ലോഹിയുടെ ആ കഥാപാത്രങ്ങളെ നമ്മൾ നെഞ്ചോട് ചേർക്കാൻ കാരണം?

ശരിക്കും ആ നഷ്ടം നാം തിരിച്ചറിയുന്നുണ്ട്. ആത്മാവില്ലാത്ത മനുഷ്യർ നിറഞ്ഞ വർത്തമാനകാല ചില സിനിമകൾ കാണുമ്പോൾ. അന്നേരമല്ലേ എ.കെ. ലോഹിതദാസ് എന്ന തിരക്കഥാകൃത്തിന്റെ കഥാപാത്രങ്ങളെ നാം ഓർക്കുക. കിരീടവും ഭരതവും ഹിസ് ഹൈനസ് അബ്ദുള്ളയും കമലദളവും തനിയാവർത്തനവും സദയവുമെല്ലാം കണ്ടുവളർന്ന മലയാളിക്ക് ഇപ്പോഴത്തെ സിനിമകൾ എങ്ങനെ ദഹിക്കുന്നു എന്നു ചോദിക്കുമ്പോൾ കൃത്യമായ ഉത്തരമൊന്നുമുണ്ടാകില്ല. വീണ്ടും ആ ദിനം എത്തുകയാണ്. ജൂൺ 28. 2009ലെ ഈ ദിനത്തിലായിരുന്നു അപ്രതീക്ഷിതമായി അദ്ദേഹം കടന്നുപോയത്. സിനിമയിലെ ചില കഥാപാത്രങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട്.

ലോഹിതദാസിന്റെ കഥാപാത്രങ്ങൾ ഹൃദയങ്ങൾ കൊണ്ടായിരുന്നു പ്രേക്ഷകനുമായി സംവദിച്ചിരുന്നത്. നാട്ടിൻപുറത്തുള്ളവരായാലും നഗരപ്രദേശങ്ങളിലുള്ളവരായാലും ഹൃദയംകൊണ്ടു സംസാരിച്ചവരായിരുന്നു അവരെല്ലാം. ഏച്ചുകെട്ടിയ ബന്ധങ്ങളും സ്വർണത്തിൽ വിളക്കിച്ചേർത്ത ബന്ധങ്ങളും അദ്ദേഹം കൃത്യമായി കാണിച്ചുതന്നു. സേതുമാധവനും അച്ചൂട്ടിയും മേലേടത്ത് രാഘവൻനായരുമെല്ലാം അത്തരം മനുഷ്യരായിരുന്നു.

ലോഹിതദാസ്

ലോഹിതദാസിന്റെ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കൃത്യമായി മനസ്സിലാക്കാം അച്ഛൻ–മകൻ, അമ്മ– മകൻ, അച്ഛൻ– മകൾ, അമ്മ–മകൾ ബന്ധങ്ങളായിരുന്നു അദ്ദേഹം കൂടുതൽ പറയാൻ ശ്രമിച്ചത്. സിബി മലയിൽ സംവിധാനം ചെയ്ത തനിയാവർത്തനം എന്ന ചിത്രം തന്നെ അമ്മ–മകൻ ബന്ധമാണു പറയുന്നത്. സ്വന്തം മകന് (മമ്മൂട്ടി അവതരിപ്പിച്ച ബാലഗോപാലൻ) വിഷം കൊടുത്ത് കൊല്ലേണ്ടി വന്ന അമ്മ( കവിയൂർ പൊന്നമ്മ). ആ വിഷം നിറഞ്ഞ ചോറു തിന്ന് അവരും മരിക്കുകയാണ്. ഭ്രാന്തനായ മകനെ സമൂഹം ഒറ്റപ്പെടുത്തുന്നതു കാണാൻ വയ്യാതെയാണ് ആ അമ്മ അങ്ങനെയൊരു കടുംകൈ കാണിക്കുന്നത്. ആദ്യമായിട്ടായിരുന്നില്ല ഒരമ്മ മകനെ വിഷംകൊടുത്തു കൊല്ലുന്നത്. പക്ഷേ, അവിടെ ഹൃദയബന്ധങ്ങളുടെ സ്പർശം വന്നതോടെ അതിനു പുതിയൊരു മാനം വന്നു. അമ്മ–മകൻ ബന്ധം തന്നെയാണ് അരയന്നങ്ങളുടെ വീട്, വാത്സല്യം എന്നീ ചിത്രങ്ങളിലും. 

അച്ഛൻ– മകൻ

അച്ഛൻ‍–മകൻ ബന്ധമായിരുന്നു ലോഹിതദാസ് കൂടുതൽ സിനിമകളിൽ ആവിഷ്ക്കരിച്ചത്. അതിൽ ഏറ്റവും വലിയ ഉദാഹരണം കിരീടം തന്നെ. മോഹൻലാലിന്റെ സേതുമാധവനും തിലകന്റെ അച്യുതൻനായരും തമ്മിലുള്ള ബന്ധം നമ്മുടെയൊക്കെ വീടുകളിൽ സർവസാധാരണയായി കാണുന്നതാണ്. അച്ഛന്റെ ആഗ്രഹത്തിനൊത്തു വളരുന്ന മകൻ. കോൺസ്റ്റബിളായ അച്ഛൻ സ്വപ്നം കാണുന്നത് എസ്ഐ ആയി ചാർജെടുക്കുന്ന മകനെയാണ്. ആമകനെ സല്യൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന അച്ഛൻ. പക്ഷേ, ഇതേ അച്ഛനു വേണ്ടി മകൻ തന്റെ സ്വപ്നവും ആഗ്രഹങ്ങളും തച്ചുടയ്ക്കുന്നു. മകനെ സല്യൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന അച്ഛൻ അവനെ കുറ്റവാളിയായി നിയമത്തിനു മുന്നിൽ ഹാജരാക്കുകയാണ്. സേതുമാധവൻ–അച്യുതൻനായർ എന്നതിൽ നിന്നുമാറി മോഹൻലാൽ– തിലകൻ എന്ന മകൻ –അച്ഛനായി കാണാൻ എല്ലാ കുടുംബവും ആഗ്രഹിച്ചു.

ഇതേപോലെ മറ്റൊരു അച്ഛൻ–മകനെയാണ് വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സത്യൻ അന്തിക്കാട് സിനിമയിൽ ലോഹി കാട്ടിത്തന്നത്. റോയി(ജയറാം) കൊച്ചുതോമ (തിലകൻ) എന്ന സുഹൃത്തുക്കളായ അച്ഛൻമകൻ. മകനെ ഉത്തരവാദിത്തമുള്ളവനായി മാറ്റാൻ പരുക്കനാകുന്ന അച്ഛൻ. ഏതൊരു അച്ഛനും അങ്ങനെയൊരു രൂപമാറ്റം വരുത്തുന്നത് സ്വാഭാവികമായിരിക്കും. അതാണ് ലോഹിതദാസ് ഹൃദയത്തിൽത്തൊട്ട് എഴുതിയത്. കാരുണ്യം എന്ന സിനിമയിൽ കണ്ടത് മറ്റൊരു അച്ഛൻ–മകനെയാണ് (മുരളി–ജയറാം). ചെറിയൊരു നിമിഷം അച്ഛന്റെ മരണം ആഗ്രഹിച്ചുപോകുന്നൊരു മകൻ. പിന്നെ അതിന്റെ പശ്ചാത്താപവും.

അച്ഛൻ– മകൾ

ഭരതൻ സംവിധാനം ചെയ്ത അമരം, പാഥേയം എന്നീ ചിത്രങ്ങളുടെ വിജയം ഇങ്ങനെയൊരു കൂട്ടുകെട്ടായിരുന്നു. അമരത്തിലെ അച്ചൂട്ടിയെ കാലത്തെ അതിജീവിക്കുന്ന രീതിയിൽ അവതരിപ്പിക്കാൻ മമ്മൂട്ടിക്കു സാധിച്ചത് ലോഹിയുടെ ശക്തമായ തിരക്കഥകൊണ്ടായിരുന്നു. മകൾ രാധ(മാതു)യെ ഡോക്ടറായി കാണാൻ ആഗ്രഹിച്ച അച്ചൂട്ടിയുടെ വിജയം തന്നെയാണ് സിനിമയ്ക്കൊടുവിൽ കാണുന്നതും. 

പതിനഞ്ചുവർഷത്തിനു ശേഷം കാണുന്ന മകളെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ചന്ദ്രദാസ് എന്ന എഴുത്തുകാരൻ. അതാണ് പാഥേയത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്. 

ഇങ്ങനെ വ്യത്യസ്ത കോണുകളിലൂടെ ലോഹിതദാസിന്റെ സിനിമകളെ നമുക്കു കാണാൻ സാധിക്കും. അതിനെല്ലാം കാരണം ഇവരൊക്കെ നമുക്കിടയിലെ ആളുകൾ ആയതുകൊണ്ടാണ്. ഇതുപോലെയുള്ള അച്ഛനും മകനും അമ്മയും മകനുമെല്ലാം എന്നും നാം കാണുന്നവരാണ്. മറ്റാർക്കും പറയാൻ പറ്റാത്ത രീതിയിൽ ലോഹിതദാസിന് അവരെയെല്ലാം നമുക്കു മുന്നിൽ കൊണ്ടുവരാൻ സാധിച്ചു. വിട്ടുപിരിഞ്ഞിട്ട് ഒരു പതിറ്റാണ്ടാകുമ്പോഴും ലോഹിയുടെ ഒരു കഥാപാത്രത്തെയെങ്കിലും എന്നും നാം ഓർക്കും. മോഹൻലാലിനെ കാണുമ്പോൾ സേതുമാധവനെയും മമ്മൂട്ടിയെ കാണുമ്പോൾ അച്ചൂട്ടിയെയും ഓർക്കാൻ കാരണം ഈ എഴുത്തുകാരന്റെ തൂലികയുടെ ശക്തികൊണ്ടൊന്നുമാത്രം.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം