ബാഹുബലി’ പോലെ വരുന്നു ‘വാനര’; ബിഗ് ബജറ്റിന് ആധാരം മലയാളിയുടെ പുസ്തകം

vanara-the-legend

മലയാളി ഇംഗ്ലിഷ് എഴുത്തുകാരൻ ആനന്ദ് നീലകണ്ഠന്റെ പുതിയ പുസ്തകമായ ‘വാനര - ദ് ലെജൻഡ് ഒാഫ് ബാലി, സുഗ്രീവ ആൻഡ് താര’ സിനിമയാകുന്നു. ബാഹുബലി മാതൃകയിൽ വൻ ബജറ്റിൽ ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപെടെ ബഹുഭാഷ ചിത്രമായിരിക്കും ‘വാനര’. പുസ്തകത്തിന്റെ സിനിമാ പകർപ്പ് അവകാശം പ്രമുഖ നിർമാണ കമ്പനിയായ ഡർ മീഡിയ ആൻഡ് കെ.ആർ. മൂവീസ് 1.5 കോടി രൂപയ്ക്കു വാങ്ങി. ഇൗ മാസം 19ന് പുസ്തകം ഇറങ്ങിയതിന്റെ രണ്ടാംദിവസം തന്നെ ഇതുസംബന്ധിച്ച കരാറാവുകയായിരുന്നു. ഇന്ത്യൻ സിനിമയിൽ  കഥാപകർപ്പവകാശത്തിനായി ഏറ്റവും കൂടുതൽ തുക ചെലവഴിച്ച പുസ്തകങ്ങളുടെ ഗണത്തിലായി ഇതോടെ ‘വാനര’. 

അമീഷ് ത്രിപാഠിയുടെ ശിവ പരമ്പരയിലുള്ള മൂന്നു പുസ്തകങ്ങൾ മൂന്നു കോടി രൂപയ്ക്ക് കരൺ ജോഹർ വാങ്ങിയതാണ് നിലവിലെ ഏറ്റവും വലിയ ഇടപാട്. എന്നാൽ, ഒരു പുസ്തകത്തിന് 1.5 കോടി രൂപയുടെ പ്രതിഫലക്കരാറായതോടെ ആനന്ദ് നീലകണ്ഠൻ മുൻനിരയിൽ എത്തിയിരിക്കുകയാണെന്നു വിനോദവിപണി വൃത്തങ്ങൾ പറയുന്നു. ലഞ്ച് ബോക്സ്, ഡി-ഡേ ഉൾപെടെയുള്ള ഹിറ്റ് സിനിമകളുടെ നിർമാതാക്കളാണ് ഡർ മീഡിയ. 

വാനര സഹോദരൻമാരായ ബാലിയുടെയും സുഗ്രീവന്റെയും കിഷ്കിന്ദയിലെ രാജകുമാരി താരയുടെയും കഥ ആസ്പദമാക്കിയുള്ളതാണ് പുസ്തകം. ‘വാനര’ പെൻഗ്വിനാണു പുറത്തിറക്കിയത്. ആനന്ദിന്റെ ഏറ്റവും ഒടുവിലത്തെ പുസ്തകമായ ‘ദ് റൈസ് ഒാഫ് ശിവഗാമി’യെ (ബാഹുബലിയുടെ പൂർവകഥ പറയുന്ന പുസ്തക പരമ്പരയിലെ ആദ്യസൃഷ്ടി) ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് 152 രാജ്യങ്ങളിൽ റിലീസ് ചെയ്യാനുള്ള വെബ് സീരിസ് ഇറക്കുന്നതു സംബന്ധിച്ച്  പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് ‘വാനര’യുടെ സിനിമാക്കരാർ. പുരാണങ്ങളും ഇതിഹാസങ്ങളും കേന്ദ്രീകരിച്ച് ഇംഗ്ലിഷിൽ രചന നടത്തുന്ന ആനന്ദ് തൃപ്പൂണിത്തുറ സ്വദേശിയാണ്. മുംബൈയിലാണ് താമസം.