' വിവാഹബന്ധം മുറിഞ്ഞുനീറിയ ദിവസങ്ങളിലാണ് ആ ഷൂട്ടിങ് '

കെ.ജി.ജോർജിന്റെ ആദ്യ സിനിമയിലെ നായിക, ജയലളിതയുടെ അവസാന സിനിമയിൽ വേഷമിട്ട താരം, ജോൺ ഏബ്രഹാം സിനിമയിലെ ‘നഷ്ട നായിക’. ജമീല മാലിക്കിന്റെ ജീവിതകഥ തുടരുന്നു...

ജോൺ വരുന്നു

ഇൻസ്റ്റിറ്റ്യൂട്ടിലെ മലയാളിക്കൂട്ടത്തിലേക്ക് ജോൺ ഏബ്രഹാം വരുന്നത് ഒരാഘോഷമാണ്. എത്ര അലഞ്ഞെത്തിയാലും പറഞ്ഞറിയിക്കാനാവത്തൊരു പ്രശാന്തതയുണ്ടാവും ആ മുഖത്ത്. എന്നെ കാണുമ്പോഴൊക്കെയും പറയും.‘സിനിമയെടുക്കട്ടെ, അതിൽ നീയുമുണ്ടാവും’. പക്ഷേ പുണെജീവിതമൊക്കെ കഴിഞ്ഞ് അഡയാറിൽ താമസിക്കുന്ന കാലത്താണു ജോണിനെ വീണ്ടും കാണുന്നത്. ഞാനങ്ങനെ നൃത്തം പഠിച്ചിട്ടൊന്നുമില്ല. ഏതാനും ചുവടുകൾ വയ്ക്കുമെന്നു മാത്രം.  

മലയാളി സമാജത്തിന്റെ സ്റ്റേജിൽ ഡാൻസ് അവതരിപ്പിക്കാൻ വരണമെന്നു വാശി പിടിച്ച ജോണിനെ ഓർമയുണ്ട്. ആത്മവിശ്വാസം കൊണ്ടുമാത്രം ഞാൻ സ്റ്റേജിൽ കയറി. അവതരണം മോശമായില്ല. ജോണിനെ ഞാൻ രക്ഷപ്പെടുത്തിയെന്നു പറ‍ഞ്ഞാൽ മതിയല്ലോ.  പിന്നൊരിക്കൽ ജോണിന്റെ പെങ്ങളുടെ വീട്ടിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി അവരെയൊക്കെ കാര്യമായി പരിചയപ്പെടുത്തി. ബസിലാണു ജോണിനൊപ്പമുള്ള യാത്രകൾ. 

‘അഗ്രഹാരത്തിൽ കഴുതൈ’ എത്രയോ തവണ റിഹേഴ്സൽ ചെയ്തതാണ്. ഞാനായിരുന്നു നായിക. അത്ര പ്രതീക്ഷയോടെ കാത്തിരുന്നൊരു സിനിമയില്ല. പലവട്ടം ഷൂട്ടിങ് മാറ്റി. പണമില്ലാത്തതും ജോണിന്റെ രീതികളുമെല്ലാം കാരണമായി. 

ജോണ്‍ എന്നെ കാണുമ്പോഴൊക്കെയും പറയും.‘സിനിമയെടുക്കട്ടെ, അതിൽ നീയുമുണ്ടാവും’.

ഒടുക്കം ഷൂട്ടിങ് തീയതി ഉറപ്പിച്ചു. ‘ഇത്തവണ മാറ്റമില്ല, നീ വരണം’ ജോൺ പറഞ്ഞു. ആ ഷൂട്ടിങ്ങിന്റെ തലേന്നാൾ വീട്ടിലേക്ക് ഒരു അപ്രതീക്ഷിത അതിഥി വന്നു; ജയഭാരതിയുടെ അമ്മ സാറാമ്മ. പ്രേംനസീറും ജയഭാരതിയും മുഖ്യവേഷങ്ങളിലെത്തുന്ന ‘രാജഹംസം’ സിനിമയിലേക്കുള്ള ക്ഷണവുമായിട്ടാണു വരവ്. ജോണിന്റെ സിനിമ നാളെ തുടങ്ങുകയാണ്, വരാനാവില്ലെന്നെല്ലാം ഞാൻ പറഞ്ഞുനോക്കിയെങ്കിലും സാറാമ്മ എന്നെക്കൂട്ടിയേ പോകൂവെന്നായി. ഞാനാകെ ധർമസങ്കടത്തിലായി. ജോണിന് ഒരു കത്തെഴുതി അയൽവീട്ടിൽ ഏൽപിച്ച് അവർക്കൊപ്പം പോകേണ്ടി വന്നു. 

കൊടൈക്കനാലിലാണു ഷൂട്ടിങ്. ജോണിന്റെ ഷൂട്ടിങ്ങും പറഞ്ഞദിവസം തന്നെ തുടങ്ങി. എന്നെ കൂട്ടാതെ ‘അഗ്രഹാരത്തിൽ കഴുതൈ’ ജോൺ പൂർത്തിയാക്കി. പക്ഷേ ‘രാജഹംസം’ ഹിറ്റായി. ‘സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ ഞാൻ....’ എന്ന പാട്ട് ആ സിനിമയിലേതാണ്. ആ പാട്ടുകൊണ്ടു മാത്രം ആ സിനിമ ഓർമിക്കപ്പെടും. അടൂർഭാസിയുടെ ജോഡിയായിട്ടാണ് ആ സിനിമയിൽ. 

ആ സിനിമ വന്നതോടെ താരങ്ങളിലൊരാളായി പലരും എന്നെ പരിഗണിച്ചുതുടങ്ങി. തിരുവനന്തപുരത്തെ വീട്ടിൽ തിരിച്ചെത്തുമ്പോൾ കാണാൻ അയൽക്കാരൊക്കെ വന്നിരിക്കുകയാണ്. ‘ജമീല ശരിക്കും സ്റ്റാറായി’, അടുപ്പക്കാരൊക്കെ പറഞ്ഞു. പക്ഷേ, ജോൺ എന്നോടു പിണങ്ങിയോ. അറിയില്ല. 

എംജിആറിന്റെ സിനിമയിൽ

തമിഴ് സിനിമയിൽ ആരും കൊതിക്കുന്നൊരു കാര്യം പറയാനാണു വി.ആർ. പന്തല്ലു എന്ന നിർമാതാവിന്റെ ഭാര്യ രാജമ്മ എന്നെ വിളിച്ചത്. എംജിആറിന്റെ ‘മധുരൈ മീട്ട സുന്ദരപാണ്ഡ്യൻ’ എന്ന ചിത്രത്തിലേക്കാണു ക്ഷണം. എംജിആറിന്റെ ഭാര്യ ജാനകിയും രാജമ്മയും ചേർന്നാണ് എന്നെ തിര‍ഞ്ഞെടുത്തത്. ‘റൊമ്പ ഗൗനമായിരിക്കണം’ എംജിആറിനെ കാണാനെത്തുമ്പോൾ അവർ രണ്ടാളും ഓർമിപ്പിച്ചു. എംപിമാരൊക്കെ അദ്ദേഹത്തെ കാത്തിരിക്കുകയാണ് ഓഫിസിൽ. രാജകീയമാണ് എംജിആറിന്റെ  ഇരിപ്പ്.  

തമിഴ് പേശിത്തുടങ്ങിയ എംജിആർ ഞാൻ മലയാളിയാണെന്ന് അറിഞ്ഞതും സംഭാഷണം നല്ല പാലക്കാടൻ മലയാളത്തിലാക്കി. 

ഇൻസ്റ്റിറ്റ്യൂട്ടിലെ കാര്യങ്ങളൊക്കെ വിസ്തരിച്ചു ചോദിക്കുകയാണ്. എനിക്കാകെ പരിഭ്രമമായി. പിന്നെ, സിനിമയുടെ കരാർപത്രിക മുന്നിലേക്കു നീട്ടിവച്ച്  ‘അപ്പടി ആകട്ടുമേ’ എന്നു നീട്ടിപ്പറഞ്ഞു ചിരിച്ചു. 

തമിഴ് പേശിത്തുടങ്ങിയ എംജിആർ ഞാൻ മലയാളിയാണെന്ന് അറിഞ്ഞതും സംഭാഷണം നല്ല പാലക്കാടൻ മലയാളത്തിലാക്കി.

കാര്യങ്ങൾ പെട്ടെന്നു മാറിമറിഞ്ഞു. ഞാൻ ഒഴിവാക്കപ്പെട്ടു, പത്മപ്രിയയാണ് പിന്നീട് ആ  വേഷം ചെയ്തത്.  

ജയലളിതയ്ക്കൊപ്പം 

‘നദിയെ തേടി വന്ത കടൽ’  ജയലളിതയുടെ തമിഴിലെ അവസാന സിനിമയാണ്. ബി. ലെനിന്റെ സംവിധാനത്തിലായിരുന്നു അത്. ശരത് ബാബു നായകവേഷത്തിലും. എംജിആർ– ജയലളിത ഇണക്കത്തിന്റെ സമ്മർദങ്ങളിൽ ഉഴറുന്ന കാലത്താണ് ആ സിനിമയുടെ ചിത്രീകരണം. ഭേദപ്പെട്ടൊരു വേഷമുണ്ടായിരുന്നു എനിക്കതിൽ. ജയാമ്മയുടെ സെക്രട്ടറിയായാണു വേഷമിട്ടത്. 

വളരെ സ്നേഹപൂർവമായിരുന്നു അവരുടെ പെരുമാറ്റം. അങ്ങനെ നീണ്ട വർത്തമാനങ്ങളില്ല. എങ്കിലും ഒപ്പമുള്ളവരോടെല്ലാം നല്ല കരുതൽ. ഇംഗ്ലിഷും തമിഴും മാറിമാറിപ്പേശും. ഒരിക്കൽ അവസരം തരാൻ ജയാമ്മ എന്നെ ഫോണിൽ വിളിച്ചിട്ടുണ്ട്. പക്ഷേ, ആ സിനിമ വഴി മാറിപ്പോയി. 

രാഷ്ട്രീയത്തിന്റെ തിരക്കുകളിലേക്ക് അവർ പോയതോടെ കാണാൻ കഴിയാതായി. പലവട്ടം ശ്രമിച്ചതാണ്. അവർ വലിയ മതിലുകൾക്ക് ഉള്ളിലായതുപോലെ തോന്നി. 

രാമചന്ദ്രന്റെ ‘ലഹരി’യിൽ അഭിനയിക്കുന്ന നാളുകളിലാണു റാണിചന്ദ്ര വിമാനാപകടത്തിൽ മരിച്ചത്. അവരെന്നെ ഉറ്റസ്നേഹിതയായി കരുതി. ആ സിനിമ പൂർത്തിയാകും മുൻപേയാണ് അവർ പൊലിഞ്ഞുപോയത്. നല്ല റോളായിരുന്നു എനിക്കാ സിനിമയിൽ. റാണി പോയതോടെ ആ സിനിമയുടെ നിറം കെട്ടു.

കെ.ആർ.വിജയയ്ക്കൊപ്പം ‘വെള്ളിരഥ’ത്തിൽ അഭിനയിച്ച കാലം മറക്കാനാവില്ല. കൃഷ്ണൻ പഞ്ചുവിന്റെ സിനിമയാണത്. അന്ധ ബാലികയായ കണ്ണമ്മയായി എന്റെ വേഷമാറ്റം കണ്ടു വിജയ മിക്കപ്പോഴും എന്നോടു നല്ല വാക്കുകൾ പറഞ്ഞു. 

‘നദിയെ തേടി വന്ത കടൽ’ ജയലളിതയുടെ തമിഴിലെ അവസാന സിനിമയാണ്.

അവർക്കു ഞാനൊരു അനിയത്തിക്കുട്ടിയെപ്പോലെയായിരുന്നു. ആ കഥയെ ചലിപ്പിക്കുന്ന കഥാപാത്രമായിരുന്നു കണ്ണമ്മ. ശാരദാമ്മ സ്നേഹവതിയായ അമ്മയെപ്പോലെയാണ്. ഒരു ലൊക്കേഷനിൽ തണുത്തുമരവിച്ചിരുന്ന എനിക്കു ഷാൾ പുതച്ചുതന്ന ശാരദാമ്മ ഇപ്പോഴും കൺമുന്നിൽ.

കുറച്ചുകാലം ഡബ്ബിങ് ജോലികൾ നോക്കി. മിക്കവയും ഹിന്ദി സിനിമകൾ. ‘മയൂര’ എന്ന ചിത്രത്തിൽ മഞ്‌ജുളയ്‌ക്ക് ശബ്‌ദം നൽകി. ഒരു സിനിമയിൽ ജയമാലിനിക്കും.

ജിതേന്ദ്രയുടെ സിനിമകളിൽ കുട്ടികൾക്കു ശബ്ദം നൽകലായിരുന്നു ഏറെയും. പി. ഭാനുമതിയുടെ ‘ഭക്തധ്രുവ മാർക്കണ്ഡേയ’ സിനിമയുടെ ഹിന്ദി റീമേക്കിങ്ങിൽ ഡബ്ബിങ്ങിന് എന്നെ വിളിച്ചു. 

ഓടയിൽനിന്ന് ഹിന്ദിയിൽ ‘ബാബു’ എന്ന പേരിൽ വന്നപ്പോൾ മലയാളത്തിൽ ഇല്ലാതിരുന്നൊരു കഥാപാത്രത്തെ അവർ വിളക്കിച്ചേർത്തു. പ്രേംനസീറിന്റെ അനിയത്തി. ആ വേഷമാണ് എനിക്കു കിട്ടിയത്. സത്യന്റെ വേഷത്തിൽ രാജേഷ് ഖന്നയും. എ.സി. ത്രിലോക് ചന്ദറായിരുന്നു സംവിധായകൻ. ദീപക് പരാശിർ, ഹേമ മാലിനി, രതി അഗ്നിഹോത്രി എന്നിവരൊക്കെയുണ്ട്. 

തകഴിയുടെ ‘കയർ’ ദൂരദർശനു വേണ്ടി എം.എസ്. സത്യൂ ഹിന്ദിയിൽ ടെലിഫിലിമാക്കിയപ്പോൾ മുഖ്യവേഷം കിട്ടിയതു വലിയ അംഗീകാരമായി തോന്നി. ‘എന്നെ പാർ, എൻ അഴകൈ പാർ’ എന്ന ചിത്രത്തിൽ ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷത്തിലാണ് എത്തിയത്. പുറത്തിറങ്ങാതെ പോയ കുറേയധികം തെലുങ്കു സിനിമകളുമുണ്ട്. 

1983 അവസാനമായിരുന്നു എന്റെ വിവാഹം. ഉമ്മ തന്നെയാണ് എനിക്കു കൂട്ടു കണ്ടെത്തിത്തന്നത്. മദ്രാസിൽ നിന്നായിരുന്നു അദ്ദേഹം. വേദന മാത്രം നിറഞ്ഞ ആ ദിനങ്ങൾ ഏറെ മുഴുമിച്ചില്ല. ഒരൊറ്റ വർഷം. 

ഞാൻ മകനെ ഗർഭിണിയായിരിക്കുന്ന നാളുകളിലാണ് ‘ബാബു’വിന്റെ ലൊക്കേഷനിലെത്തുന്നത്. ‘സാഗരിക’ എന്ന സീരിയലിന്റെ ഷൂട്ടിങ്ങിനായി ലക്ഷദ്വീപിൽ പോയതും  അക്കാലത്താണ്. ആകെ അലച്ചിലിന്റെ നാളുകൾ. വിവാഹബന്ധം മുറിഞ്ഞുനീറിയ ദിവസങ്ങളാണ് അതെല്ലാം. ആ അനുഭവങ്ങളൊന്നും ഒരാളോടും പറയാറില്ല ഞാൻ. 

അപ്പോഴും സിനിമയിലെ പുതിയ കുട്ടികൾക്ക് എപ്പോഴും എന്നോട് ഇഷ്ടമായിരുന്നു. അഡയാറിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ കുട്ടികളോടു സംസാരിക്കാൻ ഞാൻ പോകാറുണ്ടായിരുന്നു. അക്കാലത്ത് അവിടുത്തെ വിദ്യാർഥിയായിരുന്നു അഴകപ്പനൊക്കെ. അവരിൽ പലരുടെയും ക്യാമറ ആദ്യമായി കൺതുറന്നത് എന്റെ മുഖത്തേക്കായിരുന്നുവെന്നു കാലമേറെ കഴിഞ്ഞ് അവർതന്നെ എന്നോടു പറഞ്ഞിട്ടുണ്ട്. അങ്ങനെ ചെറിയ ചെറിയ സന്തോഷങ്ങളുമുണ്ട്. 

രണ്ടാംവരവിൽ

വിവാഹത്തിനു ശേഷമുള്ള മൗനത്തിൽനിന്ന് എന്നെ കരകയറ്റിയതു ‘പാണ്ഡവപുരം’ സിനിമയിലെ നായികവേഷമാണ്. സേതുവിന്റെ നോവൽ സിനിമയാക്കാൻ ജി.എസ്. പണിക്കർ ആലോചന തുടങ്ങിയപ്പോൾ മധുസാറാണ് എന്റെ പേരു നിർദേശിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിൽ എന്റെ ജൂനിയറായിരുന്ന വി.ആർ. ഗോപിനാഥ് ‘ഉണ്ണിക്കുട്ടന് ജോലി കിട്ടി’ സിനിമയിൽ എന്നെയും കൂട്ടി. 

അദ്ദേഹത്തിന്റെ തന്നെ ‘ഒരു മേയ്മാസപ്പുലരിയിൽ’ സിനിമയിലും ദൂരദർശന്റെ ടെലിസീരിയലുകളിലും വേഷമിട്ടു. ഏറ്റവും ഒടുവിൽ 2016ൽ മംഗല്യപ്പട്ട് സീരിയലിലും. 

സിനിമയുടെ വെള്ളിവെളിച്ചം മാ‍ഞ്ഞു തനിച്ചായ നാളുകൾ വന്നു. എഴുത്തും വായനയുമായിരുന്നു എനിക്ക് അഭയം. ‘ശരറാന്തലിന്റെ വെളിച്ചത്തിൽ’ എന്നൊരു  നോവൽ  എഴുതി. സാഹിത്യശ്രദ്ധയൊന്നും കിട്ടിയില്ലതിന്. റേഡിയോ നാടകങ്ങൾ വേറെയും. 

വഴിയിൽ വെളിച്ചമായി നിന്ന ഉമ്മ മരിച്ചു. എല്ലാ ദുരന്തങ്ങളെയും ഒരു ചെറുചിരിയോടെ എതിരിട്ടാണ് ഉമ്മ കടന്നുപോയത്. മൂത്ത 

സഹോദരന്റെ മരണം അതിലേറെ നോവാണ്. ജോനകപ്പുറത്തെ പഴയ തറവാട്ടുവീട്ടിൽനിന്നു തിരുവനന്തപുരം പാലോട്ട് ഏതാനും മിത്രങ്ങൾ പണിതുനൽകിയ വീട്ടിലേക്കുള്ള യാത്ര എന്റെ ജീവിതയാത്രയെന്ന പോലെ ഓർക്കുമ്പോൾ ഉള്ളിടറുന്നുണ്ട്. പക്ഷേ, കരയുന്നത് എനിക്ക് ഇഷ്ടമല്ല. ബാപ്പയും ഉമ്മയും കൈവിടാത്ത ചില ജീവിതമൂല്യങ്ങളുണ്ടായിരുന്നു. അതു വിട്ടുകളയാൻ എനിക്കും ആവില്ല. ഒക്കെയും തുറന്നുപറഞ്ഞാൽ പലരെയുമതു നോവിക്കും. ചില സംഭവങ്ങളെയും ചില വ്യക്തികളെയും ഞാൻ വിട്ടുകളയുന്നുവെന്നാൽ അതൊന്നും ഓർമിക്കാൻ ഇഷ്ടമില്ല എന്നാണർഥം. 

ഉമ്മ പ്രിൻസിപ്പലായിരുന്ന ഹിന്ദി പ്രചാരസഭയിൽ പഠിക്കാനായതു  ജീവിതത്തിലെ വിസ്മയം നിറഞ്ഞ യാദൃച്ഛികത. അവിടെനിന്നു സാഹിത്യാചാര്യ, സാഹിത്യരത്നം കോഴ്സുകൾ പാസായതോടെ ഹിന്ദി അധ്യാപനം എനിക്കും ഇഷ്ടമായി. മകൻ അൻസർ മാലിക് മാത്രമാണ് ഇപ്പോൾ ഒപ്പം. ഞാൻ ഹിന്ദി പഠിപ്പിക്കുന്ന കുറേയധികം കുട്ടികളുമുണ്ട്. അവരും അവനെപ്പോലെ പ്രിയപ്പെട്ടവർ. 

തിരുവനന്തപുരത്തു മുസ്​ലിം അസോസിയേഷൻ ഹോസ്റ്റലിൽ മേട്രനായി ജോലിനോക്കുന്നുമുണ്ട്. ഇനിയെന്ത് എന്നു പലരുമെന്നോടു ചോദിക്കാറുണ്ട്. 

സിനിമ മുന്നിലുള്ളപ്പോൾ അങ്ങനെ ചോദിക്കരുത്. കടുത്ത യാഥാസ്ഥിതികതയെ അവഗണിച്ചാണ് ഉമ്മ എന്നെ സിനിമ പഠിക്കാനയച്ചത്. സിനിമയാണെന്റെ വീട്. അവിടേക്കല്ലാതെ വേറെ യാത്രകളില്ല.

(അവസാനിച്ചു.)

(തയാറാക്കിയത്: സുൾഫിക്കർ)

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം