'അപ്പൊ, അമിതാഭ് ബച്ചൻ പണിയില്ലാതെ വീട്ടിൽ ഇരിക്കുവാണോ?'

കലാരാജൻ ഒരു വിഡിയോ സിനിമ സംവിധാനം ചെയ്യുന്നു! കുറച്ചു ദിവസമായി എന്നെ അന്വേഷിക്കുന്നുണ്ടായിരുന്നത്രേ. ഹിൽഡാ ബാറിലും തച്ചിൽ ഫർണിച്ചേഴ്സിലും നടന്ന സംഭവങ്ങളുടെ ചമ്മലും ചളിപ്പും കൊണ്ട് കുറെ നാളായി നെടുങ്കണ്ടം ഭാഗത്തേക്കേ ഞാൻ പോയിരുന്നില്ല. സ്ഥലത്തില്ലാഞ്ഞ ഒരു ദിവസം എന്നെത്തേടി വീട്ടിലും കലാരാജന്റെ ആൾ വന്നിരുന്നു. പക്ഷേ, ഞാനൊപ്പിച്ച ഏതോ ഏടാകൂടത്തിന്റെ ബാക്കിയാണെന്നു കരുതി വീട്ടിൽ ആരും എന്നോടത് പറഞ്ഞില്ല. മുൻപ് ഒരു വിഡിയോ സിനിമയുടെ ഭാഗമായിരുന്ന എന്നെയും സഹകരിപ്പിക്കാനായിരുന്നു കലാരാജന്റെ ഉദ്ദേശ്യം. എല്ലാം അറിഞ്ഞു വന്നപ്പോഴേക്കും വല്ലാതെ വൈകി. എ ങ്കിലും വിവരം അറിഞ്ഞ ഉടനെ കലാരാജനെ ചെന്നുകണ്ടു. ‘താനിത് എവിടാരുന്നെടോ? ഇപ്പം വന്നിട്ടെന്നാ കാര്യം? ഷൂട്ടിങ്ങു തൊടങ്ങീട്ട് മൂന്നു ദൂസവായി’. എന്തെങ്കിലും ഒന്നിന് എന്നെയും കൂട്ടാമോ എന്ന് ഞാൻ കെഞ്ചി. ‘ഇപ്പത്തന്നെ ആളു കൂടുതലാന്നാ പ്രൊഡ്യൂസറ് പറേന്നെ. ഇനി ഒരു രക്ഷേവില്ലെടോ. വെറുതേ വേണവെങ്കി നാളെ രാവിലെ ചോല ഹോട്ടലിന്റെ മിറ്റത്തോട്ട് വാ. അവിടാ ഷൂട്ടിങ്ങ്.’ 

പിറ്റേന്നു രാവിലെ ഞാനവിടെയെത്തുമ്പോൾ സാരിയുടുത്ത ഒരു പെൺകുട്ടി നടന്നു വരുന്ന രംഗം എടുത്തുകൊണ്ടിരിക്കുകയാണ്. ഷൂട്ടിങ് കാണാൻ ആളു കൂടിയിട്ടുണ്ട്. എന്റെ സമയദോഷം ഓർത്ത് സങ്കടത്തോടെ ഒരു മൂലയ്ക്ക് ഞാനും ഒതുങ്ങി നിന്നു. നടിയുടെ അമ്മയാണെന്നു തോന്നുന്നു, ഒരു കൊഴുത്ത സ്ത്രീ ഏതോ ദുർനാറ്റം മണത്ത മുഖഭാവത്തോടെ കാലിന്മേൽ കാൽ വച്ച് കസേരയിൽ ഇരിക്കുന്നു. സിനിമാ സംവിധായകന്മാർ വയ്ക്കുന്ന തരം തൊപ്പി ഒരെണ്ണം കലാരാജൻ സംഘടിപ്പിച്ചിട്ടുണ്ട്. സിനിമാത്തൊപ്പിയും തണുപ്പ് കണ്ണടയും വച്ച മറ്റു ചിലരെയും അവിടെക്കണ്ടു. പെൺകുട്ടിയുടെ അച്ഛനായി അഭിനയിക്കുന്നത് ചതുരംഗപ്പാറയിലെ ഒരു ഏലയ്ക്കാ മുതലാളിയാണ്. ‘മോളേ നീ എവിടെപ്പോയിട്ട് വരുന്നു?’, ‘അപ്പച്ചാ..ഞാൻ പള്ളിയിൽ പോയിട്ട് വരുന്നു’, ‘നന്നായി പ്രാർഥിച്ചോ മോളേ?’, ‘നന്നായി പ്രാർഥിച്ചു അപ്പച്ചാ’. ‘കട്ട്’ പറഞ്ഞ് കലാരാജൻ തിരിഞ്ഞപ്പോൾ ആൾക്കൂട്ടത്തിൽ നിൽക്കുന്ന എന്നെക്കണ്ടു. ഉടനെ ‘ഷാജീ വാടോ’ എന്ന് അടുത്തേക്ക് വിളിച്ചു. തന്റെ സുഹൃത്താണെന്നും ഒരു വിഡിയോ സിനിമയിൽ മുൻപു സഹകരിച്ചിട്ടുള്ള ആളാണെന്നും പറഞ്ഞ് ക്യാമറക്കാരന് എന്നെ പരിചയപ്പെടുത്തിയിട്ട് കലാരാജൻ പോയി.

താൽപര്യത്തോടെ എന്റെ കൈകുലുക്കിയ ക്യാമറക്കാരൻ ‘എന്നാലിതൊന്ന് നോക്കിക്കേ’ എന്ന് അപ്പോൾ എടുത്ത ദൃശ്യം കാണിക്കാൻ ക്യാമറയുടെ വ്യൂ ഫൈൻഡർ എന്റെ നേരെ തിരിച്ചു. ഒരു കണ്ണ് അതിലാഴ്ത്തി നായിക നടന്നു വരുന്ന കറുപ്പ് വെളുപ്പ് കാഴ്ച നോക്കിക്കൊണ്ടിരുന്ന എന്റെ പുറത്ത് ആരോ ശക്തിയിൽ തട്ടുന്നു. ഞെട്ടിത്തിരിയുമ്പോൾ കറുത്ത കണ്ണടയും തലയിൽ സിനിമാത്തൊപ്പിയും വച്ച് ജീൻസും ടീഷർട്ടും ഇട്ട ഉയരം കുറഞ്ഞ ഒരാളാണ്. ‘നീ ആരാടാ? നിനക്കിവിടെ എന്നാ കാര്യം?’ നടിയും അമ്മയും ഷൂട്ടിങ് കാണാൻ വന്നവരും നോക്കി നിൽക്കെ അയാൾ എന്റെ നേരെ ഒച്ചയെടുക്കുന്നു. ക്യാമറക്കാരൻ കാര്യം പറയാൻ ശ്രമിച്ചെങ്കിലും അതൊന്നും കേൾക്കാൻ അയാൾ കൂട്ടാക്കിയില്ല. ‘കണ്ട അണ്ടനും അടകോടനും കേറി വന്ന് എത്തി നോക്കാനൊള്ളതല്ല എന്റെ ക്യാമറായും ഷൂട്ടിങ്ങും’. കലാരാജൻ പറഞ്ഞിട്ടാണ് വന്നതെന്നും ക്യാമറക്കാരൻ വിളിച്ച് കാണിച്ചിട്ടാണ് ക്യാമറയിൽ നോക്കിയതെന്നും ഞാൻ പറഞ്ഞു. ‘അവരൊന്നുവല്ല എന്റെ സെറ്റിൽ കാര്യങ്ങള് തീരുമാനിക്കുന്നെ. ഞാനാ ഈപ്പടത്തിന്റെ പ്രൊഡ്യൂസറ്. ഇവിടെ വന്ന് ഒരുത്തനും അങ്ങനെ ഷൈൻ ചെയ്യാൻ നോക്കണ്ട’. ഒരു തെറ്റും ചെയ്യാതെ ചീത്ത കേൾക്കുകയാണ് ഞാൻ. എന്റെ ആത്മാഭിമാനത്തിന് മുറിവേറ്റു. അവിടെ നിന്ന് ഇറങ്ങിപ്പോകാൻ നോക്കിയ എന്റെ ഉടുപ്പിന് അയാൾ കയറിപ്പിടിച്ചു. ‘ഹാ.. നീ അങ്ങനങ്ങ് പോയാലോ...?’ എന്നെ പിടിച്ചു നിർത്തി അപമാനിക്കാനാണ് പുറപ്പാട്. 

ശബ്ദം കേട്ട് ഓടി വന്ന കലാരാജൻ അയാളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. ഞാൻ പാട്ടുകാരനാണെന്നും മുമ്പൊരു വിഡിയോ സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നും കേട്ടപ്പോൾ പ്രൊഡ്യൂസർ ഒട്ടൊന്നു തണുത്തു. ആ കറുത്ത കണ്ണട ഊരിയപ്പോഴാണ് എനിക്ക് ആളെ മനസ്സിലാകുന്നത്. കലപ്പുര അന്തോനി. ഗൾഫുകാരൻ. അമ്മിണിപ്പേരമ്മയുടെ അയൽപക്കക്കാരൻ. പക്ഷേ, അപമാനംകൊണ്ട് ആകെ വിളറിയ ഞാൻ എന്നെ പരിചയപ്പെടുത്താനൊന്നും നിൽക്കാതെ അവിടെ നിന്ന് ഇറങ്ങി. കലാരാജന്റെ പിൻവിളിക്കും ‘എടോ ഒന്നു നിന്നേ..’ എന്ന അന്തോനിയുടെ ശബ്ദത്തിനും ചെവി കൊടുക്കാതെ ഞാൻ വേഗം അവിടെനിന്ന് നടന്നുമാറി. കുറേ നാൾ കഴിഞ്ഞ് ഒരു ദിവസം ചേമ്പളം കവലയിൽ ബസ്സ് നോക്കി നിൽക്കുമ്പോൾ ഒരു പഴഞ്ചൻ ജീപ്പ് എന്നെ കടന്നുപോയി. പെട്ടെന്ന് അത് പുറകോട്ടെടുത്ത് എന്റെ അരികിൽ വന്നു നിന്നു. അകത്ത് കണ്ണടയും പത്രാസുമൊന്നുമില്ലാതെ വെറും ലുങ്കിയും ഉടുപ്പുമിട്ട കലപ്പുര അന്തോനി. എന്റെ മേലാസകലം വിറഞ്ഞ് കയറി.

‘എഴുകുംവയലിനാണോ? കേറിക്കോ..’ അന്തോനി പറയുന്നു. കേട്ട ഭാവം കാണിക്കാതെ, അയാളെ തിരിഞ്ഞുപോലും നോക്കാതെ ഞാൻ പടിഞ്ഞാട്ട് നോക്കി നിന്നു. ‘വണ്ടിയേക്കേറടോ.. പറേട്ടെ.. താൻ നരിക്കൊഴ അമ്മിണിച്ചേച്ചീടെ അനീത്തീടെ മോനല്ലേ..?’. ‘ആണെങ്കിൽ? ആ നടീടേം തള്ളേടേം മുന്നെ ആളുകളിക്കാൻ വേണ്ടി എന്നെ നാണം കെടുത്തിയപ്പം തനിക്ക് ഇത് തോന്നിയില്ലല്ലോ’ എന്ന് നാക്കിൻതുമ്പത്ത് വന്നെങ്കിലും ഞാൻ മിണ്ടിയില്ല. തിരിഞ്ഞു നോക്കിയുമില്ല. അന്തോനി ജീപ്പ് ഒതുക്കി നിർത്തുന്നു. ഇറങ്ങി വരുന്നു. ഒന്നും സംഭവിക്കാത്തതുപോലെ അടുത്ത് വന്ന് എന്റെ തോളിൽ കയ്യിടുന്നു! ഞാൻ ദുർബലമായി അയാളെ തള്ളി മാറ്റാൻ നോക്കി. ‘ഹാ.. അങ്ങനങ്ങ് പെണങ്ങിയാലോ..? അന്നത്തെ ഒരു മൂഡിൽ അങ്ങനെ ഒരവത്തം പറ്റിപ്പോയതല്ലേ? വാ നമ്മക്കൊരു ഗോൾഡ് സ്പോട്ട് കുടിക്കാം..’

ഗോൾഡ് സ്പോട്ട്! രണ്ടു മൂന്ന് രൂപാ വിലയുള്ള കുപ്പിപ്പാനീയമാണ്. ഹിന്ദി സിനിമയിലെ വമ്പൻ നടിയായ രേഖയൊക്കെ ആയിരുന്നു അതിന്റെ പരസ്യങ്ങളിൽ വന്നിരുന്നത്. ലിവ് ഏ ലിറ്റിൽ ഹോട്ട്, സിപ്പ് ഏ ഗോൾഡ് സ്പോട്ട് എന്നൊക്കെ പാട്ടുകളുള്ള പരസ്യങ്ങൾ സിനിമാ തിയറ്ററുകളിൽ കണ്ടിട്ടുണ്ട്. അതൊന്നു കുടിച്ചുനോക്കാൻ മോഹം തോന്നിയിട്ടുള്ളതാണ്. അന്തോനിയുടെ ഗോൾഡ് സ്പോട്ട് പ്രലോഭനത്തിൽ ഞാൻ വീണുപോയി. മാത്രമല്ല ‘മടങ്ങി വന്നവനെ മടലുകൊണ്ട് അടിക്കരുത്’ എന്നാണല്ലോ നാട്ടുപ്രമാണം. പരിചയമുള്ള ഒരു വീട്ടിലെ പയ്യനെ ആളറിയാതെ ചീത്ത വിളിച്ചതിൽ അയാൾക്ക് മനസ്താപം തോന്നിക്കാണണം. ആ സംഭവം നാട്ടിലും വീട്ടിലും ആരോടും ഞാൻ പറയാഞ്ഞതും അയാളുടെ കുറ്റബോധം കൂട്ടിയിരിക്കണം. ജീപ്പിൽ പോകുമ്പോൾ ആ വിഡിയോ സിനിമ എന്തായി എന്ന് ഞാൻ അന്തോനിയോടു ചോദിച്ചു. ‘ഓ.. അതവമ്മാര് ഒരു മാങ്ങാത്തൊലീം അറിയാമ്മേലാതെ ചെയ്ത ഏർപ്പാടല്ലേ! എല്ലാം കൊളവായി.. അയിന്റെ പൊറകേ നടന്ന് സമേത്ത് ഗെൾഫിലോട്ട് തിരിച്ചു പാനും പറ്റിയില്ല. പണീം പോയി, കയ്യിലിരുന്ന കാശും പോയി. എന്റെ ചെലവില് ഒരു ലീറ്റർ പെട്രോളും കൂടെ മേടിച്ച് ആ ടേപ്പും കോപ്പും എല്ലാങ്കൂടെ കത്തിച്ച് കളഞ്ഞേക്കാൻ ഞാൻ പറഞ്ഞു.’

കട്ടപ്പനയിലെ മാസികക്കടയിൽ പുതിയ സിനിബ്ലിറ്റ്സ്, സ്റ്റാർഡസ്റ്റ്, ഫിലിംഫെയർ, സ്ക്രീൻ എന്നിവയൊക്കെ വന്നു കിടക്കുന്നു. വാങ്ങണം. കടം പറയുന്നതിനും ഒരതിരുണ്ടല്ലൊ. പക്ഷേ, അവിടെ നിന്നുകൊണ്ട് എത്രനേരം മാസികകൾ വായിച്ചാലും കടക്കാരൻ ചേട്ടൻ എതിരു പറയാറില്ല. പതിറ്റാണ്ടുകൾ ഇന്ത്യൻ സിനിമയിലെ ക്ഷോഭിക്കുന്ന യുവത്വമായിരുന്ന അമിതാഭ് ബച്ചന്റെ എല്ലാ സിനിമകളും ഒന്നിനു പുറകെ ഒന്നായി പരാജയപ്പെടുകയാണ്. സിനിമകൾ ഒന്നുമില്ലാതെ വീട്ടിലിരിക്കേണ്ട അവസ്ഥയാണ് അദ്ദേഹത്തിനിപ്പോൾ എന്നെല്ലാം എഴുതിയ ഒരു ലേഖനം നിരാശയോടെ വായിച്ചുകൊണ്ടിരിക്കുമ്പോൾ ജോസുകുട്ടി മാഷ് ആകെ പരിഭ്രമിച്ച് അങ്ങോട്ടോടി വരുന്നു. നെടുങ്കണ്ടത്ത് പ്രേം നസീർ വന്ന ദിവസത്തെ ഗാനമേളയ്ക്കു ശബ്ദം ഒരുക്കിയ അതേ ആൾ. ‘എടോ തന്നെ തപ്പാൻ ഇനി ഒരു സലോം വാക്കിയില്ല. വേഗം വന്ന് വണ്ടിയേക്കേറ്.’ ഇപ്പോൾ പരിഭ്രമം എനിക്കായി. ‘കാര്യം എന്നാ മാഷേ..?’ ‘താംവ്വാ.. പറയാം’. ഞാൻ മാഷിന്റെ കൂടെ ചെന്നു.

ഗാനമേള, ശബ്ദവും വെളിച്ചവും, ഗിറ്റാർ വായന, സംഗീതപ്പള്ളിക്കൂടം എന്നിങ്ങനെ പല ഇടപാടുകൾ ഉള്ള ആളാണ് മാഷ്. അദ്ദേഹത്തിന്റെ ഗാനമേള സംഘത്തിനൊപ്പം ഇടയ്ക്കിടെ ഞാനും പാടാൻ പോകാറുണ്ടായിരുന്നു. ‘എടോ ഇന്നൊരു ഗാനമേളയൊണ്ട്. കൊച്ചിൻ ശ്രീരാഗിന്റെ. ടിക്കറ്റ് പ്രോഗ്രാവാ. വാ പോകാം’. കൊച്ചിൻ ശ്രീരാഗ്! ആ പേര് മുമ്പ് കേട്ടിട്ടില്ല. എങ്കിലുമെന്താ? കൊച്ചീക്കാർ നടത്തുന്ന, ശീട്ടെടുത്ത് കയറേണ്ട ഒരു ഗാനമേള കേൾക്കാൻ എന്നെ തേടിപ്പിടിച്ച് കാറിൽ കയറ്റി കൊണ്ടുപോകുന്നു! എന്തു നല്ല മനുഷ്യൻ. പക്ഷേ, വണ്ടിക്കടുത്ത് ചെന്നപ്പോൾ അതു കാറല്ല! ഒരു വാനാണ്. മുകളിൽ ‘കൊച്ചിൻ ശ്രീരാഗ് ഗാനമേള’ എന്നെഴുതിയ തുണിപ്പതാകയുമുണ്ട്! ഞാൻ സംശയത്തോടെ മാഷെ നോക്കി. ‘കൊച്ചിൻ ശ്രീരാഗ് നമ്മളൊക്കെത്തന്നെയാടോ.. ഞാൻ ജനിച്ചത് എറണാളത്തല്ലേ.. വന്നിരിക്കുന്നോരൊക്കെ എറണാളംകാരാ. തമിഴ് പാടാൻ മാത്രം ആളെക്കിട്ടിയില്ല. താനാ ഇന്ന് തമിഴ് പാടുന്നെ. വേഗം വാനേക്കേറ്.’ 

നല്ല കഥയായി! കോട്ടയം പല്ലവി എന്നും പറഞ്ഞ് പോയതിന് കിട്ടിയ കാതിലെ വണ്ടുമൂളൽ ഇതുവരെ തീർന്നിട്ടില്ല. പാമ്പനാർ ശിവരാത്രി ദുരന്തത്തിന് ശേഷം ഒരു സിനിമാപ്പാട്ട് ഗാനമേളയിലും ഞാൻ പാടിയിട്ടില്ല. എന്റെ പാട്ട് എനിക്ക് തന്നെ സഹിക്കാൻ വയ്യാതായിരിക്കുന്നു. ഇടയ്ക്ക് കുറച്ചുനാൾ റാന്നിയിലുള്ള ഒരു ക്രിസ്തീയ ഗാനമേള സംഘത്തിന്റെ കൂടെ പോയിരുന്നു. പിന്നെ പാട്ട് നിർത്തി. ഇപ്പോഴൊക്കെ ഒന്നു മൂളാറ് പോലുമില്ല. പുതിയ തമിഴ് ഹിന്ദി സിനിമാപ്പാട്ടുകളൊന്നുംതന്നെ എനിക്കറിഞ്ഞു കൂടാ. എങ്കിലും ‘എവിടെയാ മാഷേ ഗാനമേള?’ എന്ന് ഞാൻ ചോദിച്ചു. ‘തൂക്കുപാലത്തൊള്ള പട്ടം കോളനി എക്സൽ തിയറ്ററിലാ. തനിക്ക് ഷൈൻ ചെയ്യാൻ പറ്റിയ സ്റ്റേജാടോ’. സിനിമാ തിയറ്റർ, അതും എക്സൽ എന്നു കേട്ടപ്പോൾ എന്റെ മനസ്സ് ഒന്നിളകി.