കത്തിലെ രഹസ്യ അറകളും ചങ്കടുപ്പിലെ തീയും
അറിയാവുന്ന എല്ലാ തെറിവാക്കുകളുമുപയോഗിച്ച് അരവിന്ദന് ഞാൻ ഊമക്കത്തയച്ചു. അവൻ ചെയ്‌ത പാപങ്ങളെല്ലാം കത്തിൽ അക്കമിട്ടു പറഞ്ഞിരുന്നു. നാലാം ദിവസം എനിക്കൊരു ഊമക്കത്ത് പകരം കിട്ടി. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.
അറിയാവുന്ന എല്ലാ തെറിവാക്കുകളുമുപയോഗിച്ച് അരവിന്ദന് ഞാൻ ഊമക്കത്തയച്ചു. അവൻ ചെയ്‌ത പാപങ്ങളെല്ലാം കത്തിൽ അക്കമിട്ടു പറഞ്ഞിരുന്നു. നാലാം ദിവസം എനിക്കൊരു ഊമക്കത്ത് പകരം കിട്ടി. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.
അറിയാവുന്ന എല്ലാ തെറിവാക്കുകളുമുപയോഗിച്ച് അരവിന്ദന് ഞാൻ ഊമക്കത്തയച്ചു. അവൻ ചെയ്‌ത പാപങ്ങളെല്ലാം കത്തിൽ അക്കമിട്ടു പറഞ്ഞിരുന്നു. നാലാം ദിവസം എനിക്കൊരു ഊമക്കത്ത് പകരം കിട്ടി. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.
ഊമക്കത്തുകൾ എഴുതുന്നത് ആരാണെന്ന് പലർക്കുമറിയില്ല. എന്നാൽ അറിയുക, എൻ.പ്രഭാകരനാണ് ഊമക്കത്ത് എഴുതിയത്. ഇതാദ്യമായി സ്വന്തം പേരു വച്ച് ഊമക്കത്തെഴുതിയ ആൾ എന്നു പറഞ്ഞാലും തെറ്റില്ല. ‘ഊമക്കത്ത്’ പ്രഭാകരന്റെ ഏറ്റവും ചെറിയ കഥയാണ്
അറിയാവുന്ന എല്ലാ തെറിവാക്കുകളുമുപയോഗിച്ച് അരവിന്ദന് ഞാൻ ഊമക്കത്തയച്ചു. അവൻ ചെയ്‌ത പാപങ്ങളെല്ലാം കത്തിൽ അക്കമിട്ടു പറഞ്ഞിരുന്നു. നാലാം ദിവസം എനിക്കൊരു ഊമക്കത്ത് പകരം കിട്ടി. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: വിഷമിക്കാതിരിക്കൂ, നീ ചെയ്‌തത് അത്ര വലിയ പാപമൊന്നുമല്ല എന്നതാണ് കഥ. അഥവാ കത്തിന്റെ കഥ.
കത്തു കിട്ടിയ ആൾക്ക് അതെഴുതിയ ആളെ പിടികിട്ടിയിരിക്കുന്നു. അതാണല്ലോ അയാൾക്ക് അതിനുള്ള മറുപടി കിട്ടിയത്. കത്തെഴുതിയ ആൾക്കും അത് കൈപ്പറ്റിയ ആൾക്കും കാര്യം മനസ്സിലായി. പക്ഷേ വിളിച്ചു പറയാനാവില്ല. പ്രഭാകരന്റെ പല കഥകളിലും എല്ലാം ഒളിപ്പിച്ചു വച്ചിരിക്കുകയാണ്. ഭാവനയുടെ, വേദനയുടെ, സംഘർഷങ്ങളുടെ, വിഹ്വലതകളുടെ രഹസ്യ അറകൾ അതിലുണ്ട്.
കണ്ണൂരിലെ മൺപാത്രത്തൊഴിലാളികളുടെ മുഖപത്രമായ ചക്രം മാസികയിലാണ് പ്രഭാകരന്റെ ആദ്യ കഥ അച്ചടിച്ചുവന്നത്. അദ്ദേഹത്തിന്റെ ഓരോ കഥയിലും ഓരോ അടുപ്പ് എരിയുന്നുണ്ട്. അനുഭവങ്ങളുടെ, ആത്മസംഘർഷങ്ങളുടെ തീച്ചൂളയില്ലാത്ത ഒരു കഥാപാത്രത്തെപ്പോലും അദ്ദേഹം സൃഷ്‌ടിക്കുന്നില്ല. ഈ കഥയിലുമുണ്ട് അരവിന്ദന്റെ ചങ്കിൽ ഒരടുപ്പ്. ചങ്കിടിപ്പ് അല്ല ചങ്കടുപ്പ്. അതിന് തീ കൊളുത്താനാണ് കഥാനായകൻ അരവിന്ദന് ഊമക്കത്തെഴുതിയതിലൂടെ ശ്രമിച്ചത്.
ഊമക്കത്തുകൾ പിന്നീട് കോളിളക്കങ്ങൾ സൃഷ്‌ടിക്കാറുണ്ട്. മൃതദേഹം സാധാരണ മട്ടിൽ സംസ്‌കരിച്ചു കഴിയുമ്പോൾ അത് കൊലപാതകമാണെന്നു സൂചിപ്പിച്ച് അധികാരികൾക്ക് ഊമക്കത്ത് ലഭിക്കാറുണ്ട്. അത് സംഭവങ്ങളുടെ ചുരുളഴിക്കുന്നു. അദൃശ്യമായ കരങ്ങൾ എവിടെയോ ഇരുന്ന് പെരുമാറുന്നതായി, സത്യം വിളിച്ചു പറയുന്നതായി നമുക്ക് തോന്നുന്നു. ഉത്തരങ്ങൾ എല്ലാം അറിയുന്ന ഒരാൾ ഒരു മജീഷ്യനെപ്പോലെ യാണ് പെരുമാറുന്നതെന്ന് ഓഷോ പറഞ്ഞത് വെറുതെയല്ല.
ഊമക്കത്തുകൾ ദുരൂഹമാണ്. ടൈംബോംബ്, റോക്കറ്റ് ബോംബ്, വെടിയൊച്ചകൾ എന്നിങ്ങനെ കൊടുംഭീകരൻ എന്ന കഥയിലും ട്രാൻസിസ്‌റ്റർ ബോംബ്, ബെൽറ്റ് ബോംബ് എന്നിങ്ങനെ രേഖാരഹസ്യം എന്ന കഥയിലും അണുബോംബുകൾ, ആയുധക്കരാറുകൾ, അന്തർവാഹിനികൾ, അതിർത്തി സേനകൾ എന്നിങ്ങനെ കമ്പിത്തിരി എന്ന കഥയിലും അദ്ദേഹം എഴുതുന്നു. ഈ വാക്കുകളൊക്കെയെടുത്ത് അദ്ദേഹം പന്താടുന്നു അഥവാ ബോംബാടുന്നു. ഇതൊന്നും പോരാഞ്ഞ് പുലിജന്മത്തിന്റെ തിരക്കഥ കൂടി പ്രഭാകരന്റേതാവുമ്പോൾ അദ്ദേഹമാണ് പുലി പ്രഭാകരൻ എന്നു ധരിക്കരുത്. അദ്ദേഹത്തിന്റെ കയ്യിൽ ആകെ ഒരു ബോംബേയുള്ളൂ. കഥബോംബ് ആണത്. ഓരോ ഊമക്കത്തും മേൽവിലാസക്കാരനു മേൽ ചെന്നു വീഴുന്നത് ഒരു ബോംബ് പൊട്ടുന്നതു പോലെയാണ്.
ലോകം സൃഷ്‌ടിക്കപ്പെട്ടത് സുഖത്തിനു വേണ്ടിയോ ദുഃഖത്തിനു വേണ്ടിയോ എന്ന ചോദ്യത്തിന് രമണമഹർഷി നൽകിയ മറുപടി: ‘സൃഷ്‌ടി നന്മയാർന്നതല്ല , തിന്മയാർന്നതുമല്ല. അത് എങ്ങനെയോ അങ്ങനെ തന്നെ. സൃഷ്‌ടി ആൽമരം പോലെയാണ്. ചിലർ അതിന്റെ തണൽ കൊള്ളുന്നു. ചിലർ അതിന്റെ പഴം കഴിക്കുന്നു. ചിലർ അതിന്റെ ചില്ലയിൽ തൂങ്ങിച്ചാവുന്നു. എന്നിട്ടും അത് ശാന്തജീവിതം നയിക്കുന്നു’എന്നാണ്.
ഊമക്കത്തുകൾ എഴുതണോ എന്നു മാത്രമല്ല ഊമക്കത്തുകൾ നിങ്ങൾക്ക് കിട്ടണോ എന്നു തീരുമാനിക്കുന്നതും നിങ്ങളാണ്. ഈ കഥയെ നിങ്ങൾക്ക് എങ്ങനെയും വായിക്കാം. ഊമക്കത്തുകൾ ഊഹക്കത്തുകളാണെന്നു വേണമെങ്കിൽ പറയാം. എഴുതിയ ആൾ ആരെന്ന് ഊഹിക്കാൻ ഒരു നൂറു സാധ്യതകൾ അത് നൽകുന്നു. എന്നാൽ ഊമക്കത്തുകൾ പലപ്പോഴും ഉൺമക്കത്തുകൾ കൂടിയാണ്. കാരണം അത് സത്യം വിളിച്ചു പറയുന്നു.
English Summary : Kadhanurukku, Column, Short Stories By N. Prabhakaran