ഖസാക്ക് എന്ന പേര് സാങ്കൽപ്പികം എന്ന പോലെ തസ്രാക്ക് എന്ന പേരും വെറും സങ്കൽപം മാത്രമാകണമേ എന്നു വിചാരിച്ചാണ് പാലക്കാട് ജില്ലയിലെ കിണാശ്ശേരിയിൽ ഒ.വി വിജയൻ സ്മാരക ഗ്രാമത്തിലേക്ക് എത്തുന്നത്. അസൂയ, കനത്ത അസൂയ തന്നെ കാരണം! ഇത്ര മനോഹരങ്ങളായ മാജിക്കൽ പേരുകളൊന്നും ഒരിക്കലും ഗ്രാമങ്ങൾക്ക് ഇടാൻ പാടില്ലല്ലോ എന്ന അസൂയ !
കിണാശ്ശേരിയിൽ ഞങ്ങൾ ബസിറങ്ങി, രവിയെ കൊത്തിയ സർപ്പം പോലെ പടർന്നു കയറിയ വള്ളികളുള്ള വലിയ ആൽമരത്തിന്റെ ചുവട്ടിൽ അപ്പോഴും രവി നിൽക്കുന്നതു പോലെ, അയാളെ അവിടെ ബാക്കി നിർത്തി അയാൾ നടന്ന വഴിയിലൂടെ ഞങ്ങൾ മുന്നോട്ടു നീങ്ങി. പനകളിൽ കാറ്റ് പിടിച്ചു കാണുമോ... മഴ പെയ്യാൻ വിങ്ങി നിൽക്കുന്ന തെല്ലിരുണ്ട ആകാശം കരിമ്പനകളിൽ തട്ടി ഒരു പഴയ ദിവസം ഓർമിപ്പിക്കുന്നുണ്ടാകുമോ! തസ്രാക്കിലേയ്ക്ക്, ഖസാക്കിന്റെ മഹാതമ്പുരാന്റെ സ്മാരക മന്ദിരത്തിലേക്ക് എത്താൻ ഒന്നര കിലോമീറ്റർ താണ്ടണമായിരുന്നു, സ്മാരകം അടുക്കാറാകുമ്പോൾ അവിടെ വഴിയിലൊരിടത്ത് മരത്തലപ്പുകൾക്കിടയിലൂടെ കാണുന്ന കുഞ്ഞു വീട്- അള്ളാപിച്ചാ മൊല്ലാക്കയുടേതാണത്രേ! വിദ്യാഭ്യാസം ആരംഭിക്കുന്ന മനുഷ്യൻ ഉപേക്ഷിച്ച മതബോധത്തിന്റെ മൊല്ലാക്ക... അദ്ദേഹത്തിന്റെ കൊച്ചുമകൻ ഇപ്പോഴും താമസിക്കുന്ന വീട്.
എന്തിനാണ് അപ്പോൾ വെറുതെ കണ്ണ് നിറഞ്ഞത്! അറിയില്ല!
ഈ വർഷം ആദ്യമാണ് ഇത്ര മനോഹരമായ ഒരു സ്മാരക മന്ദിരം തസ്രാക്കിൽ ഒ.വി. വിജയന്റെ ഓർമയ്ക്കായി പണി കഴിപ്പിച്ച് ഉദ്ഘാടനം നടത്തിയത്. ഖസാക്കിന്റെയും ധർമ്മപുരാണത്തിന്റെയും മധുരം ഗായതിയുടേയുമൊക്കെ തമ്പുരാൻ അനുഭൂതികളുടെ പുതിയ വള്ളിപ്പടർപ്പുകളുമായി ചുമരുകളിൽ ചിരിച്ചുകൊണ്ട് ചിത്രങ്ങളായി തൂങ്ങുന്നു. മണലിൽ വരഞ്ഞെടുത്ത ശിൽപം പോലെ. അദ്ദേഹം ഇടയ്ക്ക് വന്നു താമസിച്ചിരുന്ന തസ്രാക്കിലെ ഓർമകളുടെ കുടീരം ഒവിയുടെ പാടുകൾ അവശേഷിപ്പിച്ചു ഒറ്റയ്‌ക്കെന്നപോലെ നിൽക്കുന്നു. ഖസാക്കിലെ കരിമ്പനകൾ ഒന്നും ആ പരിസരങ്ങളിൽ അവശേഷിക്കുന്നില്ല, അവിടെയും ഇവിടെയും തലയുയർത്തിപ്പിടിച്ചു തങ്ങൾ ഏകരാണെന്ന് നിലവിളിച്ചു കൊണ്ട് നിൽക്കുന്ന നാലഞ്ചു കരിമ്പനകൾ കണ്ടു. കാലം എത്ര കടന്നിരിക്കുന്നു രവി മരിച്ചിട്ട്!
ഒ.വി. വിജയൻ വരച്ച കാർട്ടൂണുകൾ, അദ്ദേഹത്തിന്റെ ഓർമചിത്രങ്ങൾ, ലൈവ് തീയേറ്റർ എന്നിവ ഒരുക്കിയ ഒവി താമസിച്ച പഴയ കെട്ടിടത്തെ കടന്നു നടക്കുമ്പോൾ സ്മാരക മന്ദിരത്തിനായി പ്രശസ്ത ശിൽപികളായ വി.കെ. രാജന്‍, ജോസഫ് എം. വര്‍ഗ്ഗീസ്, ജോണ്‍സണ്‍ മാത്യു, ഹോച്മിന്‍ എന്നിവർ ഒരുക്കിയ ശിൽപങ്ങൾ കാണാം. പുറകിലുള്ള കെട്ടിടത്തിൽ ഖസാക്കിന്റെ ഇതിഹാസം നിറങ്ങളിൽ ചലിച്ചു വരഞ്ഞിരിക്കുന്നു. ഒപ്പം ഒ.വി. പലർക്കായി അയച്ച കത്തുകളുടെ ശേഖരം. പലർ അദ്ദേഹത്തിനയച്ച കത്തുകളുടെ ശേഖരം... പ്രണയത്തിനും സ്നേഹത്തിനും വായനയ്ക്കും ഇടയിൽ എവിടെയോ മൗനത്തിലായി കഴിയുന്ന കത്തുകൾ എവിടെയൊക്കെയോ മുറിവേൽക്കുന്നതു പോലെ. എഴുതി വയ്ക്കപ്പെടുന്ന കത്തുകൾക്ക് എന്തൊരു മൂർച്ചയാണ്, കാലം കടന്നാലും ജീവിച്ചിരിക്കുന്നവർ മാഞ്ഞു പോയാലും കാലം അക്ഷരങ്ങളെ ബാക്കി വയ്ക്കും ചില മനസ്സുകൾ ഇങ്ങനെയായിരുന്നു എന്ന് വരുന്ന കാലത്തിനു ബോധ്യപ്പെടുത്താൻ!
ഖസാക്കിലെ രവി പഠിപ്പിച്ചിരുന്ന ഏകാധ്യാപക വിദ്യാലയം ഇപ്പോഴും അവിടെ തന്നെയുണ്ട്. ഒ.വി. വിജയൻ സ്മാരക മന്ദിരത്തിന്റെ ഒരു വളവിനും അപ്പുറം. അവിടെ സ്‌കൂളിൽ ഒവിയുടെ സഹോദരി ഒ.വി. ഉഷ പഠിപ്പിച്ചിരുന്ന സമയമാണ് ഇടയ്ക്ക് വിജയൻ ഇവിടെ വന്നു താമസിച്ചിരുന്നത്. കണ്ടുമുട്ടുന്ന ആൾക്കാരെല്ലാം അങ്ങനെ കഥാപാത്രങ്ങളായി, രവിയും അപ്പുക്കിളിയും അള്ളാപിച്ചാ മൊല്ലാക്കയും വഴിയിൽ നിന്ന് അദ്ദേഹത്തോട് സംസാരിച്ചു, അങ്ങനെ ഒരു ഇതിഹാസം പിറന്നു. -ഖസാക്കിന്റെ ഇതിഹാസം.
ഒരു നോവലിന് കാരണമായ ഗ്രാമം രാജ്യത്തെ തന്നെ ആദ്യത്തെ സാഹിത്യ പൈതൃക ഗ്രാമമായി തീരുക! അഭിമാനിക്കാൻ വേറെ എന്തു വേണം... ഖസാക്ക് എന്ന ഐതിഹാസിക നാമം തസ്രാക്കിനു എഴുത്തുകാരൻ നൽകിയത് മുതൽ തസ്രാക്ക് ചരിത്രത്തിൽ പേര് രേഖപ്പെടുത്താൻ ആരംഭിച്ചിരിക്കണം. മലയാള നോവൽ സാഹിത്യത്തെ ഖസാക്കിന് മുൻപെന്നും പിൻപെന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു. അത്രത്തോളം ഈ കാലത്തേ വരുന്ന നൂറ്റാണ്ടുകളിലും ഓർമിപ്പിച്ചു വയ്ക്കുന്ന ഇതിഹാസ വായനയാണ് ഖസാക്കിന്റെ ഇതിഹാസം. രവി എന്ന പ്രധാന കഥാപാത്രത്തിലൂടെ ഒരു ഗ്രാമവും അതിന്റെ സ്വഭാവവും ചുരുൾ വിടരുന്നു. അലച്ചിലാണ് രവിക്ക് എല്ലായ്പ്പോഴും ഒരിക്കൽ ചെയ്തുപോയ പാപത്തിന്റെ ബോധത്തിൽ നിന്നുള്ള രക്ഷപെടലാണ് അയാൾക്ക് അലച്ചിലുകൾ. പക്ഷേ പാപങ്ങളിൽ നിന്നും പാപങ്ങളിലേക്കുള്ള അയാളുടെ യാത്ര അവസാനിക്കുന്നത് രവിയുടെ മരണത്തിലേക്കാണ്. വീണ്ടും അതിന്റെ ഭാരം കൂടാതിരിക്കാൻ ഖസാക്കിൽ നിന്നും രക്ഷപെടാൻ റോഡരികിൽ കാത്തിരിക്കുന്ന രവി ചെന്നു കയറുന്നത് മരണത്തിലേക്കാണ്... അവിടെ വീണ്ടും മഴ തുടങ്ങുന്നു. ആ മഴ ഞങ്ങളുടെ തസ്രാക്ക് യാത്രയിൽ ഉടനീളം ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.
ഒരു ഇതിഹാസ വായന തന്നെയാണ് ഖസാക്കിന്റെ ഇതിഹാസം. നമ്മൾ വായിച്ച ഒരു പുസ്തകത്തിലെ കഥാപാത്രങ്ങൾ ഒക്കെയും മുന്നിൽ എവിടെയോ അദൃശ്യ രൂപികളായി നിൽക്കുന്ന തോന്നൽ തസ്രാക്ക് യാത്രയിൽ വായനക്കാരനുണ്ടായേക്കും. സ്വയം ഒരു ഗ്രാമം തന്നെ കഥാപാത്രമായി മാറിയ അനുഭവം. അതുകൊണ്ടു തന്നെ അവിടേക്കുള്ള യാത്ര പോലും വായനയിലേക്കുള്ള മടങ്ങിപ്പോക്കാണ്.
മനോഹരമായ ഒരു ചെറിയ ഗ്രാമമാണ് തസ്രാക്ക്. ജീവിതം കാണാൻ കഴിയുന്ന കുഞ്ഞു വീടുകളും വയലും നിറയെ മരങ്ങളും പച്ചപ്പുമുള്ള തനി നാടൻ ഗ്രാമം. ബസിറങ്ങുന്നിടത്തു, രവി ഖസാക്കിനെ ഉപേക്ഷിച്ചു പോകാൻ കാത്തു നിന്നിടത്തു അതെ ആൽമരം ഇപ്പോഴുമുണ്ട്. എത്ര കാലമായാലും ഞാനിവിടെ കഥകൾ കാണാനും പറയാനുമുണ്ടാകും എന്ന ഹുങ്കോടെ! ഇവിടുത്തെ ഓരോ മനുഷ്യനും അറിയാം, രവിയെ, അയാളുമായി ബന്ധപ്പെട്ട ഈ ഗ്രാമത്തിലെ കഥാപാത്രങ്ങളെ. അവർ ആരു വേണമെങ്കിലും നോവലിനെ പരിചയപ്പെടുത്തും, ചിലപ്പോൾ ഭാഗ്യമുണ്ടെങ്കിൽ പല കഥാപാത്രങ്ങളുമായുള്ള പാരമ്പര്യബന്ധവും അവരിൽ പലരും വെളിപ്പെടുത്തിയേക്കാം. അതൊരു അനുഭവമാണ്. ഇതിഹാസത്തിൽ ജീവിച്ചു മരിച്ച കഥാപാത്രങ്ങൾ അവശേഷിപ്പിച്ച ഓർമകളെ പൊടിതട്ടിയെടുക്കുക! അവയിലൂടെ നടന്നു പോകുക... കഥാകാരൻ നടന്നു പോയ വഴിയിലെ മണ്ണുകളിൽ കാൽ മുട്ടിക്കുക... അവിടുത്തെ കാറ്റിനെ മണക്കുക... ! ഹാ! തസ്രാക്ക് ഒരു സ്വപ്ന ഭൂമിയാകുന്നു, ഇപ്പോഴും കണ്ടെന്നു വിശ്വസിക്കാൻ മടിക്കുന്ന ഒരു മാന്ത്രിക ഭൂമി!
Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം