ആ ചിറകടിയിൽ പേടിക്കുന്ന കേരളം

വീട്ടുമുറ്റത്തെ മൂവാണ്ടൻമാവിൽ നിന്നു മാങ്ങ പഴുത്തു വീഴുകയാണ്. ഏറെക്കാലമായുള്ള കാത്തിരിപ്പായിരുന്നു. മൂവാണ്ടൻ മാവ് ആദ്യമായി കായ്ക്കുന്നതും കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം കുറച്ചായി. ഇക്കുറി എല്ലാം കൊണ്ടും നല്ല കാലമായിരുന്നു. മൂവാണ്ടൻ ആദ്യമായി പൂവിട്ടു. മാമ്പൂവിന്റെ മണം വീടാകെ പരന്നു. പൂങ്കുലയായപ്പോഴാണ് അതു തല്ലിക്കൊഴിക്കാൻ വടിയുമായി മക്കളെത്തുന്നത്. വൈലോപ്പിള്ളിയുടെ മാമ്പഴം ഓർമ വന്നു. അറംപറ്റിപ്പോകരുതല്ലോ.. പൂങ്കുല തല്ലാൻ വന്നവരെ അനുനയിപ്പിച്ച് പറഞ്ഞയച്ചു. 

മാങ്ങ പഴുത്താൽ ഉണ്ടാകുന്ന രസത്തെക്കുറിച്ചു പറഞ്ഞപ്പോൾ വായിൽ കപ്പലോടിക്കാൻ വെള്ളമൂറിയില്ലെങ്കിലും തൽക്കാലം അനുസരിച്ചു. സിനിമാതാരങ്ങൾ അണിനിരക്കുന്ന മാങ്ങയുടെ രുചിയുള്ള ഐസ്ക്രീം കഴിക്കുന്ന തലമുറയാണ്. അവർക്കെന്തു മൂവാണ്ടൻ?

മാവിൽ അണ്ണാനും കാക്കയും വന്നപ്പോഴൊക്കെ അവരെയും ഓരോ കാരണം പറഞ്ഞ് ഓടിച്ചുവിട്ടു. നാട്ടിൽ നിന്ന് അന്യം നിന്നുപോകുകയാണല്ലോ മൂവാണ്ടനും നാട്ടുമാവുമൊക്കെ. അതിനെതിരെ പ്രതിരോധം തീർക്കാനായിരുന്നു മുറ്റത്തുതന്നെ മൂവാണ്ടൻ നട്ടത്. കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ മാങ്ങ പഴുക്കാറായി. തോട്ടികെട്ടി മാങ്ങ പറിക്കാമെന്ന് വീട്ടുകാർ നിർബന്ധിച്ചിട്ടും അതിനു മനസ്സുവന്നില്ല. സ്വാഭാവികമായി പഴുത്ത് താഴെ വീഴണം. അന്നേരം ഓടിച്ചെന്നെടുക്കണം. അതാണ് കുട്ടിക്കാലത്തൊക്കെ ശീലിച്ചത്. ആ ശീലം പുതുതലമുറയ്ക്കു മുന്നിൽ അടിയറവയ്ക്കാൻ അയാളുടെ ഉള്ളിലെ കാരണവർ മേധാവിത്തം സമ്മതിച്ചില്ല.

ഇന്നലെ രാവിലെ എഴുന്നേറ്റ് മുറ്റത്തെത്തിയപ്പോൾ മാങ്ങ താഴെക്കിടക്കുന്നു. വർഷങ്ങളായുള്ള കാത്തിരിപ്പ് സഫലമാകുകയാണ്. മാങ്ങ കൈയിലെടുത്തപ്പോൾ അവിടെയവിടെ ചില പോറലുകൾ.. ആരോ കടിച്ചതുപോലെ ചെറിയ അടയാളങ്ങൾ.. വല്ല വാവലോ മറ്റോ ആകും?

പെട്ടെന്നാണ് ഒരു ഇടിത്തീപോലെ ആ പേര് മനസ്സിലേക്കു വന്നത്. ‘വാവൽ കടിച്ച മാങ്ങ’..

നാടാകെ പേടിക്കുന്ന ജീവിയാണിന്ന് വാവൽ (വവ്വാൽ). മുൻപ് അണ്ണാനും കാക്കയും വാവലുമെല്ലാം തിന്നതിന്റെ ബാക്കിയായിരുന്നു നമ്മൾ കഴിച്ചിരുന്നത്. മാങ്ങയും ചക്കയും പേരയ്ക്കയും സപ്പോട്ടയുമെല്ലാം. ആരും തൊടാത്തതായി കിട്ടുക പ്രയാസമായിരുന്നു. നമ്മൾ എന്നും കാണുന്ന ഈ ജീവികൾ കടിച്ചാലും ഒരു പേടിയുമുണ്ടായിരുന്നില്ല. ‘‘ആ ഭാഗമങ്ങ് മുറിച്ചുകളഞ്ഞാൽ മതിയെന്ന് ’’ അമ്മമാർ പറഞ്ഞതുകേട്ടാണ് എല്ലാവരും വളർന്നത്. അങ്ങനെ എത്രയെത്ര മാങ്ങയും ചക്കയുമൊക്കെ നമ്മൾ അകത്താക്കിയിരുന്നു. എന്നാൽ ഇന്നോ?

ചെറിയൊരു പോറലേറ്റ സാധനങ്ങൾ തിന്നാൽ പേടിയായി. എത്ര പെട്ടെന്നാണ് ഈ ജീവികളെല്ലാം നമ്മുടെ ശത്രുക്കളായത്. വീട്ടുമുറ്റത്തു വിരുന്നുകാരെ വിളിക്കുന്ന കാക്കയെയും മുറ്റത്തുചിലയ്ക്കുന്ന അണ്ണാനെയും പേടിച്ച് പുറത്തിറങ്ങാൻ പറ്റാത്ത കാലത്തേക്കാണോ നമ്മൾ പോകുന്നത്. 

എത്രയെത്ര കഥകളിൽ ഈ വാവലുകൾ വന്ന് നമ്മെ പേടിപ്പിടിച്ചിട്ടുണ്ട്. നരിച്ചീറുകൾ പോലെ കടവാവലുകൾ പറന്നുപോയി എന്നു വായിക്കുമ്പോഴെല്ലാം ആ ചിറകടി കേട്ടിരുന്നത് നമ്മുടെ ഉള്ളിൽ നിന്നു തന്നെയായിരുന്നു. ഡ്രാക്കുളയും മാന്ത്രിക മുത്തശ്ശിയുമെല്ലാം പേടിപ്പിച്ചതുപോലെ ഈ വാവലുകളും നമ്മുടെ ഉറക്കം കെടുത്തിയിട്ടുണ്ടായിരുന്നു. പക്ഷേ, അടുത്ത ദിവസം പുലരുന്നതോടെ ആ പേടിയെല്ലാം അകന്നുപോകും. വാവലുകൾ പനയോലയ്ക്കുള്ളിൽ ഒളിച്ചിരിക്കുന്നതുപോലെ പേടിയും പകൽ എവിടെയോ പോയി ഒളിക്കും. എന്നാൽ ഇന്ന് വവ്വാൽ എന്നു വായിക്കുന്നതു തന്നെ പേടിയോടെയാണ്. വാട്സ് ആപും ഫെയ്സ്ബുകും തുറക്കാൻ പേടിയാകുകയാണ്. എന്തെല്ലാം നിറംപിടിപ്പിച്ച കഥകളാണ് പലരും അടിച്ചിറക്കുന്നത്. മനുഷ്യന്റെ ഭയത്തെ ഇങ്ങനെ ചൂഷണം ചെയ്യുന്ന കാലം വേറെയുണ്ടായിട്ടില്ലെന്നു തോന്നുന്നു. എല്ലാറ്റിലുമുണ്ട് കറുത്ത ചിറകുവിരിച്ചു പറക്കുന്ന വാവലുകൾ. 

മാവിൽ അവശേഷിച്ച മാങ്ങകൾ തോട്ടികെട്ടി പറിക്കാൻ തീരുമാനിച്ചപ്പോൾ വീട്ടുകാരുടെ പിൻവിളി. 

‘‘ വേണ്ട, അതിലും ചിലപ്പോൾ വവ്വാൽ തൊട്ടിട്ടുണ്ടെങ്കിലോ?’’

കയ്യിൽ നിന്നു തോട്ടി താഴെ വീണു. ആർക്കും തിന്നാനാവാതെ ഒരു മാമ്പഴക്കാലം മുറ്റത്ത് വീണവസാനിക്കുകയാണ്. ‘‘ ആ ഭാഗമങ്ങ് മുറിച്ചുമാറ്റി കഴിച്ചോ’’ എന്നു ധൈര്യം പകരാൻ അമ്മമാരെ പുറത്തൊന്നും കാണുന്നില്ല. വാവലിന്റെ ചിറകടി കേൾക്കാത്ത അറയ്ക്കുള്ളിൽ പോയി ഒളിച്ചിരിക്കുകയാണ് എല്ലാവരും. പേടിയോടെ ഞാനും അകത്തേക്കോടി...

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം