കുറച്ചു വർഷങ്ങൾക്കു മുൻപ്, ഡിഗ്രിക്കാലത്താണ് അടുപ്പിച്ച് കുറച്ചുദിവസം ആശുപത്രിയിൽ കഴിയേണ്ടി വന്നത്.
മഴക്കാലമായിരുന്നു. സുഖമില്ലാതായ ചാച്ചന്(അപ്പന്റെ അപ്പൻ) കൂട്ടിരിക്കാനാണ് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെത്തുന്നത്. ഡെറ്റോളിന്റെയു സ്പിരിറ്റിന്റെയും ഗാഢഗന്ധം വമിക്കുന്ന പുരുഷവാർഡിൽ കട്ടിലുകളെല്ലാം നിറഞ്ഞിരുന്നു. അന്നെനിക്ക് മൊബൈൽ ഫോണൊന്നുമില്ല. പെട്ടെന്നെന്നതേലും അത്യവാശ്യം വന്നാൽ വിളിക്കാൻവേണ്ടി അപ്പൻ മൊബൈൽ തന്നിട്ടുണ്ട്. ആശുപത്രികളിലെ കൂട്ടിരിപ്പുകാരേക്കാൾ ഏകാന്തത അനുഭവിക്കുന്ന മറ്റാരും ഇൗ ഭൂമിയിലുണ്ടാവില്ലെന്ന് തോന്നിയ ദിവസങ്ങളായിരുന്നു, അത്. ചടങ്ങു തീർക്കാനെന്നോണം രാവിലെയെത്തി പരിശോധിച്ചിട്ടു പോകുന്ന ഡോക്ടർ, എന്തുപറ്റിയതാ, കഷ്ടമായിപ്പോയി- തുടങ്ങിയ പായാരം പറച്ചിലുകൾ; ഒന്നും ചെയ്യാനില്ലാത്തതിനാൽ, കൂടുകയറാൻ പറന്നുപോകുന്ന പക്ഷികളെ നോക്കി ഞാൻ ബാൽക്കണിയിൽ നിന്നു. ചാച്ചൻ മരിച്ചുപോയിരുന്നെങ്കിൽ പെട്ടെന്ന് തിരിച്ചുപോകാമായിരുന്നെന്ന് ഞാൻ ചിന്തിച്ചു. ഇത്രയും ദുഷ്ടത്തരം ഉള്ളിലുണ്ടോയെന്ന് ഒാർത്തപ്പോൾ കുറ്റബോധത്തോടെ തല കുനിച്ചു. എന്തോ, ചാരത്തിന്റെ നിറമായിരുന്നു, ആ ദിവസങ്ങൾക്ക്.
അന്നു രാത്രി, മരുന്നിന്റെ ക്ഷീണത്തിൽ രോഗികളെല്ലാം ഉറങ്ങിക്കഴിഞ്ഞപ്പോഴാണ് അടുത്ത കട്ടിലിലെ സംസാരങ്ങളിലേക്ക് ഞാനും ചെന്നു കയറിയത്. അവരും ഏറെക്കുറെ എന്റെ പ്രായമായിരുന്നു. കുറച്ചു കമ്പനിയായിക്കഴിഞ്ഞപ്പോൾ അക്കൂട്ടത്തിലെ മുതിർന്ന ചങ്ങാതി എന്നോട് ചോദിച്ചു: ' പ്രണയമുണ്ടോ?'.
വളരേ വിഖ്യാതമായൊരു സ്ത്രീ വിരുദ്ധ ഡയലോഗായിരുന്നു, എന്റെ കൗണ്ടർ: 'ചായ കുടിക്കാൻ എന്നാത്തിനാ ചേട്ടാ ചായക്കട?.'
പിന്നീട് അയാൾ കുറച്ച് 'ചായകുടി'ക്കഥകൾ എന്നോടു പറഞ്ഞു. ചിലതിൽ ചിരിവന്നു. ചിലതിൽ അയാളോട് ദേഷ്യംതോന്നി. ചിലത് കൊതിപ്പിച്ചു. പലരും പല കഥകൾ പറഞ്ഞു. കഥപറയുന്ന കാര്യത്തിൽ വാശിയുള്ളതുകൊണ്ട് നാലഞ്ചെണ്ണം ഞാനും തട്ടിവിട്ടു. എനിക്കന്ന് മീശ കിളുത്തുവരുന്ന പരുവമാണ്. മുപ്പതിനോടടുത്തിട്ടും ഒന്നും ശരിയായിട്ടില്ലാത്ത ഒരാൾ- അയാളുടെ വലിയ കണ്ണുകളിൽ സ്ഥിരമായി വിഷാദമായിരുന്നു- നീയാളു കൊള്ളാമെല്ലോടാ എന്നൊരർഥത്തിൽ എന്നെ നോക്കി.
പിന്നെ, ഒരനുഭവം പറഞ്ഞു. കണ്ണൂർ ജില്ലയുടെ ഏറ്റവും ദുരിതംപിടിച്ച കുന്നിൻപ്രദേശത്താണ് അയാളുടെ വീട്. ഇടവിട്ടിടവിട്ട മലകളും തോടുകളുമുള്ള ഇടം. വീടുകൾക്കിടയിൽ അനേകം ഏക്കറുകളുടെ ശൂന്യത. അയൽപക്കത്തുള്ള ഒരാൾ ചെറുപ്പക്കാരിയായ ഒരു പെൺകുട്ടിയെ കല്യാണം കഴിച്ചു. അയാൾ അനാഥനാണ്. പക്ഷേ, മരിക്കുന്ന കാലത്തുതന്നെ അപ്പനമ്മമാർ ആവശ്യത്തിന് സമ്പാദിച്ചിട്ടിട്ടുണ്ടായിരുന്നു. കുന്നിൻപ്രദേശങ്ങിൽ ജീവിക്കുന്നവർ ഉപയോഗിക്കുന്ന കുരങ്ങൻ ഗിയറുള്ള ജീപ്പൊക്കെയുണ്ട്. വിശാലമായ പറമ്പിലിട്ട് വാറ്റൊക്കെ കാച്ചി, വെടിയിറച്ചിയും തൊട്ട് തിന്ന് നടന്നിരുന്നയാൾ പെട്ടെന്ന് കല്യാണം കഴിച്ചപ്പോഴുണ്ടാകുന്ന പ്രയാസങ്ങൾ അയാളെയും അലട്ടി. സുഹൃത്തുക്കളുടെ സമ്മർദവും.
ഒരു രാത്രി, നന്നായി മദ്യപിച്ചശേഷം വീട്ടിലെത്തിയ ചെറുപ്പക്കാരൻ കൂട്ടുകാരനെ ഭാര്യയുടെ മുറിയിലേക്ക് വിട്ടു. കുന്നിൻ ചെരുവിൽ അവളുടെ നിലവിളി ആരും കേട്ടില്ല. പിറ്റേന്ന് അയാൾക്കൊപ്പം ചെന്നത് മറ്റൊരു കൂട്ടുകാരനായിരുന്നു. അന്നും അവളുടെ നിലവിളി ആരും കേട്ടില്ല. അതിന്റെ പിറ്റേന്നും ഇതാവർത്തിച്ചു. ദിവസങ്ങൾ പിന്നെയും കടന്നുപോയി. ആദ്യം ഒാരോരുത്തരായിരുന്നു, മുറിയിൽ എത്തിയിരുന്നതെങ്കിൽ പിന്നെയത് രണ്ടും മൂന്നുംപേർ ഒരുമിച്ചായി. സങ്കൽപ്പിക്കുക- തൊണ്ണൂറുകളുടെ അവസാനമാണ്. കേരളത്തിലെ ഒരുൾനാടൻ ഗ്രാമം. കുന്നിൻചെരിവ്. അകലത്തിലുള്ള വീടുകൾ. നിസഹായായ ആ പെൺകുട്ടി എങ്ങനെ ചെറുത്തുനിൽക്കാനാണ്?.
സഹികെട്ട പരുവത്തിലായ ഒരു ദിവസം രാത്രി, അവൾ വീട്ടിൽനിന്ന് ഇറങ്ങിയോടി. കിടപ്പറയിലുണ്ടായിരുന്നവർ പിന്നാലെയും. അവൾക്ക് വസ്ത്രങ്ങളുണ്ടായിരുന്നില്ല. വഴിയിലെങ്ങും അവളെ കാണാതായതോടെ അവർ ജീപ്പെടുത്തു. ജീപ്പുവെട്ടത്തിൽ രാത്രി മുഴുവൻ അവർ അവളെ തിരഞ്ഞു. കുന്നിൻചെരുവിൽ താമസിക്കുന്നവരാരും ആ പെൺകുട്ടിയെ കണ്ടിട്ടില്ല.
എന്നോടിതു പറയുമ്പോൾ അയാളുടെ കണ്ണുകൾ അസാമാന്യമാംവിധം മുഴച്ചിരുന്നു. ഇൗ സംഭവം നടക്കുമ്പോൾ അയാൾക്ക് എന്റെ അന്നത്തെ പ്രായമായിരുന്നു; ഇരുപതോ, ഇരുപത്തൊന്നോ. നേരിട്ടു കണ്ടില്ലെങ്കിലും ആ രംഗം മനസിൽനിന്ന് മാഞ്ഞുപോകുന്നേയില്ലെന്ന് അയാൾ പരാതിപ്പെട്ടു; രാത്രി- കുന്നിൻചെരുവിലൂടെ നിലവിളിച്ചുകൊണ്ടോടുന്ന, ഉടുപ്പുകളില്ലാത്ത പെൺകുട്ടി- പിന്നാലെ മഞ്ഞവെട്ടം തെളിച്ചു പായുന്ന ജീപ്പ്.
അത്രയും നേരം പറഞ്ഞ 'പെൺവേട്ട'ക്കഥകളുടെ മുഴുവൻ ആവേശവും ചോർന്നുപോയ ഭാവത്തിൽ എല്ലാവരും അയാളെ നോക്കി.
അയാൾ പറഞ്ഞു: അവളെ കാണുമ്പോൾ എനിക്ക് കന്യാമറിയത്തെ ഒാർമവരുമായിരുന്നു.
ഞാൻ കട്ടിലിലേക്കു മടങ്ങി. ആ പെൺകുട്ടിക്ക് എന്ത് സംഭവിച്ചിട്ടുണ്ടാകും?. ഇപ്പോൾ പോലും ഒരു സമയം കഴിഞ്ഞാൽ ബസ് ഒാടാത്ത റൂട്ടിൽ അവൾ എങ്ങനെ രാത്രിയെ അതിജീവിച്ചിട്ടുണ്ടാകും?. പിറ്റേന്ന് മുതൽ ഞാനയാളെ കണ്ടിട്ടില്ല. മൊബൈൽ നമ്പറോ, പേരോ കുറിച്ചുവെക്കാമായിരുന്നെന്ന് പിന്നീട് പലപ്പോഴും തോന്നി. വർഷങ്ങൾക്കുശേഷം 'അരിവാൾ ചുറ്റിക നക്ഷത്രം' എന്ന കഥയെഴുതുമ്പോഴാണ് ആ രാത്രി ഒാർമയിൽവന്നത്. കഥയിലെ താരയെ അന്നത്തെ പെൺകുട്ടിയായി സങ്കൽപ്പിച്ചു. പാവംപിടിച്ച നാട്ടിൻപുറത്തുകാരി പെണ്ണിന് ചെയ്യാൻ പറ്റാതെപോയ പ്രതികാരം താരയെക്കൊണ്ട് ചെയ്യിച്ചു. എന്നിട്ടും ഉള്ളിന്റെയുള്ളിൽ എവിടെയോ, ഒരുതരിമ്പ് കുറ്റബോധം ഞാനുൾപ്പെടെയുള്ള എല്ലാ ആൺസിംഹങ്ങളുടെയും പേരിൽ ഇപ്പോഴും പേറുന്നുണ്ട്.
മരണംവരെ നമുക്ക് അറിയാൻ സാധിക്കാത്ത ഒരുപാട് കാര്യങ്ങൾ ഭൂമിയിലുണ്ടാകുമല്ലോ. അവയെക്കുറിച്ച് ആലോചിക്കുന്ന കൂട്ടത്തിൽ ഏകാന്തമായ രാത്രിയാത്രകളിൽ ഞാനവളെ ഒാർക്കാറുണ്ട്; അവളുടെ ബാക്കിജീവിതം എങ്ങനെയായിരുന്നിരിക്കുമെന്ന് ചിന്തിക്കാറുണ്ട്; അവൾ ആത്മഹത്യ ചെയ്തതായോ, കൊല്ലപ്പെട്ടതായോ ആലോചിക്കാറേയില്ല. കാരണം, എല്ലാ ഇരുട്ടുകൾക്കപ്പുറത്തുമുള്ള ശുഭാപ്തിവിശ്വാസത്തിന്റെ കുന്നിൻചെരുവിലാണ് ഞാൻ ജീവിക്കുന്നത്. ദൈവമേ, ജീവിതത്തെ പൂരിപ്പിക്കാൻ കഥയില്ലായിരുന്നെങ്കിൽ എന്തു ചെയ്തേനെ?.
Read More Articles on Malayalam Literature & Books to Read in Malayalam