Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുരു എന്ന കര്‍മയോഗി

narayana-guru-perumpadavam ശ്രീനാരായണ ഗുരു, പെരുമ്പടവം ശ്രീധരൻ

ഹൃദയത്തിൽ വിശുദ്ധിയുടെ സുവർണമുദ്രയുള്ള ഒരാൾ കാലത്തിൽ പ്രവേശിക്കുമ്പോൾ ചരിത്രത്തിനു വഴിത്തിരിവുണ്ടാകുന്നു. ശ്രീനാരായണഗുരുവിന്റെ തൊണ്ണൂറാം സമാധിദിനത്തിനു മുന്നിൽ നിൽക്കുമ്പോൾ ആ കർമയോഗി കേരളത്തിന്റെ നവീകരണത്തിനും ശുദ്ധീകരണത്തിനും പുരോഗതിക്കുമായി സാക്ഷാത്കരിച്ച മഹത്തായ നേതൃത്വം ചരിത്രത്തിന്റെ ഭാഗമാണെന്നു മനസ്സിലാക്കാൻ വിഷമമില്ല. 

ചാതുർവർണ്യത്തിന്റെ അധികാരഘടനയ്ക്കു കീഴിൽ സവർണമേധാവിത്വം നാടുവാണിരുന്ന ഇരുണ്ടകാലം മറക്കാറായിട്ടില്ല. ജാതിശ്രേണിയുടെ താഴെത്തട്ടുകളിലുള്ളവർക്കു മാനുഷിക പരിഗണന കിട്ടിയില്ല. ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യരെ വിഭജിച്ചു. കീഴ്ജാതിക്കാർക്കു പൊതുവഴികളിൽ നടക്കാനോ ക്ഷേത്രങ്ങളിൽ പ്രവേശിക്കാനോ വിദ്യാലയങ്ങളിൽ ചേർന്നു പഠിക്കാനോ സ്വാതന്ത്ര്യം ലഭിച്ചില്ല. വേദം കേൾക്കുന്ന ശൂദ്രന്റെ കാതിൽ ഈയമുരുക്കിയൊഴിക്കണമെന്നും ചൊല്ലുന്ന നാവരിയണമെന്നും നിയമമുണ്ടായി. ബ്രാഹ്മണനിൽനിന്ന് അടിയളന്ന് ഓരോ കീഴ്ജാതിക്കും അയിത്തം കൽപിച്ചു. ജാതിക്കുള്ളിലും ജാതി എന്ന നിലയായി.

മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്ന അവർണസമൂഹങ്ങൾ അനുഭവിച്ചിരുന്ന അടിമത്തത്തെക്കുറിച്ചു വിവരിക്കുന്ന കൂട്ടത്തിൽ റവ. മറ്റിയർ ‘Native life in Travancore’ എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ എഴുതുന്നു: ‘ഭൂതപ്രേതപിശാചുക്കളെ ആരാധിക്കുന്ന അന്ധവിശ്വാസം പേറുന്നവർ നാണു ആശാൻ എന്നൊരു വേദപണ്ഡിതന്റെ പ്രബോധനഫലമായി മാറിവരികയാണ്.’ കാലപ്പകർച്ചയുടെ അടയാളമായി ഒരു സംക്രമപുരുഷൻ കാലത്തിലും ചരിത്രത്തിലും പ്രവേശിക്കുകയാണ്. ഗുരുദേവന്റെ ജന്മത്തെയും ജീവിതത്തെയും കുറിച്ച് ഒരു ചരിത്രകാരന്റെ അതിസൂക്ഷ്മമായ വിലയിരുത്തലാണിത്. 

ജീവിതത്തിൽ അവധൂതവഴി തിരഞ്ഞെടുത്തുകൊണ്ട് അതികഠിനമായ തപശ്ചര്യകളിലൂടെ ഗുരു സഞ്ചരിച്ച ദൂരം കേരളത്തിലെ സാമൂഹിക ചരിത്രത്തിലെ സംക്രമണകാലമാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളുംകൊണ്ടു പ്രാകൃതാവസ്ഥയിൽ കഴിഞ്ഞിരുന്ന സമൂഹത്തെയും ആ ഇരുണ്ട കാലത്തെത്തന്നെയും ഗുരു തന്റെ കർമയോഗം കൊണ്ടു നവീകരിക്കുകയും ശുദ്ധീകരിക്കുകയും പ്രബുദ്ധമാക്കുകയും ചെയ്തു. ആത്മീയതയുടെ ഗിരിശൃംഗത്തിൽ നിൽക്കുമ്പോഴും അയിത്തത്തിന്റെ പേരിൽ സമൂഹത്തിന്റെ ബഹിഷ്കരണം അനുഭവിക്കേണ്ടിവരുന്ന നീതിരാഹിത്യത്തെ ഗുരുദേവൻ അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ കൊണ്ടു പ്രതിരോധിച്ചു. സവർണാധിപത്യത്തിന്റെ അടിക്കല്ലുകൾ ഇളക്കുന്നതിന്റെ ഒച്ചയാണ് ആ കാലസന്ധിയിൽ കേരളം കേട്ടത്. ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാവരും സോദരത്വേന വാഴുന്ന ഒരു മാതൃകാസ്ഥാനം ഗുരു സാക്ഷാത്കരിച്ചു. 

ആധ്യാത്മികതയെയും ലൗകികതയെയും സംയോജിപ്പിക്കുന്ന ഒരു ദാർശനിക വീക്ഷണം ലോകത്തിനു നൽകി. ഇന്ത്യൻ വേദാന്തത്തിന്റെ മഹാസമുദ്രം അക്കരെയിക്കരെ നീന്തിക്കയറിയ ഗുരുദേവൻ വിജനകാന്താരങ്ങളിലെ ഏതെങ്കിലും ഇരുളടഞ്ഞ ഗുഹയിൽ തപസ്സനുഷ്ഠിച്ച് സ്വന്തം മോക്ഷം മാത്രം കാംക്ഷിക്കാതെ തന്റെ കാലത്തിന്റെ ജീർണത തിരിച്ചറിഞ്ഞു സമൂഹത്തിന്റെ പൊതുവായ ക്ഷേമത്തിനുവേണ്ടി തന്റെ ആത്മതപസ്സ് സമർപ്പിച്ചു. ആ മഹദ്ജീവിതത്തിന്റെ തണലിൽ കഴിയാൻ ഭാഗ്യം സിദ്ധിച്ച കുമാരനാശാൻ ‘സന്യാസികളിൽ ഇങ്ങനെ ഒരാൾ േവറെയില്ലെന്നു’ നിരീക്ഷിച്ചതു വെറുതെയല്ല. ജീർണവും അന്ധകാര ജ‍‍ടിലവുമായ കാലത്തെ ഗുരുദേവൻ ഒരു പുതിയ മാനവികതകൊണ്ടു പുതുക്കിപ്പണിതു.  

ജനിച്ച സമുദായത്തിന്റെ അഭ്യുന്നതിക്കുവേണ്ടി മാത്രമല്ല ഗുരു തന്റെ കർമയോഗം സമർപ്പിച്ചത്. കേരളത്തിലെ സകല ജാതികൾക്കും നവചൈതന്യവും ജീവിതവീക്ഷണവും കൈവരാൻ ആധ്യാത്മികതയും ലൗകികതയും സംയോജിപ്പിച്ച് ഒരു പുതിയ മാനവികത ഗുരുദേവൻ ഉയർത്തിക്കൊണ്ടുവന്നു. ഗുരുവിനെ യുഗസ്രഷ്ടാവെന്നു വിളിക്കുന്നതിന്റെ യുക്തിയിതാണ്.

വേദാന്തിയും ദാർശനികനും മഹായോഗിയുമെന്നപോലെതന്നെ ഗുരുവിനെ കവികളുടെ കവിയായും നമ്മൾ ഓർക്കുന്നു. ആത്മജ്ഞാനത്തിന്റെ നിഗൂഢ ഭംഗികൾ ഗുരുവിന്റെ കവിതകളിൽ അപാരതയെ കടന്നുപോകുന്നതു വിലോഭനീയമായ ഒരു കാഴ്ചയാണ്. മനുഷ്യനും കാലവും അപാരതയും അവിടെ ആത്മശോഭ കലർന്ന അദ്വൈതാനുഭൂതികളായി മാറുന്നു. കവിതയും വേദാന്തവും അവിടെ രണ്ടല്ല.

ദൈവത്തെ സംബന്ധിച്ച ഗുരുവിന്റെ സങ്കൽപം മോഹിപ്പിക്കുന്ന ഒരാശയമായിരുന്നു.‘ഓളങ്ങളില്ലാത്ത ജ്യോതിർമയമായ ഒരു ദിവ്യസമുദ്രം!’ ആ ദിവ്യസമുദ്രത്തിലെ അലകളാണു മനുഷ്യരെന്നു സങ്കൽപിച്ചാൽ ഗുരുവിന്റെ ദൈവദർശനത്തിനും മനുഷ്യദർശനത്തിനും പിന്നെ വ്യാഖ്യാനങ്ങളൊന്നും വേണ്ട. ഗുരുദേവനെക്കുറിച്ച് ആലുവ അദ്വൈതാശ്രമത്തിലെ സന്ദർശനപ്പുസ്തകത്തിൽ മഹാകവി രബീന്ദ്രനാഥ ടഗോർ എഴുതിവച്ചതു വായിക്കുമ്പോൾ അറിയാതെ കോരിത്തരിച്ചുപോകും: ‘‘ഞാൻ ലോകത്തിന്റെ നാനാഭാഗങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. ഇതിനിടയിൽ പല സിദ്ധന്മാരെയും മഹർഷിമാരെയും കണ്ടു. എന്നാൽ മലയാളത്തിലെ ശ്രീനാരായണഗുരു സ്വാമിയേക്കാൾ മികച്ച അഥവാ അദ്ദേഹത്തോടു തുല്യനായ ഒരു മഹാപുരുഷനെയും എനിക്കു കാണാ‍ൻ കഴിഞ്ഞിട്ടില്ല. അനന്തതയിലേക്കു നീട്ടിയിരിക്കുന്ന യോഗനയനങ്ങളും ഈശ്വരചൈതന്യം തുളുമ്പുന്ന ആ മുഖതേജസ്സും ഞാൻ ഒരുകാലത്തും മറക്കുകയില്ല.’’