പോത്തിറച്ചിയുടെ ഗൂഢസഞ്ചാരങ്ങളും ചരിത്രത്തിലേക്കു തുറക്കുന്ന ഒരൊറ്റ ജനാലയും
രാജ്യം ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഞങ്ങൾ താമസിക്കുന്ന ദ്വീപിലെ ചങ്ങാടത്തിന്റെ ഒച്ചയാണ് ആദ്യം നിലച്ചത്. ദ്വീപിലേക്കുള്ള വഴികളിലെ വാഹനയിരമ്പങ്ങൾ പതുക്കെ ഇല്ലാതായി. പകൽ മുഴുവൻ തുറന്നു കിടക്കാറുള്ള പള്ളിയുടെ വാതിൽ ആരോ ചാരി.
രാജ്യം ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഞങ്ങൾ താമസിക്കുന്ന ദ്വീപിലെ ചങ്ങാടത്തിന്റെ ഒച്ചയാണ് ആദ്യം നിലച്ചത്. ദ്വീപിലേക്കുള്ള വഴികളിലെ വാഹനയിരമ്പങ്ങൾ പതുക്കെ ഇല്ലാതായി. പകൽ മുഴുവൻ തുറന്നു കിടക്കാറുള്ള പള്ളിയുടെ വാതിൽ ആരോ ചാരി.
രാജ്യം ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഞങ്ങൾ താമസിക്കുന്ന ദ്വീപിലെ ചങ്ങാടത്തിന്റെ ഒച്ചയാണ് ആദ്യം നിലച്ചത്. ദ്വീപിലേക്കുള്ള വഴികളിലെ വാഹനയിരമ്പങ്ങൾ പതുക്കെ ഇല്ലാതായി. പകൽ മുഴുവൻ തുറന്നു കിടക്കാറുള്ള പള്ളിയുടെ വാതിൽ ആരോ ചാരി.
ഇന്നലെകളുടെ അനുഭവപരിസരങ്ങളിലൊന്നുമില്ലാത്ത വിധം വ്യത്യസ്തമായ ഒരു വർഷം കടന്നുപോകുന്നു. ജീവൻ മുറുകെ പിടിച്ച് അടച്ചിരിക്കുമ്പോഴും എങ്ങനെ ജീവിക്കുമെന്നോർത്ത് പതറിപ്പോയ മനുഷ്യർ. കാലത്തിന്റെ പുസ്തകം മറിച്ചുനോക്കുമ്പോൾ 2020 എന്ന അധ്യായത്തിൽ ‘ബുക്മാർക്ക്’ ചെയ്തു വച്ച ചിലത് വായനക്കാരുമായി പങ്കുവയ്ക്കുകയാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാർ.
2020 ലെ ജീവിതം, വായന, എഴുത്ത് അനുഭവങ്ങൾ ഫ്രാൻസിസ് നൊറോണ മനോരമ ഓൺലൈൻ വായനക്കാരുമായി പങ്കുവയ്ക്കുന്നു–
മഹാമാരിയുടെ പിരിമുറുക്കത്തിനിടയിലും മനസ്സുനിറഞ്ഞ് ചിരിച്ചുപോയ കാഴ്ച!
രാജ്യം ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഞങ്ങൾ താമസിക്കുന്ന ദ്വീപിലെ ചങ്ങാടത്തിന്റെ ഒച്ചയാണ് ആദ്യം നിലച്ചത്. ദ്വീപിലേക്കുള്ള വഴികളിലെ വാഹനയിരമ്പങ്ങൾ പതുക്കെ ഇല്ലാതായി. പകൽ മുഴുവൻ തുറന്നു കിടക്കാറുള്ള പള്ളിയുടെ വാതിൽ ആരോ ചാരി. പിന്നീടത് അടഞ്ഞു തന്നെ കിടന്നു. പുഴയോരത്തെ പുൽനാമ്പുകൾ മുട്ടോളം പൊക്കത്തിൽ വളർന്നുമുറ്റി, പോച്ച മേയുന്ന കന്നുകാലികളുടെ പുറത്തേറിയ മാടത്തകളും ചാരമുണ്ടികളും ചിലച്ചും കൊക്കുരുമ്മിയും ആരെയും പേടിയില്ലാതെ രസിച്ചു. മനുഷ്യർ മാത്രം നിശ്ശബ്ദരായി.
വഴിക്കുറികളും പാതയോരക്കച്ചവടങ്ങളും നിലച്ച അക്കാലത്തെ ആദ്യ ഞായർ. പതിവില്ലാതെ ചില ഫോൺ കോളുകൾ ദ്വീപിൽ തലങ്ങും വിലങ്ങും പാഞ്ഞു. വിളിച്ചവർക്കൊക്കെ ഒന്നേ അറിയേണ്ടിരുന്നുള്ളൂ..
