ഒടിവിദ്യ പഠിക്കാൻ പോയ ഇന്ദു മേനോൻ...

ഇന്ദു മേനോൻ

കുഞ്ഞു നാളിൽ കേട്ട ഒടിയൻ കഥകളുടെ ഓർമ പങ്കുവെയ്ക്കുകയാണ് എഴുത്തുകാരി ഇന്ദു മേനോൻ. എങ്ങനെയെങ്കിലും ഒടി വിദ്യ പഠിച്ച് ഒരു പശുവായ് കുളമ്പടിച്ച് താൻ ഓടുമെന്ന് വല്ലാതെ വിശ്വസിച്ച ബാല്യകാലത്തെ കുറിച്ച് എഴുത്തുകാരി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ–

ഞാൻ ജീവിക്കുന്നത് നാട്ടിലോ നഗരത്തിലോ ആയാലും എനിക്കായി വാങ്ങുന്ന ഭൂമികളിൽ ചില പ്രത്യേക കൾട്ടുകളുണ്ടായിരുന്നു. പൂർവീകാത്മാക്കൾ, ലോക്കൽ മാരക ഡിറ്റീസ്, വാർത്താളി, പറക്കുട്ടി, പൂക്കുട്ടി, ചോരക്കൂളിയൻ, ബ്രഹ്മരക്ഷസ്, ചിന്നമസ്ത അങ്ങനെ സാത്താനികവും ദൈവികവുമായ ഉഗ്രരൂപികൾ എനിക്ക് സ്വന്തമായി വന്നു. എന്റെ ഭൂമിയാണെങ്കിലും നാട്ടുകാരാണ് എണ്ണയും വിളക്കും പ്രാർത്ഥനയുമൊക്കെ നടത്തിയിരുന്നത്. ദൈവവിശ്വാസിയായിരുന്ന കുട്ടിക്കാലം മുതലേ ഒരു തരം പ്രാദേശിക കൾട്ടുകളെയും ഭയമില്ലാത്തതിനാൽ കൽക്കണ്ടം, ഇളനീർ, കരിമ്പ്, ഉണക്കമുന്തിരി കരിപ്പട്ടി എന്നീ ഭക്തപ്രസാദങ്ങൾ തിന്നലായിരുന്നു മുഖ്യ ഹോബി. ദീപാവലിക്കാലത്ത് കത്തിക്കാൻ ഉളള എണ്ണയും ഇവ്വിധം ശേഖരിച്ചു വന്നു.

ദൈവത്തിനു /ചാത്തനു/ മാടനു വെക്ക്യുന്ന പ്രസാദങ്ങൾ ഞാനെടുക്കുന്നതിലും തിന്നുന്നതിലും ചിലർക്കൊക്കെ പ്രയാസമുണ്ടായിരുന്നു. എന്നാൽ എന്റെ സ്വഭാവമറിയുന്നതിനാൽ ആരും തന്നെ ഗുസ്തിയ്ക്ക് വന്നിരുന്നില്ല. അക്കാലത്ത് ഒടിമറയുന്ന ചില ആളുകൾ നാട്ടിലുണ്ടായിരുന്നു. ഒടിവിദ്യയും ഒടിമാരക മന്ത്രവും സ്വായത്തമാക്കിയ എന്റെ അയൽപക്കക്കാരി ഒരമ്മൂമ്മയായിരുന്നു അതിൽ പ്രശസ്ത. എന്നാൽ ഒടിവിദ്യ അഭ്യസിക്കാം എന്നു തന്നെ ഞാൻ കരുതി

“അയ്യെ നായരച്ചികൾക്ക് പറ്റീതല്ലത്. പാണത്തിപ്പെണ്ണുങ്ങൾക്കേ പറ്റൂ“

അമ്മ ഒരു രീതിയിലും എനിക്ക് ഒടിവിദ്യ പറഞ്ഞു തന്നില്ല. ഒടിയൻ കഥകൾ ഭയങ്കരമായ് പറയുകയും ചെയ്തു. അവരുടെ കണ്ണുകൾക്ക് പൂച്ചക്കണ്ണിന്റെ സ്വഭാവം ഉണ്ടായിരുന്നു. രാത്രിയിൽ കഥപറയുമ്പോൾ അവ വന്യമായ വെള്ളിത്തിളക്കമുതിർത്തു. അക്കാലത്തെ ദുർമന്ത്രവാദിയായിരുന്ന പണിക്കരു മാമനെ അടക്കിയ മന്ത്രനൂലു ശ്മശാനത്തു ചെന്ന് ഞാൻ പറിച്ചെറിഞ്ഞതിനാൽ സ്പെഷ്യൽ ഉറുക്ക് നൂലൊക്കെ ആ അമ്മൂമ്മ കെട്ടിത്തന്നു..

ഗർഭിണികളുടെ പള്ളകീറി കുഞ്ഞിനെയെടുത്ത് അഞ്ജനമരുന്ന് ഉണ്ടാക്കയായിരുന്നു അയാളുടെ പ്രധാനതൊഴിൽ. അയാൾതന്നെയാണു പെണ്ണുങ്ങളെ മന്ത്രം ചൊല്ലി ഗർഭിണിയാക്കുന്നത് എന്നും അവിലിടിയുമ്മയുടെ സഭയിൽ നിന്നും ഞാൻ മനസ്സിലാക്കിയിരുന്നു.

“ഇന്റെ ഇണ്ണീ എത്തിനായ്യ് ഇതൊക്കെ ചെയ്യണെ? ഓൻ ബല്ലാത്ത പഹയനാണു“ അമ്മൂമ്മയ്ക്ക് പണിക്കരെ പേടിയായിരുന്നു.

“ഓനു പെണ്ണ് പൈതം എന്നൊന്നുമില്ല.“

ഒടിയൻ കഥകളിലുള്ള എന്റെ കൗതുകങ്ങൾ ആരംഭിക്കുന്നത് ആ അമ്മൂമ്മയിൽ നിന്നാണു. ഏതാണ്ട് 35-40 കഥകൾ ഉണ്ടാവും. കട്ട വിടൽസ്സ് എന്നു തോന്നുന്ന അതിമാന്ത്രികതയെ പക്ഷേ ഞാൻ വല്ലാതെ വിശ്വസിച്ചിരുന്നു. രാവിലെ എന്റെ പറമ്പിൽ പൊഴിയുന്ന അടക്ക പെറുക്കാൻ അമ്മൂമ്മയെ ഞാൻ സഹായിച്ചു. എങ്ങനെയെങ്കിലും ഒടി വിദ്യ പഠിച്ച് ഒരു പശുവായ് കുളമ്പടിച്ച് ഞാൻ ഓടുമെന്ന് വല്ലാതെ വിശ്വസിച്ചു...

എന്റെ കഥ ലെസ്ബിയൻ പശുവിന്റെ ത്രെഡ് അവിടെനിന്നാണു. പശുവായിട്ട് ഒടി മറയുന്ന ഒരു സ്ത്രീ... തന്റെ കാമുകിയായ മെഹ്രുന്നീസയെ പ്രാപിക്കാനായി രാത്രിയിലും പകലും ഒടിമറിഞ്ഞു മാറുന്നവൾ. ഒടുക്കം അവളെ നാട്ടുകർ തല്ലിക്കൊല്ലുന്ന കഥ അത് സത്യത്തിൽ ആ അമ്മൂമ്മയുമായുള്ള ഇടപെടലിൽ നിന്നുണ്ടായതാണു. വളരെ ചെറുപ്പത്തിൽ വിധവയായ അതിസുന്ദരിയായ ഒരു ദളിത് സ്ത്രീയ്ക്ക് ഒടിമറിയാതെ സമാധാനമായി ജീവിക്കാൻ കഴിയില്ല എന്ന് ദേവകിവെല്ല്യമ്മ എന്നോറ്റ് മുതിർന്നപ്പോൾ പറഞ്ഞു തന്നു...

ഒടിയുമായ് ഒട്ടിച്ചേർന്ന അസംഖ്യം കഥകളുണ്ട്. ഒടിയൻ പടപ്പുകിൽ കണ്ടപ്പോൾ ഓർത്തുവെന്നു മാത്രം. അമ്മൂമ്മ മരിച്ചു പോയി. എന്തായാലും തെവ്ക്കാനൻ ചന്തു അച്ചനെ ഒന്നു കാണണം. ഇപ്പോഴും ഒടിമറിയുവാൻ അറിയുന്ന ആളാണു അദ്ദേഹം. ഒടിയുടെ ആ മഹാരഹസ്യം പങ്കിട്ട ആള്... സിനിമ കാണട്ടെ ബാക്കി കഥ അപ്പോഴാകാം