'കലയിൽ സംഭവിക്കുന്ന ഭൂകമ്പങ്ങൾ ആദ്യം തിരിച്ചറിയുന്നത് സാധാരണക്കാർ'

എ.ആർ. റഹ്മാൻ, മനോജ് കുറൂർ

കലയിൽ സംഭവിക്കുന്ന ചില ഭൂകമ്പങ്ങൾ ആദ്യം തിരിച്ചറിയുന്നത് നിരൂപകരല്ല, സാധാരണക്കാരാണ്. 'ഉർവസീ ഉർവസീ' എന്ന പാട്ട് ഒന്നു കണ്ടു/കേട്ടു നോക്കൂ. എ. ആർ. റഹ്മാന്റെ സംഗീതം, പ്രഭുദേവയുടെ നൃത്തം, വൈരമുത്തുവിന്റെ വരികൾ. ഷങ്കറിന്റെ സംവിധാനം. ഈ പാട്ടു വന്ന കാലത്ത് റഹ്മാന്റെ 'അടിപൊളി' സംഗീതത്തോടും പ്രഭുദേവയുടെ നൃത്തത്തോടുമൊക്കെ കലാചർച്ചകളിലുണ്ടായ പ്രതികരണങ്ങൾ ഓർക്കുന്നു. സംഗീതസംസ്കാരമൊക്കെ തകർന്നു തരിപ്പണമാകുന്നുവെന്നും വായിൽ വരുന്നപോലെയുള്ള വരികളും 

യന്ത്രസഹായത്തോടെയുള്ള സംഗീതവും തോന്നിവാസം എന്നു വിളിക്കാവുന്ന നൃത്തവുമൊക്കെയാണ് ആ പാട്ടിലുള്ളതെന്നായിരുന്നു പൊതുവേയുള്ള വിമർശനങ്ങൾ. ഒരുപക്ഷേ അന്നു ക്ലാസ്സിക്കൽ സംഗീതത്തെക്കുറിച്ച് ഏറെ എഴുതാറുണ്ടായിരുന്ന മധു വാസുദേവൻ Madhu Vasudevan മാത്രമാണ് റഹ്മാന്റെ സംഗീതത്തെ ആവേശപൂർവ്വം സ്വീകരിച്ച ഒരു സംഗീതനിരൂപകൻ എന്നുമോർക്കുന്നു. അതൊഴികെ ആ സംഗീതത്തെ ഉള്ളിലേക്കെടുത്ത് ആഘോഷിച്ചത് സാധാരണ കേൾവിക്കാരാണ്.

'ഉർവസീ ഉർവസീ' എന്ന പാട്ടിൽ പ്രഭുദേവ.

ആ പാട്ട് ഞാൻ പതിവായി കേൾക്കാറുണ്ട്. ചെറുപ്പത്തിന്റെ തിളപ്പും ചൊടിയും കളിമട്ടും ഒക്കെ ഇടകലർന്ന വരികൾ. അതിനിണങ്ങുന്ന സംഗീതവും നൃത്തവും ദൃശ്യവിന്യാസവും. റഹ്മാന്റെ ഓർക്കസ്ട്രയിലെ rhythmic syncopation (താളത്തിന്റെ അപ്രതീക്ഷിതസ്ഥാനങ്ങളിലുള്ള ശബ്ദവിന്യാസം) എടുത്തു പറയേണ്ടതാണ്. എല്ലുകൾ പോലും റബർക്കുഴൽ പോലെ വഴങ്ങുന്ന പ്രഭുദേവയുടെ ഉടൽ അതിനെ ഉള്ളിലും പുറത്തും ആവേശിക്കുന്നു. പില വരികൾ കേൾക്കുമ്പോൾ ഒരു കുസൃതി തോന്നും. ചില വരികൾ പൊട്ടിച്ചിരിപ്പിക്കും. പക്ഷേ ചില വരികളിൽ നാം തരിച്ചു നില്ക്കും. അത്തരത്തിൽ കേൾവിയുടെ ആഘോഷം പെട്ടെന്നു സ്തബ്ദ്ധമാക്കിക്കളയുന്ന വരികളാണിവ:

വാനവിൽ വെല്ലവേ

ടേക്ക് ഇറ്റ് ഈസി പോളിസി

വാനവിൽ വാഴ്കയിൽ

വാലിബം ഒരു ഫാന്റസി

അതിന്റെ ഹിന്ദി വിവർത്തനവും പുന:സൃഷ്ടിയിലൂടെ ഒറിജിനലിനോടു കിടപിടിക്കുന്നു:

ജീത് കാ മന്ത്ര് ഹേ

ടേക്ക് ഇറ്റ് ഈസി പോളിസി

ചാർ ദിൻ കീ ചാന്ദ്നീ

യേ ജവാനീ ഫാന്റസി

പാട്ടു കേൾക്കുമ്പോൾ എനിക്കു സങ്കടം വരാറുള്ളത് അതിനായി ഉദ്ദേശിച്ചു രൂപപ്പെടുത്തുന്ന മെലഡികൾ കേൾക്കുമ്പോഴല്ല; അപ്രതീക്ഷിതമായ ഇത്തരം ചില നടുക്കങ്ങൾ ഉണ്ടാകുമ്പോഴാണ്. നമ്മുടെ നിരൂപകർ ഒരിക്കലും ഇങ്ങനെയുള്ള പാട്ടുകൾക്ക് അവാർഡ് കൊടുക്കാറില്ല; അതൊക്കെ ആവർത്തിച്ചു പഴകിയ വാക്കുകൾ കൊരുത്ത് പതിവു മട്ടിലുള്ള വരികൾ കെട്ടിയുണ്ടാക്കുന്ന പാട്ടുകൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.