ചലച്ചിത്രമേളയിൽ ആൽബേർ കമ്യുവും...

‘അന്യനി’ലെ അവസാന പേജിലെ അവസാന വരികൾ. വധശിക്ഷയുടെ പ്രഭാതത്തെക്കുറിച്ചു മെസ്സോ ഭാവന ചെയ്യുകയാണ്. ലോകത്തിന്റെ സൗമ്യമായ അവഗണനയിലേക്കു കണ്ണുതുറക്കുന്നതിനെക്കുറിച്ച്. 

അതേ, ഞാൻ സന്തോഷവാൻ തന്നെയാണ്. ഒരാഗ്രഹം മാത്രമേ ബാക്കിയുള്ളൂ. കുറച്ചധികം പേർ അവിടെ സന്നിഹിതരായിരിക്കണം. വെറുപ്പോടെ മുഷ്ടിചുരുട്ടി അവർ തന്നെ നോക്കി അലറിവിളിക്കണം. ജീവിതം എന്ന അസംബന്ധനാടകത്തിന്റെ അർഥമില്ലായ്മയെക്കുറിച്ച് മെസോ ഭാവന ചെയ്തത് 1942-ൽ. ആൽബേർ കമ്യൂവിന്റെ ഏറ്റവും പ്രശസ്തമായ അന്യൻ എന്ന നോവലിലൂടെ. അന്നുമുതൽ ലോകം ആവർത്തിച്ച് ഉരുവിടുകയും അസ്തിത്വവാദികൾ ആപ്തവാക്യമായി തിരഞ്ഞെടുക്കുകയും ചെയ്ത ഒരു വാചകം തന്നെ ടൈറ്റിലാക്കിയിരിക്കുകയാണ് ഒരു കസാഖ്സ്ഥാൻ സിനിമ- ദ് ജെന്റിൽ ഇൻഡിഫറൻസ് ഓഫ് ദ് വേൾഡ്.....23-ാം കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്ന്- ദ് ജെന്റിൽ ഇൻഡിഫറൻസ് ഓഫ് ദ് വേൾഡ്. കാനിൽ അൺസെർട്ടൻ വിഭാഗത്തിൽ പ്രദർശിപ്പിച്ച കവിതയോടടുത്തുനിൽക്കുന്ന ചലച്ചിത്രഭാഷ ഉപയോഗിക്കുന്ന വ്യത്യസ്ത സിനിമ. 

അധിൽഖാൻ യെർസാനോവിന്റെ ദ് ജെന്റിൽ ഇൻഡിഫറൻസ് ഗ്രാമവും നഗരവും തമ്മിലുള്ള സംഘർഷത്തിന്റെ കഥയാണു പറയുന്നത്. നിഷ്കളങ്കതയും കാപട്യവും ഏറ്റുമുട്ടുന്നതെക്കുറിച്ച്. നായികയായ സൽത്താനത്ത് മെഡിക്കൽ കോളജിൽനിന്നു ബിരുദം സ്വന്തമാക്കിയ സുന്ദരിയായ പെൺകുട്ടിയാണ്. അച്ഛന്റെ അകാലചരമം അവളുടെ വിദ്യാഭ്യാസത്തിനു വിരാമമിട്ടു. കടക്കെണിയിലാണു കുടുംബം. കടം തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ അമ്മ ജയിലിൽപോകും. സഹോദരന്റെ വിദ്യാഭ്യാസം മുടങ്ങും. സ്വന്തം ജീവിതവും പ്രതിസന്ധിയിലാകും. അനിശ്ചിതമായ ഭാവിയിലേക്ക് ആശയങ്കയോടെ നോക്കുന്ന സൽത്താനത്ത്  ഒഴിവുസമയം ചെലവഴിക്കുന്നതു പുസ്തകം വായിച്ച്. ചെടികൾ പൂത്തുലഞ്ഞുനിൽക്കുന്ന താഴ്‍വരയിൽ, കാറ്റുമേറ്റ് , ഒരു പൂത്തുലഞ്ഞ ചെടി പോലെ ഇരിക്കുകയാണ് സൽത്താനത്ത്. വീണ്ടും വീണ്ടും വായിക്കുന്നത് കമ്യൂവിന്റെ അന്യൻ. ജീവിതത്തിന്റെ അർഥം അന്വേഷിക്കുകയും പാവപ്പെട്ട മനുഷ്യരുടെ കാര്യത്തിൽ ലോകത്തിന് ഒരു പരിഗണനയുമില്ലെന്ന നിഗമനത്തിലെത്തുകയും ചെയ്യുന്ന മെസോയുടെ ദുരിതകഥയിൽ. പുസ്തകം വായിക്കുന്ന സൽത്താനത്തിനെ ശല്യപ്പെടുത്താതെ അധികം അകലെയല്ലാതെ കുവാൻഡിക്ക് ഉണ്ട്, കളിക്കൂട്ടുകാരൻ. കാമുകൻ. 

ജീവിതം പുർണമായും പ്രതിസന്ധിയിലായതോടെ സൽത്താനത്ത് നഗരത്തിലേക്കു പോകുന്നു; സമ്പന്നനായ, സ്വാധീനശേഷിയുള്ള അമ്മാവനെ കാണാൻ. കു വാൻഡിക്ക് സൽത്താനത്തിനെ അനുഗമിക്കുന്നു. പക്ഷേ ആ യാത്ര ആഗ്രഹിച്ച ഫലങ്ങളല്ല ഉളവാക്കുന്നത്. നഗരത്തിൽ അവരെ കാത്തിരുന്നത് ആസക്തിയുടെ കഴുകൻ കണ്ണുകൾ. വഞ്ചന. ചതി. അവഗണന. പക്ഷേ, എല്ലാ ദുരിതവും ഏറ്റുവാങ്ങി ലോകത്തെ പഴിച്ച് തിരിച്ചുവരാൻ മാത്രം ബുദ്ധിശൂന്യനായിയിരുന്നില്ല കു വാൻഡിക്ക്; സൽത്താനത്തും. നിഷ്കളങ്കതയിൽനിന്ന് പ്രതികാരത്തിലേക്ക് അവർ‌ ഒരുമിച്ചിറങ്ങുന്നു. ഒന്നല്ല, രണ്ടു കൊലപാതകങ്ങൾ. അവരെ കാത്തിരിക്കുന്നത് വധശിക്ഷ തന്നെയാകാം. ജയിലിൽ വധശിക്ഷയുടെ തലേന്ന് പിറ്റേന്നത്തെ ‘സുപ്രഭാതം’ സ്വപ്നം കാണുന്ന കമ്യുവിന്റെ മെസോയെപ്പോലെ സൽത്താനത്തും കു വാൻഡിക്കും ഭാവിയിലേക്കു സന്തോഷത്തോടെ നോക്കുന്ന രംഗമുണ്ട് ദ് ജന്റിൽ ഇൻഡിഫറൻസിലും....

കരുണയില്ലാത്ത ലോകത്തിന്റെ കാരുണ്യത്തിനു കാത്തുനിൽക്കാൻ തയ്യാറല്ലാത്ത മെസോയുടെ പിൻഗാമികൾ. ഇന്നും കമ്യൂവിന്റെ കൃതികൾ ആർത്തിയോടെ വായിക്കുന്നവർക്ക് സവിശേഷമായ ചലച്ചിത്രാനുഭവം  പകരുന്നുണ്ട് ദ് ജന്റിൽ ഇൻഡിഫറൻസ്.