രുചിയും പ്രണയവും തമ്മിൽ

പ്രണയം തോന്നി തുടങ്ങുമ്പോൾ മുതൽ ഏതോ കാലത്തിൽ നിന്നെന്നപോലെ വന്നു ചേരുന്ന ചില ഗന്ധങ്ങളുണ്ട്. അതിലേറ്റവും ഹൃദ്യമായത് ഭക്ഷണത്തിന്റേതു തന്നെയാകും. പ്രണയവും രുചിയും തമ്മിലുള്ള അനന്തമായ സാധ്യതകളുള്ള ബന്ധത്തെ വായിക്കാൻ കഴിയുക അനിത നായരുടെ "പ്രണയ പാചകം" എന്ന നോവലിലാണ്. കൊൽക്കത്തയ്ക്കുള്ള ട്രെയിൻ യാത്രയിൽ ഒരു ഉച്ചമയങ്ങി തുടങ്ങിയപ്പോഴാണ് പ്രണയ പാചകം വായിക്കാൻ കയ്യിലെടുക്കുന്നത്, അപ്പോൾ മുതൽ വന്നു തുടങ്ങി, നല്ല പാലൊഴിച്ച ചായയുടെയും അപരിചിതമായ മസാലകളുടെയും മണം. വായനയിലേക്ക് മുഖം പൊത്തുമ്പോൾ ഇംഗ്ലീഷ് അക്ഷരമാലയിലെ "A " മുതൽ "Z "വരെയുള്ള അക്ഷരങ്ങളിൽ നിന്നും തുടങ്ങുന്ന പലഹാരങ്ങൾ... "ഓരോ രുചിക്കൂട്ടും ഓരോ ധ്യാനമാണ്. കഴിക്കുന്നവന്റെ ഹൃദയത്തിലേക്കു കവാടം തുറക്കുന്ന കൊച്ചു കൊച്ചു ധ്യാനങ്ങൾ", എന്ന് പ്രണയപാചകത്തിൽ അനിത നായർ പറയുന്നു. 

രുചിയും പ്രണയവും തമ്മിലെന്താണ്? പ്രണയത്തിന്റെ ഗന്ധമായി തലച്ചോറിലേക്ക് അടിച്ചു കയറുന്ന ചില മണങ്ങളും രുചികളും എല്ലായ്പ്പോഴുമുണ്ടാകും. അവ ഓരോരുത്തർക്കും ഓരോന്നായിരിക്കും. ആദ്യമായി പ്രിയപ്പെട്ട ഒരാളുമായി പങ്കിട്ടുരുചിച്ച സ്വാദ് എന്നെങ്കിലും മറക്കാനാകുമോ? പാതി രുചിച്ച ഐസ്ക്രീമിന്റെ രുചി എന്നെങ്കിലും നാവിൽ നിന്ന് പൊയ്പോകുമോ? പൊറോട്ടയുടെ റഫ് ആൻഡ് ടഫ് ആയ രുചി ഓരോ ഭക്ഷണത്തിലും തേടാതെ ഇരിക്കാൻ ആകുമോ? അവനു വേണ്ടി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾക്ക് പ്രത്യേക സ്വാദ് പിന്നെ എങ്ങനെ വരുന്നുവെന്നാണ്!

