ചേക്കുട്ടിക്കു പിന്തുണയുമായി ജനപ്രീയ ബ്ലോഗർ 'ബല്ലാത്ത പഹയൻ'. കേരളത്തിന്റെ ഐക്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പ്രതികൂല സാഹചര്യങ്ങളിൽ പോലും തളരാതെ മുന്നോട്ടു പോകാനുള്ള മനുഷ്യന്റെ ശക്തിയുടെയും പ്രതീകമാണ് തന്നെ സംബന്ധിച്ചിടത്തോളം ചേക്കുട്ടി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചേക്കുട്ടിക്കു വേണ്ടി ഒരു കവിത തന്നെ എഴുതി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുന്നു ബല്ലാത്ത പഹയൻ.
ചേക്കുട്ടിയാരാ? ചേക്കുട്ടിയാരാ?
അവിടിവിടെ കാണുന്ന ചേക്കുട്ടിയാരാ
ചേക്കുട്ടി വെറുമൊരു പാവക്കുട്ടിയല്ല
കീറിയ തുണികളിൽ വട്ടത്തിൽ മൂടിയ
ചേക്കുട്ടി വെറുമൊരു നൂൽക്കെട്ടുമല്ല
പ്രളയം തളർത്തിയ ചേന്ദമംഗലം കൈത്തറിക്ക് പുത്തൻ ഉണർവുമായി എത്തിയ പാവക്കുട്ടിയാണ് ചേക്കുട്ടി. ഓണവിപണി മുന്നിൽ കണ്ടു നെയ്തു കൂട്ടിയ കൈത്തറി സാരികളൊക്കെ പ്രളയജലത്തിൽ മുങ്ങി ഉപയോഗിക്കാൻ കഴിയാത്ത വിധം നശിച്ചിരുന്നു. ഈ വസ്ത്രങ്ങളിൽ നിന്നാണ് കേരളത്തിന്റെ അതിജീവനത്തിന് കരുത്തു പകർന്ന് ചേക്കുട്ടി പാവകളുടെ ജനനം.
ചേക്കുട്ടിയാരാ? ചേക്കുട്ടിയാരാ?
ചേക്കുട്ടി വെറുമൊരു നോക്കുത്തിയല്ല
ചുമരിലും കതകിലും തൂക്കിയിട്ടാടുന്ന
തൂണുകളിൽ തൂങ്ങുന്ന തുണിക്കുട്ടിയല്ല
എല്ലാർക്കും വേണ്ടൊരീ ചേക്കുട്ടിയാരാ
ചേക്കുട്ടിയാരാ? ചേക്കുട്ടിയാരാ?
കേരളത്തെ സംബന്ധിച്ചിടത്തോളം ചേക്കുട്ടി വെറും ഒരു തുണിപാവയല്ല. ഒരു മഹാപ്രളയത്തിന്റെ ഓർമയാണ്. ഒത്തൊരുമയുടെ പ്രതീകമാണ്.
ചേക്കുട്ടി കേരളം തൻകുട്ടിയാണ്
കേരള നിർമാണ ഭാരം ചുമക്കുന്ന
ചേറിൽ നിന്നുയരുന്ന ചുണക്കുട്ടിയാണ്
നാം ഒരുമിച്ചു നേരിട്ട ആ ദുരന്തത്തിന്റെ ദിനങ്ങള്‍ ഓർമിപ്പിക്കാൻ, നാം ഒരുമിച്ചു താങ്ങി നിർത്തിയ നാടിന്റെ കഥ നാളത്തെ തലമുറയ്ക്ക് പറഞ്ഞു കൊടുക്കാൻ ചേറിൽ നിന്നുയർന്ന ഈ ചുണക്കുട്ടിയും ഉണ്ടാകും നമുക്കൊപ്പം.