നെവാർകിന്റെ രാജകുമാരാ.... ഇനി വിശ്രമിക്കൂ.

നിങ്ങൾ വിപുലമായ അറിവുള്ള വ്യക്തിയായിരിക്കാം. അസാധാരണമായി ചിന്തിക്കാൻ കഴിവുള്ള ആളായിരിക്കാം. പദ്ധതികൾ ആസൂത്രണം ചെയ്യാനും വിജയിപ്പിക്കാനുമൊക്കെയുള്ള കഴിവുമുണ്ടായിരിക്കാം. പക്ഷേ, ഒരിക്കലും നിങ്ങൾക്കു ലൈംഗികതയെ കീഴടക്കാനാകില്ല. അപകടം പിടിച്ച ഒരു മേഖലയാണത്. ലൈംഗികതയ്ക്കു പിറകെ പോയില്ലെങ്കിൽ ഒരു പുരുഷന് അവന്റെ ജീവിതത്തിലെ മിക്ക പ്രശ്നങ്ങളും ഒഴിവാക്കാൻ സാധിക്കും. അടക്കവും ഒതുക്കവുമുള്ള നമ്മുടെ ജീവിതത്തെ വിഘടിപ്പിക്കുന്നതും അച്ചടക്കമില്ലാതാക്കുന്നതും ലൈംഗികത തന്നെ. 

ആസക്തിയുടെ അരങ്ങുകളെക്കുറിച്ചു തുറന്നെഴുതി വായനക്കാരെ പ്രകോപിപ്പിച്ച ഒരെഴുത്തുകാരന്റെ വാക്കുകൾ. 85–ാം വയസ്സിൽ വിടവാങ്ങിയ ഫിലിപ്പ് റോത്ത്. ഏണസ്റ്റ് ഹെമിങ്‍വേയ്ക്കും വില്യം ഫോൾക്നറിനും ശേഷം അമേരിക്ക കണ്ട ഏറ്റവും മഹാനായ നോവലിസ്റ്റ്. 

കുറച്ചു വർഷങ്ങളായി നൊബേൽ പുരസ്കാരം ലഭിക്കാൻ സാധ്യതയുള്ള എഴുത്തുകാരുടെ മുൻപന്തിയിലുണ്ടായിരുന്നു റോത്ത്. അമേരിക്കയുടെ സാഹിത്യസമൂഹത്തിനൊപ്പം റോത്തും തീവ്രമായി ആഗ്രഹിച്ചു ലോകത്തെ വലിയ പുരസ്കാരത്തിനായി. തനിക്കെന്തുകൊണ്ടും നൊബേലിന് അർഹതയുണ്ടെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. പരസ്യമായി പറയുകയും ചെയ്തു. പക്ഷേ, റോത്തിന്റെ കൃതികളെന്നപോലെ വാക്കുകളും നൊബേൽ പുരസ്കാര സമിതി അവഗണിച്ചു. പുലിറ്റ്സർ പ്രൈസിന്റെയും മാൻ ബുക്കർ പ്രൈസിന്റെയും പെരുമയുമായി റോത്ത് മടങ്ങുന്നു; ഇനി ഒരിക്കലും പരാതിയോ പരിഭവങ്ങളോ പറയില്ലെന്ന ഉറപ്പുമായി. 

വാർധക്യം ഒരു യുദ്ധമല്ല. അതൊരു കൂട്ടക്കൊല തന്നെയാണ് എന്നെഴുതിയിട്ടുണ്ട് റോത്ത്. ഒരു പുസ്തകം എങ്ങനെ തുടങ്ങണമെന്നും അവസാനിപ്പിക്കണമെന്നും നന്നായി അറിയാവുന്ന അദ്ദേഹം ജീവിതത്തിന്റെ ബഹളങ്ങളിൽനിന്ന് പിൻമാറുന്നതും കൃത്യമായ ആസൂത്രണത്തോടെ. 2009– ൽ എഴുത്തുനിർത്തിയ റോത്ത് 2014–ൽ പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നതിൽനിന്നും ഒഴിവായി. 

ഇനി ഒരിക്കലും പൊതുമധ്യത്തിൽ നിങ്ങൾക്കെന്നെ കാണേണ്ടിവരില്ലെന്നു ഞാൻ ഉറപ്പുതരുന്നു. ഒരു ടെലിവിഷൻ ഷോയിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് റോത്ത് നാലുവർഷം മുമ്പു പ്രഖ്യാപിച്ചു. ഇത് എന്റെ അവസാനത്തെ ചടങ്ങാണ്; നിങ്ങൾക്കുവേണ്ടി. ഞാനിതാ മടങ്ങുകയായി. 

ചിലമ്പിക്കാത്ത വാക്കുകളിൽ നാടകീയതയോ വൈകാരികയോ ഇല്ലാതെ റോത്ത് പ്രഖ്യാപിച്ചു. പിന്നീടുള്ള നാലുവർഷക്കാലം തന്റെ വാക്കു പാലിക്കാനുമായി അദ്ദേഹത്തിന്.

ഒരെഴുത്തുകാരന്റെ അവസാനകാലം എങ്ങനെയാകും? 

ചിന്തിപ്പിക്കുന്ന, അസ്വസ്ഥമാക്കുന്ന ചോദ്യമാണത്. ഇനിയും എനിക്ക് എഴുതാനുണ്ട് എന്നുപറഞ്ഞ് സ്വപ്നപുസ്തകങ്ങളെക്കുറിച്ചു വാചാലരാകുന്നവരുണ്ട്. അവരുടെ എണ്ണമാണു കൂടുതൽ. 30 –ൽ കൂടുതൽ നോവലുകൾ എഴുതിയ റോത്ത് ആകട്ടെ ഇനി താൻ എഴുതാനില്ലെന്ന് 10 വർഷം മുമ്പേ പ്രഖ്യാപിച്ചു. എന്നുമാത്രമല്ല ഇതുവരെ എഴുതിയതെല്ലാം ഒന്നുകൂടി വായിക്കുകയാണ് ലക്ഷ്യം എന്നു പ്രഖ്യാപിക്കുകയും ചെയ്തു. സ്വന്തം പുസ്തകങ്ങൾ വായിച്ചുകൊണ്ട് അവസാനകാലം ചെലവഴിച്ച അപൂർവം എഴുത്തുകാരിൽ ഒരാളാണു ഫിലിപ്പ് റോത്ത്. ഒരുപക്ഷേ അപൂർവങ്ങളിൽ അപൂർവം. സ്വന്തം കൃതികൾ വീണ്ടും വായിക്കാൻ ധൈര്യം വേണം, റോത്തിന് അതുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അക്ഷരാർഥത്തിൽ താനെഴുതിയ അക്ഷരങ്ങളെ മാറോടടുക്കിപ്പിടിച്ച് റോത്ത് യാത്രയാകുന്നു. 

എന്റെ കഴിവുകൾ കൊണ്ട് എന്തൊക്കെ ചെയ്യാമോ അതെല്ലാം ഞാൻ ചെയ്തു. ആഗ്രഹിച്ചതെല്ലാം എഴുതി. ഇനി ബാക്കിയില്ല ഒന്നും തന്നെ– പശ്ചാത്താപത്തിന്റെ നേരിയ സൂചന പോലുമില്ലാതെ സംതൃപ്തനായി കണ്ണടയ്ക്കുകയാണ് റോത്ത്. 

ജീവിച്ചിരുന്നപ്പോൾ അമേരിക്കയുടെ അക്ഷരസമൂഹത്തെ ഇത്രയേറെ സ്വാധീനിച്ച വേറെ ഒരെഴുത്തുകാരനില്ല. പിടിച്ചിരുത്തി വായിപ്പിക്കുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. ലൈംഗികത മറച്ചുവയ്ക്കേണ്ടതോ പൊതിഞ്ഞെഴുതേണ്ടതോ ആണെന്ന് അദ്ദേഹം ഒരിക്കലും വിശ്വസിച്ചില്ല. മിക്ക പുസ്തകങ്ങളിലും ആസക്തികളുടെ ഇരകളെ അദ്ദേഹം അവതരിപ്പിച്ചു. സ്ത്രീ–പുരുഷ ബന്ധത്തിന്റെ ഇഴയടുപ്പങ്ങളെ മറയില്ലാതെ തുറന്നെഴുതി. ‘പ്രഫസർ ഓഫ് ഡിസയർ’ തന്നെ ഏറ്റവും നല്ല ഉദാഹരണം. 

നരകത്തിലേക്കുള്ള വഴിയിൽ ഒന്നിലേറെ ബോർഡുകളുണ്ട്. അവയിലൊക്കെ എഴുതിയിരിക്കും ജോലി പുരോഗമിക്കുന്നു. 

പ്രണയിക്കുക ധീരമായ കൃത്യമൊന്നുമല്ല. വീരപരിവേഷവും അതിനില്ല. അതൊരു കളിയാണ്. അത്രമാത്രം. 

പ്രായമാകുന്നതിനെക്കുറിച്ചോർത്തു വിഷമിക്കാതിരിക്കൂ. വളരുന്നതിനെക്കുറിച്ചു ചിന്തിക്കൂ. 

ജീവിതത്തിൽനിന്നു പഠിക്കാവുന്ന ഏറ്റവും കഠിനമായ പാഠം അയാൾ പഠിച്ചുകഴിഞ്ഞു: അതായത് ജീവിതത്തിന് ഒരർഥവുമില്ലെന്ന്. 

എല്ലാവരും ആഗ്രഹിക്കുന്ന ഒരു ഒഴിയാബാധയുണ്ട്: പ്രണയം. പ്രണയം വ്യക്തികളെ പരിപൂർണരാക്കുമെന്നാണ് പലരുടെയും വിചാരം. ആദർശാത്മകമായി ആത്മാവുകളുടെ സമ്മേളനം എന്നൊക്കെ പറയും. ഞാൻ അങ്ങനെ ചിന്തിക്കുന്നില്ല. പ്രണയം തുടങ്ങുന്നതിനുമുന്നേ വ്യക്തിക്കു പൂർണതയുണ്ട്. പ്രണയം വിഘടിപ്പിക്കുന്നു. പൂർണതയെ ഇല്ലാതാക്കുന്നതെന്തോ അതാണു പ്രണയം. 

എഴുതിയ ഓരോ വാക്കുകളിലും വാചകങ്ങളിലും തെളിയുന്നുണ്ട് റോത്ത് എന്ന എഴുത്തുകാരന്റെ മൗലികത. ബുദ്ധികൂർമത. മനസ്സിൽതട്ടി എഴുതാനുള്ള കഴിവ്. റോത്തിന്റെ മരണവാർത്തയറിഞ്ഞപ്പോൾ ലെന ഡൺഹാം എന്ന യുവ അമേരിക്കൻ എഴുത്തുകാരി ട്വിറ്ററിൽ കുറിച്ചു: 

എന്റെ ജീവിതത്തിലെല്ലായിടത്തുമുണ്ട് അങ്ങയുടെ സ്വാധീനം. എന്റെ എഴുത്തിൽ മാതമല്ല പ്രണയത്തിൽ പോലും. ഞങ്ങൾക്കു തന്ന പുസ്തകങ്ങൾക്കു നന്ദി. നെവാർകിന്റെ രാജകുമാരാ.... ഇനി വിശ്രമിക്കൂ. 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം