ശശി തരൂരിന്റെ ഭാഷാപ്രാവിണ്യത്തിൽ ആർക്കും സംശയം ഉണ്ടാവാൻ ഇടയില്ല. ഫരാഗോയും വെബകൂഫും മുതൽ ഫ്‌ളോക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍ വരെ തരൂർ മലയാളികൾക്ക് പരിചയപ്പെടുത്തികൊടുത്ത ഇംഗ്ലിഷ് വാക്കുകളുടെ എണ്ണവും കുറവല്ല. എന്നാൽ ഒരു രാഷ്ട്രീയ പ്രവർത്തകനായ ശശി തരൂർ എന്തിനാണ് എഴുതുന്നത്? എപ്പോഴാണ് എഴുതുന്നത്? തുടങ്ങിയ സംശയങ്ങൾക്ക് ശശിതരൂരിന് പറയാനുള്ളത് ഇതാണ്–
താൻ എന്തിന് എഴുതുന്നു എന്ന ചോദ്യത്തിന് പ്രശസ്ത എഴുത്തുകാരൻ ബർണാർഡ് ഷാ യുടെ ഉത്തരം തന്നെയാണ് ശശി തരൂരും പങ്കുവയ്ക്കുന്നത്. പശു എന്തിനാണ് പാല് നൽകുന്നത്? ഒരു ദിവസം പശുവിന് പാൽ നൽകാൻ കഴിഞ്ഞില്ലെങ്കിൽ എത്രവേദനയുണ്ടാവും അതു പോലെ തന്നെയാണ് ഓരോ എഴുത്തുകാരന്റെയും അവസ്ഥ. എഴുതാൻ കഴിഞ്ഞില്ലെങ്കിൽ അയാൾക്ക് വേദനിക്കും.
രാഷ്ട്രീയ ജീവിതത്തിനായി പതിനാറുമണിക്കൂറോളം മാറ്റി വച്ചിട്ടും രാത്രി പതിനൊന്നൊര മണി മുതൽ രണ്ടു മണി വരെ ശശി തരൂർ എഴുത്തിനായി സമയം കണ്ടെത്തുന്നു.
കഥകളാണെങ്കിലും ലേഖനങ്ങളാണെങ്കിലും എന്റെ എഴുത്തിൽ എപ്പോഴും എന്റെ ആശയങ്ങൾ ഉണ്ടായിരിക്കും. എല്ലാവരും എന്റെ ആശയങ്ങളോട് യോജിക്കണമെന്ന് ഇല്ല. എന്നാൽ പറഞ്ഞിരിക്കുന്നവയെ കുറിച്ച് വായനക്കാർ ഒന്നു ചിന്തിക്കാൻ എഴുത്ത് കാരണമാകുമെന്നും ശശി തരൂർ പറഞ്ഞു. തന്റെ എഴുത്തു ജീവതത്തെ പറ്റി തിരുവനന്തപുരത്ത് നവരാത്രി സാഹിത്യോല്‍വത്തില്‍ സംസാരിക്കുകയായിരുന്നു ശശി തരൂർ
മൂന്ന് നോവലും ഒരു കഥയും ഉൾപ്പെടെ തരൂരിന്റെ 18 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.