അക്ഷരമാല പഠിക്കാൻ ഓരോ പലഹാരങ്ങളുണ്ടാക്കുന്ന അനിത നായരുടെ കുടുംബത്തിലെ പാട്ടിയെ പ്രണയപാചകത്തിലെ കഥാപാത്രമാക്കുന്നുണ്ട് എഴുത്തുകാരി. ആ ഓരോ പലഹാരങ്ങളുടെയും ഗന്ധങ്ങൾക്കിടയിലൂടെയാണ് ലെനയും ശൂലപാണിയും പ്രണയിക്കുന്നതും അവർ ഒന്നാകുന്നതും. ഭക്ഷണമുണ്ടാക്കുന്നത് ഏറെ പ്രിയപ്പെട്ട ഒരുവന് വേണ്ടിയാകുമ്പോൾ അതിൽ പ്രണയത്തിന്റെയും സ്വാദ് കലരും. പിന്നെ വിളമ്പി കൊടുക്കുകയെ വേണ്ടൂ, എത്ര ആസ്വാദ്യതയോടെയാണ് അവരത് കഴിക്കുന്നത് എന്നറിയാൻ ആ മുഖത്തേയ്ക്ക് നോക്കുകയെ വേണ്ടൂ. സ്വയം രുചിച്ചു നോക്കാതെ തന്നെ രുചി ഹൃദയവുമായി കൂടിക്കലരും. സ്വയമിങ്ങനെ നിറഞ്ഞു വരും. ശൂലപാണിക്കുള്ള ഭക്ഷണവുമായാണ് ലെന അയാളുടെ മുറിയിലേയ്ക്ക് ഇടയ്ക്കൊക്കെ പോകുന്നത്, ഒരിക്കൽ അയാൾ അവളെ ചേർത്ത് പിടിച്ചപ്പോഴും രതിയുടെ പല തലത്തിലൂടെ അവർ അവരെ കണ്ടെത്തുമ്പോഴും ആ ഗന്ധം അവർ അറിയാതെയാണെങ്കിലും ആസ്വദിച്ചിട്ടുണ്ടാവണം. പിന്നെ ഓരോ തവണ ആ ഗന്ധം തലച്ചോറിലേക്ക് ഇരച്ചു കയറുമ്പോഴും ഉന്മാദം കൊണ്ട് മത്തു പിടിച്ചു പോകും. 

പ്രണയമുണ്ടാക്കിയ സേമിയ പായസം 

"പതിവില്ലാതെ നേരത്തെ എണീറ്റു.... അല്ലെങ്കിലും ഈയിടെ ഉറക്കം കുറവാണല്ലോ...

നനഞ്ഞുകിടക്കുന്ന മുറ്റത്തിനും, ചൂലുംകൊണ്ട് നടക്കുന്ന ജാനകിചേച്ചിക്കും ഒക്കെ ഇത്ര സൗന്ദര്യമുണ്ടെന്നു ഇതുവരെ തോന്നിയിട്ടില്ലായിരുന്നു....

പതിവുള്ള കാപ്പി വേണ്ടെന്നുവച്ചു പല്ലുതേച്ചു... മൂളിപ്പാട്ടും പാടി ഒന്ന് കുളിച്ചു. ആദ്യമായി കുളിച്ചു morning OP attend ചെയ്യാൻ പോകുന്ന എന്നെ 'അമ്മ അപരിചിതയെപ്പോലെ നോക്കുന്നത് കണ്ടില്ലെന്നുവച്ചു.

ഒരുപാട്‌ജോലിയുണ്ടായിട്ടും മനസ്സ് വേറെവിടെക്കോ തെന്നിമാറുന്നു. ഒന്നിലും ശ്രദ്ധ കിട്ടുന്നില്ല.... പച്ചമലയാളത്തിൽ പറഞ്ഞാൽ I couldn’t stop blushing ...

പാട്ടുംപാടി നടക്കുന്ന, പതിവില്ലാതെ കുളിച്ച് ഒരുങ്ങിവന്ന എന്നെ staff അത്ഭുദത്തോടെ നോക്കി. എനിക്കെങ്ങാനും വട്ടാണെങ്കിൽ കള്ളക്കണക്കെഴുതി കൈപ്പറ്റാവുന്ന തുകയുടെ എല്ലാ സാധ്യതകളും ചേച്ചി കണക്കുകൂട്ടിയോ ആവോ!!!

എന്തായാലും ഉച്ചയായപ്പോളേക്കും ഒട്ടും സഹിക്കാൻ പറ്റാതെയായി.... ഇത്രയും പ്രണയം താങ്ങിയാൽ എന്റെ ഹൃദയം പൊട്ടിപ്പോയാലോ!!!!

എന്തെങ്കിലും ചെയ്തേ പറ്റു. ഞാൻ മെല്ലെ നടന്നു. അമ്മുവിന്റെ വീടെത്തിയപ്പോൾ ഒരു ബോധോദയം.... “ പാലുണ്ടോ ഉമ്മു? 2 നാഴി എടുക്കാൻ?”

അങ്ങനെ പാലും നായരുടെ കടയിൽനിന്ന് സേമിയയും വാങ്ങി ഞാൻ വീട്ടിലേക്കു നടന്നു. പാട്ടപ്പോളും ചുണ്ടിൽ തത്തിക്കളിക്കുന്നുണ്ടായിരുന്നു. സേമിയ ചെറുതായിപൊട്ടിച്ചു വറുക്കാൻ തുടങ്ങി, നെയ്യിന്റെ മണത്തോടൊപ്പം വന്ന ചൂടിൽ ഞാൻ അവന്റെ കൈകളുടെ ചൂടുതിരഞ്ഞു.....

തിളച്ചുപൊങ്ങിയ പാൽ അവന്റെ പൊട്ടിചിരിപോലായിരിക്കുമോ എന്നു ഞാൻ ഓർത്തു. അവന്റെ നെഞ്ചിലെ രോമമെന്നപോലെ ശ്രദ്ധയോടെ ഞാൻ ഏലക്ക പൊളിച്ചു. വെന്തുവന്ന സേമിയയിൽ പഞ്ചസാരയിടുമ്പോൾ, നേരിട്ടൊരിക്കലും കണ്ടിട്ടില്ലാത്ത കണ്ണുകളിലെ കുസൃതി ഞാൻ ഓർത്തു....

നെയ്യിൽ വറുത്തു കോരിയ ഉണക്കമുന്തിരി പായസത്തിലിട്ടപ്പോൾ പടർന്ന നറുമണം അവന്റെ തന്നെ എന്ന് ഞാൻ ഉറപ്പിച്ചു......

ആത്മനിർവൃതിയോടെ ഒരു കപ്പു പായസം ചുണ്ടോടുചേർത്തപ്പോൾ ആരോ തിടുക്കത്തിൽ വന്നു ഉമ്മവെച്ചോടിപ്പോയപോലെ എന്റെ ഹൃദയം തുടിച്ചു......",

ഡോക്ടറായ അപർണ സൗപർണിക ഇത് കുറിയ്ക്കുമ്പോൾ അതിൽ പ്രണയത്തിനു സേമിയ പായസത്തിന്റെ ഗന്ധം എത്രയെളുപ്പമാണ് കൈവരുന്നത്! തീക്ഷ്ണമായ പ്രണയത്തിന്റെ സ്വാദിലേയ്ക്ക് പ്രണയി നടന്നടുക്കുന്ന ആനന്ദം എത്ര വലുതാണ്! പക്ഷേ അപർണയുടെ രുചി ചിന്തകൾ പ്രണയിയ്ക്ക് നേരിട്ട് നൽകാനുള്ളതല്ല, അങ്ങകലെയുള്ള രുചികൾ തേടി അവനെത്തുമെന്ന പ്രതീക്ഷയുടെ പാകം ചെയ്യലാണത്!

ഇങ്ങനെ എത്രയോ രുചി കൂട്ടുകൾ പ്രിയപ്പെട്ട ഒരാൾക്ക് വേണ്ടി ഓരോരുത്തരും ഉണ്ടാക്കിയിരുന്നിരിക്കണം! ലഞ്ച് ബോക്സ് എന്നൊരു സിനിമയുണ്ട്, എന്തുണ്ടാക്കി കൊടുത്താലും യാതൊരു അഭിപ്രായവും പറയാത്ത ഭർത്താവിന് അന്നും പതിവ് പോലെ സ്നേഹത്തിൽ പൊതിഞ്ഞു അവൾ ഉണ്ടാക്കി കൊടുത്തയച്ച ലഞ്ച് ബോക്സ് വഴി മാറി ചെന്നെത്തിയത് മറ്റൊരാളുടെ തീൻ മേശയിൽ. ആളുമാറിയ ലഞ്ച് ബോക്സിൽ അയാളൊരു കുറിപ്പ് വയ്ക്കുന്നു. പിന്നെയാ സ്നേഹം ഭക്ഷണത്തിന്റെ സ്വാദിൽ നിന്നുമിറങ്ങി അവരുടെ ജീവിതങ്ങളിലേയ്ക്ക് ചെന്ന് ചേരുകയാണ്. കളിയാക്കിയ ലഞ്ച് ബോക്സിൽ അയാൾ പകർത്തി വയ്ക്കുന്ന ഓരോ കുറിപ്പടിയിലും അയാളുടെ കരുതലും പ്രണയവുമുണ്ട്. അയാളുടെ അഭിനന്ദനങ്ങളിൽ ഊർജ്ജം വീണ്ടെടുത്തവൾക്ക് പിന്നീട് വയ്ക്കുന്ന ഓരോ രുചികളിലും പ്രണയത്തിന്റെ സ്വാദ് ആസ്വദിക്കാനാകുന്നുണ്ട്. പ്രണയപാചകം വായിക്കുമ്പോൾ അതുകൊണ്ടു തന്നെ "ലഞ്ച് ബോക്സ്" എന്ന സിനിമ ഓർത്തു പോയി. 

