'ലൈംഗികത്തൊഴിലാളിയാണെന്ന് മകളിൽ നിന്ന് മറച്ചുവെയ്ക്കേണ്ടി വന്ന ഒരമ്മ. മറച്ചുവെച്ച കാര്യം സഹപാഠികൾ അറിഞ്ഞതോടെ ക്രൂരമായ കളിയാക്കലുകൾ, പീഡനം, ഒറ്റപ്പെടുത്തൽ. ഒരിക്കൽ വീട്ടിൽ മടങ്ങിയെത്തിയ അമ്മ കണ്ടത് ഫാനിൽ തൂങ്ങിയാടുന്ന മകളുടെ മൃതദേഹം. ഒപ്പം അമ്മേ, ഇനി എനിക്കിത് സഹിക്കാനാകില്ല എന്നൊരു കുറിപ്പും.' ഇന്ത്യയിലെ ലൈംഗികത്തൊഴിലാളികളിലൊരാളുടെ കഥ കേട്ട് നിശബ്ദനായി കരയുകയായിരുന്നു ബിൽ ഗേറ്റ്സ്.
ബിൽ ഗേറ്റ്സിന്റെ മാത്രമല്ല വായനക്കാരുടെയും കണ്ണുനനയ്ക്കുന്ന അനുഭവങ്ങൾ പങ്കു വയ്ക്കുന്ന പുസ്തകമാണ് അശോക് അലക്സാണ്ടറുടെ 'എ സ്ട്രേഞ്ചർ ട്രൂത്ത്: ലെസൺസ് ഇൻ ലവ്, ലീഡർഷിപ്പ് ആന്റ് കറേജ് ഫ്രം ഇന്ത്യാസ് സെക്സ് വർക്കേർസ്' (A Stranger Truth: Lessons in Love, leadership and Courage from India's Sex Workers).
ബിൽ ഗേറ്റ്സിന്റെ ഇന്ത്യ സന്ദർശനവും ലൈംഗികത്തൊഴിലാളികളുമായുള്ള സംഭാഷണങ്ങളുമെല്ലാം വിവരവിക്കുയാണ് അശോക് അലക്സാണ്ടറുടെ 'എ സ്ട്രേഞ്ചർ ട്രൂത്ത്: ലെസൺസ് ഇൻ ലവ്, ലീഡർഷിപ്പ് ആന്റ് കറേജ് ഫ്രം ഇന്ത്യാസ് സെക്സ് വർക്കേർസ്'. പത്ത് വർഷമായി ഗേറ്റ്സ് ഫൗണ്ടേഷന്റെ എയ്ഡ്സ് നിവാരണ പ്രോഗ്രാമിന്റെ തലവനാണ് അലക്സാണ്ടര്‍. രാജ്യത്തെ ലൈംഗികത്തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ച് വിശദമായി പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.
ഇന്ത്യയിലെത്തുന്ന ബിൽ ഗേറ്റ്സും ഭാര്യയും മറ്റുപരിപാടികളെല്ലാം ഒഴിവാക്കി ലൈംഗികത്തൊഴിലാളികൾക്കിടയിൽ സമയം ചിലവഴിക്കുമായിരുന്നു. പൊള്ളുന്ന ജീവിതയാഥാർഥ്യങ്ങള്‍ മറയില്ലാതെ അവർ പറയുന്നത് ക്ഷമയോടെ കേട്ടിരിക്കുമായിരുന്നു. അത്തരമൊരു സംഭവത്തെക്കുറിച്ച് അലക്സാണ്ടർ പുസ്തകത്തിൽ പരാമർശിക്കുന്നത് ഇങ്ങനെ:
തറയിൽ ചമ്രംപടിഞ്ഞ് ബിൽ ഗേറ്റ്സും ഭാര്യയും ഇരുന്നു. ലൈംഗികത്തൊഴിലാളികൾ അവർക്ക് ചുറ്റുമിരുന്നു. എല്ലാവർക്കും പറയാനുണ്ടായിരുന്നത് ദാരിദ്ര്യത്തിന്റെയും അവഗണനയുടെയും കഥകൾ. എല്ലാത്തിനുമപ്പുറം അവരിലെവിടെയോ പ്രതീക്ഷയുടെ ഇനിയും കെടാത്ത തീപ്പൊരിയുണ്ടായിരുന്നു.
ഒരു സ്ത്രീയുടെ കഥ ബിൽ ഗേറ്റ്സിനെ കരയിച്ചു. ലൈംഗികത്തൊഴിലാളിയാണെന്ന വിവരം മകളിൽനിന്ന് മറച്ചുവെച്ച ഒരമ്മ. മകൾ ഹൈസ്കൂൾ വിദ്യാർഥിയാണ്. എങ്ങനെയോ ഒരിക്കൽ അവളുടെ സഹപാഠികൾ ഇക്കാര്യം അറിഞ്ഞു. പിന്നാലെ ക്ലാസ് റൂമിനുള്ളിൽ മകൾ നേരിട്ടത് ക്രൂരമായ കളിയാക്കലുകളും പീഡനവും. എല്ലാവരും അവളെ ഒറ്റപ്പെടുത്തി. വിഷാദരോഗം അവളെ വേട്ടയാടി.
ഒരിക്കൽ വീട്ടിൽ തിരിച്ചെത്തിയ അമ്മ കണ്ടത് സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽ മകളുടെ മൃതദേഹമാണ്. ഒപ്പം ഒരു കുറിപ്പും. ഇനി എനിക്കിത് സഹിക്കാനാകില്ല.
എന്റെ തൊട്ടടുത്തിരിക്കുകയായിരുന്ന ബിൽ തല താഴ്ത്തി നിശബ്ദനായി കരയുകയായിരുന്നു, അലക്സാണ്ടർ കുറിച്ചു.