എഴുത്തുകാരൻ പ്രതികരണ യന്ത്രമല്ല എന്ന് എം. മുകുന്ദൻ. എന്തിനും ഏതിനും എഴുത്തുകാരോട് പ്രതികരണം ആരായുന്ന ഒരു പതിവുണ്ട്. ആ വിഷയത്തിൽ പ്രതികരിച്ചിട്ട് നിങ്ങൾ എന്തുകൊണ്ട് ഈ വിഷയത്തിൽ പ്രതികരിച്ചില്ല എന്ന ചോദ്യവും പലപ്പോഴും എഴുത്തുകാർ നേരിടാറുണ്ട്. മലയാളത്തിന്റെ പ്രിയ കഥാകാരൻ പറയുന്നതിങ്ങനെ–
കഴിയുന്നത്ര പ്രതികരിക്കാൻ ശ്രമിക്കാറുണ്ട്. എങ്കിലും, എന്തിനോടും നൈമിഷികമായി പ്രതികരിക്കുന്ന യന്ത്രമായി എഴുത്തുകാരൻ മാറേണ്ടതില്ലെന്നു കരുതുന്നു. എനിക്കങ്ങനെ ഒന്നിനോടും പെട്ടെന്നുതന്നെ പ്രതികരിക്കാനാവില്ല. എല്ലാവരുംകൂടി ഒന്നിച്ചു പുറത്തിറങ്ങി മുദ്രാവാക്യം വിളിച്ച് ബഹളംവയ്ക്കുന്ന തരത്തിലാവില്ല എഴുത്തുകാരന്റെ പ്രതികരണം. രചനകളിലൂടെ പ്രതികരിക്കാറുണ്ട്.
സ്പാനിഷ് യുദ്ധത്തിനെതിരെ ഏറ്റവുമൊടുവിൽ പ്രതികരിച്ചയാളാണു പിക്കാസോയെങ്കിലും നമ്മൾ ഇന്നും ഓർത്തുവയ്ക്കുന്ന പ്രതികരണം അദ്ദേഹത്തിന്റെ ഗൂർണിക്കയാണ്. എഴുത്തുകാരനെ അവന്റെ പാട്ടിനു വിടുക. എഴുത്തുകാരൻ പ്രതികരിച്ചുകൊള്ളും.
സാങ്കേതിക വിദ്യയുടെ അടിമകളായാൽ മനുഷ്യർ കരയാതെയും സ്നേഹിക്കാതെയുമാകുമെന്നും സാങ്കേതികവിദ്യയും സർഗാത്മകതയും ഒരുമിച്ച് കൈപിടിച്ചു മുന്നോട്ടുപോവുകയാണു വേണ്ടതെന്നും അദ്ദേഹം കൂട്ടിചേർത്തു. മികച്ച കോളജ് മാഗസിനുകൾക്കുള്ള മലയാള മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി പുരസ്കാരങ്ങൾ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി ക്യാംപസിൽ സമ്മാനിക്കുകയായിരുന്നു അദ്ദേഹം. ഗാനരചയിതാവ് ബി.കെ .ഹരിനാരായണൻ മുഖ്യാതിഥിയായിരുന്നു.