സി. രാധാകൃഷ്ണൻ ഇനി പംക്തിയിലേക്കില്ല

സി.രാധാകൃഷ്ണൻ

മലയാള സാഹിത്യത്തിന് ഒരു കോളമിസ്റ്റിനെ നഷ്ടമാകുകയാണ്. നോവലിസ്റ്റും കോളമിസ്റ്റും പത്രപ്രവർത്തകനുമായിരുന്ന സി.രാധാകൃഷ്ണൻ കോളമെഴുത്ത് നിർത്തുകയാണ്. ഇനി മുതൽ അത്തരത്തിലുള്ള എല്ലാ കാര്യങ്ങളും അവസാനിപ്പിക്കുകയാണെന്നുള്ള എഴുത്തുകാരന്റെ അറിയിപ്പു വന്നു കഴിഞ്ഞു. കാലിക വിഷയങ്ങളെ സമചിത്തതയോടെയും ചിന്തോദ്ദീപകമായും കണ്ടു പ്രതികരിച്ചിരുന്ന ആളായിരുന്നു സി.രാധാകൃഷ്ണൻ. തന്റെ കോളത്തിനെതിരെ ഒരു വായനക്കാരൻ എഴുതിയ കത്തിൽ പ്രതിഷേധിച്ചാണ് അദ്ദേഹം കോളമെഴുത്ത് നിർത്തുന്നത്. എന്തുകൊണ്ട് താൻ അത്തരത്തിലുള്ള എല്ലാം അവസാനിപ്പിക്കുന്നു എന്നതിന് കൃത്യമായ ഉത്തരം നൽകികൊണ്ടാണ് ഈ മംഗളംപാടൽ.

മലയാളികൾക്ക് സി.രാധാകൃഷ്ണൻ ഒരു കോളമിസ്റ്റ് മാത്രമായിരുന്നില്ല. മുൻപേ പറക്കുന്ന പക്ഷികൾ, സ്പന്ദമാപിനികളേ നന്ദി, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, തീക്കടൽ കടഞ്ഞ് തിരുമധുരം എന്നിങ്ങനെ ഒട്ടേറെ പ്രശസ്തമായ നോവലുകളുടെ സ്രഷ്ടാവുകൂടിയാണ്. മുൻപേ പറക്കുന്ന പക്ഷികളും സപ്ന്ദമാപിനികളേ നന്ദിയും വായിച്ച് പുതിയൊരു ഭാവുകത്വം സൃഷ്ടിച്ചവരാണ് മലയാളികൾ. സമകാലികരായ എഴുത്തുകാരിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു സി.രാധാകൃഷ്ണന്റെ ഓരോ രചനയും. ശാസ്ത്രവും സാഹിത്യവും വായനക്കാരന് ഒരുപോലെ ഗ്രഹിക്കാൻ സാധിച്ചു അദ്ദേഹത്തിന്റെ നോവലുകളിലൂടെ. 

അരനൂറ്റാണ്ടായി തുടരുന്നതാണ് അദ്ദേഹത്തിന്റെ കോളമെഴുത്തുകൾ. 1968ൽ പാട്രിയറ്റ് പത്രത്തിലാണ് ആദ്യം കോളമെഴുത്തു തുടങ്ങിയത്. സാഹിത്യവും ശാസ്ത്രവും പ്രതിപാദിക്കുന്ന രണ്ടു കോളങ്ങൾ. അഞ്ചുകൊല്ലം അതു തുടർന്നു. പിന്നീട് സ്വന്തമായി തുടങ്ങിയ പൊരുൾ മാസികയിലായി എഴുത്ത്. അടിയന്തരാവസ്ഥക്കാലത്ത് ഏറെ ചർച്ചയായിരുന്നു ചില ലേഖനങ്ങൾ. അതിന്റെ പേരിൽ അദ്ദേഹത്തിന് ഇവിടെനിന്നുമാറി നിൽക്കേണ്ടിയും വന്നു. പിന്നീട് പത്രത്തിലും ആഴ്ചപതിപ്പുകളിലും കോളങ്ങളെഴുതി. 

ഇനി കോളമെഴുത്ത്, പ്രസംഗം, ആമുഖമെഴുത്ത് എന്നിവയെല്ലാം അവസാനിപ്പിച്ച് ഏറെക്കാലമായി മനസ്സിൽ കൊണ്ടുനടക്കുന്ന നോവൽ രചനയിലേക്കു തിരിയുകയാണെന്നാണ് അദ്ദേഹം പറയുന്നത്. താൻ എഴുതിക്കൊടുത്ത അവതാരിക മാറ്റി വേറെയൊരു അവതാരിക തന്റെ പേരിൽ പ്രസിദ്ധീകരിച്ചതുവരെ കാണേണ്ട ദുസ്ഥിതി ഉണ്ടായതായി സി.രാധാകൃഷ്ണൻ സൂചിപ്പിക്കുന്നുണ്ട്. 

ഇനി നോവൽ രചനയിലേക്ക് സി.രാധാകൃഷ്ണൻ ശ്രദ്ധ കൊടുക്കുമ്പോൾ മലയാള സാഹിത്യത്തിനതു ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയം വേണ്ട. സമശീർഷരായ സാഹിത്യകാരന്മാരിൽ പലരും നിശബ്ദരായി കഴിഞ്ഞു. മനുഷ്യർക്കിടയിലുള്ള വിഭാഗീയത വർധിക്കുന്ന കാലത്ത് അതിനെ ചെറുക്കാൻ സാഹിത്യത്തിനു വലിയ പങ്കു വഹിക്കാൻ സാധിക്കുമെന്നതിൽ സംശയമില്ല. തന്റെ  പ്രതിവാര കോളങ്ങളിലൂടെ അത്തരം കൃത്യങ്ങൾ അദ്ദേഹം ഭംഗിയായി നിർവഹിച്ചിരുന്നു. എഴുത്തുകാർ ഏറ്റവുമധികം വെല്ലുവിളി നേരിടുന്ന കാലമാണിത്. ഈ കെട്ടകാലത്ത് സാഹിത്യത്തിനു പുതുവെളിച്ചം നൽകാൻ സി.രാധാകൃഷ്ണനു പുതിയ നോവലിലൂടെ സാധിക്കട്ടെയെന്നാംശിക്കാം.