അത്യന്തം ദുഃഖപൂര്‍ണമാണാ രംഗം.
മരിക്കാന്‍ കിടക്കുന്നു മുത്തശ്ശി. വേണ്ടപ്പെട്ടവര്‍ ചുറ്റും നോക്കിയിരിക്കുന്നു. ദൂരെ ജോലി ചെയ്യുന്ന മക്കളും ചെറുമക്കളും പോലും വന്നുകഴിഞ്ഞു. പ്രിയപ്പെട്ട മുത്തശ്ശിക്കു വിട ചൊല്ലാന്‍. കരച്ചില്‍ ഉച്ചത്തിലാകുകയാണ്. മലയായില്‍നിന്നെത്തിയ പുത്രി കേള്‍ക്കുന്നവരെപ്പോലും കരയിപ്പിക്കുന്ന സ്വരത്തില്‍ വിളിച്ചുകൂവുന്നു... പ്രിയമമ്മീ....
കണ്ണു തുറക്കാന്‍ മമ്മിയോടു വിളിച്ചുകേഴുകയാണവര്‍.
കൊച്ചുമക്കളും ചുറ്റുംകൂടി കരയുന്നു.. ഗ്രാന്‍ മമ്മീ.. ഡിയര്‍ മമ്മീ....
കരച്ചില്‍ കേട്ട് ചുറ്റും കൂടിയവരുടെയും ഉള്ളം ഉരുകി കണ്ണീരായി ഒലിച്ചിറങ്ങി... അവരും വിളിച്ചു.. മമ്മീ... മമ്മീ..
നാലഞ്ചു നാളായി ഒറ്റക്കിടപ്പായിരുന്നു മുത്തശ്ശി. കണ്ണുപോലും തുറക്കുന്നില്ല. ഒടുവില്‍ മക്കളുടെയും ചെറുമക്കളുടെയും മമ്മീ എന്നു വിളിച്ചുള്ള കരച്ചില്‍ ഉച്ചസ്ഥായിയില്‍ ആയപ്പോള്‍ മുത്തശ്ശിയുടെ കണ്ണുകള്‍ അനങ്ങുന്നു; യമരാജന്റെ സൗജന്യം പോലെ. ആരോ കുറച്ചു വെള്ളം കൊടുത്തു. മുത്തശ്ശിക്കെന്തോ പറയാനുണ്ട്. ആ ചുണ്ടുകള്‍ അനങ്ങുന്നു.
അവസാനത്തെ ആഗ്രഹം എന്തെങ്കിലുമുണ്ടെങ്കില്‍ പറയൂ പ്രിയ മമ്മീ..... മക്കള്‍ വീണ്ടും കരച്ചിലായി.
കരയുന്ന ജനങ്ങളുടെ നടുവില്‍ കിടക്കുന്ന, മരണം നൃത്തം വയ്ക്കുന്ന ചുണ്ടുകള്‍ ഒടുവില്‍ ശബ്ദിച്ചു:
‘അമ്മ’യെന്നൊരു വാക്കു വിളിക്കുന്നതു കേട്ടു
ജന്‍മമൊന്നൊടുങ്ങുവാന്‍ മക്കളേ കൊതിപ്പു ഞാന്‍.
അന്തിമാശയുടെ സാഫല്യം പോലെ മാതൃഭാഷയില്‍ അമ്മയെന്ന വാക്ക് ജീവനിട്ടുയരുമ്പോള്‍, അമ്മയുടെ കണ്ണുകളടഞ്ഞു. ഉണ്‍മ മുറ്റിയ ദേഹം ‘ മമ്മി’ പോലെ നിശ്ഛലവും നിശ്ഛേതനവുമായി.
കേരളത്തിന്റെ സര്‍വമേഖലകളിലും ഇംഗ്ലിഷ് ഭാഷ പിടിമുറുക്കിയ ഘട്ടത്തിലാണ് ചെമ്മനം ചാക്കോ ‘മമ്മി’ എന്ന കവിതയെഴുതുന്നത്. മലയാളത്തിനുവേണ്ടി കേരളത്തിലെ മിക്ക കവികളും കവിതകളെഴുതിയിട്ടുണ്ടെങ്കിലും അവയില്‍ ഏറ്റവും ശക്തവും തീക്ഷ്ണവും ഇന്നും ചെമ്മനത്തിന്റെ മമ്മി തന്നെ. മലയാളമെന്ന വാക്ക് ഉപയോഗിക്കാതെ, മാതൃഭാഷയെക്കുറിച്ച് വാചാലനാകാതെ, അമ്മയെന്ന ഒരൊറ്റവാക്കില്‍ സ്വന്തം ഭാഷയുടെ കരുത്തും ശക്തിയും അനുഭവിപ്പിച്ചു അദ്ദേഹം. വ്യാഖ്യാതാവിന്റെയോ നിരൂപകന്റെയോ സഹായമില്ലാതെ വായനക്കാരുടെ ഹൃദയത്തിലേക്കു നേരിട്ടു പ്രവേശിച്ച കവിത. വായിക്കുന്നവര്‍ അവര്‍ പോലുമറിയാതെ മനഃപാഠമാക്കുന്ന കവിത. ഒരൊറ്റവായനയില്‍ നെഞ്ചോടു ചേര്‍ക്കുന്ന ആശയം. നൂറുകണക്കിനു കവികളുണ്ടെങ്കിലും അവരുടെയിടയില്‍ ചെമ്മനം വേറിട്ടു നിൽക്കുന്നത് ഈ സവിശേഷതകള്‍ കൊണ്ടുതന്നെയാണ്.
കവിയെക്കുറിച്ചും കവിതയെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു ചെമ്മനം ചാക്കോ എന്ന മലയാളത്തിന്റെ പ്രിയകവിക്ക്.
വിമര്‍ശനഹാസ്യമായിരുന്നു ചെമ്മനത്തിന്റെ തട്ടകം. സറ്റയറിന് അദ്ദേഹം കൊടുത്ത മൊഴിമാറ്റമായിരുന്നു വിമര്‍ശനഹാസ്യം എന്ന വാക്ക്.
ആധുനികതയുടെ ഉച്ചസൂര്യന്‍ ജ്വലിച്ചുനിന്ന കാലമായിരുന്നു ചെമ്മനത്തിന്റെയും സുവര്‍ണകാലഘട്ടം. കവിത ജീവിതത്തില്‍നിന്ന് അകന്നുപോയ കാലഘട്ടം. നാലോ അഞ്ചോ വാക്കുകള്‍ എഴുതിവച്ചാലും കവിതയാകും എന്നു ധരിച്ച് കവികളായി മേനി പറഞ്ഞു നടന്നവരുടെ കാലം. വൃത്തം പാലിച്ചും താളം നിലനിര്‍ത്തിയും അര്‍ഥം വ്യക്തമാക്കിയും ആശയസമ്പുഷ്ടമായ കവിതകളിലൂടെ കവിയരങ്ങുകളില്‍ ചെമ്മനം ഒറ്റയ്ക്കൊരു യുദ്ധം നയിച്ചു. വിമര്‍ശനഹാസ്യത്തിന് താനേയുള്ളു എന്ന വ്യക്തമായ ബോധത്തോടെ. കര്‍മത്തില്‍ വിശ്വസിച്ചും കര്‍മഫലത്തെക്കുറിച്ച് വ്യാകുലപ്പെടാതെയും കവികര്‍മം സാഫല്യത്തിലെത്തിച്ച ആധുനിക മലയാളത്തിന്റെ കുഞ്ചന്‍ നമ്പ്യാര്‍.
ഓരോ മരണവും നഷ്ടം തന്നെയാണ്. പക്ഷേ, ചെമ്മനത്തിന്റെ നഷ്ടം മലയാളത്തില്‍ സൃഷ്ടിക്കുന്ന ശൂന്യത നികത്താന്‍ ആര്‍ക്ക് എന്ന് കഴിയും എന്ന ചോദ്യത്തിന് ഉത്തരമില്ല. അതുതന്നെയാണ് ചെമ്മനം ചാക്കോ എന്ന കവിയുടെ മഹത്വവും.
Read More Articles on Malayalam Literature & Books to Read in Malayalam