പ്രഫ. എൻ. കൃഷ്ണപിള്ള ഒരു ദിവസം ബസിൽ യാത്ര ചെയ്യുകയായിരുന്നു. അടുത്തിരുന്ന കോളജ് വിദ്യാർഥി എന്തോ വായിക്കുന്നത് ശ്രദ്ധിച്ച അദ്ദേഹം അതു വാങ്ങി നോക്കി. ഇരുപത്തിയഞ്ച് വർഷം മുൻപു താൻ ക്ലാസിൽ പറഞ്ഞുകൊടുത്ത നോട്സ് ഒരു വ്യത്യാസവുമില്ലാതെ ആ കുട്ടിയുടെ അധ്യാപകനും പറഞ്ഞു കൊടുത്തിരിക്കുന്നു. അന്നു താൻ ക്ലാസിൽ പറഞ്ഞ അതേ ഫലിതങ്ങൾ മാറിപ്പോവാതെ അവിടിവിടെ എഴുതിപ്പിടിപ്പിക്കുകയും ചെയ്തിരിക്കുന്നു. അധ്യാപകർ മൂന്നു വർഷം കൂടുമ്പോൾ നോട്സ് മാറ്റണമെന്ന് കെ.പി.അപ്പൻ പറഞ്ഞത് നാം മറന്നിട്ടില്ല. എൻ. കൃഷ്ണപിള്ളയുടെ കോളജ് ക്ലാസിലെ നോട്സിന് കാൽനൂറ്റാണ്ടിനപ്പുറവും പ്രസക്തിയുണ്ടെങ്കിൽ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ അതിലുമെത്രയോ കാലം വായനക്കാരുടെ മനസ്സിൽ കൂടുതൽ ശോഭയോടെ വിരാജിക്കുമെന്ന് ചിന്തിച്ചപ്പോഴാണ് ഇക്കാര്യം ഓർമയിലെത്തിയത്. അതുകൊണ്ടുതന്നെയാണ് കൃഷ്ണപിള്ളയെ കണ്ട ഓർമകൾ മൂന്നു ദശാബ്ദം കഴിയാറായിട്ടും ടി.പി.രാജീവന്റെ മനസ്സിൽനിന്നു മായാത്തത്.
കൃഷ്ണപിള്ള എന്നു പറഞ്ഞാൽ നമുക്ക് ഓർമ വരുന്നത് സംഭാഷണങ്ങളാണ്. അത് സി.വി.രാമൻപിള്ളയുടെ ചരിത്രാഖ്യായികകളിലെ സംഭാഷണശൈലികളെക്കുറിച്ചുള്ള, കൃഷ്ണ പിള്ളയുടെ പ്രതിപാത്രം ഭാഷണഭേദം എന്ന കൃതിയുടെ അടയാളപ്പെടുത്തലാവാം. കൃഷ്ണപിള്ളയുടെ നാടകങ്ങളിലും ഉരുളയ്ക്കുപ്പേരിപോലുള്ള സംഭാഷണങ്ങൾക്കുള്ള പ്രാധാന്യം എടുത്തുപറയാതിരിക്കാനാവില്ല. ഇതിനൊക്കെപ്പുറമേ കൃഷ്ണപിള്ള സരസസംഭാഷണപ്രിയനും ആയിരുന്നു. രാജീവന് കൃഷ്ണപിള്ള എന്നു പറഞ്ഞാൽ ഓർമയിലെത്തുന്നതും സംഭാഷണമാണ്. അതു പക്ഷേ അദ്ദേഹവുമായുള്ള അഭിമുഖ സംഭാഷണമാണെന്നു മാത്രം.
രാജീവൻ ഇന്ദ്രപ്രസ്ഥവാസിയായിരുന്ന കാലം. ‘പുറപ്പെട്ടു പോയ വാക്ക്’ എഴുതിയ രാജീവനിൽനിന്ന് അന്നു വാക്ക് പുറപ്പെട്ടത് പക്ഷേ, ഇംഗ്ലിഷിൽ ആയിരുന്നു. രാജീവൻ അന്ന് ‘പാട്രിയറ്റി’ൽ പത്രപ്രവർത്തകനാണ്. ചിദംബരം എന്ന എഡിറ്റർക്കാണ് ഞായറാഴ്ചപ്പതിപ്പിന്റെ ചുമതല. നാഗർകോവിലിനടുത്താണ് ചിദംബരത്തിന്റെ സ്വദേശം. മലയാള പുസ്തകങ്ങൾ ചിദംബരത്തിന് സുപരിചിതം. നല്ല വായനയുണ്ട്. അക്കാലത്താണ് പ്രതിപാത്രം ഭാഷണ ഭേദം എന്ന കൃതിക്ക് കൃഷ്ണപിള്ളയ്ക്ക് കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ് കിട്ടുന്നത്. ഏതായാലും അവാർഡ് വാങ്ങാൻ കൃഷ്ണപിള്ള ഡൽഹിയിൽ വരുന്നുണ്ട് എന്നറിഞ്ഞ് ചിദംബരം രാജീവനോട് പറഞ്ഞു, അദ്ദേഹവുമായി സവിസ്തരം ഒരഭിമുഖസംഭാഷണം നടത്തണമെന്ന്. അങ്ങനെ നേരത്തെ സമ്മതം വാങ്ങിയപ്രകാരം രാജീവൻ കൃഷ്ണപിള്ളയുമായി അഭിമുഖം നടത്തി കേരളഹൗസിൽ വച്ച്. പാട്രിയറ്റിന്റെ ഞായറാഴ്ചപ്പതിപ്പിലേക്ക്
കേരള ഹൗസിലിരുന്ന് ‘കേരള ഇബ്സൻ’ വളരെ ഊർജസ്വലനായി ചോദ്യങ്ങൾക്കു മറുപടി പറഞ്ഞു. നോവലിസ്റ്റിന്റെ ഭാഷാശൈലിയിലാവില്ല കഥാപാത്രം സംസാരിക്കുക എന്നതിനെക്കുറിച്ചൊക്കെ അദ്ദേഹം വിശദമായി സംസാരിച്ചു. അഭിമുഖം കഴിഞ്ഞപ്പോൾ കൃഷ്ണപിള്ള രാജീവനെ രണ്ടു കാര്യങ്ങളാണ് ഏൽപിച്ചത്. അഭിമുഖം അച്ചടിച്ചു വരുന്ന ദിവസം നേരത്തെ അറിയിക്കണം. രണ്ട്, അതിന്റെ ഒരു കോപ്പി അയച്ചു തരണം. തൊട്ടടുത്ത ഞായറാഴ്ച തന്നെ അഭിമുഖം കൊടുക്കാമെന്നു ചിദംബരം പറഞ്ഞെങ്കിലും രാജീവന് അതിനകം അതെഴുതി നൽകാനായില്ല. പിന്നീടുള്ള ഞായറാഴ്ചത്തെ പത്രത്തിൽ അതു ഗംഭീരമായി അച്ചടിച്ചു വന്ന വിവരം പറയാൻ രാജീവൻ കൃഷ്ണപിള്ളയെ ഫോൺ വിളിച്ചു. പക്ഷേ മറുതലയ്ക്കൽ ഒരാൾ ഫോൺ എടുത്ത പാടെ വിവരം പറഞ്ഞു, ആ സംഭാഷണം ഇനിയില്ല എന്ന്.
പാണ്ഡവന്മാർ അഞ്ചും ചേർന്ന ഒരപൂർവ പുരുഷൻ എന്ന് ബബ്ബലാപുരത്തിലെ അജിതസിംഹനെക്കുറിച്ച് രാമരാജബഹദൂറിൽ സി.വി.രാമൻപിള്ള എഴുതി. നാടകകൃത്ത്, അധ്യാപകൻ, പണ്ഡിതൻ, സാഹിത്യചരിത്രകാരൻ, നിരൂപകൻ, ബാലസാഹിത്യകാരൻ എന്നിങ്ങനെ അനേക വിശേഷണങ്ങൾ ചേർന്ന അപൂർവപുരുഷനായിരുന്നു കൃഷ്ണപിള്ള. നാടകത്തിനോട് കൃഷ്ണപിള്ള അത്രയും ചേർന്ന് ജീവിച്ചതുകൊണ്ടാവാം ആ അഭിമുഖത്തിന്റെ അവസാനം ഇത്രയും നാടകീയമായത്.
Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം