ആളുകളുടെ കണ്ണിൽപ്പെടാതെ മൈതാനത്തിന്റെ ഓരം പറ്റി പുറത്തേക്കിറങ്ങുമ്പോൾ പരിചയമുള്ള മൂന്നുപേർ എന്നെ വളഞ്ഞു. പോസുരാജൻ എന്നറിയപ്പെടുന്ന കൽക്കൂന്തൽ രാജൻ, ഒരു ചെറുകിട ഗിറ്റാറിസ്റ്റും മരഉരുപ്പടി വിൽക്കുന്ന കടക്കാരനുമായ ഓച്ചപ്പൻ, പിന്നെ ആന്റി. മൂന്നുപേരും എന്നെ അഭിനന്ദിക്കാൻ കാത്തു നിൽക്കുകയായിരുന്നത്രേ. ആന്റിയുടെ വായിൽ നിന്ന് ഗുമുഗുമാ ബ്രാണ്ടി മണം. ‘എടാ ചെറുക്കാ.. ഒന്നേ... ഒന്നേ... ചുറുമാ ചുറുമാ... തമിഴുപാട്ട് നീ കലക്കിയെടാ.. റ്റേജേക്കേറി വന്ന് നിനക്കിട്ടൊരു കടി തരണോന്നൊണ്ടാരുന്നു. ഇപ്പം തന്നെ നീ എന്റെ കൂടെ വന്നേ ഒക്കത്തൊള്ളു. ചെലവ് എന്റെ വക.’ പോളിയെസ്റ്റർ ഡബിൾ മുണ്ടുടുത്ത് സ്പണ്ണിന്റെ പുള്ളിയുടുപ്പിട്ട് വലിയ സ്വർണമാല സദാ കഴുത്തിൽ തൂക്കുന്ന ആന്റി അത്യാവശ്യം കാശുള്ള ഒരു ഇരട്ടയാറുകാരനാണ്. ആന്റിച്ചൻ എന്നാണ് ശരിക്കുള്ള പേര്. അതു ചുരുക്കി നാട്ടുകാർ അയാളെ ആന്റിയാക്കി!
‘നിന്റെ പാട്ട് കൊള്ളാരുന്നു. പക്ഷേ മ്യൂസിക്കും സൗണ്ടും മഹാ വതം ആരുന്നു...’ ഗിറ്റാർ വായിക്കാൻ അവസരം കിട്ടാഞ്ഞതിന്റെ പൗശന്യം ഓച്ചപ്പൻ മറച്ചുവച്ചില്ല. ആനചവിട്ടി അപ്പച്ചൻ എന്ന പെന്തക്കോസ്ത് പാതിരിയുടെ ആശ്രിതനായി അക്കാലം കഴിഞ്ഞുവന്ന രാജൻ അപ്പോൾ പറയുന്നു ‘ഷാജി എന്റെ കൂടെ വാ. പാസ്റ്ററും ഫാമിലീം നോക്കിയിരുപ്പൊണ്ട്. അവരിതിലേ കാറേപ്പോകുവാരുന്നു. പാടുന്നത് എന്റെ ഫ്രണ്ടാന്ന് പറഞ്ഞപ്പം ഇവിടെ നിന്നോണ്ട് ഒരു പാട്ടുകേട്ടു. നല്ല അയിപ്രായവാ.. വീട്ടിലോട്ട് വിളിച്ചോണ്ട് ചെല്ലണോന്ന് പറഞ്ഞേച്ചാ പോയേക്കുന്നെ.’ ആന്റിയെ ഒരുവിധത്തിൽ പറഞ്ഞു വിട്ട് ഞാൻ രാജന്റെ കൂടെച്ചെന്നു. രാത്രി സമാധാനമായി കിടന്നുറങ്ങാൻ ഒരിടം വേണമല്ലൊ. പോകുന്ന വഴിയിൽ ആനചവിട്ടിപ്പാസ്റ്ററെപ്പറ്റി രാജൻ വാതോരാതെ പറഞ്ഞു. ‘ചില്ലറപ്പുള്ളിയല്ല. കലേം സാകത്യോം ഒക്കെ ഒണ്ട്. പൊസ്താങ്ങള് എഴുതീട്ടൊണ്ട്. മാസത്തിൽ രണ്ടും മൂന്നും പ്രാവിശം അമേരിക്കയ്ക്ക് പോയേച്ച് വരുന്ന ആളാ. നമ്മള് ചായ ഉടിക്കാൻ പോന്ന പോലല്ലേ പുള്ളീടെ ഫോറിൻ പോക്ക്. ഷാജിക്കൊരു വെന്തം കെടക്കട്ടെ. നല്ലതാ’.
കറുത്തു മെലിഞ്ഞ് സുന്ദരനായ പാസ്റ്ററും അദ്ദേഹത്തിന്റെ വെളുത്തു തടിച്ച ഭാര്യയും ഒപ്പം പെണ്ണുങ്ങളും ആണുങ്ങളുമടങ്ങുന്ന ചില അന്തേവാസികളും ആ വീട്ടിലുണ്ടായിരുന്നു. ‘ഷ്യാജി ബ്രദറിനെപ്പറ്റി രാജ്യൻ ബ്രദർ പറഞ്ഞിട്ടൊണ്ട്. സോങ്ങ് കേട്ടു. നല്ല സിങ്ങിങ്ങാരുന്നു. റൈറ്റിങ്ങും ഒണ്ടല്ലേ? ഞാനും ഒരു ബുക്ക് റൈറ്റ് ചെയ്ത് എറക്കീട്ടൊണ്ട്. പോകുമ്പം തരാം.’ നല്ല രുചിയുള്ള അത്താഴം കിട്ടി. അത് കഴിച്ചിട്ട് രാജനും ഞാനും സ്വീകരണമുറിയിൽ തിരിച്ചെത്തുമ്പോഴും ആളുകളൊക്കെ അവിടെത്തന്നെ ഇരിപ്പുണ്ട്. പാസ്റ്ററുടെ ചോദ്യങ്ങൾ പാട്ടുകളെക്കുറിച്ചായി. ‘ആ തമിഴ് സോങ്ങ് കമലാഹാസന്റെ പിച്ചറിലേതല്ലേ? പിന്നേതൊക്കെയാ പാടിയെ?’ അമിതാഭ് ബച്ചൻ അഭിനയിച്ച പുകാർ സിനിമയിലെ സമുന്ദറാണ് പാടിയത് എന്നു പറഞ്ഞപ്പോൾ ‘നല്ല പാട്ടാ, അതൊന്നു പാടാവോ?’ എന്നായി.
‘അത് പയങ്കര ഹൈ പിച്ചാ. ഇങ്ങനിരുന്ന് പാടിയാ ശെരിയാകത്തില്ല,’ രാജൻ സഹായത്തിനെത്തി. പാസ്റ്റർ വിടുന്നില്ല ‘എന്നാപ്പിന്നെ അമിതാബച്ചന്റെ ഷോലേലെ ‘ഏ ദോസുത്തീ’ എന്നൊള്ള പാട്ട് പാട്. അതാകുമ്പം എല്ലാർക്കും പാടാൻ എളുപ്പവാണല്ലോ.’ സിനിമകളുടെയും സിനിമാപ്പാട്ടുകളുടെയും ഒരു മാസ്റ്റർ ആണല്ലൊ ഈ പാസ്റ്റർ എന്ന് ആലോചിച്ചുകൊണ്ട് ഞാൻ ആ പാട്ട് പാടാനൊരുങ്ങി. പെട്ടെന്ന് ‘രാജ്യൻ ബ്രദറേ.. ആ തമ്പേറ് ഇങ്ങോട്ടെടുക്ക്. നമ്മക്കെല്ലാർക്കും ഒരുമിച്ച് പാടി സന്തോക്ഷിക്കാം. ഹാലേലൂയ്യാ’ പാസ്റ്റർ പറയുന്നു. ഞാൻ തരിപ്പണമായിപ്പോയി. തമ്പേറടിച്ച് യേ ദോസ്തീ! പക്ഷേ, പാടാതെ രക്ഷയില്ല. ഞാൻ പാടിയ ഓരോ നാലുവരിയും ആഞ്ഞ തമ്പേറടിയുടെ അകമ്പടിയോടെ എല്ലാവരും ചേർന്ന് അവതാളത്തിൽ ഏറ്റുപാടി. ആർഡി ബർമ്മന്റെ ആർദ്രഗാനത്തെ ആനചവിട്ടിപ്പാസ്റ്ററും കൂട്ടരും ഒരു പെന്തക്കോസ്ത് കൂട്ടപ്പാട്ടാക്കി.
പിറ്റേന്നു പുറപ്പെടുമ്പോൾ താനെഴുതിയ ചെറുപുസ്തകം പാസ്റ്റർ എനിക്ക് ഒപ്പിട്ട് തന്നു. ഒരു ലഘുലേഖയുടെ വലുപ്പമേയുള്ളു. പേര് ‘സിനിമാ എന്ന വെറിക്കൂത്ത്.’ ചെറുബാല്യക്കാർ സിനിമ കാണുന്നതിന്റെ ദൂഷ്യങ്ങളെക്കുറിച്ചുള്ള ശക്തമായ താക്കീതുകളാണ്! ഒരു ഭയങ്കര സിനിമാപ്രേമിയെപ്പോലെ ഇന്നലെ രാത്രി എന്നോട് സംസാരിച്ചയാളാണോ ഇതെഴുതിയത്? അതോ അങ്ങേരുടെ പ്രായമുള്ളവർ മാത്രമേ സിനിമ കാണാൻ പാടുള്ളൂ എന്നാണോ? അന്തംവിട്ട് അതു മറിച്ചുനോക്കിക്കൊണ്ട് വഴിയേ നടക്കുകയായിരുന്ന എന്റെ മുമ്പിലേക്ക് അതാ വന്നിറങ്ങുന്നു ശ്രീമാൻ ആന്റി. ഞാൻ ചുറ്റും നോക്കി. ഹിൽഡാ ബാറിന്റെ മുമ്പിലാണ് നിൽക്കുന്നത്. അവിടെ നിന്നാണ് ആന്റിയുടെ വരവ്. ‘വാ നമ്മക്കൊരു സ്മോളടിക്കാം. എന്റെ വക ചെലവാ. ഇന്നലേ പറഞ്ഞതല്ലേ..?’ ആന്റി കൈ പിടിച്ചു വലിക്കുന്നു. ജീവിതത്തിൽ അന്നുവരെ കള്ള് കുടിച്ചിട്ടില്ല. പേടിയുണ്ട്. പക്ഷേ, എന്താണീ സംഭവം എന്ന് അറിയാനുള്ള കൊതി അതിലേറെയുണ്ട്. ഒന്ന് കുടിച്ച് നോക്കിയാൽ എന്താ? വരുന്നതു വരട്ടെ. ഞാൻ ആന്റിയോടൊപ്പം ബാറിനുള്ളിലേക്ക് കയറി.
(തുടരും)
Books In Malayalam Literature, Malayalam LiteratureNews, മലയാളസാഹിത്യം