ജെയിംസ് ആദായി, സൗഹൃദത്തിന്റെ കണ്ണുനനയ്ക്കുന്ന ഓർമ

ചില സൗഹൃദങ്ങളുണ്ട്. നമ്മുടെ ജീവിതപരിസരങ്ങളിൽ നിത്യേന കാണുന്നവർ. എന്നാൽ നമ്മുടെ കണ്ണെത്താത്ത ദൂരത്തിലേക്ക് അവർ മറഞ്ഞുകഴിയുമ്പോൾ മാത്രമാകും എത്രത്തോളം ആഴത്തിൽ അവർ നമ്മോട് ചേർന്നു നിന്നിരുന്നുവെന്ന് നമ്മൾ പോലും തിരിച്ചറിയുന്നത്. അത്തരം ഒരു സൗഹൃദത്തിന്റെ കണ്ണുനനയ്ക്കുന്ന ഓർമ പങ്കുവെയ്ക്കുകയാണ് എഴുത്തുകാരി പ്രിയ എ.എസ്.

ഇത് ജെയിംസ് മാക്സി ആദായി. ദൂരദർശന്റെ ആദ്യകാല ന്യൂസ് റീഡർ. ഭൂമി വിട്ടിട്ട് ഇന്ന് എട്ടു വർഷം. ഞാൻ 1993 ൽ എം ജി സർവ്വകലാശാശാലാ ഓഫീസിൽ ജോയിൻ ചെയ്യുമ്പോൾ, ആദായി എന്റെ സീനിയറായി പബ്ലിക് റിലേഷൻസ് വിഭാഗത്തിൽ ഉണ്ട്. അവിടെ അന്നത്തെ ഏറ്റവും വലിയ ഗ്ലാമറസ് താരം ജെയിംസ് ആയിരുന്നു.

നിറങ്ങളിൽ കമ്പവും വസ്ത്രധാരണത്തിൽ ഏറെ സൗന്ദര്യബോധവും ഉള്ളവർ എന്ന നിലയിൽ കഴിഞ്ഞിരുന്ന രണ്ടു പേർ തമ്മിൽ ഉണ്ടാകേണ്ട അടുപ്പം എന്തോ ഞങ്ങൾ തമ്മിലുണ്ടായില്ല. പൊതുജനം കാണാനും ശ്രദ്ധിക്കാനും തിരിച്ചറിയാനും വേണ്ടി പബ്ലിക് റിലേഷൻസ് വകുപ്പിന്റെ വാതിൽപ്പടിമേലും വരാന്തയിലും മോഡലിങ്ങിന് എന്നോണം ആദായി നിൽക്കുന്നത് കാണാൻ രസമായിരുന്നു. ഒരു പക്ഷേ പരസ്പരം അംഗീകരിക്കാനുള്ള മടി കൊണ്ടാവാം അന്നടുക്കാതെ പോയത്. ആദായിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ പലരും എന്റെയും ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു. അവരെയൊക്കെ കാണാൻ ആദായി, ഞാൻ ഉള്ള മുറിയിൽ വന്നു പോകുമ്പോഴും കണ്ണുകളിലേക്ക് നിർമമരായി നോക്കി ഞങ്ങൾ പരസ്പരം ചിരിക്കാതെ നിന്നു.

ആദായി ഇരിക്കാത്തത് പാന്റ്സ് ചുളിയിതിരിക്കാനാണെന്നും "അവനിന്നു വരാത്തത് ഷർട്ട് തേച്ചു കിട്ടാത്തതു കൊണ്ടാ"ണെന്നും ഒക്കെ കേട്ടും വെളുത്ത പാന്റ്സ് ഇത്ര ഭംഗിയായി സൂക്ഷിച്ചു കൊണ്ടു നടക്കാൻ ആദായിക്കല്ലാതെ ആർക്ക് പറ്റും എന്നു വിചാരിച്ചും ഞാൻ നടന്നു.

വീട്ടിൽ അമ്മൂമ്മ, ന്യൂസ് കാണാനിരിക്കുമ്പോൾ, പ്രിയേ, ദേ, നിന്റെ ആദായി എന്നു പറഞ്ഞു. സ്ഫുടമായിരുന്നു ആ വാർത്ത വായനകൾ.. മുഴക്കമുള്ളതായിരുന്നു ശബ്ദം. കട്ടി മീശക്കാരൻ യുവകോമളൻ ആയി കടുംനിറ ഷർട്ടുകളിൽ ആദായി സർവ്വകലാശാലയുടെ അഭിമാനമായി നിലകൊണ്ടു.

നന്നായി പാടുമായിരുന്നു ജെയിംസ്. പാടാൻ ഒരു മടിയുമില്ലായിരുന്നു താനും. ഒരിക്കൽ ഞാനും ജെയിംസും കോട്ടയം മനോരമയിലെ ഹേമയും ബി സി എം കോളേജിലെ ഓണാഘോഷത്തിന് പൂക്കള മത്സര ജഡ്ജുകളായി ഒന്നിച്ചു നടന്നു. അന്ന് അവിടുത്തെ സ്റ്റേജിൽ നിന്ന് ജെയിംസ്, "പൊന്നോണം വന്ന് പൂമ്പട്ടു വിരിയ്ക്കുമീ പൊന്നിലഞ്ഞിത്തറയിൽ" പാടിയത് ഇപ്പോഴും എനിക്ക് കേൾക്കാം. അന്നും ഞങ്ങൾ പരസ്പരം മിണ്ടാതെ നടന്നു.

ജെയിംസിന്റെ കല്യാണം വൈകിയാണ് നടന്നത്.

ഞാൻ പിന്നെ mutual transfer ൽ കുസാറ്റിലെത്തി. 

എപ്പോഴോ കേട്ടു ആദായിയ്ക്ക് വയ്യ എന്ന്. വൈറ്റ് ആന്റ് വൈറ്റ് കുർത്ത ഇട്ട് ലേക് ഷോറിലൂടെ നടക്കുന്നത് കണ്ടു എന്നും ആരോ പറഞ്ഞു.

പിന്നെ ഒരു ദിവസം അറിഞ്ഞു ആദായി പോയി എന്ന്. ഞെട്ടിയത് പിറ്റേന്നു രാവിലെ പത്രത്തിൽ ആ ന്യൂസ് പരതി പേജുകൾ മറിച്ചപ്പോഴാണ്. ചരമ കോളത്തിലെ കുഞ്ഞു കോളത്തിൽ ആദായി ചിരിച്ചു. എനിക്ക് ഉള്ളു പൊള്ളി. എപ്പോഴും ആൾക്കൂട്ടത്തിനു നടുക്ക്, എന്നെ കണ്ടോ, എന്നെ തിരിച്ചറിഞ്ഞോ എന്ന് ചോദിച്ച് നിൽക്കാനിഷ്ടപ്പെട്ടിരുന്ന ഒരു കുട്ടി ഉണ്ടായിരുന്നു ആദായിയുടെ ഉള്ളിൽ. ആ കുട്ടി, ഈ അവഗണന, ഒതുക്കൽ സഹിക്കുമോ എന്നോർത്ത് നെഞ്ച് നീറി.

ആദായി ജീവിച്ചിരുന്നപ്പോൾ കൂട്ടാകാൻ മടിച്ച ഞാൻ, എന്തു ചെയ്യേണ്ടൂ എന്നറിയാതെ ഉഴറി. പിന്നെ ഫോൺ നമ്പർ സംഘടിപ്പിച്ച് ആദായിയുടെ ഭാര്യയെ വിളിച്ചു, സ്വയം പരിചയപ്പെടുത്തി. ആ വെള്ള പൈജാമയും കുർത്തയും ശരീരത്തിന്റെ ക്യാൻസർ-അവശത അറിയാതിരിക്കാൻ ഇട്ടതാണെന്നു കേട്ട് എന്തു പറയണമെന്നറിയാതെയായി. എന്തുമാത്രം ഇഷ്ടപ്പെട്ടിരുന്നു ആദായി സ്വന്തം രൂപത്തെയും നിറങ്ങളെയും! അപ്പാ ബാംഗ്ലൂരിൽ ട്രീറ്റ്മെൻറിനു പോയിരിക്കുകയാണെന്നു കരുതുന്ന ആദായിയുടെ കുഞ്ഞുമകളും നോവായി.

ദൂരദർശൻ – പഴമകൾ, മാഹാത്മ്യങ്ങൾ എടുത്തു പറയേണ്ടുന്ന അവസരങ്ങൾ പലത് മാധ്യമരംഗത്ത് വന്നു പോകുമ്പോഴും ആരും ഒന്നും മിണ്ടിക്കണ്ടില്ല ജെയിംസിനെക്കുറിച്ച്. ദൂരദർശൻ പോലും!

അപ്പോഴൊക്കെയാണ് ഞാൻ, ജെയിംസിനെ കൂട്ടുകാരനാക്കിയതും മിണ്ടിത്തുടങ്ങിയതും.

അന്നൊരു ദിവസം, ഫ്രണ്ട്സ് റിക്വസ്റ്റിൽ ആ പേര് കണ്ട് ഞാൻ ഞെട്ടി. മരിച്ചവർ, friend request അയയ്ക്കുമോ! പിന്നെ ഓടിപ്പോയി profile നോക്കി. ജെയിംസിന്റെ ഭാര്യയാണ്..

അങ്ങനെ ജെയിംസ് മരിച്ച ശേഷം ഞാൻ, ജെയിംസിനോട് കൂട്ടായി. എന്തൊരു വിചിത്രമാണ് ജീവിതം...

ഞാനോ നീയോ നിറങ്ങളിൽ മുന്നിൽ എന്ന അസൂയയായിരുന്നോ ജെയിംസ് നമ്മൾ തമ്മിൽ?

ജെയിംസിന്റെ മോൾ പാടി സമ്മാനങ്ങൾ വാങ്ങുന്നത് കണ്ട് അഭിനന്ദിച്ച് ഞാനിറങ്ങി വരുന്നു. ഞാൻ പാടിയ "പൊന്നോണം വന്ന് പൂമ്പട്ടു വിരിയ്ക്കുമീ" കേട്ടിട്ട് ഒരക്ഷരം മിണ്ടാത്തയാൾക്ക് ഇങ്ങനെ തന്നെ വേണം ശിക്ഷ എന്ന് ആദായി ചിരിക്കുന്നു.

ദൂരദർശൻ മറന്നു ആദായിയെ. എം ജി സർവ്വകലാശാല ഇന്ന് ഓർത്തോ ജെയിംസിനെ എന്നറിയില്ല.

പക്ഷേ ഞാൻ, കൂട്ടാകാതെ നടന്നയാൾ ഓർക്കുന്നു, ഓർമ്മ ചിക്കിച്ചികയുന്നു. എന്തൊരു തലയിലെഴുത്ത്!

വേണ്ട കാലത്ത് ഓരോന്നു ചെയ്തില്ലയെങ്കിൽ ഇങ്ങനെയൊക്കെ മുടിഞ്ഞ പലിശ സഹിതം സ്നേഹിക്കേണ്ടി വരുമെന്ന് പഠിപ്പിച്ചതിന് ആദായീ നന്ദി.

മോൾ, ഇപ്പോൾ കണ്ടതേയുള്ളു നിന്റെ പോസ്റ്റ്. അതിൽ നീ എഴുതിയതു പോലെ, നിന്റെ അപ്പയ്ക്കായി സ്നേഹപൂർവ്വം, ഒരു പാടൊരുപാട് നിറങ്ങളിൽ പ്രാർത്ഥിക്കുന്നു, അപ്പ ജീവിച്ചിരിക്കുമ്പോൾ അപ്പയോട് കൂട്ടാകാതെ പോയ ഈ ഒരാൾ..

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം