുന്നുണ്ട്. ഞങ്ങളെയൊക്കെ ജയ തമാശമട്ടിൽ റാഗ് ചെയ്യും. ഹിന്ദിപ്പാട്ടുകൾ പാടിപ്പിക്കും. മലയാളച്ചുവയിൽ മുക്കിമൂളി ഞാൻ പാടുന്നതു കേൾക്കേ അവരുറക്കെ ചിരിക്കും. ആ ചിരിയലകൾ ഇന്നും ഓർക്കുമ്പോഴെന്തു മുഴക്കം. ജയയുടെ കൂട്ടുകാരൻ അമിതാഭ് ബച്ചൻ ഇൻസ്റ്റിറ്റ്യൂട്ടിൽ മിക്കപ്പോഴും വരും. പെൺകുട്ടികൾ തീരെ കുറവാണ് അവിടെ. രശ്മി ശർമയായിരുന്നു ജയയുടെ അടുത്ത സ്നേഹിത. രണ്ടാളെയും ഒരുമിച്ചേ കണ്ടിട്ടുള്ളൂ. രശ്മി പിന്നീട് ചലച്ചിത്ര പ്രവർത്തകൻ അനിൽ ധവാന്റെ ജീവിത സഖിയായി. 

ജോൺ ഏബ്രഹാം ആ ചുറ്റുവട്ടത്തൊക്കെ എപ്പോഴുമുണ്ട്. എന്നോടു വലിയ സ്നേഹമാണ്. മലയാളി സംഘത്തെ മിക്കപ്പോഴും കാണും. കെ.ജി.ജോർജാണ് ആ സംഘത്തെ നയിക്കാതെ നയിക്കുന്നത്. 

ജോർജിന്റെ ‘ഫെയ്സസ്’ എന്ന ഡിപ്ലോമ സിനിമയിൽ എന്നെയാണു നായികയാക്കിയത്. രാമചന്ദ്ര ബാബുവാണു ക്യാമറാമാൻ. ഒരുപക്ഷേ, ബാബു ക്യാമറയിലൂടെ ആദ്യം കണ്ട നായിക. 

ഷാജി എൻ. കരുൺ അവരുടെ ജൂനിയറാണ്; നാണം കുണുങ്ങി പയ്യൻ. പിന്നീടു ഷാജിയുടെ ലോകശ്രദ്ധ നേടിയ സിനിമകളൊക്കെ കാണുമ്പോൾ ഞാനക്കാലം ഓർക്കും. കെ.ആർ. മോഹനനെപോലെ സൗമ്യനായൊരു ചെറുപ്പക്കാരനെ ഞാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ കണ്ടിട്ടേയില്ല. കബീർ റാവുത്തറും ആസാദും എല്ലാവർക്കും പ്രിയപ്പെട്ടവരായിരുന്നു. 

രാമചന്ദ്ര ബാബു, കെ.ജി ജോർജ്, പ്രേംനസീർ

സുധീന്ദ്ര ചൗധരി എന്ന സുഹൃത്തിന്റെ ‘വിലാപ്’ എന്ന ഡിപ്ലോമ ചിത്രത്തിലും ഞാൻ നായികയായി. വൈസ് പ്രിൻസിപ്പൽ ജഗത് മുരാരിയാണ് എന്നെ നിർദേശിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിൽ സകലർക്കും പേടിയാണ് അദ്ദേഹത്തെ. നാട്ടിൽനിന്ന് ഉമ്മ അദ്ദേഹത്തെ ഫോണിൽ വിളിക്കും. ‘പൊട്ടിപ്പെണ്ണാണ് അവൾ, ഒന്നു കരുതിയേക്കണേ.’ 

ആ സ്നേഹം അദ്ദേഹത്തിന് എപ്പോഴുമുണ്ട്. ആൺപിള്ളേർക്കൊപ്പം ചുറ്റിക്കറങ്ങുമ്പോൾ ഒരു വിളിയുണ്ട്. ‘ജമീല, ഇധർ ആവോ....’ എന്റെ ആൺസുഹൃത്തുക്കൾ ഓടിമറയും. 

മറാഠിയിൽ മിടുക്കനായ സംവിധായകനായി മാറിയ വിശ്രാം ബോഡോക്കർ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ‘ജയ് ജവാൻ ജയ് മകാൻ’ എന്ന ചെറുസിനിമയിൽ ഞാനും അഭിനയിച്ചു. എന്റെ സീനിയറായിരുന്ന രവി മേനോനായിരുന്നു നായകൻ. ഒരു കെട്ടിടത്തിന്റെ കോണിപ്പടിക്കു താഴെ കർട്ടൻ കൊണ്ടു മറച്ച സ്ഥലത്തു ജീവിതം തള്ളിനീക്കുന്ന ദമ്പതികളുടെ വേഷത്തിലാണു രവിയും ഞാനും അഭിനയിച്ചത്. രവി മേനോൻ നോർത്ത് ഇന്ത്യക്കാരെയും മോഹിപ്പിച്ച പ്രതിഭയാണ്. ജയബച്ചനും അതിൽ വേഷമിട്ടു. അന്നു ജയബച്ചനല്ല, ജയാ ഭാദുരി. 

അധ്യാപകരുടെ കൂട്ടത്തിലെ ഗ്ലാമർതാരമായിരുന്നു ഗോപാൽദത്ത്. അദ്ദേഹം ‘പരീക്ഷ’ എന്നൊരു സിനിമ ഒരുക്കി. വിജയ് അറോറയും ഞാനുമായിരുന്നു അതിൽ മുഖ്യവേഷങ്ങളിൽ. വിജയ് ഹിന്ദിസിനിമയിൽ തിരക്കുള്ള നടനായി മാറി.  മിഥുൻ ചക്രവർത്തി ഞങ്ങളുടെ ജൂനിയറായിരുന്നു. മിഥുന്റേതു വല്ലാത്ത താരോദയമാണ്. 

ഷാജി എൻ. കരുൺ, കെ.ആർ മോഹനൻ

ഒരിക്കൽ മൃണാൾസെൻ ക്ലാസെടുക്കാനെത്തി. ഇൻസ്റ്റിറ്റ്യൂട്ടിലെ വിരലിലെണ്ണാവുന്ന പെൺകുട്ടികളിൽ ക്ലാസിൽ ആദ്യമെത്തിയത് ഞാനാണ്. മൃണാൾ ദാ എത്തുമ്പോൾ ക്ലാസ്മുറിയിൽ ഒരേയൊരു പെൺകുട്ടിയും ഒരു ആൺസംഘവും. ‘വൺ ലേഡി ആൻഡ് ജെന്റിൽമെൻ.....’ ചിലമ്പിച്ച ശബ്ദത്തിൽ അദ്ദേഹം പറഞ്ഞുതുടങ്ങിയതും ക്ലാസിൽ കൂട്ടച്ചിരി മുഴങ്ങി. ക്ലാസ് കഴിഞ്ഞതും പരിചയപ്പെടാനെത്തി. 

കേരളത്തിൽനിന്നെന്ന് അറിഞ്ഞതും സന്തോഷം, പിന്നെ കൈകോർത്ത് ഞങ്ങൾ വിദ്യാർഥിസംഘത്തിനൊപ്പം കന്റീനിലേക്ക്, കോള പൊട്ടിച്ചും കഥകൾ പറഞ്ഞും ഉറക്കെച്ചിരിച്ചും അദ്ദേഹം ആ ദിവസത്തെ ആഘോഷമാക്കി. അവസരങ്ങളുടെ മഹാപ്രളയമൊന്നും അന്നുണ്ടായിരുന്നില്ല. ഞങ്ങളുടെ സഹപാഠി രഹ്ന സുൽത്താന ‘ചേതന’ എന്ന സിനിമയിൽ വേഷമിട്ടത് ഓർക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകൻ ബി. ആർ. ഇഷാരയായിരുന്നു സംവിധായകൻ. ജീവിതത്തിലും അവർ ഒരുമിച്ചുനടന്നു.

മൃണാൾസെൻ

അവസരങ്ങൾ പ്രതീക്ഷിച്ച് ബോംബെയിൽ കുറേക്കാലം ഞാൻ താമസിച്ചു. അവിടെ അമ്മാവന്റെ വീട്ടിൽ. കിട്ടിയ അവസരങ്ങൾ പലതും കൈവെള്ളയിൽനിന്നു വഴുതിപ്പോയി. ചിലതാവട്ടെ അനന്തമായി നീണ്ടുപോയി. പിന്നെ തിരുവനന്തപുരത്തേക്കു മടങ്ങി. 

സിനിമയിലെ ഹരിശ്രീ 

നാട്ടിലേക്കുള്ള വരവു നിരാശപ്പെടുത്തിയില്ല. ‘നിണമണിഞ്ഞ കാൽപാടു’കളുടെ സംവിധായകൻ എൻ.എൻ.പിഷാരടിയുടെ ‘റാഗിങ്’ സിനിമ ആലോചിക്കുന്ന നാളുകൾ. നായികാവേഷം എനിക്കുതന്നു. വിൻസന്റായിരുന്നു നായകൻ. റാഗിങ് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതൊരു പരീക്ഷണചിത്രംപോലെ തോന്നി. 

പി.ജെ.ആന്റണി, സുധീർ, റാണിചന്ദ്ര, ബാലൻ കെ.നായർ, കൊച്ചിൻ ഹനീഫ തുടങ്ങി വൻ താരനിരയാണ് റാഗിങ്ങിൽ. ഹരിശ്രീ പിക്ചേഴ്സിന്റേതായിരുന്നു ആ സിനിമ. ആ വേഷത്തെക്കുറിച്ച് പത്രങ്ങളിൽ ഫീച്ചറുകൾ വന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ആദ്യത്തെ മലയാളി പെൺകുട്ടിയെന്ന വിശേഷണത്തോടെ. 

ആദ്യവസരം റാഗിങ്ങിലാണെങ്കിലും ആദ്യം പുറത്തുവന്ന സിനിമ കെ.എസ്. സേതുമാധവന്റെ ‘ആദ്യത്തെ കഥ’യാണ്. മധു സംവിധാനം ചെയ്ത ‘സതി’ എന്ന സിനിമയിലും ഇടം കിട്ടി. ജയഭാരതിയുടെ അനിയത്തിയുടെ വേഷത്തിലാണത്. സേതുമാധവൻ സാറിന്റെ ‘ലൈൻ ബസ്’ സിനിമയുടെ ഷൂട്ടിങ് കോട്ടയത്തു നടക്കുമ്പോൾ അദ്ദേഹത്തെ കാണാൻപോയി. ഭരണിക്കാവ് ശിവകുമാർ അന്ന് അവസരം തേടി അതേ ലൊക്കേഷനിൽ വന്നതും പരിചയപ്പെട്ടതും ഓർമയുണ്ട്. 

കെ.പി.ഉമ്മറും പ്രേംനസീറുമെല്ലാം സെറ്റിലുണ്ട്. പെൺകുട്ടികളെ നോക്കി വാചകമടിക്കുന്നൊരു വേഷത്തിലാണ് ഉമ്മർസാർ. അനിഷ്ടം കാട്ടി അദ്ദേഹത്തിന് ഒരു തല്ലു കൊടുക്കണം. അതാണ് എന്റെ വേഷം. അതു കേട്ടതും എനിക്കാകെ ചമ്മൽ. സേതുമാധവൻ സാർ ഉറക്കെച്ചിരിച്ചുകൊണ്ടു പറഞ്ഞു ‘കൂളായിട്ടൊരു അടി കൊടുത്തേരേ’. അതൊരു സ്ക്രീൻ ടെസ്റ്റായിരുന്നെങ്കിലും സിനിമയിൽ ആ രംഗം വന്നു. പിന്നീടു കാണുമ്പോഴൊക്കെയും ഉമ്മർസാർ പറയും ‘എന്നെ തല്ലിയിട്ടു സിനിമയിൽ വന്ന ആളാണ്.’

( തയാറാക്കിയത്: സുൾഫിക്കർ.   തുടരും...) 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം