മകരം എട്ടാം തീയതി. ഇന്ന് എന്റെ ജൻമദിനമാണ്.
വളച്ചുകെട്ടോ ഏച്ചുകെട്ടോ ഇല്ലാതെ ഒരു തുടക്കം. അലങ്കാരങ്ങളോ ഭാവനയുടെ വർണചിത്രമോ ഇല്ലാത്ത ആരംഭം. അനാർഭാടമെങ്കിലും ആരെയും ആകർഷിക്കുന്ന ആദ്യവരികൾ. അന്ന് എന്തു സംഭവിച്ചു എന്നറിയാനുള്ള കൗതുകം. തുടർന്നുവായിക്കാനുള്ള പ്രേരണ. ഡയറിക്കുറിപ്പിന്റെ രൂപത്തിൽ ബഷീർ എഴുതിത്തുടങ്ങുകയാണ്. കഥയെന്നോ അനുഭവമെന്നോ വിളിക്കാം. ജീവിചരിത്രമെന്നോ ആത്മകഥയെന്നോ പറയാം. അനുഭവമെഴുത്തു മലയാളത്തിൽ സാഹിത്യശാഖയായി തുടങ്ങുന്നതിനും മുമ്പുള്ള കാലം. തങ്ങളുടെ കൊച്ചുജീവിതത്തിലെ അപ്രധാന സംഭവങ്ങൾപോലും പൊടിപ്പും തൊങ്ങലും വച്ചവവതരിപ്പിച്ചു സ്വന്തം മഹത്വം ആവർത്തിച്ചു വിളംബരം ചെയ്യുന്നവർ മനസ്സിരുത്തി വായിക്കണം ബഷീറിന്റെ ഈ കഥ – ജൻമദിനം.
മറ്റെല്ലാ കഥകളിലുമെന്നപോലെ സ്വന്തം ജീവിതത്തിലെ ഒരേടാണ് അദ്ദേഹം എഴുതുന്നത്. മഹത്വവത്കരിക്കാനോ ആദർശവത്കരിക്കാനോ അല്ല ശ്രമം. ഒരു ദിവസം നടന്ന സംഭവങ്ങൾ ഒന്നൊന്നായി വിവരിക്കുക മാത്രം. ഉപദേശിക്കാനോ ആഘോഷിക്കാനോ ശ്രമിക്കാതെ ബഷീർ വരച്ചിടുന്ന ചലനചിത്രത്തിലുണ്ട് വ്യാഖാനത്തിനും വിശദീകരണത്തിനും ഉപരിയുള്ള മനുഷ്യത്വം – മരണമില്ലാത്ത മനുഷ്യനും ജീവിതത്തിന്റെ അടിസ്ഥാന ചോദ്യങ്ങളും.
ഇന്ന് ബഷീറിന്റെ ചരമവാർഷികം. 24 വർഷം മുമ്പാണ് അദ്ദേഹം കടന്നുപോയതെന്ന് ഓർമിപ്പിക്കുന്ന ദിവസം. ‘ജൻമദിന’ത്തിലൂടെ കടന്നുപോകുമ്പോൾ കാൽനൂറ്റാണ്ടിനു നിമിഷങ്ങളുടെ ദൈർഘ്യം പോലും ഇല്ലാതാകുന്നു. മരണമില്ലാത്ത കഥകളിലൂടെ മലയാളത്തെയും അനശ്വരമാക്കിയ സുൽത്താൻ. വായിച്ചാലും വായിച്ചാലും തീരാത്ത അക്ഷരങ്ങളുടെ ശിൽപി.
വീണ്ടും ജൻമദിനത്തിലേക്ക്.
കായലോരത്തെ ഏകാന്തമായ വിളക്കുകാലിൽ ചാരിയിരുന്ന് എഴുതുകയാണു ബഷീർ.
ആ ദൃശ്യത്തിന്റെ ഗാംഭീര്യത്തെക്കുറിച്ച് ഭാവന ചെയ്യുമ്പോഴേക്കും എഴുത്തുകാരൻ ഒരു സത്യം വെളിപ്പെടുത്തുന്നു. മുറിയിലെ വിളക്കിൽ എണ്ണയില്ല. എഴുതുവാൻ വളരെയേറെയുണ്ടുതാനും. സാമാന്യം ഭേദപ്പെട്ട ഒരു ചെറുകഥയ്ക്കുള്ള സാധ്യത തെളിഞ്ഞുവരികയാണ്. കിടക്കപ്പായിൽനിന്ന് എഴുന്നേറ്റ് കായലോരത്തെ വിളക്കുകാലിൽ ചാരിയിരുന്ന് എഴുതുകയാണ്. പെയ്യുവാൻ പോകുന്ന കാർമേഘങ്ങൾപോലെ ആ ദിവസത്തെ സംഭവങ്ങളെല്ലാം അന്തരംഗം പൊട്ടുമാറു തിങ്ങിവിങ്ങി നിൽക്കുന്നു. അസാധാരണായി ഒന്നുമില്ല. ജൻമദിനമാണെന്നു മാത്രം. സ്വദേശത്തുനിന്നു വളരെയകലെയാണു താമസം. അന്യനാട്ടിൽ. കയ്യിൽ കാശില്ല. കടം കിട്ടാൻ വഴിയില്ല. ഉടുത്തിരിക്കുന്നതും മറ്റും പലേ സുഹൃത്തുക്കളുടേത്. ഒന്നും സ്വന്തമെന്നു പറയാനില്ല. രാവിലെ ഒരു സുഹൃത്ത് ജൻമദിനാംശസ നേർന്നിരുന്നു. ഇങ്ങനെയുള്ള ജൻമദിനത്തിന്റെ അനേകമനേകം പുനരാവർത്തനങ്ങൾ ഇനിയുമുണ്ടാകട്ടെ എന്നാണാശംസ. ഒരു ചായ കുടിക്കാൻ പോലും ഗതിയില്ലാത്ത, ഒരു തുള്ളി വെള്ളം കുടിക്കാൻ പോലും മാർഗമില്ലാത്ത ജൻമദിനത്തിന്റെ തനിയാവർത്തനങ്ങൾ !
പതിവു കടയിൽ ചെന്നു. കൊടുത്തുതീർക്കാനുള്ള പൈസ കൊടുക്കാതെ ചായയില്ലെന്നു തീർത്തുപറഞ്ഞു.
പത്തുമണി. ചുണ്ടുണങ്ങി. വായിൽ വെള്ളമില്ല. നല്ല ഉച്ചസമയത്തെ ചൂട്. ക്ഷീണത്തിന്റെ മഹാഭാരം.
മണി 11. സമ്പന്നനായ ഒരു സുഹൃത്ത് രണ്ടുദിവസം മുന്നേ ഉച്ചയൂണിനു ക്ഷണിച്ചിരുന്നു. ഇറങ്ങിനടന്നു സുഹൃത്തിന്റെ കടയിലേക്ക്. അയാളവിടെയില്ല. മാളികവീടിന്റെ തകരവാതിൽ അടച്ചിരിക്കുന്നു. മുട്ടിവിളിച്ചു. അയാൾ അത്യാവശ്യമായി എവിടെയോ പോയിരിക്കുന്നു. സന്ധ്യ കഴിഞ്ഞേ വരൂ. വരുമ്പോൾ തിരക്കി എന്നു പറയണമെന്നു പറഞ്ഞെങ്കിലും ആരാണെന്നു ചോദിച്ചപ്പോൾ സ്വയം ആ ചോദ്യം ചോദിച്ചു:
ഞാൻ ആരാണ് ?
ഞാൻ. ഓ..അരുമല്ല. ഒന്നും പറയണമെന്നില്ല.
പൊള്ളുന്ന പഞ്ചസാരമണലിലൂടെ തിരിഞ്ഞുനടന്നു.
രാവിലെ മുതൽ ഒന്നും കഴിക്കാതെ വിവശനായി ഇരിക്കുന്ന എഴുത്തുകാരനെ അടുത്തുതന്നെയുള്ള ഒരു പയ്യൻ കണ്ടു. അവന്റെ മനസ്സലിഞ്ഞു. രണ്ടണ അവന്റെ കയ്യിലുണ്ട്. വീട്ടിൽ പോകാൻ ആകുമ്പോൾ തിരിച്ചുകൊടുത്താൽമതി. പണ്ടു പത്രാധിപരും കച്ചവടക്കാരനുമായ സുഹൃത്തു വന്നു. ഒരണ വേണം. പയ്യന്റെ കയ്യിൽ നിന്നു കടം വാങ്ങിച്ച തുകയിൽ ഒരണ സഖാവിനു കൊടുത്തു. വിപ്ളവം വിജയിക്കാൻ. ഒരണയ്ക്കു ചായയും ദോശയും ബീഡിയും വാങ്ങിപ്പിച്ചു.
നാലു മണി. ആറു മണി. ഏഴു മണി. ഒരു സിഐഡി പിന്തുടരുന്നുണ്ട്. രണ്ടു പൊലീസുകാർ വന്നു ചോദ്യം ചെയ്തു. ഗവൺമെന്റിനെ തകിടം മറിക്കാനുള്ള ഗുഡാലോചനയിൽ ഏർപ്പെടുന്നുണ്ടോ എന്നറിയാനുള്ള അന്വേഷണം.
സമ്പന്നനായ ഒരു സുഹൃത്തുണ്ട്. അയാളുടെ അടുത്തുചെന്നു കുറച്ചുനേരമിരുന്നു. വേറെയും സുഹൃത്തുക്കളുണ്ടായിരുന്നു.
ഒരു പേപ്പറിൽ കുത്തിക്കുറിച്ചു: ഒരു റുപ്പിക വേണം. വളരെ അത്യാവശ്യമായിട്ടാണ്. രണ്ടുമൂന്നു ദിവസത്തിനകം തിരിച്ചുതന്നേക്കാം.
എഴുതുന്നതു കണ്ടപ്പോൾ സുഹൃത്തിന്റെ ചോദ്യം – എന്താ വല്ല ചെറുകഥയ്ക്കും പ്ളോട്ടു കുറിക്കുകയാണോ .....?
സോറി ചെയിഞ്ചസ് ഒന്നുമില്ല ...എല്ലാവരും കേൾക്കെ സുഹൃത്തു പറഞ്ഞു.
ഒമ്പതുമണി. വിശന്ന വയറോടെ പായ് വിരിച്ചു കിടന്നു. ഉറക്കം വരുന്നില്ല. കണ്ണുകൾ അടയുന്നില്ല. തലയ്ക്കു നല്ല വിങ്ങലും. ജൻമദിനമാണ്. ആ ദിവസമെങ്കിലും ആരോടും കടം ചോദിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു.
ചോദിച്ചു; കിട്ടിയില്ലെന്നു മാത്രം. വിശക്കാതെയിരിക്കണമെന്ന് ആഗ്രഹിച്ചു. പയ്യന്റെ കയ്യിൽനിന്നു കടം വാങ്ങിയ ഒരണയ്ക്കു വാങ്ങിയ ദോശമാത്രം കഴിച്ചു. കുറച്ചുകൂടി ആലോചിച്ചപ്പോൾ ഇതിലൊക്കെ വലിയ പ്രത്യേകതയുണ്ടോ എന്നായി ചിന്ത. ലോകത്തിലെ നിസ്സഹായരെക്കുറിച്ച് ഓർത്തു. അക്കൂട്ടത്തിൽ ഒരാൾകൂടി.
അടുത്ത മുറിയിലെ അടുക്കളയിൽനിന്നു കടുകു വറക്കുന്ന ശബ്ദം. വായിൽ ഉമിനീർ നിറഞ്ഞു. വെന്തുമലർന്ന ചോറിന്റെ വാസന !
അടുക്കളയിൽനിന്ന് അരിവെപ്പുകാരൻ വൃദ്ധൻ കുടവുമായി പുറത്തേക്കിറങ്ങി. പത്തുമിനിറ്റെടുക്കും വെള്ളം പിടിക്കാൻ.
ജൻമദിനക്കാരൻ കള്ളനെപ്പോലെ പതുങ്ങി അടുക്കളവാതിൽ തുറന്ന് അകത്തേക്ക്.
വലിച്ചുവാരി കുപ്പുകുപ്പെന്നു വിഴുങ്ങി. നിറഞ്ഞ വയറോടെ വിയർത്തുകുളിച്ചു പുറത്തിറങ്ങി. പുറത്തെ പൈപ്പിൽനിന്നു വെള്ളവും കുടിച്ചു.
ഒരു ബീഡി കത്തിച്ചുവലിച്ചിട്ടു കിടന്നുറങ്ങി. ചോറു കട്ടതു വൃദ്ധൻ അറിയില്ലേ. അയാൾ വീട്ടുടമയോടു പറയില്ലേ....
ജൻമദിനം. സുഖമായി ഉറങ്ങാം. അങ്ങനെ മയങ്ങിപ്പോകുമ്പോൾ വാതിലിൽ മുട്ടിവിളിക്കുന്നു. മോഷണത്തിന്റെ വിവരം ചോദിക്കാൻ....കള്ളനെ കയ്യോടെ പിടിക്കാൻ.
വാതിൽ തുറന്നു. ഇരുട്ടിന്റെ ഹൃദയത്തിൽനിന്നെന്നോണം ഒരു ടോർച്ച് ലൈറ്റ്. ആ വെളിച്ചത്തിൽ ബഷീർ.
അയാൾ സിനിമയ്ക്കു പോയിട്ടു വരികയാണ്. വരുന്ന വഴി ഒരു ഹോട്ടലിൽനിന്നു കഴിച്ചു.
ഊണു കഴിച്ചോ എന്നന്വേഷിച്ചിട്ട് ഗുഡ്നൈറ്റ് പറഞ്ഞു....
ഗുഡ്നൈറ്റ്.......ഒരു ജൻമദിനം ശുഭരാത്രിയിലേക്ക്...
അരോടും കടം ചോദിക്കരുതെന്ന് ആഗ്രഹിച്ച ദിവസം കട്ടെടുത്ത ഭക്ഷണത്തിൽ വിശപ്പു തീർത്തിട്ടു കിടക്കുമ്പോൾ അങ്ങനെതന്നെ പറയണം..ശുഭരാത്രി.
വർഷങ്ങൾക്കുശേഷം ജൻമദിനം വീണ്ടും വായിക്കുമ്പോൾ.....
ഒരു പഴയ കഥ വായിക്കുകയാണെന്ന വിചാരം അശേഷം ഇല്ല. പുതുമയോടെ, കൗതുകത്തോടെ അതിലുപരി അതിശയത്തോടെ വായിക്കുന്നു. മനുഷ്യനെന്ന മഹാത്ഭുതത്തെ നമസ്കരിക്കുന്നു. ജീവിതമെന്ന അനന്തവൈചിത്ര്യത്തിനു മുന്നിൽ നമ്രശിരസ്കനാകുന്നു. കാളുന്ന വിശപ്പിനെ കൊളുത്തിവലിക്കുന്ന നർമത്തിലൂടെ അവതരിപ്പിച്ച ആ എഴുത്തുകാരനോട് എന്തുപറയണം...
ശുഭരാത്രി എന്നല്ലാതെന്തു പറയാൻ !
Advertisement