കഴിഞ്ഞദിവസം നടന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് അവിടുത്തെ തിരഞ്ഞെടുപ്പു പ്രക്രിയ പൂർണമായും സംശുദ്ധമല്ലെന്ന് ഒരിക്കൽകൂടി ഓർമിപ്പിച്ചു. ഇന്ത്യയിലേതു പോലെ തിരഞ്ഞെടുപ്പു നിയന്ത്രിക്കാൻ സ്വതന്ത്രമായ തിരഞ്ഞെടുപ്പു കമ്മിഷൻ അവിടെയില്ല. ഗവർണർമാരുടെ കീഴിലുള്ള സംസ്ഥാന സർക്കാരുകളുടെ മേൽനോട്ടത്തിലാണ് അവിടെ തിരഞ്ഞെടുപ്പ്.
വോട്ട് നിഷേധിക്കുകയാണ് ഭരണത്തിലിരിക്കുന്നവർ ചെയ്യുന്ന പ്രധാന ക്രമക്കേട്. ഇങ്ങനെ വോട്ടവകാശത്തിൽനിന്നു മാറ്റിനിർത്തപ്പെടുന്ന മിക്കവരും കറുത്തവംശജരോ ലാറ്റിൻ അമേരിക്കയിൽനിന്നു കുടിയേറിപ്പാർത്തവരോ ആയിരിക്കും. ഇവർ സാധാരണയായി ഡമോക്രാറ്റുകൾക്കാണു വോട്ട് ചെയ്യാറുള്ളത് എന്നത് ഈ മാറ്റിനിർത്തലിനു രാഷ്ട്രീയമാനം നൽകുന്നു.
ഇത് എഴുതുന്നതുവരെ ഫലം പ്രഖ്യാപിക്കാത്ത ജോർജിയ സംസ്ഥാനത്തെ ഗവർണർ പദവിക്കായുള്ള മൽസരം, വോട്ടർപട്ടിക തട്ടിപ്പിന്റെ മകുടോദാഹരണമാണ്. ഡമോക്രാറ്റിക് പാർട്ടിയുടെ കറുത്തവംശജയായ സ്റ്റേസി ഏബ്രാംസും ട്രംപ് ഭക്തനായ റിപ്പബ്ലിക്കൻ ബ്രിയാൻ കെംപും തമ്മിലാണു മൽസരം. കെംപ് ജോർജിയയിലെ ആഭ്യന്തരമന്ത്രിയും (സെക്രട്ടറി ഓഫ് സ്റ്റേറ്റ്) തിരഞ്ഞെടുപ്പു നടത്തിപ്പിന്റെ മേൽനോട്ടക്കാരനുമാണ്. ഈ വമ്പിച്ച ഭിന്നതാൽപര്യം ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരെ മുറവിളി ഉയർന്നപ്പോഴും, പദവി കൈവിടാൻ കെംപ് തയാറായിരുന്നില്ല.
വോട്ടർപട്ടികയിൽനിന്നു പേരുകൾ വെട്ടുക, പുതുതായി സമ്മതിദായകരാകാനുള്ള അപേക്ഷകൾ സ്വീകരിക്കാതിരിക്കുക തുടങ്ങിയ നടപടികളിലൂടെ തിരഞ്ഞെടുപ്പു നിയന്ത്രിച്ചിരുന്ന ബ്രിയാൻ കെംപ്, എതിരാളി സ്റ്റേസി ഏബ്രാംസിനു ലഭിക്കാവുന്ന വോട്ടുകൾ കഴിഞ്ഞ രണ്ടു വർഷങ്ങളായി കുറച്ചുകൊണ്ടിരുന്നു. കൂടാതെ, കറുത്തവംശജർ താമസിക്കുന്ന പലയിടങ്ങളിലെയും പോളിങ് സ്റ്റേഷനുകൾ നിർത്തലാക്കുകയും ചെയ്തു. ഇപ്പോൾ നടന്ന തിരഞ്ഞെടുപ്പിൽ 99 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ കെംപ്, സ്റ്റേസി ഏബ്രാംസിനെക്കാൾ അറുപതിനായിരം വോട്ടിനു മുന്നിലാണ്. കഴിഞ്ഞവർഷവും ഈ വർഷവുമായി കെംപ് വോട്ടർപട്ടികയിൽനിന്നു നീക്കിയവരുടെ സംഖ്യയാകട്ടെ, ഏകദേശം 7.35 ലക്ഷവും. ജോർജിയയിൽ മാത്രമല്ല, നോർത്ത് ഡെക്കോഡയിലും ഒട്ടേറെപ്പേർക്കു വോട്ടവകാശം നിഷേധിച്ചതായി പരാതിയുയർന്നിട്ടുണ്ട്.
യുഎസ് കോൺഗ്രസിലേക്ക് ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്ന ഡിസ്ട്രിക്റ്റുകളുടെ അതിർത്തികൾ, ഓരോ പത്തുവർഷം കൂടുമ്പോഴും പുതിയ ജനസംഖ്യാ കണക്കുപ്രകാരം മാറ്റിവരയ്ക്കണമെന്നാണു നിയമം. ഇതു ചെയ്യേണ്ടതാകട്ടെ, സംസ്ഥാനങ്ങളുടെ ഭരണാധികാരികളായ ഗവർണർമാരും. ഇന്ത്യയിലെപ്പോലെ നിയോജകമണ്ഡലങ്ങൾ പുനർനിർണയിക്കാനുള്ള സ്വതന്ത്ര ഡീലിമിറ്റേഷൻ കമ്മിഷൻ അവിടെയില്ല. സ്വന്തം പാർട്ടിക്കു വോട്ട് ചെയ്യാൻ സാധ്യതയുള്ള ജനവിഭാഗങ്ങളെ കൂട്ടിയോജിപ്പിച്ചായിരിക്കും, ഗവർണർമാർ പുതിയ ഡിസ്ട്രിക്റ്റുകൾ നിശ്ചയിക്കുക.
വിചിത്രരൂപങ്ങളിൽ, ഡിസ്ട്രിക്ട് ഭൂപടങ്ങൾ മാറ്റിവരയ്‌ക്കുന്ന ഈ പ്രക്രിയയെ ജെറിമാൻഡറിങ് (gerrymandering) എന്നാണു വിളിക്കുന്നത്. 19–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭിച്ച ജെറിമാൻഡറിങ് ഇന്നും നിർബാധം തുടരുന്നു. വെളുത്ത വർഗക്കാരായ പുരുഷന്മാർ അവരെ ഭരിക്കാനുള്ള സർക്കാരിനെ തിരഞ്ഞെടുക്കുന്നതിലൂടെയാണ് യുഎസിൽ ജനാധിപത്യം തുടങ്ങിയത്. കാലക്രമേണ സ്ത്രീകളും ന്യൂനപക്ഷങ്ങളും അതിന്റെ ഭാഗമായി.
പ്രശ്നങ്ങൾ പലതുണ്ടെങ്കിലും, ചലനാത്മകമായ ഒരു പ്രക്രിയയുടെ ഏറ്റവും പുതിയ അധ്യായമാണ് ഇക്കഴിഞ്ഞ ഇടക്കാലതിരഞ്ഞെടുപ്പും അതിൽ ഉയർന്നുകേട്ട സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും ശബ്ദവും.
ആസിയ ബീബിയുടെ മോചനവും പ്രക്ഷുബ്ധമായ പാക്കിസ്ഥാനും
മതനിന്ദാക്കുറ്റത്തിനു പാക്ക് കീഴ്‌ക്കോടതികൾ വധശിക്ഷ വിധിച്ച ക്രിസ്ത്യൻ വനിത ആസിയ ബീബിയെ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയ അന്നുമുതൽ പാക്കിസ്ഥാൻ കലുഷിതമായി.
ജനസ്വാധീനം അളക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഗണ്യമായ സാന്നിധ്യം അറിയിച്ചുവരുന്ന മതതീവ്രവാദ സംഘടനയായ തെഹ്‌രീകെ ലബൈക് പാക്കിസ്ഥാനും (ടിഎൽപി) മറ്റു തീവ്രവാദസംഘടനകളും സുപ്രീം കോടതി വിധിക്കെതിരെ പ്രക്ഷോഭം ആരംഭിച്ചു. ഇസ്‌ലാമാബാദ് - ലഹോർ റോഡ് ഉപരോധിച്ചു. ആസിയ ബീബിക്ക് അനുകൂലമായി വിധി പറഞ്ഞ ജഡ്ജിമാരെ വധിക്കണമെന്നും പട്ടാളത്തോടു പോരാടണമെന്നും ആഹ്വാനം ചെയ്തു.
പാക്കിസ്ഥാനിലെ മുൻ സർക്കാരുകൾ മതതീവ്രവാദസംഘടനകളോടു കാണിച്ചുപോന്നിരുന്ന മൃദുസമീപനങ്ങളിൽനിന്നു വ്യത്യസ്തമായി, പുതിയ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സ്വരംകടുപ്പിച്ചു സംസാരിച്ചു; കലാപകാരികൾ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കരുതെന്നും സർക്കാരിനെ കടുത്ത നടപടികൾക്കു നിർബന്ധിക്കരുതെന്നും കൃത്യമായി പറഞ്ഞു. മതരാഷ്ട്രമായ പാക്കിസ്ഥാനിലെ സുപ്രീം കോടതി, വിധി പറയുന്നതിന് ഭരണഘടനയെ മാത്രമല്ല ആശ്രയിച്ചത്. അതിൽ ഇസ്‌ലാമിക തത്വങ്ങളെ പറ്റി ദീർഘമായ ചർച്ചയുണ്ടായിരുന്നു. അതെല്ലാം മറച്ചുവച്ചുകൊണ്ടായിരുന്നു ടിഎൽപി വികാരം ആളിക്കത്തിക്കാൻ ശ്രമിച്ചത്. ഏതായാലും വിധിക്കെതിരെ കൊടുത്തിട്ടുള്ള റിവ്യൂ പെറ്റിഷനിൽ തീരുമാനമാകും വരെ, ആസിയ ബീബിയെ രാജ്യം വിട്ടുപോകാൻ അനുവദിക്കില്ലെന്ന് സർക്കാരുമായി കരാറുണ്ടാക്കിയതിന്റെ അടിസ്ഥാനത്തിൽ ടിഎൽപി സമരം പിൻവലിച്ചു.
ഒൻപതു വർഷം ആസിയ ബീബി ജയിലിലായിരുന്നു. അതിൽ എട്ടു വർഷം, വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ടവരെ താമസിപ്പിക്കുന്ന ജനലുകളില്ലാത്ത കുടുസ്സുമുറിയിൽ ഏകാന്ത തടവിലും. വിധിവന്നിട്ടും ഒരാഴ്ചക്കാലം അവർ ജയിലിൽ തുടർന്നു. നവംബർ ഏഴിനു രാത്രിയിൽ മുൾട്ടാനിലെ ജയിലിൽനിന്ന് ഒരു ചെറിയ വിമാനത്തിൽ അവരെ അജ്ഞാതസ്ഥലത്തേക്കു മാറ്റി. ബിബിസി അടക്കമുള്ള മാധ്യമങ്ങൾ ആസിയ നെതർലൻഡ്സിൽ അഭയം പ്രാപിച്ചുവെന്ന് ആദ്യം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും സർക്കാർ അതു നിഷേധിച്ചു. കലാപകാരികൾ വീണ്ടും തെരുവിലിറങ്ങി. ഇനിയുള്ള കുറച്ചുനാളുകൾ ഇമ്രാൻ ഖാനെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്.
സ്കോർപ്പിയോൺ കിക്ക്: ഇന്ത്യയിൽ ജീവിച്ചുകൊണ്ട് മറ്റു രാജ്യങ്ങളിലെ ബാറ്റ്സ്‌മാൻമാരെ സ്നേഹിക്കുന്നവർ ഇന്ത്യ വിടണമെന്ന് വിരാട് കോഹ്‌ലി.
ഇക്കാര്യം ഫുട്‌ബോളിൽ നടപ്പിലാക്കിയാൽ കേരളത്തിലെ പകുതിപ്പേർ ബ്രസീലിലേക്കും മറ്റേ പകുതി അർജന്റീനയിലേക്കും പോകേണ്ടിവരും; കടുത്ത ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകനായ കോഹ്‌ലി പോർച്ചുഗലിലേക്കും.