ചലച്ചിത്രവിദ്യാര്‍ഥികളും അസ്വാദകരും ഒരിക്കലും മറക്കാത്ത വര്‍ഷമാണ് 1955. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ സുവര്‍ണലിപിയില്‍ അടയാളപ്പെടുത്തിയ വര്‍ഷം. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ ഹീറോ സത്യജിത്ത് റേയുടെ ലോകം കീഴടക്കിയ പഥേര്‍ പാഞ്ചാലി റിലീസ് ആയ വര്‍ഷം. അധികമാരും ഓര്‍ത്തുവച്ചിട്ടില്ലെങ്കിലും 1955-ന് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. തിയറ്ററില്‍ എട്ടുനിലയില്‍ പൊട്ടിയ മറ്റൊരു സിനിമ കൂടി ആ വര്‍ഷം റിലീസ് ചെയ്യപ്പെട്ടു. രാത് ബോറെ. രാത്രിയുടെ അവസാനം അഥവാ പ്രഭാതം. സംവിധാനം മൃണാള്‍ സെന്‍! ആദ്യസിനിമ എട്ടുനിലയില്‍ പൊട്ടിയെങ്കിലും ഇഛാശക്തിയോടെ വീണ്ടും സിനിമയെടുത്ത ചലച്ചിത്രകാരനാണ് മൃണാള്‍ സെന്‍. 1955 മുതല്‍ 2002 വരെ 28 കഥാചിത്രങ്ങള്‍. ഒരു ടെലിഫിലിം. നാലു ഡോക്യുമെന്ററികള്‍. നിരന്തര ജനനം എന്ന അതിശയകരമായ ആത്മകഥ. 80- വയസ്സിനുശേഷവും സിനിമയെടുത്തു വിസ്മയിപ്പിച്ച പ്രതിഭ. ബംഗാളിക്കു പുറമെ ഹിന്ദിയിലും ഒറിയയിലും തെലുങ്കിലും സിനിമകള്‍ സംവിധാനം ചെയ്ത അത്ഭുതമനുഷ്യന്‍. സത്യജിത്ത് റേയെപ്പോലെ അഞ്ചു ദേശീയ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ സംസ്ഥാന, രാജ്യാന്തര പുരസ്കാരങ്ങള്‍. 95 വയസ്സ് എന്ന നാഴികക്കല്ലും പിന്നിട്ട്, തന്റെ പ്രിയപ്പെട്ട നഗരമായ കൊല്‍ക്കത്തയിലിരുന്ന് പുതിയ സിനിമയെക്കുറിച്ച് സ്വപ്നം കണ്ട മൃണാള്‍ ദാ തിരശ്ശീലയ്ക്കു പിന്നിലേക്ക്. പുതിയ സിനിമയുടെ അണിയറയിലേക്കല്ല; ഇഷ്ടസിനിമയുടെ ലോക്കേഷനിലേക്കല്ല, കാലത്തിന്റെ ശാശ്വതമായ അരങ്ങിലേക്ക്.
സമാനതകളില്ലാത്ത ചലച്ചിത്രകാരനാണ് സത്യജിത്ത് റേ. അലസവും അരാജകത്വവും നിറഞ്ഞ വഴികളിലൂടെ നടന്ന് പൂര്‍ണതയിലെത്താതെ മറഞ്ഞെങ്കിലും എന്നും ഓര്‍മിക്കപ്പെടും ഋത്വിക് ഘട്ടക്കും. ഈ രണ്ട് അതികായരുടെയും സമകാലികനാണ് മൃണാള്‍ സെന്‍. രണ്ടു സൂര്യന്‍മാര്‍ വ്യത്യസ്തമെങ്കിലും തീക്ഷ്ണതയോടെ ജ്വലിച്ചുനിന്ന കാലത്ത് പ്രതിഭയാല്‍ സ്വയം ഒരു പ്രഭാവലയമുണ്ടാക്കി ഉദിച്ചുനില്‍ക്കാന്‍ കഴിഞ്ഞു മൃണാള്‍ സെന്നിനും. പ്രത്യേകിച്ചും രാഷ്ട്രീയ സിനിമകളുടെ അഗ്രഗണ്യനായി. അതുതന്നെയാണ് മൃണാള്‍ സെന്നിന്റെ പ്രസക്തി; പ്രതിഭയും.
പരാജയപ്പെട്ട രാത് ബോറെയ്ക്കു ശേഷം സെന്‍ സാക്ഷാത്കരിച്ച രണ്ടാമത്തെ സിനിമ വിവാദങ്ങള്‍ സൃഷ്ടിച്ചതിനൊപ്പം അംഗീകാരവും നേടി- നീല്‍ ആകാഷെര്‍ നീചെ. മൂന്നാമത്തെ സിനിമയായ ബൈഷേയ് ശ്രാവണയിലൂടെ ലോകസിനിമയിലും സ്വന്തം കയ്യൊപ്പിട്ടു മൃണാള്‍ സെന്‍. ബുവന്‍ ഷോമാണ് മാസ്റ്റര്‍പീസ് - ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെതന്നെ നാഴികക്കല്ല്.
ഇന്ത്യന്‍ നവതരംഗ സിനിമയ്ക്ക് ദിശാബോധം നല്‍കിയ മൃണാള്‍ സെന്‍ യാദൃഛികമായി സിനിമയുടെ ലോകത്തെത്തിയ ചലച്ചിത്രകാരനാണ്. പത്രപ്രവര്‍ത്തകനായും മെഡിക്കല്‍ റെപ്രസെന്റേറ്റീവായും ജോലി ചെയ്തതിനുശേഷം കല്‍ക്കട്ട ഫിലിം സ്റ്റുഡിയോയില്‍ ഓഡിയോ ടെക്നീഷ്യനായും പ്രവര്‍ത്തിച്ച് സിനിമയുടെ ലോകത്ത് വഴിതെറ്റിയെത്തിയ ആദര്‍ശവാദി. രണ്ടു സംഭവങ്ങളാണ് സെന്നിനെ ചലച്ചിത്രകാരനാക്കിയതെന്നു പറയാം- നാല്‍പതുകളിലെ ബംഗാള്‍ ക്ഷാമവും രബീന്ദ്രനാഥ് ടാഗോറിന്റെ അന്ത്യനിമിഷങ്ങളും. ഈ രണ്ടു സംഭവങ്ങളും അദ്ദേഹം തന്റെ ആദ്യസിനിമകള്‍ക്കുതന്നെ പ്രമേയവുമാക്കി. പിന്നീടും അദ്ദേഹത്തിന്റെ എഴുത്തിലും ദൃശ്യങ്ങളിലും കടന്നുവന്നിട്ടുണ്ട് ക്ഷാമത്തിന്റെ ദൃശ്യങ്ങളും ടാഗോറിന്റെ വരികളും. പാബ്ളോ നെരൂദയായിരുന്നു സെന്നിന്റെ ഇഷ്ടകവി. നെരൂദയുടെ ഒരു വരിതന്നെയാണ് അദ്ദേഹം ആത്മകഥയുടെ പേരാക്കിയതും- നിരന്തര ജനനം. ആത്മകഥ സെന്‍ ആരംഭിക്കുന്നതു തന്നെ മലയാളത്തിനും മലയാളത്തിന്റെ അഭിമാനമായ അടൂര്‍ ഗോപാലകൃഷ്ണനും ആദരമര്‍പ്പിച്ചുകൊണ്ടാണ്.
2004 മേയ്. റേ അനുസ്മരണ പ്രഭാഷണത്തിന് കൊല്‍ക്കത്തയിലെത്തിയ അടൂര്‍ സെന്നിനെ ക്ഷണിച്ചു- അദ്ദേഹത്തിന്റെ പുതിയ സിനിമയായ നിഴല്‍ക്കൂത്ത് കാണാന്‍. സെന്‍ എഴുതുന്നു:
എനിക്കതു കാണാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നു. ഉപജീവനത്തിന് തൊഴിലെന്നനിലയില്‍ അരാച്ചാരാകേണ്ടിവന്ന ഒരു മനുഷ്യനായിരുന്നു അതിലെ പ്രധാന കഥാപാത്രം. മാത്രമല്ല, അതിനതീതമായ, അപ്രാപ്യമായ എന്തോ ഒന്നും. ഞാനതു കണ്ടു. എനിക്കിഷ്ടമായി. വല്ലാതെ ഇഷ്ടമായി. ഉപരിതലത്തിലെ ലാളിത്യത്തിനുള്ളില്‍, അടരടരായുള്ള സൂക്ഷ്മാവബോധം കണ്ട് ഞാന്‍ വികാരാധീനനായി.
1941 ഓഗസ്റ്റ് ഏഴ്. അന്നു വിദ്യാര്‍ഥിയായിരുന്നു സെന്‍. ക്ളാസ് തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. പെട്ടെന്ന് നഗ്നപാദനായി ക്ളാസിലേക്ക് ഓടിക്കിതച്ചുവന്ന പ്രിന്‍സിപ്പല്‍ എങ്ങനോ പറഞ്ഞൊപ്പിച്ചു: മഹാകവി ഇനിയില്ല.
ആ നിമിഷം ക്ളാസില്‍നിന്നിറങ്ങിയ സെന്‍ ടാഗോറിന്റെ അന്ത്യനിമിഷങ്ങള്‍ക്കും വിലാപയാത്രയ്ക്കുമെല്ലാം സാക്ഷിയായിരുന്നു. ബംഗാളി കലണ്ടറില്‍ ആ ദിവസം അടയാളപ്പെടുത്തിയിട്ടുണ്ട്- ബൈഷേയ് ശ്രാവണ. തന്റെ മൂന്നാമത്തെ സിനിമയ്ക്ക് ആ പേരു തന്നെയിട്ടു സെന്‍.
അവഗണിക്കപ്പെട്ട ഒരു സാധാരണ ബാലന്‍ പണക്കാരനായ ഒരു കുടുംബനാഥന്‍ വഴി നഗരത്തില്‍ എത്തിപ്പെടുമ്പോള്‍ അവന്‍ സ്വന്തം വിധിയെ എങ്ങനെ നേരിടുന്നുവെന്നാണ് ആദ്യസിനിമയിലൂടെ പരഞ്ഞതെങ്കില്‍ രണ്ടാമത്തെ ചിത്രമായ നീല്‍ ആകാഷെര്‍ നീചെ (നീലാകാശത്തിനു ചുവട്ടില്‍ ) പൂര്‍ണമായും രാഷ്ട്രീയ സിനിമയായിരുന്നു. ചലച്ചിത്രലോകം രണ്ടുകയ്യും നീട്ടി സ്വീകരിച്ച സെന്നിന്റെ ആദ്യചിത്രവും ഇതുതന്നെ. കൊളോണിയല്‍ ഭരണത്തിനെതിരെയുള്ള പോരാട്ടമാണ് നീലാകാശത്തിന്റെ പ്രമേയം. ഒപ്പം ഫാസിസത്തിനെതിരെ നടത്തുന്ന സമരവും. മുപ്പതുകളുടെ മധ്യത്തില്‍ സൈനിക മേധാവിത്വമുള്ള ജപ്പാന്‍ ചൈനയെ ആക്രമിച്ച കാലമാണ് സിനിമയുടെ പശ്ഛാത്തലം. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പോലും ഇഷ്ടപ്പെടുകയും ഓര്‍മിക്കുകയും ചെയ്തെങ്കിലും ഭരണകൂടത്തിന്റെ വിമര്‍ശനത്തിനും ഈ സിനിമ കാരണമായി. മൂന്നു മാസത്തേക്ക് നിരോധനം. 1958-ലാണ് ചിത്രം പുറത്തുവന്നത്. അമ്പതുകളുടെ അവസാനം തന്നെയാണ് ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കം രൂക്ഷമാകുന്നതും. ഇതാണ് നീലാകാശം നിരോധിക്കാന്‍ കാരണമായത്. പക്ഷേ നെഹ്റുവിനെയും പ്രതിരോധ മന്ത്രി വി.കെ.കൃഷ്ണമേനോനെയും സെന്‍ വസ്തുതതകള്‍ ബോധ്യപ്പെടുത്തിയതിനെത്തുടര്‍ന്ന് മൂന്നുമാസത്തിനുശേഷം നിരോധനം പിന്‍വലിച്ചു. പക്ഷേ, പിന്നീടും രാഷ്ട്രീയം തന്റെ സിനിമകളുടെ പ്രമേയമാക്കാന്‍ മടികാണിച്ചിട്ടില്ല മൃണാള്‍ സെന്‍. തിയറ്ററുകള്‍ തിരസ്കരിക്കുയും ജനക്കൂട്ടം ഏറ്റെടുക്കാതിരിക്കുകയും ചെയ്തിട്ടും തനിക്കു പറയാനുള്ള കാര്യങ്ങള്‍ തന്റെ സിനിമയിലൂടെ പറഞ്ഞ് താന്‍ ജീവിക്കുന്ന കാലത്തെ അദ്ദേഹം നേരിട്ടു. അദ്ദേഹത്തിന്റെ സിനിമകള്‍ പോലെ തന്നെ അടുക്കും ചിട്ടയുമില്ലാതെയാണ് അദ്ദേഹം ആത്മകഥയെഴുതിയതും. നവീനമായ ഒരു ഭാവുകത്വം പകരാന്‍ കഴിഞ്ഞു നിരന്തര ജനനത്തിന്.
മൈത്ര മനീഷ, മിഥുന്‍ ചക്രവര്‍ത്തിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത മൃഗയ, അന്തരീന്‍, നന്ദിതാ ദാസിന് പുരസ്കാരം നേടിക്കൊടുത്ത അമര്‍ ഭുവന്‍, സ്മിതാ പാട്ടീല്‍ അനശ്വരമാക്കിയ അകലേര്‍ സാന്ധാനേ...ഓരോ കാഴ്ചയിലും പിന്നെയും പിന്നെയും ജനിച്ചുകൊണ്ടേയിരിക്കുകയാണ് മൃണാള്‍ സെന്‍ ചിത്രങ്ങള്‍. ഹ്രസ്വമായ ഇടവേളയ്ക്കുശേഷം വീണ്ടുമാരംഭിക്കുന്ന ഒരു ചലച്ചിത്രം പോലെ. ആള്‍വെയ്സ് ബീയിങ് ബോണ്‍.... ജനിച്ചുകൊണ്ടേയിരിക്കുന്ന മൃണാള്‍ സെന്‍. ചലച്ചിത്രവിദ്യാര്‍ഥികളും അസ്വാദകരും ഒരിക്കലും മറക്കാത്ത വര്‍ഷമാണ് 1955. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ സുവര്‍ണലിപിയില്‍ അടയാളപ്പെടുത്തിയ വര്‍ഷം. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ ഹീറോ സത്യജിത്ത് റേയുടെ ലോകം കീഴടക്കിയ പഥേര്‍ പാഞ്ചാലി റിലീസ് ആയ വര്‍ഷം. അധികമാരും ഓര്‍ത്തുവച്ചിട്ടില്ലെങ്കിലും 1955-ന് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. തിയറ്ററില്‍ എട്ടുനിലയില്‍ പൊട്ടിയ മറ്റൊരു സിനിമ കൂടി ആ വര്‍ഷം റിലീസ് ചെയ്യപ്പെട്ടു. രാത് ബോറെ. രാത്രിയുടെ അവസാനം അഥവാ പ്രഭാതം. സംവിധാനം മൃണാള്‍ സെന്‍! ആദ്യസിനിമ എട്ടുനിലയില്‍ പൊട്ടിയെങ്കിലും ഇഛാശക്തിയോടെ വീണ്ടും സിനിമയെടുത്ത ചലച്ചിത്രകാരനാണ് മൃണാള്‍ സെന്‍. 1955 മുതല്‍ 2002 വരെ 28 കഥാചിത്രങ്ങള്‍. ഒരു ടെലിഫിലിം. നാലു ഡോക്യുമെന്ററികള്‍. നിരന്തര ജനനം എന്ന അതിശയകരമായ ആത്മകഥ. 80- വയസ്സിനുശേഷവും സിനിമയെടുത്തു വിസ്മയിപ്പിച്ച പ്രതിഭ. ബംഗാളിക്കു പുറമെ ഹിന്ദിയിലും ഒറിയയിലും തെലുങ്കിലും സിനിമകള്‍ സംവിധാനം ചെയ്ത അത്ഭുതമനുഷ്യന്‍. സത്യജിത്ത് റേയെപ്പോലെ അഞ്ചു ദേശീയ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ സംസ്ഥാന, രാജ്യാന്തര പുരസ്കാരങ്ങള്‍. 95 വയസ്സ് എന്ന നാഴികക്കല്ലും പിന്നിട്ട്, തന്റെ പ്രിയപ്പെട്ട നഗരമായ കൊല്‍ക്കത്തയിലിരുന്ന് പുതിയ സിനിമയെക്കുറിച്ച് സ്വപ്നം കണ്ട മൃണാള്‍ ദാ തിരശ്ശീലയ്ക്കു പിന്നിലേക്ക്. പുതിയ സിനിമയുടെ അണിയറയിലേക്കല്ല; ഇഷ്ടസിനിമയുടെ ലോക്കേഷനിലേക്കല്ല, കാലത്തിന്റെ ശാശ്വതമായ അരങ്ങിലേക്ക്.
സമാനതകളില്ലാത്ത ചലച്ചിത്രകാരനാണ് സത്യജിത്ത് റേ. അലസവും അരാജകത്വവും നിറഞ്ഞ വഴികളിലൂടെ നടന്ന് പൂര്‍ണതയിലെത്താതെ മറഞ്ഞെങ്കിലും എന്നും ഓര്‍മിക്കപ്പെടും ഋത്വിക് ഘട്ടക്കും. ഈ രണ്ട് അതികായരുടെയും സമകാലികനാണ് മൃണാള്‍ സെന്‍. രണ്ടു സൂര്യന്‍മാര്‍ വ്യത്യസ്തമെങ്കിലും തീക്ഷ്ണതയോടെ ജ്വലിച്ചുനിന്ന കാലത്ത് പ്രതിഭയാല്‍ സ്വയം ഒരു പ്രഭാവലയമുണ്ടാക്കി ഉദിച്ചുനില്‍ക്കാന്‍ കഴിഞ്ഞു മൃണാള്‍ സെന്നിനും. പ്രത്യേകിച്ചും രാഷ്ട്രീയ സിനിമകളുടെ അഗ്രഗണ്യനായി. അതുതന്നെയാണ് മൃണാള്‍ സെന്നിന്റെ പ്രസക്തി; പ്രതിഭയും.
പരാജയപ്പെട്ട രാത് ബോറെയ്ക്കു ശേഷം സെന്‍ സാക്ഷാത്കരിച്ച രണ്ടാമത്തെ സിനിമ വിവാദങ്ങള്‍ സൃഷ്ടിച്ചതിനൊപ്പം അംഗീകാരവും നേടി- നീല്‍ ആകാഷെര്‍ നീചെ. മൂന്നാമത്തെ സിനിമയായ ബൈഷേയ് ശ്രാവണയിലൂടെ ലോകസിനിമയിലും സ്വന്തം കയ്യൊപ്പിട്ടു മൃണാള്‍ സെന്‍. ബുവന്‍ ഷോമാണ് മാസ്റ്റര്‍പീസ് - ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെതന്നെ നാഴികക്കല്ല്.
ഇന്ത്യന്‍ നവതരംഗ സിനിമയ്ക്ക് ദിശാബോധം നല്‍കിയ മൃണാള്‍ സെന്‍ യാദൃഛികമായി സിനിമയുടെ ലോകത്തെത്തിയ ചലച്ചിത്രകാരനാണ്. പത്രപ്രവര്‍ത്തകനായും മെഡിക്കല്‍ റെപ്രസെന്റേറ്റീവായും ജോലി ചെയ്തതിനുശേഷം കല്‍ക്കട്ട ഫിലിം സ്റ്റുഡിയോയില്‍ ഓഡിയോ ടെക്നീഷ്യനായും പ്രവര്‍ത്തിച്ച് സിനിമയുടെ ലോകത്ത് വഴിതെറ്റിയെത്തിയ ആദര്‍ശവാദി. രണ്ടു സംഭവങ്ങളാണ് സെന്നിനെ ചലച്ചിത്രകാരനാക്കിയതെന്നു പറയാം- നാല്‍പതുകളിലെ ബംഗാള്‍ ക്ഷാമവും രബീന്ദ്രനാഥ് ടാഗോറിന്റെ അന്ത്യനിമിഷങ്ങളും. ഈ രണ്ടു സംഭവങ്ങളും അദ്ദേഹം തന്റെ ആദ്യസിനിമകള്‍ക്കുതന്നെ പ്രമേയവുമാക്കി. പിന്നീടും അദ്ദേഹത്തിന്റെ എഴുത്തിലും ദൃശ്യങ്ങളിലും കടന്നുവന്നിട്ടുണ്ട് ക്ഷാമത്തിന്റെ ദൃശ്യങ്ങളും ടാഗോറിന്റെ വരികളും. പാബ്ളോ നെരൂദയായിരുന്നു സെന്നിന്റെ ഇഷ്ടകവി. നെരൂദയുടെ ഒരു വരിതന്നെയാണ് അദ്ദേഹം ആത്മകഥയുടെ പേരാക്കിയതും- നിരന്തര ജനനം. ആത്മകഥ സെന്‍ ആരംഭിക്കുന്നതു തന്നെ മലയാളത്തിനും മലയാളത്തിന്റെ അഭിമാനമായ അടൂര്‍ ഗോപാലകൃഷ്ണനും ആദരമര്‍പ്പിച്ചുകൊണ്ടാണ്.
2004 മേയ്. റേ അനുസ്മരണ പ്രഭാഷണത്തിന് കൊല്‍ക്കത്തയിലെത്തിയ അടൂര്‍ സെന്നിനെ ക്ഷണിച്ചു- അദ്ദേഹത്തിന്റെ പുതിയ സിനിമയായ നിഴല്‍ക്കൂത്ത് കാണാന്‍. സെന്‍ എഴുതുന്നു:
എനിക്കതു കാണാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നു. ഉപജീവനത്തിന് തൊഴിലെന്നനിലയില്‍ അരാച്ചാരാകേണ്ടിവന്ന ഒരു മനുഷ്യനായിരുന്നു അതിലെ പ്രധാന കഥാപാത്രം. മാത്രമല്ല, അതിനതീതമായ, അപ്രാപ്യമായ എന്തോ ഒന്നും. ഞാനതു കണ്ടു. എനിക്കിഷ്ടമായി. വല്ലാതെ ഇഷ്ടമായി. ഉപരിതലത്തിലെ ലാളിത്യത്തിനുള്ളില്‍, അടരടരായുള്ള സൂക്ഷ്മാവബോധം കണ്ട് ഞാന്‍ വികാരാധീനനായി.
1941 ഓഗസ്റ്റ് ഏഴ്. അന്നു വിദ്യാര്‍ഥിയായിരുന്നു സെന്‍. ക്ളാസ് തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. പെട്ടെന്ന് നഗ്നപാദനായി ക്ളാസിലേക്ക് ഓടിക്കിതച്ചുവന്ന പ്രിന്‍സിപ്പല്‍ എങ്ങനോ പറഞ്ഞൊപ്പിച്ചു: മഹാകവി ഇനിയില്ല.
ആ നിമിഷം ക്ളാസില്‍നിന്നിറങ്ങിയ സെന്‍ ടാഗോറിന്റെ അന്ത്യനിമിഷങ്ങള്‍ക്കും വിലാപയാത്രയ്ക്കുമെല്ലാം സാക്ഷിയായിരുന്നു. ബംഗാളി കലണ്ടറില്‍ ആ ദിവസം അടയാളപ്പെടുത്തിയിട്ടുണ്ട്- ബൈഷേയ് ശ്രാവണ. തന്റെ മൂന്നാമത്തെ സിനിമയ്ക്ക് ആ പേരു തന്നെയിട്ടു സെന്‍.
അവഗണിക്കപ്പെട്ട ഒരു സാധാരണ ബാലന്‍ പണക്കാരനായ ഒരു കുടുംബനാഥന്‍ വഴി നഗരത്തില്‍ എത്തിപ്പെടുമ്പോള്‍ അവന്‍ സ്വന്തം വിധിയെ എങ്ങനെ നേരിടുന്നുവെന്നാണ് ആദ്യസിനിമയിലൂടെ പരഞ്ഞതെങ്കില്‍ രണ്ടാമത്തെ ചിത്രമായ നീല്‍ ആകാഷെര്‍ നീചെ (നീലാകാശത്തിനു ചുവട്ടില്‍ ) പൂര്‍ണമായും രാഷ്ട്രീയ സിനിമയായിരുന്നു. ചലച്ചിത്രലോകം രണ്ടുകയ്യും നീട്ടി സ്വീകരിച്ച സെന്നിന്റെ ആദ്യചിത്രവും ഇതുതന്നെ. കൊളോണിയല്‍ ഭരണത്തിനെതിരെയുള്ള പോരാട്ടമാണ് നീലാകാശത്തിന്റെ പ്രമേയം. ഒപ്പം ഫാസിസത്തിനെതിരെ നടത്തുന്ന സമരവും. മുപ്പതുകളുടെ മധ്യത്തില്‍ സൈനിക മേധാവിത്വമുള്ള ജപ്പാന്‍ ചൈനയെ ആക്രമിച്ച കാലമാണ് സിനിമയുടെ പശ്ഛാത്തലം. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പോലും ഇഷ്ടപ്പെടുകയും ഓര്‍മിക്കുകയും ചെയ്തെങ്കിലും ഭരണകൂടത്തിന്റെ വിമര്‍ശനത്തിനും ഈ സിനിമ കാരണമായി. മൂന്നു മാസത്തേക്ക് നിരോധനം. 1958-ലാണ് ചിത്രം പുറത്തുവന്നത്. അമ്പതുകളുടെ അവസാനം തന്നെയാണ് ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കം രൂക്ഷമാകുന്നതും. ഇതാണ് നീലാകാശം നിരോധിക്കാന്‍ കാരണമായത്. പക്ഷേ നെഹ്റുവിനെയും പ്രതിരോധ മന്ത്രി വി.കെ.കൃഷ്ണമേനോനെയും സെന്‍ വസ്തുതതകള്‍ ബോധ്യപ്പെടുത്തിയതിനെത്തുടര്‍ന്ന് മൂന്നുമാസത്തിനുശേഷം നിരോധനം പിന്‍വലിച്ചു. പക്ഷേ, പിന്നീടും രാഷ്ട്രീയം തന്റെ സിനിമകളുടെ പ്രമേയമാക്കാന്‍ മടികാണിച്ചിട്ടില്ല മൃണാള്‍ സെന്‍. തിയറ്ററുകള്‍ തിരസ്കരിക്കുയും ജനക്കൂട്ടം ഏറ്റെടുക്കാതിരിക്കുകയും ചെയ്തിട്ടും തനിക്കു പറയാനുള്ള കാര്യങ്ങള്‍ തന്റെ സിനിമയിലൂടെ പറഞ്ഞ് താന്‍ ജീവിക്കുന്ന കാലത്തെ അദ്ദേഹം നേരിട്ടു. അദ്ദേഹത്തിന്റെ സിനിമകള്‍ പോലെ തന്നെ അടുക്കും ചിട്ടയുമില്ലാതെയാണ് അദ്ദേഹം ആത്മകഥയെഴുതിയതും. നവീനമായ ഒരു ഭാവുകത്വം പകരാന്‍ കഴിഞ്ഞു നിരന്തര ജനനത്തിന്.
മൈത്ര മനീഷ, മിഥുന്‍ ചക്രവര്‍ത്തിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത മൃഗയ, അന്തരീന്‍, നന്ദിതാ ദാസിന് പുരസ്കാരം നേടിക്കൊടുത്ത അമര്‍ ഭുവന്‍, സ്മിതാ പാട്ടീല്‍ അനശ്വരമാക്കിയ അകലേര്‍ സാന്ധാനേ...ഓരോ കാഴ്ചയിലും പിന്നെയും പിന്നെയും ജനിച്ചുകൊണ്ടേയിരിക്കുകയാണ് മൃണാള്‍ സെന്‍ ചിത്രങ്ങള്‍. ഹ്രസ്വമായ ഇടവേളയ്ക്കുശേഷം വീണ്ടുമാരംഭിക്കുന്ന ഒരു ചലച്ചിത്രം പോലെ. ആള്‍വെയ്സ് ബീയിങ് ബോണ്‍.... ജനിച്ചുകൊണ്ടേയിരിക്കുന്ന മൃണാള്‍ സെന്‍.