ഗജമുഖനെപ്പോലെത്തന്നെ ഒറ്റയാനായിരുന്നു കരിവദനനും. പക്ഷേ അവന്റെ അമ്മ മരിക്കുമ്പോൾ തെക്കു നിന്നൊരു ഉയിർഛേദം അന്വേഷിച്ചു വരുമെന്ന സൂചനയൊന്നും അവന് കൊടുത്തിരുന്നില്ല. ജന്മം നൽകിയ ആനക്കമ്പക്കാരൻ പാപ്പാൻ തന്റെ അമ്മയെ ചതിച്ചതാണെന്ന ഒരു സൂചനയും

ഗജമുഖനെപ്പോലെത്തന്നെ ഒറ്റയാനായിരുന്നു കരിവദനനും. പക്ഷേ അവന്റെ അമ്മ മരിക്കുമ്പോൾ തെക്കു നിന്നൊരു ഉയിർഛേദം അന്വേഷിച്ചു വരുമെന്ന സൂചനയൊന്നും അവന് കൊടുത്തിരുന്നില്ല. ജന്മം നൽകിയ ആനക്കമ്പക്കാരൻ പാപ്പാൻ തന്റെ അമ്മയെ ചതിച്ചതാണെന്ന ഒരു സൂചനയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗജമുഖനെപ്പോലെത്തന്നെ ഒറ്റയാനായിരുന്നു കരിവദനനും. പക്ഷേ അവന്റെ അമ്മ മരിക്കുമ്പോൾ തെക്കു നിന്നൊരു ഉയിർഛേദം അന്വേഷിച്ചു വരുമെന്ന സൂചനയൊന്നും അവന് കൊടുത്തിരുന്നില്ല. ജന്മം നൽകിയ ആനക്കമ്പക്കാരൻ പാപ്പാൻ തന്റെ അമ്മയെ ചതിച്ചതാണെന്ന ഒരു സൂചനയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗജമുഖൻ യാത്രയിലാണ്. യാത്ര അവസാനിക്കാന്‍ മണിക്കൂറുകളേ ബാക്കിയുള്ളൂ എന്ന് അയാളോർത്തത് തികച്ചും നിർവികാരനായാണ്. യാത്രാവസാനം തന്നെ എതിരേൽക്കാൻ ഞെട്ടിക്കുന്ന വെളിപാടുകളോ അത്ഭുതങ്ങളോ ഉണ്ടാകുമെന്നൊന്നും അയാൾക്കുറപ്പില്ലായിരുന്നു. ആനപ്പാപ്പാനായിരുന്ന അച്ഛനാണ് അയാൾക്ക് ഗജമുഖൻ എന്ന പേരിട്ടത്. തന്റെ മുഖം ദർശിക്കുന്നതിനു മുമ്പു തന്നെ അച്ഛനാ പേരു തീരുമാനിച്ചിരുന്നു എന്ന് അമ്മ പറഞ്ഞതോർമ്മയുണ്ട്. മകന് നല്ല പേര് എന്ന ആഗ്രഹത്തിലുപരി മകനെ തന്റെ ആനക്കമ്പത്തിന്റെ ദൃഷ്ടാന്തമാക്കുക എന്നതായിരുന്നത്രേ അച്ഛനെ നയിച്ച ചേതോവികാരം. അജമുഖന്‍ എന്നായിരുന്നു കൂടുതൽ ചേർച്ചയെന്നു കളിയാക്കുന്നവരെ ഒരാനയുടെ അവജ്ഞയോടെ അയാൾ അവഗണിക്കാറാണ് പതിവ്.

ആന ചെരിഞ്ഞതിന്റെ ആറാം മാസം അച്ഛനും മരിച്ചപ്പോൾ തുടങ്ങിയതാണ് ഗജമുഖന്റെ യാത്ര. കടൽ കടന്നുള്ള യാത്രയിൽ കുറേയേറെ സമ്പാദിച്ചപ്പോൾ അച്ഛന്റെ ഓർമക്കായി ഒരു ആനയെ വാങ്ങണോ എന്ന് ഒരു ദിവസം അമ്മയോട് ചോദിക്കാന്‍ കാണിച്ച അവിവേകമാണ് ഗജമുഖന്റെ യാത്രകളെ വീണ്ടും ദീർഘിപ്പിച്ചത്. അച്ഛന്റെ ഓർമ്മ വേറെ ചില നരജന്മങ്ങളുടെ രൂപത്തിൽതന്നെ അവശേഷിക്കുന്നുണ്ടെന്നായിരുന്നു അമ്മ പകർന്ന വെളിപാട്. വടക്കുദേശത്തെവിടെയോ മറ്റൊരു ഗജമുഖനോ കരിവദനനോ നിലനിൽക്കുന്നുണ്ടെന്ന സൂചന തന്ന അമ്മ, അക്കാര്യത്തിൽ എന്തുകൊണ്ടോ കൂടുതൽ ജിജ്ഞാസുവാകാതെ സമാധാനത്തോടെ മരിച്ചു.

ADVERTISEMENT

ഗജമുഖന്റെ അന്വേഷണത്വര അയാളെയെത്തിച്ചത് സംസ്ഥാനാതിർത്തിയിൽ കന്നടനാടിനോടു ചേർന്ന വനാതിർത്തിയിലുള്ള ഒരു ഗ്രാമത്തിലാണ്. അച്ഛനും ആനയും മാസങ്ങളോളം അവിടത്തെ മരത്തോട്ടങ്ങളിൽ തമ്പടിച്ചതിന്റെ കഥകൾ അമ്മ പറയാൻ മറന്നിരുന്നില്ല. കരിവദനനെ കണ്ടുമുട്ടിയ നിമിഷം ഒരു കണ്ണാടിയിലെന്ന പോലെ തന്റെ പ്രതിരൂപത്തെ കണ്ട പ്രതീതി. ഒരു ഡിഎൻഎ പരിശോധനയുടെ ആധികാരികതയിൽ അയാൾ തിരിച്ചറിഞ്ഞു അച്ഛന്റെ ആനക്കമ്പത്തിന്റെ ആഴവും പരപ്പും.

ഗജമുഖനെപ്പോലെത്തന്നെ ഒറ്റയാനായിരുന്നു കരിവദനനും. പക്ഷേ അവന്റെ അമ്മ മരിക്കുമ്പോൾ തെക്കു നിന്നൊരു ഉയിർഛേദം അന്വേഷിച്ചു വരുമെന്ന സൂചനയൊന്നും അവന് കൊടുത്തിരുന്നില്ല. ജന്മം നൽകിയ ആനക്കമ്പക്കാരൻ പാപ്പാൻ തന്റെ അമ്മയെ ചതിച്ചതാണെന്ന ഒരു സൂചനയും കരിവദനന്റെ വാക്കുകളിലില്ലായിരുന്നു. വനാതിർത്തിയിൽ ഈർച്ചമിൽ തുടങ്ങാൻ അവൻ തന്റെ സഹായം തേടിയതിൽ ഒരു സഹോദരസഹജമായ നിർവൃതിയായിരുന്നു ഗജമുഖനു തോന്നിയത്.

ADVERTISEMENT

അവന്റെ വളർച്ച താനോടിയ നെട്ടോട്ടങ്ങളെക്കാൾ വേഗതയിലാണെന്നു കണ്ടപ്പോൾ അയാൾ അഭിമാനിച്ചു. പോകെപ്പോകെ അവന്റെ ഉയർച്ച തന്റെ കയ്യെത്താ ദൂരത്തായപ്പോൾ ഗജമുഖന്റെ അഭിമാനബോധം ആശ്ചര്യമായി രൂപാന്തരപ്പെട്ടു. ഗജവീരന്മാർ നിറഞ്ഞ നിബിഡവനം കരിവദനന്റെ വിഹാരഭൂമിയാണെന്നും വനാതിർ‍ത്തിയിൽ ഈർച്ചമില്ലുകൾ പെരുകുകയാണെന്നുമറിഞ്ഞപ്പോൾ ആശ്ചര്യം ആശങ്കക്കു വഴിമാറി. തന്റെ ഉപദേശങ്ങളോട് അവൻ ഒരൊറ്റയാന്റെ ദാർഷ്ട്യത്തോടെ പുറം തിരിഞ്ഞപ്പോൾ, മറ്റൊരൊറ്റയാന്റെ ഏകാന്തത ഗജമുഖനെ അലട്ടാൻ തുടങ്ങി. വനപാലകമന്ത്രിയുടെ ഉറ്റതോഴനാണ് കരിവദനൻ എന്നറിഞ്ഞിട്ടും ഗജമുഖനു നഷ്ടപ്പെട്ട അഭിമാനബോധം തിരിച്ചു വന്നില്ല. ഇടതൂർന്ന വനമേഖലയും നാട്ടുമരങ്ങളുടെ തണലും ഉപേക്ഷിച്ച് അയാൾ പിന്നെയും എണ്ണപ്പാടങ്ങളുടെ അനന്തതയിലേക്ക് കുടിയേറി.

സംസ്കരിക്കപ്പെടാത്ത എണ്ണയുടെ ഗന്ധം അയാളെ മൂടി നിന്ന ഒരു സായാഹ്നത്തിലാണ് കരവദനനെ ആനചവിട്ടിയെന്ന സന്ദേശമെത്തിയത്. ഓടിപ്പോകാന്‍ വ്യഗ്രത കാട്ടാത്ത തന്റെ മനസിന്റെ ഉദാസീനതയെ അയാൾ കുറ്റപ്പെടുത്തിയില്ല. ജന്മനാട്ടിലേക്കുള്ള യാത്രയിൽ ആദ്യമായിട്ടാണ് ഒരു വേരറുക്കപ്പെട്ടവന്റെ ഒറ്റപ്പെടൽ അയാൾക്കനുഭവപ്പെട്ടത്.

ADVERTISEMENT

ഗജമുഖന്റെ യാത്ര അവസാനിക്കുമ്പോൾ സന്ധ്യാ സമയമായിരുന്നു. ആളിക്കത്താനുള്ള വെമ്പലിൽ ഒരു തീനാളത്തിനായി കാത്തു നിന്ന ചിതയിലേക്ക് ഓലച്ചൂട്ടില്‍ നിന്ന് അയാൾ തീ പകർന്നപ്പോൾ പച്ച വിറകുകൾ ഒരു പ്രതിഷേധ ശബ്ദത്തോടെ ആളിക്കത്തി. പടർന്നുയർന്ന വെളിച്ചം കാട്ടിൽ തളം കെട്ടി നിന്ന ഇരുട്ടിനെ വകഞ്ഞു മാറ്റിയപ്പോൾ അയാൾ കണ്ടു, ഒരു പിടിയാന കുട്ടിയാനയുമായി ധൃതിയിൽ കാട്ടിലേക്ക് മറയുന്നത്.

English Summary:

Malayalam Short Story ' Gajamukhan ' Written by V. Jayaprakash