നയ്യാർ; തുറുങ്കുകൾ ഭേദിച്ച ധീരത

കുൽദീപ് നയ്യാർ

ഭരണകൂടത്തിന്റെ പ്രമുഖശത്രുപക്ഷത്തുണ്ട് പേന; പ്രത്യേകിച്ചും കരുത്തുറ്റ, നിർഭയം ചലിക്കുന്ന പേന. ജനാധിപത്യഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ആദ്യം തടലവിലാക്കപ്പെട്ടതും പേന തന്നെ. വാളിനേക്കാൾ മൂർച്ചയേറിയ പേനയുടെ ഉടമ കുൽദീപ് നയ്യാർ. ഇപ്പോഴത്തെ പാക്കിസ്ഥാനിലുള്ള സിയാൽകോട്ടിൽ ജനിച്ച കുൽദീപിന്റെ പേനയെ ഭയപ്പെട്ടവരിൽ പരമാധികാരം കാംക്ഷിച്ച ഭരണകർത്താക്കളുണ്ട്, സ്ഥാപിതതാൽപര്യക്കാരുണ്ട്. കഷ്ടപ്പെട്ടുനേടിയ സ്വാതന്ത്ര്യത്തെ വിറ്റ് അഴിമതിയും സ്വജനപക്ഷപാതവും മുഖ്യഅജണ്ടയാക്കിയ ദുഷ്പ്രഭുക്കളുണ്ട്. അവർ നയ്യാരെ തടവിലാക്കി. അദ്ദേഹത്തിന്റെ പേനയുടെ ചലനസ്വാതന്ത്ര്യം നിഷേധിച്ചു. സത്യം പറയുന്ന നാക്ക് കെട്ടിയിട്ടു. പക്ഷേ, വരികൾക്കിടയിൽ അർഥം ഒളിപ്പിച്ചുവച്ചും വാക്കുകൾക്ക് അധികം ശക്തി നൽകിയും പ്രതിരോധ ആശയങ്ങൾക്കു വ്യക്തത നൽകിയും നയ്യാർ തുറുങ്ക് ഭേദിച്ച ധീരതയായി. മനുഷ്യപക്ഷ പത്രപ്രവർത്തനത്തിന്റെ കൊടിയടയാളമായി. ഭീരുകൾക്കിടയിലെ ധീരനായി. 

ധീരൻമാരാണെന്ന് അവകാശപ്പെടുന്നവർ ഏറെപ്പേരുണ്ട്. ധീരത ജീവൻ നഷ്ടമാക്കുമെന്ന ഘട്ടത്തിൽ അവർ മൗനത്തിന്റെ വാൽമീകത്തിൽ അഭയം തേടും. കുൽദീപ് നയ്യാർ എന്ന പത്രപ്രവർത്തകൻ ധീരനാണെന്ന് അവകാശപ്പെട്ടിട്ടില്ല. വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും തെളിയിച്ചിട്ടേയുള്ളൂ. അതുകൊണ്ടുതന്നെ നയ്യാരുടെ വിയോഗം സൃഷ്ടിക്കുന്ന ശൂന്യതയ്ക്ക് ആഴമുണ്ട്. ആ ശൂന്യത ആരു നികത്തുമെന്ന ആശങ്കയുമുണ്ട്. മണ്ണിനടിയിൽ വീണുകിടക്കുന്ന വിത്തുകൾ മഴയിൽ മുളപൊട്ടുന്നതുപോലെ നയ്യാരുടെ വാക്കുകളിൽനിന്ന് ഊർജം സംഭരിച്ച് ധീരതയുടെ ശബ്ദം നാളെ ഉയരാം. അതു കേൾക്കാൻ ഏറെ കൊതിച്ച ആളുടെ അഭാവത്തിലും. 

അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങളുടെ ഓർമയിലൂടെ രാജ്യം കടന്നുപോയി; മൂന്നുവർഷം മുമ്പു ജൂൺ 26 ന്. ജനാധിപത്യത്തെ കരിവാരിത്തേച്ച ദിവസങ്ങളുടെ 40–ാം വർഷത്തിൽ. കുൽദീപ് നയ്യാർ എന്ന പത്രപ്രവർത്തകൻ ആ ദിവസങ്ങളിൽ പുറത്തുവന്ന തന്റെ പ്രശസ്ത കോളത്തിൽ  അടിയന്തരാവസ്ഥയെ ഓർമിച്ചില്ല. പകരം ആ ദിനങ്ങളിൽ താൻ പഠിച്ചതു പുതിയ തലമുറയ്ക്കു പകർന്നുതന്നു. 

അടിയന്തരാവസ്ഥയെക്കുറിച്ച് ഓർമിക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം എത്തുന്നത് അന്നു നിലവിലിരുന്ന ഭയത്തിന്റെ അന്തരീക്ഷം. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സംരക്ഷണയിൽ ഭരണഘടനാ ബാഹ്യശക്തിയായി പ്രവർത്തിച്ച സഞ്ജയ് ഗാന്ധിയായിരുന്നു ഭയത്തിന്റെ ഉറവിടം. കഠിനപോരാട്ടത്തിലൂടെ കരുത്തുറ്റ ബ്രിട്ടിഷ് ഭരണാധികാരികളെ പുറത്താക്കിയ ഒരു രാജ്യം നിശ്ശബ്ദരായി ഇരുട്ടിലൂടെ ഇഴഞ്ഞു. പ്രതിഷേധത്തിന്റെ സൂചന പോലും എങ്ങുമുയർന്നില്ല. മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടിട്ടും ആരും പരാതി പറഞ്ഞില്ല. ഭയത്തിന്റെ പുതപ്പിൽ സുഖനിദ്ര. 

പത്രസ്വാതന്ത്ര്യം കടംകഥയായായ ആ കാലത്ത് എങ്ങനെ പ്രവർത്തിക്കണമെന്നും ജീവിക്കണമെന്നും കാണിച്ചുതന്ന വ്യക്തിയാണു കുൽദീപ് നയ്യാർ. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു എന്നതിനേക്കാളേറെ അതിനെ അംഗീകരിച്ച് ആ അടിമത്വത്തിന്റെ നുകത്തിനുകീഴിൽ സന്തോഷം കണ്ടെത്തിയ ജനതയെക്കുറിച്ച് നാലു പതിറ്റാണ്ടിനുശേഷവും അത്ഭുതപ്പെട്ട മനസ്സിന്റെ ഉടമ. എതിർക്കാനുള്ള അവകാശത്തിനുവേണ്ടി അവസാനനിമിഷം വരെ അദ്ദേഹം പോരാടി. വിമർശിക്കാനുള്ള ധൈര്യം അന്ത്യനിമിഷങ്ങളിലും കൈമോശം വരാതെ സൂക്ഷിച്ചു. ബിറ്റ്‍വീൻ ദ് ലൈൻസ് എന്ന പേരിൽ പ്രശസ്തമായ കോളത്തിലൂടെ സ്വതന്ത്രചിന്തയുടെ ജ്വാല പടർത്തി.