ക്ലബ്ബോളം വരുമോ ലോകം?

സമകാലിക വിഷയങ്ങളെ വിശകലനം ചെയ്ത് എൻ.എസ് മാധവൻ എഴുതുന്നു...

പന്ത് ഉരുണ്ടുതുടങ്ങിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ഉത്സവം റഷ്യയിൽ ഇന്നലെ ആരംഭിച്ചു. ഏറ്റവും വലുത്, ശരി; പക്ഷേ, ഏറ്റവും നല്ലത്? ഏറ്റവും കാണാൻ സുഖമുള്ളത്? ക്ലബ് ഫുട്ബോൾ കണ്ടു ശീലിച്ച ഇന്നത്തെ കാണികൾക്കു ലോകകപ്പ് മത്സരങ്ങൾ പലതും വിരസമായാണു തോന്നുക; പ്രത്യേകിച്ച് ആദ്യപാദ മത്സരങ്ങൾ. ആധുനിക ഫുട്ബോളിനെ മാറ്റിമറിച്ചതു കളിക്കളത്തിൽ നടന്ന സംഭവങ്ങളൊന്നുമല്ല, ബോസ്‌മാൻ വിധിയാണ്. 1995ൽ ബൽജിയം കളിക്കാരൻ ഴാങ് മാർക് ബോസ്‌മാൻ, ക്ലബ് മാറ്റത്തിനു ഫീസ് ചോദിച്ച ബൽജിയം ഫുട്ബോൾ ഫെഡറേഷനെതിരെ യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസിൽ കൊടുത്ത കേസിൽ, വിധി ബോസ്‌മാന് അനുകൂലമായിരുന്നു. കൂട്ടത്തിൽ, യൂറോപ്പിലെ ഫുട്ബോളിനെ നിയന്ത്രിക്കുന്ന യുവേഫയുടെ, ഒരു ക്ലബ്ബിൽ മൂന്നു വിദേശകളിക്കാർ മാത്രമേ പാടുള്ളൂവെന്ന ചട്ടം യൂറോപ്യൻ യൂണിയനിലെ കളിക്കാർക്കു ബാധകമല്ലെന്നും കോടതി പറഞ്ഞു. 

ബോസ്‌മാൻവിധി കൊണ്ടുവന്ന മാറ്റങ്ങൾ നാടകീയമായിരുന്നു. 1999ൽ ചെൽസി, ഒറ്റ ഇംഗ്ലിഷ് കളിക്കാർ ഇല്ലാതെ 11 വിദേശികളെ വച്ചു കളിച്ചു. ക്ലബ്ബുകളുടെ ആഴമേറിയ കീശ, ആരാധകർ ഫാന്റസി ടീമുകൾ ഉണ്ടാക്കുന്നതുപോലെ, ഏറ്റവും നല്ല കളിക്കാരെ ക്ലബ്ബുകളുടെ കൂടാരത്തിലെത്തിച്ചു. വലിയ തന്ത്രജ്ഞർ മാനേജർമാരായി എത്തി. 

കളി പുതുതായി. അതിലൊന്നാണ് അടുത്തകാലത്തു കാണുന്ന പ്രസിങ് എന്ന തന്ത്രം. പന്തു കൈവിട്ടുപോയാൽ എങ്ങനെയും തിരിച്ചുപിടിക്കാനുള്ള കൂട്ടായ ശ്രമം. ടിക്കി ടാക്ക പോലെ പന്ത് അങ്ങോട്ടുമിങ്ങോട്ടും തട്ടാനുള്ള ക്ഷമയൊന്നും കാണിക്കാത്ത ക്ലബ് ഫുട്ബോളിന് രക്തയോട്ടം വർധിപ്പിക്കുന്ന നൂറുമൈൽ വേഗം കൈവന്നു.

ക്ലബ് സീസണിന്റെ അവസാനത്തിൽ, ക്ഷീണിച്ച കളിക്കാർ ലോകകപ്പിനായി ദേശീയ ടീമുകളിൽ എത്തുമ്പോൾ അവർക്കു പലപ്പോഴും ഡ്രോയിങ് ബോർഡിലെ ഒത്തൊരുമ ആവശ്യപ്പെടുന്ന പ്രസിങ് പോലത്തെ തന്ത്രങ്ങൾ, ചുരുങ്ങിയ സമയത്തിനുള്ളിൽ കളിക്കളത്തിലേക്കു പരിഭാഷപ്പെടുത്താൻ സാധിക്കുകയില്ല. സ്വന്തം പകുതിയിലേക്കു പന്തു വരാൻ കാത്തുനിൽക്കുന്ന പ്രതിരോധത്തിലൂന്നിയ ടീമുകൾ, ഉദാഹരണത്തിന് റഷ്യ, സൗദി അറേബ്യ, മൊറോക്കൊ, പെറു, സെനഗൽ, ജപ്പാൻ തുടങ്ങിയവ ലോകകപ്പിന്റെ മാറ്റുകൂട്ടുന്നില്ല. 2026ലെ ലോകകപ്പിൽ ഇപ്പോഴത്തെ 32നു പകരം 48 ടീമുകളെ കളിപ്പിക്കാനാണു ഫിഫയുടെ തീരുമാനം. കളി പടർന്നുപന്തലിക്കും. പക്ഷേ, പാവം കാണി! അവന് അല്ലെങ്കിൽ അവൾക്കു പറഞ്ഞിട്ടുള്ളതു വിരസരാവുകൾ.       

മുൻവിധികളില്ലാതെ മരണം 

പ്രശസ്ത പാചകവിദഗ്ധനും എഴുത്തുകാരനുമായ ആന്റണി ബോർഡെയിൻ ആത്മഹത്യ ചെയ്തെന്ന ഞെട്ടിക്കുന്ന വിവരം അറിഞ്ഞപ്പോള്‍ ‍ഞാൻ അദ്ദേഹത്തിന്റെ പഴയ വിഡിയോകൾ ഒരിക്കൽക്കൂടി കണ്ടു. കഴിഞ്ഞ കുറെ വർഷമായി ബോർഡെയിൻ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു; ഒരുതരം ഗുരുസ്ഥാനീയൻ. ഇതരസംസ്കാരങ്ങളോടും അവിടത്തെ ഭക്ഷണം അടക്കം എല്ലാറ്റിനോടുമുള്ള തുറന്ന മനസ്ഥിതിയാണു ബോർഡെയിൻ പകർന്നുതന്നത്. മുൻവിധിയില്ലാതെ, അതായിരുന്നു അദ്ദേഹത്തിന്റെ ടിവി ഷോയുടെ പേര് - നോ റിസർവേഷൻസ്.

കെയ്റ്റ് സ്പേഡ്, ബോർഡെയിൻ

കൊച്ചിയിൽ വന്നപ്പോൾ അദ്ദേഹം പള്ളിമുക്കിലെ തട്ടുകടയിൽനിന്ന് അയല വറുത്തതും കാട റോസ്റ്റും ബീഫ് കറിയും പൊറോട്ടയ്ക്കൊപ്പം കഴിച്ചു. പിന്നെ മമ്മൂട്ടിയുടെ കൂടെ, അദ്ദേഹത്തിന്റെ കാരവനിൽ നടന്റെ വീട്ടിൽനിന്നു കൊണ്ടുവന്ന ഭക്ഷണം (പ്രധാനമായി കണമ്പുകറിയും ഗോതമ്പുപുട്ടും). പഞ്ചനക്ഷത്ര ഹോട്ടലുകളെക്കാൾ തട്ടുകടകളെ കൂടുതൽ വിശ്വസിക്കാം. കാരണം, അവിടെ ഭക്ഷണം കൺമുന്നിലാണ് ഉണ്ടാക്കുന്നതെന്നു മമ്മൂട്ടി പറഞ്ഞത് ബോർഡെയിനെ കുറച്ചൊന്നുമല്ല രസിപ്പിച്ചത്. 

ബോർഡെയിൻ മുല്ലപ്പന്തൽ കള്ളുഷാപ്പിലും പോയി. കള്ള് അത്രയ്‌ക്കു പിടിച്ചില്ലെങ്കിലും ഭക്ഷണം ഉഷാർ. തൃശൂരിൽ ഒരു നാടൻ ചായക്കടയിൽ കയറി അതിന്റെ സാമൂഹികശാസ്ത്രം നമുക്കു മനസ്സിലാക്കിത്തന്നു. കല്യാണസദ്യ ഉണ്ടുകഴിഞ്ഞപ്പോൾ, ഭക്ഷണം ഇങ്ങനെയാണെങ്കിൽ താൻ സസ്യഭുക്കാകാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്നു വഞ്ചിവീട്ടിൽ കിലോയ്ക്ക് 800 രൂപയുള്ള കാരച്ചെമ്മീൻ. അതല്ല കുട്ടനാട്ടിലെ പാവങ്ങളുടെ ഭക്ഷണമെന്നു പറഞ്ഞു ബോർഡെയിൻ ഒരു സാധാരണവീട്ടിൽ പോയി. അവിടെനിന്നു കക്കയിറച്ചിയും കപ്പയും. ബോർഡെയിന്റെ മരണമറിഞ്ഞു ബറാക് ഒബാമ എഴുതിയത് അച്ചിട്ടതായിരുന്നു: ബോർഡെയിൻ, അജ്ഞാതമായ കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ഭയം അൽപം കുറച്ചു.  

ആന്റണി ബോർഡെയിൻ ആത്മഹത്യ ചെയ്യുന്നതിനു മൂന്നു ദിവസം മുൻപ്, ജൂൺ അഞ്ചിന് മറ്റൊരു ആത്മഹത്യകൂടി നടന്നു – ഫാഷൻ ഡിസൈനർ കെയ്റ്റ് സ്പേഡ്, മൻഹാറ്റനിലെ തന്റെ അപ്പാർട്മെന്റിൽ സ്വന്തം ജീവനെടുത്തു. ഹാൻഡ് ബാഗുകളിലൂടെ വലിയൊരു ഫാഷൻ സാ‌മ്രാജ്യം സ്ഥാപിച്ച ആളായിരുന്നു കെയ്റ്റ് സ്പേഡ്. ഒരേ നിശ്ശബ്ദ കൊലയാളിതന്നെയാണു രണ്ടുപേരുടെയും ജീവനെടുത്തത്: വിഷാദരോഗം.

വിഷാദരോഗം പലപ്പോഴും അപരിചിതരെ രോഗലക്ഷണങ്ങൾ കാണിക്കുന്നില്ല. നമുക്കു തോന്നിയത് എങ്ങനെ സന്തോഷിച്ചു ജീവിക്കുന്ന ആളാണു ബോർഡെയിൻ എന്നായിരുന്നു. ‌ഇതാണു വിഷാദരോഗത്തെക്കുറിച്ചുള്ള വലിയ തെറ്റിദ്ധാരണ. രോഗിക്കു രോഗത്തിന്റെമേൽ ഒരു നിയന്ത്രണവുമില്ല. അവമതിപ്പു പേടിച്ചു രോഗി പലപ്പോഴും സഹായം തേടുന്നില്ല. 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യാനിരക്കുള്ള സംസ്ഥാനങ്ങളിൽ, തമിഴ്‌നാടിനോടൊപ്പം കേരളവും വരുന്നു. 2015ൽ ഒരു ദിവസം 21 ആത്മഹത്യകളാണു കേരളത്തിൽ നടന്നത്. 2017ലെ കേരള മാനസികാരോഗ്യ സർവേയുടെ ഞെട്ടിക്കുന്ന കണ്ടെത്തൽ ഇതായിരുന്നു: കേരളത്തിലെ ആത്മഹത്യാ സാധ്യത 12.6 ശതമാനം – രാജ്യത്തിന്റെ ആറു ശതമാനം. മാനസികാരോഗ്യത്തിൽ ഏറ്റവും കരുതലെടുക്കേണ്ട സംസ്ഥാനമാണു കേരളം. മാനസികാരോഗ്യ നയമുള്ള ചുരുക്കം സംസ്ഥാനങ്ങളിൽ ഒന്നാണെങ്കിലും അതു നടപ്പാക്കാനുള്ള കർമപദ്ധതി ഇതുവരെ തയാറായിട്ടില്ല എന്നതാണു തുറിച്ചു‌നോക്കുന്ന സത്യം. 

സ്കോർപ്പിയോൺ കിക്ക്:  ഉമ്മൻ ചാണ്ടിക്കെന്താ, കൊമ്പുണ്ടോ? – കോൺഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതിയിൽ ഉയർന്ന ചോദ്യം.

കാഴ്ചയിൽ ഉള്ളതായി തോന്നുന്നില്ല. പക്ഷേ, നൈസായി കൊമ്പു മുറിക്കാനറിയും എന്നാണു കേൾവി.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം