പ്രതിഷേധങ്ങൾക്കിടെ 3000 കോടി ചിലവിൽ സർദാർ പ്രതിമ നിർമിച്ച കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമർശിച്ച് എഴുത്തുകാരി എസ്.ശാരദക്കുട്ടി. കാശുമാത്രം കയ്യിലുണ്ടാവുകയും ലാവണ്യബോധവും മാനവികതാ ബോധവും നഷ്ടപ്പെട്ടു പോവുകയും ചെയ്യുന്ന കാലത്ത് ഉരുക്കു മനുഷ്യന്മാർ ഇങ്ങനെ പല ദുർവ്യയങ്ങളും ചെയ്യുമെന്ന് ശാരദക്കുട്ടി പറയുന്നു. പ്രവൃത്തിയിലും ചിന്തയിലും ഉള്ളടക്കമുള്ളവർക്കല്ലാതെ കലയിൽ മാത്രമായി ആ ഉള്ളടക്കം കൊണ്ടുവരാനാവില്ലെന്നും ശാരദക്കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം –
"ശിവഗിരിയിലെ ശാരദാ വിഗ്രഹം പ്രതിഷ്ഠിക്കുമ്പോൾ ഗുരു ആഗ്രഹിച്ചത്, ഒരു കാലത്ത് അന്ധവിശ്വാസങ്ങളില്ലാതാകുമെന്നും അന്ന് കലാസൗന്ദര്യത്തിന്റെ, സൃഷ്ടിയിലെ തികവിന്റെ പേരിൽ ഈ ശില്‍പം ആദരിക്കപ്പെടുമെന്നും ആസ്വദിക്കപ്പെടുമെന്നുമാണ്. മറ്റു ദീപാലങ്കാരങ്ങളില്ലാതെ തന്നെ, പകൽ മുഴുവൻ സൂര്യപ്രകാശം കടക്കുന്ന, വെളിച്ചം നിറഞ്ഞു നിൽക്കുന്ന ആ ശ്രീകോവിൽസങ്കൽപത്തിൽ ഒരു വിശാലതയുണ്ട്. വെളിച്ചത്തെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചും കലയെക്കുറിച്ചുമുളള ഉന്നതമായ ദർശനമുണ്ട്. നിഷ്കളങ്കരും നാട്യങ്ങളില്ലാത്തവരുമായ അനുവാചകരുടെ പോലും ലാവണ്യബോധത്തെ തൃപ്തിപ്പെടുത്തുന്ന തരത്തിലായിരിക്കണം ശിൽപമെന്നത് ഗുരുവിന്റെ വലിയ കാഴ്ചയാണ്. ധൈഷണികമായ അർഥഗ്രഹണത്തിനും വേണ്ടത്ര സാധ്യതകൾ ഗുരു, കണ്ണാടിയിലും കല്ലിലും പോലും ഒരുക്കി വെച്ചിരുന്നുവല്ലോ.
ഏതാണ്ട് 3000 കോടി രൂപ മുടക്കിയുണ്ടാക്കിയ സർദാർ പട്ടേലിന്റെ നെടുങ്കൻ ശിൽപം കണ്ടപ്പോൾ വെറുതെ ഓർത്തതാണ്, കാശുമാത്രം കയ്യിലുണ്ടാവുകയും ലാവണ്യബോധവും മാനവികതാ ബോധവും നഷ്ടപ്പെട്ടു പോവുകയും ചെയ്യുന്ന കാലത്ത് ഉരുക്കു മനുഷ്യന്മാർ ഇങ്ങനെ പല ദുർവ്യയങ്ങളും ചെയ്യും. പ്രവൃത്തിയിലും ചിന്തയിലും ഉള്ളടക്കമുള്ളവർക്കല്ലാതെ കലയിൽ മാത്രമായി ആ ഉള്ളടക്കം (Subject matter) കൊണ്ടുവരാനാവില്ല.
3000കോടി ചെലവാക്കി, ഇങ്ങനെയൊരു പ്രതിമ, അനുവാചകരുമായി സംവദിക്കാതെ, ഒരു തരം കലാ വിശകലനത്തിനും ചരിത്ര വിശകലനത്തിനും നിമിത്തമാകാതെ, ആരുടെ ആന്തരികതയിലും ചലനങ്ങളുണ്ടാക്കാതെ, ഇവിടെയിങ്ങനെ നിലനിൽക്കും. മിഥ്യാ വിഗ്രഹങ്ങൾ തിരിച്ചു വരുമ്പോൾ ചില ആൾക്കൂട്ടങ്ങൾക്ക് ഉണ്ടാകുന്ന താൽകാലിക ആഹ്ലാദങ്ങൾക്കായി."
വഡോദര-നർമദ ഡാം ഹൈവേയ്ക്ക് സമീപം കെവാദിയയിലാണ് കൂറ്റൻ പ്രതിമ. അതേസമയം, മൂവായിരംകോടിയുടെ പദ്ധതിക്കെതിരെ ഗുജറാത്തിന്റെ വിവിധയിടങ്ങളിൽ പ്രതിഷേധവും നടന്നു.
മോദിയുടെ സ്വപ്നപദ്ധതിക്ക് നാലുവർഷംകൊണ്ട് സാക്ഷാത്കാരം. 182മീറ്റർ ഉയരത്തിൽ, ലോകത്തിലെ ഏറ്റവുംവലിയ ശിൽപം എന്ന പേര് ഇനി സർദാർ വല്ലഭായ് പട്ടേലിന്റെ ഏകതാപ്രതിമയ്ക്ക്.
ഇന്ത്യയെ ഈവിധത്തിൽ ഒന്നിച്ചുചേർത്ത, പട്ടേലിന്റെ കാല്‍ചുവട്ടിൽ നമിക്കുന്നതായും, എല്ലാ ഇന്ത്യക്കാർക്കും അഭിമാനമായ ചരിത്രനിമിഷമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. പട്ടേൽപ്രതിമയെ രാഷ്ട്രീയവൽക്കരിക്കേണ്ട. പദ്ധതി പൂർത്തീകരണത്തിനായി ഗോത്രസമൂഹം അടക്കമുളളവർനൽകിയ പിന്തുണ വിസ്മരിക്കില്ല. അവരുടെകൂടി സഹനത്തിന്റെ ഫലമാണ് പട്ടേൽസ്മാരകം. എന്നാൽ, പട്ടേലിനെ ആദരിക്കുമ്പോൾ പ്രതിപക്ഷം തന്നെകുറ്റപ്പെടുത്തുന്നു. മോദി പറഞ്ഞു.