ഓരോ ഇംഗ്ലീഷ് അക്ഷരങ്ങളിലും തുടങ്ങുന്ന ഒരു ഭക്ഷണം, അതിന്റെ കുറിപ്പ്, തുടർന്ന് അതിൽ നിന്നുമാരംഭിക്കുന്ന ലെനയുടെയും ശൂലപാണിയുടെയും ലെനയുടെ ഭർത്താവ് കെകെ യുടെയും ഗോമതി എന്ന പാചകക്കാരിയുടെയും ജീവിതം, അതാണ് പ്രണയപാചകം. അവരുടെജീവിതത്തെ ഒരുപക്ഷേ പാചകം എങ്ങും ബാധിക്കുന്നില്ലെങ്കിൽ പോലും നോവൽ ഇടങ്ങളിൽ ഇങ്ങനെയൊരു പരീക്ഷണം ഇത് ആദ്യം തന്നെ. മറ്റൊരു തരത്തിൽ പറഞ്ഞാൽ പ്രണയവും രുചികളും തമ്മിലുള്ള അപാരമായ ആത്മബന്ധം ഒന്നുകൂടി അരക്കിട്ട് ഈ നോവൽ ഉറപ്പിക്കുന്നു. 

ഇതാ ഈ പ്രണയത്തിന്റെ രുചിക്കൂട്ട് ഭക്ഷണം പാകം ചെയ്യുമ്പോൾ ഒന്ന് പരീക്ഷിച്ചു നോക്കൂ, 

ആവശ്യമുള്ള സാധനങ്ങൾ 

പാകം ചെയ്യാനാവശ്യമായ വസ്തുക്കൾക്ക് പുറമെ

പ്രണയം : അലകടലു പോലെ അലയിലാകുന്നൊരു പ്രണയം നിറഞ്ഞ ഹൃദയം 

പാട്ട് : അവനെ ഓർമ്മിപ്പിക്കുന്ന പാട്ടുകളുടെ ഒരു ശേഖരം

ഓർമ്മകൾ : അവനുമൊന്നിച്ചു ഭക്ഷണം കഴിക്കുന്ന നിമിഷങ്ങളുടെ ഓർമ്മകളായിക്കോട്ടെ.

തയാറാക്കുന്ന വിധം

പാചകം ചെയ്യുന്നതിന് ആവശ്യമായ ഒരു സാധനങ്ങൾ ഇടുമ്പോഴും പാട്ട് പിന്നാംപുറത്തിങ്ങനെ ഒഴുകി നിറയണം. അതിന്റെ തരംഗങ്ങൾക്ക് ഭക്ഷണത്തെ സ്വാധീനിക്കാനുള്ള കഴിവുണ്ടത്രേ! 

പ്രണയം തുളുമ്പുന്ന ഹൃദയം കൊണ്ടായിരിക്കണം ഓരോ തവണയും ഭക്ഷണത്തിൽ തവി കൊണ്ട് തൊടേണ്ടത്. 

പ്രിയപ്പെട്ടൊരാൾക്ക് നൽകേണ്ടുന്ന ഓർമ്മകളിൽ നിൽക്കുമ്പോൾ ഏറ്റവും മികച്ചത് മാത്രം നൽകാൻ തോന്നിപ്പിക്കുന്ന ഹൃദയം കൈകളിൽ കൂടി മാജിക്ക് കാട്ടുമാത്രെ!

NB : അല പോലെ ഒഴുകി നടക്കുന്ന ഹൃദയം ഉള്ളതുകൊണ്ട് ഭക്ഷണം വയ്ക്കുമ്പോൾ അൽപ്പം ശ്രദ്ധിക്കണം, ഉപ്പിനു പകരം പഞ്ചസാര ഇടാതിരിക്കുക

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം