‘ഖസാക്കിന്റെ ഇതിഹാസം’ ഞാൻ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ വായിച്ചു തീർത്ത ക്ലാസിക് നോവലാണ്. മണിക്കൂറുകളുടെ എണ്ണം എഴുതുന്നില്ല, വിശ്വസിക്കാൻ പ്രയാസമാകും. വായിച്ചു തീർക്കുക മാത്രമായിരുന്നു അന്നത്തെ മത്സരം. കൂട്ടുകാരേക്കാൾ അരമണിക്കൂർ മുമ്പേ ഞാൻ ഫിനിഷിങ് പോയിന്റിൽ എത്തി! ഈ മഹാഖ്യാനത്തെ അത്രയും ചെറിയ

‘ഖസാക്കിന്റെ ഇതിഹാസം’ ഞാൻ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ വായിച്ചു തീർത്ത ക്ലാസിക് നോവലാണ്. മണിക്കൂറുകളുടെ എണ്ണം എഴുതുന്നില്ല, വിശ്വസിക്കാൻ പ്രയാസമാകും. വായിച്ചു തീർക്കുക മാത്രമായിരുന്നു അന്നത്തെ മത്സരം. കൂട്ടുകാരേക്കാൾ അരമണിക്കൂർ മുമ്പേ ഞാൻ ഫിനിഷിങ് പോയിന്റിൽ എത്തി! ഈ മഹാഖ്യാനത്തെ അത്രയും ചെറിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഖസാക്കിന്റെ ഇതിഹാസം’ ഞാൻ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ വായിച്ചു തീർത്ത ക്ലാസിക് നോവലാണ്. മണിക്കൂറുകളുടെ എണ്ണം എഴുതുന്നില്ല, വിശ്വസിക്കാൻ പ്രയാസമാകും. വായിച്ചു തീർക്കുക മാത്രമായിരുന്നു അന്നത്തെ മത്സരം. കൂട്ടുകാരേക്കാൾ അരമണിക്കൂർ മുമ്പേ ഞാൻ ഫിനിഷിങ് പോയിന്റിൽ എത്തി! ഈ മഹാഖ്യാനത്തെ അത്രയും ചെറിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഖസാക്കിന്റെ ഇതിഹാസം’ ഞാൻ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ വായിച്ചു തീർത്ത ക്ലാസിക് നോവലാണ്. മണിക്കൂറുകളുടെ എണ്ണം എഴുതുന്നില്ല, വിശ്വസിക്കാൻ പ്രയാസമാകും. വായിച്ചു തീർക്കുക മാത്രമായിരുന്നു അന്നത്തെ മത്സരം. കൂട്ടുകാരേക്കാൾ അരമണിക്കൂർ മുമ്പേ ഞാൻ ഫിനിഷിങ് പോയിന്റിൽ എത്തി! ഈ മഹാഖ്യാനത്തെ അത്രയും ചെറിയ സമയസീമയിൽ പൂർണമായും ഉൾക്കൊണ്ടു എന്നവകാശപ്പെട്ടാൽ സ്വയം കോമാളിയാകും. അതിനെ ഇന്നും ഞാൻ മനസ്സിലാക്കിയിട്ടില്ല, ശ്രമിച്ചുകൊണ്ടിരിക്കുന്നു. സത്യത്തിൽ' ഇതിഹാസം' എന്നെ എങ്ങനെയൊക്കെ സ്വാധീനിച്ചു എന്നു പറയുന്നതിനേക്കാൾ എങ്ങനെയെല്ലാം സ്വാധീനിച്ചില്ല എന്നു പറയുന്നതാവും എളുപ്പം.കഴിഞ്ഞ ദിവസവും എടുത്തുനോക്കി. ഡിസി.യുടെ നാലാം എഡിഷൻ. തൊണ്ണൂറ്റൊൻപതാം പേജിൽ പെൻസിൽകൊണ്ടു കോറിയ ഒരു നീണ്ട വര ഇപ്പോഴും തെളിഞ്ഞുകിടക്കുന്നു. ആ ‘വര’ കടന്നു പോകുമ്പോഴെല്ലാം ഹൃദയം ഒന്നു പിടക്കും. വിറയ്ക്കുന്ന കൈവിരൽകൊണ്ട് വിജയൻ വരച്ചിട്ട മുറിപ്പാട്. അതിലൂടെ രക്തം ഒഴുകുന്നു. സ്‌മൃതിയുടെ ചുവന്ന പ്രവാഹം.

അന്നു ഞങ്ങളുടെ താമസം തിരുനക്കരയിലായിരുന്നു. ചേർത്തല എൻ.എസ്‌.എസ്‌. കോളേജിലെ അധ്യാപകൻ മോഹൻദാസിന്റെ ഉടമസ്ഥതയിലുള്ള വാടകവീട്ടിൽ. ഒ.വി. വിജയൻ കോട്ടയത്തു താമസം തുടങ്ങിയ പത്രവാർത്ത ഞാനും ആവേശത്തോടെ വായിച്ചിരുന്നു. കാണണം. തീരുമാനിച്ചെങ്കിലും സാധിച്ചില്ല. ഒരു ദിവസം അവിചാരിതമായി ചെങ്ങന്നൂർ ഉപജില്ലയിൽ ഒരവധി കിട്ടി. ദേവിയുടെ തൃപ്പൂത്താറാട്ടോ മറ്റോ കാരണം. വിജയനെ കാണാൻപോകാൻ ഒന്നു രണ്ടുപേരെ കൂട്ടുവിളിച്ചു. സംഗീതപ്രിയരായ അവർക്ക് ഏതു വിജയൻ, എന്തു വിജയൻ! താമസസ്ഥലത്തെപ്പറ്റി ഏകദേശരൂപം ഉണ്ടായിരുന്നു. പത്തുമണിയോടെ മാർവലിൽ കയറി നേരേ എസ്‌.എച്ച്. മൗണ്ടിലേക്കു പുറപ്പെട്ടു. അവിടെയാർക്കും വിജയനെ അറിയില്ല, പക്ഷേ ദന്തഡോക്ടർ ജേക്കബ് ഫിലിപ്പിനെ എല്ലാവർക്കുമറിയാം. അദ്ദേഹത്തിന്റെ വീട്ടിലായിരുന്നല്ലോ വിജയൻ വാടകക്കാരനായി താമസിച്ചിരുന്നത്. ജേക്കബ് ഫിലിപ്പ്, സാമൂഹിക പ്രവർത്തക എലിസബത്തിന്റെ പിതാവും ജെ.എൻ.യു.വിലെ പ്രഫസർ ഏ.കെ.രാമകൃഷ്ണന്റെ ഭാര്യാ പിതാവുമായിരുന്നു. ആ വീട്ടിലേക്കുള്ള വഴി വളരെ വളരെ മോശം. കല്ലിൽ തട്ടി, കുഴിയിൽ ചാടി ഒരുവിധം വീട്ടിലെത്തി. ഹരിതമയം. ഏകാന്ത സുന്ദരം. മുന്നിൽ മീനച്ചിലാറിന്റെ വിശാലതയും.

ADVERTISEMENT

 

‘ചെതലിയുടെ കൊടുമുടിയിൽ നൈസാമലി നടന്നു. ചെരിവിൽ വിള ചീഞ്ഞുപോയ കളമക്കണ്ടംപോലെ കാട്ടുതേനാട്ടികൾ താഴോട്ടു പടർന്നു പോകുന്നു’ തുറന്നിട്ട വാതിലിനു മുന്നിൽ കാത്തുനിന്നപ്പോൾ മനസ്സിൽ വെറുതേ ഇരച്ചു കയറിവന്ന വരികൾ ഇതുതന്നെയാണോ ! ഇല്ല, ആരെയും പുറത്തേക്കു കാണുന്നില്ല. ഇനി ഉള്ളിൽ കയറിനോക്കാം, മനസ് തീരുമാനിച്ചു. കാലെടുത്തു വച്ചപ്പോൾ ഒന്നു വിറച്ചു. അല്പംമാറി മുന്നിൽ ആബ്സ്ട്രാക്ട് ശിൽപംപോലെ ഒരു മനുഷ്യരൂപം. ജീവനുണ്ടെന്ന ലക്ഷണങ്ങൾ ഒന്നുമില്ല. സൂക്ഷിച്ചുനോക്കി. കൺപീലിപോലും ഇളകുന്നില്ല. കണ്ടുപരിചയിച്ച ചിത്രങ്ങളിൽനിന്ന് ഒരു വ്യത്യാസവുമില്ല. ആധുനികതയുടെ പ്രവാചകനും കാവിയണിഞ്ഞ ഈ താപസനും തമ്മിലുള്ള ദ്വന്ദം ഒരു നിമിഷമേ നീണ്ടുള്ളൂ. മറ്റൊന്നും ചിന്തിച്ചില്ല, കാലിൽ ചെന്നുവീണു. അപ്പോൾ മുറിയിൽ ഒരു സഹായി പ്രത്യക്ഷപ്പെട്ടു. അയാൾ വിജയന്റെ മുഖഭാവം നിരീക്ഷിച്ചശേഷം ഇരുന്നുകൊള്ളാൻ നിർദേശിച്ചു.

ADVERTISEMENT

 

ഡോ. മധു വാസുദേവൻ

വിജയനു മുന്നിലെ സാമാന്യം വലിപ്പമുള്ള മേശമേൽ കണ്ണുകൾ പ്രദക്ഷിണം ചെയ്തു. മൂന്നു നാലു പുസ്തകങ്ങൾ ഉണ്ടായിരുന്നു. എല്ലാം ഓർക്കുന്നില്ല, ഒരെണ്ണം, സംശയമില്ല ‘റിപ്പോർട് ടു ഗ്രേക്കോ’. പിന്നെ ഒരു ചായക്കപ്പ്‌, കുറേ കടലാസുകൾ, പല നീളത്തിലുള്ള പെൻസിലുകൾ. ഞാൻ സ്വയം പരിചയപ്പെടുത്തി. അപ്പോൾ മേശപ്പുറത്തു വച്ചിരുന്ന മെലിഞ്ഞ കൈകളിൽ ചെറിയ ചലനങ്ങളുണ്ടായി. വരണ്ട കണ്ണുകളും ഇളകിത്തുടങ്ങി. ശബ്ദമില്ലാത്ത വാക്കുകൾ പുറത്തുവന്നു. ഞാൻ ആവേശ സ്വർഗത്തിലായിരുന്നു. ആരാണ് എന്റെ മുന്നിൽ ഇരിക്കുന്നത് ! ഇങ്ങനെ ഒരു ദർശനം എന്റെ ഭ്രാന്തൻ ഭാവനകളിൽപ്പോലും ഉണ്ടായിരുന്നതല്ല. കയ്യിൽ ‘ഖസാക്കിന്റെ ഇതിഹാസം’ കരുതിയിരുന്നു. ഒരു സമർപ്പണംപോലെ, ദക്ഷിണപോലെ അദ്ദേഹത്തിന്റെ മുന്നിൽ പുസ്‌തകത്തിലെ ചില വരികൾ വായിക്കാൻ ഹൃദയം തുടിച്ചു. ഏതു വായിക്കണം ഞാൻ പേജുകൾ മറിച്ചു. എനിക്കു തീരുമാനിക്കാൻ സാധിക്കുന്നില്ല. സ്വർണനൂലിൽ എവിടെ മുറിച്ചാലും സ്വർണമല്ലേ ! ഞാൻ എഴുന്നേറ്റു. അദ്ദേഹത്തോടുതന്നെ ചോദിക്കാം. രണ്ടുപേർക്കും കാണാൻ പറ്റുന്ന തരത്തിൽ പുസ്‌തകം മേശമേൽ നിവർത്തി വച്ചു. താളുകൾ സാവധാനം ഓരോന്നായി മറിച്ചു. വിജയനു കാര്യം മനസിലായി. അദ്ദേഹത്തിന്റെ ദുർബലമായ വിരലുകൾ ഒരു ചുവന്ന പെൻസിലിൽ പതിയേ മുറുകി. അതു മെല്ലെ മുകളിലേക്കുയർന്നു. തൊണ്ണൂറ്റൊൻപതാം പേജിലെത്തിയപ്പോൾ ഒരു നേർത്ത ഞരക്കമുണ്ടായി. ഞാൻ മറിക്കൽ നിർത്തി. പെൻസിൽ പേജിനു മുകളിൽ വന്നുതൊട്ടു. പിന്നെ നിലതെറ്റി താഴേക്കു പോയി. താളിൽ കടുപ്പമുള്ള ഒരു വര പ്രത്യക്ഷപ്പെട്ടു. വിജയന്റെ മനോഗതം ഞാനും മനസ്സിലാക്കി. വായന തുടങ്ങി. ‘പണ്ട് പറന്നു പറന്ന് ചിറകു കുടയുന്ന നാഗത്താന്മാർ പനങ്കുരലിൽ മാണിക്യമിറക്കിവച്ചു ക്ഷീണം തീർക്കാറുണ്ടായിരുന്നു. നാഗത്താന്മാർക്കായി പനകേറ്റക്കാരൻ കള്ള് നേർന്നു വച്ചു.’ എന്റെ ശബ്ദം നല്ലതുപോലെ വിറച്ചു. പത്തു പന്ത്രണ്ടു വരികൾ വായിച്ചു കാണും. വായന നിർത്തി മുഖമുയർത്തിയപ്പോൾ കണ്ടു, വിജയന്റെ ചലനമില്ലാത്ത കണ്ണുകൾ ഒരു പ്രകാശസൂചിപോലെ എന്നിൽ തറച്ചു നിൽക്കുന്നു. അതിലൂടെ ഒരു അനുഗ്രഹം എന്റെ ആത്മാവിൽ പ്രവേശിച്ചു.

ADVERTISEMENT

 

ഇടക്കെപ്പോഴോ ഒരു ചായ വന്നു, കുടിച്ചു. എനിക്കു വിജയനോടു ധാരാളം കാര്യങ്ങൾ ചോദിക്കാനുണ്ടായിരുന്നു. അദ്ദേഹത്തിൽനിന്നു മറുപടികൾ ഉണ്ടാകില്ല. അറിയാം, എന്നിട്ടും ചോദിച്ചു. ‘അങ്ങയുടെ ദുഃഖം എന്താണ്?’ മുന്നിലെ കടലാസിൽ പെൻസിൽമുന ഉറുമ്പുപോലെ നീങ്ങി, അതൊരു ചെറിയ രൂപമായി. ഒരു ത്രികോണം, അതിനോടു മുട്ടി മൂന്നു ചെറിയ രേഖകൾ. ആശയം പിടിക്കാൻ സാധിച്ചില്ല. ഞാൻ അടുത്ത ചോദ്യം ഇട്ടു. ‘അങ്ങയുടെ സന്തോഷം എന്താണ് ?’ വിജയൻ ഒരു വലിയ വട്ടം വരച്ചു, മൂന്നു ചെറിയ രേഖകളും ചേർത്തുവച്ചു. ഒരു കുട്ടിയെപ്പോലെ തോന്നി. മകനാണോ ഈ എഴുത്തുകാരനെ സന്തോഷിപ്പിക്കുന്ന സാന്നിധ്യം? ഞാൻ വെറുതേ ഊഹിച്ചു നോക്കി. അടുത്ത നോവൽ ഏതാണ് എന്ന ചോദ്യത്തിനു മറുപടിയായി അദ്ദേഹം ഒരു ‘റ’ വരച്ചു. ആദ്യം മനസിലായില്ല. പക്ഷേ തിരിച്ചു ചിന്തിച്ചപ്പോൾ വ്യക്തമായി ‘ചിരിക്കുന്ന വായ’. ‘ഇപ്പോൾ എന്താണ് നഷ്ടപ്പെടുന്നത് ?’ മറുപടി ഒരു നേർരേഖ, മുകളിൽ തലങ്ങും വിലങ്ങും നാലഞ്ചു വരകൾ. ഒരു മരംപോലെ തോന്നി. തെങ്ങ്, അല്ല, പന, അല്ല, കരിമ്പന, അല്ല, തസ്രാക് ! ഞാൻ സങ്കൽപിച്ചുകൊണ്ടിരുന്നു. കടങ്കഥ അഴിക്കുന്നതിന്റെ ആവേശം എന്നിൽ പെരുകി. പിന്നെയും ഞാൻ എന്തൊക്കെയോ ചോദിച്ചു, അദ്ദേഹം മറുപടികൾ വരച്ചു. പെൻസിലിൽനിന്നു പിടിവിട്ടപ്പോൾ മനസ്സിലായി, മതിയാക്കാം. ഞാൻ എഴുന്നേറ്റു, ഒരിക്കൽക്കൂടി കാലിൽതൊട്ടു നമസ്കരിച്ചു. വിജയൻ വരച്ചിട്ട കടലാസുകൾ കയ്യിൽ എടുത്തസമയം ഞാൻ കണ്ണുകളിലേക്കു നോക്കി, ഇല്ല എതിർപ്പില്ല. തിരികെ മാർവലിൽ വീട്ടിലേക്കു കുതിച്ചപ്പോൾ വഴിയിൽകണ്ട എല്ലാവരോടും എന്തെന്നില്ലാത്ത സഹതാപം തോന്നി. ഈ മാർവലിനുള്ളിലെ കുഞ്ഞറയിൽ വിലമതിക്കാനാവാത്ത ഒരു നിധിയിരിക്കുന്ന വിവരം ഈ പാവം മനുഷ്യർ അറിയുന്നില്ലല്ലോ!

 

ലിവിങ് റൂമിലെ ടീപോയിമേൽ ‘നിധി’ കുറേക്കാലം പത്രക്കടലാസിൽ പൊതിഞ്ഞു കിടന്നു. കൂട്ടത്തിൽ കവിത ബാലകൃഷ്ണൻ വരച്ചുതന്ന രണ്ട് വിശേഷപ്പെട്ട അക്രിലിക് പെയിന്റിങ്ങുകളും. പഴയ പത്രക്കടലാസുകൾക്കൊപ്പം ഇവയെല്ലാം ഏതോ ആക്രിക്കടയിലേക്കു യാത്രപോയ കാര്യം ഞാൻ മനസ്സിലാക്കിയപ്പോൾ ഒരുപാട് വൈകി. ജീവിതത്തിലെ മഹാദുഃഖങ്ങളുടെ ശേഖരത്തിൽ അവയെയും ഞാൻ എടുത്തുവച്ചു. അപ്പോഴും ഒരു ആശ്വാസം ബാക്കിയുണ്ടായിരുന്നു, ആർക്കും കവർന്നുകൊണ്ടു പോകാനാവാത്തതായി എന്റെ പക്കൽ വിജയനെ നേരിൽകണ്ട ദിവസത്തിന്റെ പ്രകാശഭരിതമായ ഓർമകളുണ്ട്. അവ സൂക്ഷിച്ചുവയ്ക്കാൻ പ്രത്യേക സ്ഥലം ആവശ്യമില്ല. പോകുന്നിടത്തെല്ലാം കൂടെ കൊണ്ടുപോകാം. പിന്നെയുമുണ്ട്, ‘ഇതിഹാസ’ത്തിന്റെ തൊണ്ണൂറ്റൊൻപതാം പേജിൽ വിജയൻ കോറിയ ചുവന്ന പെൻസിൽവര. എന്റെ ജീവിതത്തിലെ ഭാഗ്യരേഖപോലെ അതിന്നും തെളിഞ്ഞു കിടക്കുന്നു.

(ലേഖകൻ ചലച്ചിത്രഗാനരചയിതാവും ഗവ. ബ്രണ്ണൻ കോളേജിൽ പ്രൊഫസറുമാണ്)

English Summary: O. V. Vijayan Birth Anniversary - Memoir by Dr. Madhu Vasudevan