‘‘ഇമ്മിണി പോത്തിറച്ചിക്കെന്താ വഴി? ’’
ആഞ്ഞു പിടിച്ചുള്ള അന്വേഷണമൊക്കെ വെറുതെയായിരുന്നു. എന്നും മൂന്നു നേരം റോന്തുചുറ്റി പോകുന്ന പൊലീസിനെ പേടിച്ച് പതിവു വെട്ടുകാർ അതിനു മുതിർന്നില്ല. കാടിവെള്ളം കൊടുത്തു കശാപ്പിനു തയാറാക്കി നിർത്തിയ ഉരുക്കൾ ആയുസ്സ് നീട്ടിക്കിട്ടിയതിന്റെ ആഹ്ലാദത്തോടെ പള്ളിമുറ്റത്ത് പുല്ലുമേഞ്ഞു നടന്നു. ഒരാഴ്ചയോളം കേടുകൂടാതെ സൂക്ഷിക്കാവുന്ന വിന്താലുവും തീർന്നതോടെ ഇരിക്കപ്പൊറുതിയില്ലാത്ത ചില ഇറച്ചിക്കൊതിയൻമാർ ആ സാഹസത്തിനു തയാറായി. ഗൂഢസന്ദേശം ഒട്ടു മിക്ക വീടുകളിലുമെത്തി. ഇരട്ടിവില കൊടുത്താൽ സാധനം അടുത്ത ഞായറാഴ്ച വീടിനു മുന്നിലുണ്ടാവും. ഹവാലയെ വെല്ലുന്ന രീതിയിൽ ഇറച്ചിക്കുള്ള പണമിടപാടൊക്കെ നടന്നു. ലിജോ പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ടിലെന്നപോലെ ഞായറാഴ്ച വെളുപ്പിനേ ഓരോരുത്തരുടേയും അഭിരുചിക്കനുസരിച്ച് നെഞ്ചെല്ലും തലയിറച്ചിയും കൂമ്പും എരിയും കരളും പോട്ടിയും ചാണാവാളയുമൊക്കെയായുള്ള ഇറച്ചിഭാഗങ്ങൾ പച്ചയും മഞ്ഞയും നിറമുള്ള കിറ്റുകളിൽ ആവശ്യക്കാരുടെ ഗേറ്റിലും വീട്ടുവാതിലിന്റെ ഓടാമ്പലിലുമായി തൂങ്ങിക്കിടക്കുന്നു. മഹാമാരിയുടെ പിരിമുറുക്കത്തിനിടയിലും മനസ്സുനിറഞ്ഞ് ചിരിച്ചുപോയ കാഴ്ചയായിരുന്നു നിറമുള്ള ഇറച്ചിക്കിറ്റുകളും അതെടുക്കാൻ വാതിൽ തുറന്നിറങ്ങിയ മനുഷ്യരുടെ തിടുക്കവും.
ആലപ്പുഴയ്ക്ക് പോകാനാവാതെ ദ്വീപിൽ ഒറ്റപ്പെട്ടുപോയ ഞാൻ വാതിലടച്ച് വാടകവീട്ടിനുള്ളിൽത്തന്നെ കഴിഞ്ഞു. വാതിലിനേക്കാൾ എനിക്കിഷ്ടം പുഴയോരത്തെ കാഴ്ചകളിലേക്കു തുറക്കുന്ന ജനലിനോടാണ്. രണ്ടിലൂടെയും പുറംകാഴ്ചകൾ കാണാമെങ്കിലും അവ തമ്മിൽ ഒരു അന്തരമുണ്ട്. വാതിലടയുന്നതോടെ നമുക്ക് പുറംലോകവുമായുള്ള ബന്ധം തീരുന്നു. ജനാലയങ്ങനെയല്ല, ഉള്ളിലിരുന്നുകൊണ്ടു പുറത്തേക്കു മനസ്സാലേ ഇറങ്ങി നടക്കാനുള്ള ഒരു വരം അതു നൽകുന്നുണ്ട്. ദ്വീപിലെ ഒട്ടുമിക്ക ആളുകളും കോവിഡ് പോസിറ്റീവായപ്പോൾ അടച്ച മുറിക്കുള്ളിൽ കഴിയേണ്ടി വന്ന എനിക്ക് കരുത്തായത് പുഴക്കാഴ്ചകളിലേക്കു തുറക്കുന്ന ജനാലതന്നെയായിരുന്നു.
വെറുതെ ഇരിക്കുമ്പോൾ ചെയ്യാവുന്ന ഒന്നല്ല സാഹിത്യം
വെറുതെ ഇരിക്കുമ്പോൾ ചെയ്യാവുന്ന ഒന്നല്ല സാഹിത്യം എന്നതാണ് എഴുത്തുകാരനെന്ന നിലയിൽ കൊറോണക്കാലം എനിക്ക് നൽകിയ അറിവ്. ചുറ്റുപാടും ഭീതിയുടെ വിറയലിൽ നിൽക്കുന്ന ദിവസങ്ങളിൽ ഏറെ സമയമുണ്ടായിട്ടും എനിക്ക് ഒരു വരിപോലും എഴുതാനായില്ല. 2020 ആകെ ഒരു പുസ്തകവും (മുണ്ടൻ പറുങ്കി – മനോരമ ബുക്സ്) കഥയും (കളങ്കഥ– ഭാഷാപോഷിണി) മാത്രമേ വായനക്കാർക്ക് നൽകാനായുള്ളൂ.
ഹൃദയം തൊട്ട വായനകൾ
കുറച്ചധികം വാക്കുകളെ ഹൃദയംകൊണ്ടു തൊടാൻ കഴിഞ്ഞു. ഓർഹാൻ പാമുക്കിന്റെ ‘നിറഭേദങ്ങൾ’, പി.കെ. രാജശേഖരന്റെ ‘വാക്കിന്റെ മൂന്നാംകര’ എന്നിവ ഒരാവർത്തികൂടി വായിച്ചു. നോൺഫിക്‌ഷനായിരുന്നു കോവിഡ്കാല വായനകൾ. പി. ഭാസ്ക്കരനുണ്ണിയുടെ ‘പത്തൊൻപതാം നൂറ്റാണ്ടിലെ കേരള’മാണ് കുറച്ചു ദിവസമെടുത്തിട്ടാണെങ്കിലും വായിച്ചു തീർത്ത ചരിത്ര പുസ്തകം. അടച്ച മുറിക്കുള്ളിലിരുന്നു വായിക്കുമ്പോൾ ആ പുസ്തകമെന്നെ കഴിഞ്ഞ നൂറ്റാണ്ടിലേക്കു കൂട്ടിക്കൊണ്ടുപോയിരുന്നു. ജാതിയുടെ പേരിൽ ലോക്ഡൗണിലായിപ്പോയ ദളിതരും അരികുവൽക്കരിക്കപ്പെട്ടവരും അനുഭവിച്ച ചോരയുടെയും കണ്ണീരിന്റെയും ചരിത്രയേടുകൾ മറിയുമ്പോൾ വല്ലാത്തൊരു പിരിമുറുക്കമായിരുന്നു മനസ്സിൽ.....
വായന കഴിയുമ്പോൾ ജനാലയിലൂടെ വെറുതെ പുഴയിലേക്കു നോക്കിയിരിക്കും. സന്ധ‍്യയാകുന്നതോടെ ഒരു വെപ്രാളം പെരുക്കും. കണ്ണടച്ചങ്ങനെ ഇരിക്കുമ്പോൾ അറിയാം, പുറത്തേക്കിറങ്ങാനാവാത്ത പിരിമുറുക്കത്തോടെ ശാഠ്യംപിടിച്ചു കരയുന്ന ഹൃദയത്തിന്റെ മിടിപ്പാണതെന്ന്...
നഗരത്തിരക്കിൽനിന്ന് വീടണയുവോളം അസ്വസ്ഥമാവുന്നതിനെയാണ് ജീവിതമെന്ന് ഇതുവരെ കരുതിയിരുന്നത്. കൊറോണക്കാലത്താണ് സുരക്ഷിതമായ ആ വലയത്തിനു പുറത്തേക്ക് പോകാനാവാത്തതും സ്വസ്ഥതയില്ലാതാക്കുമെന്ന് അറിയുന്നത്. ‘‘വിട്ടയയ്ക്കുക കൂട്ടിൽ നിന്നെന്നെ... ഞാനൊട്ടുവാനിൽ പറന്നു നടക്കട്ടെ’’ എന്നെഴുതിയ ബാലാമണിയമ്മയെ ഓർത്തുപോയ നാളുകൾ... അമ്മയുടെ തന്നെ വരികളായ ‘‘ ആടുകെൻ ഊഞ്ഞാലേ മുന്നോട്ടും പിന്നോട്ടും, ആവർത്തിച്ചാലും നിൻ മുക്തലാസ്യം...’’ എന്ന വരികളിൽ പറയുന്നപോലെ സ്വതന്ത്രമായി കൂടണയാനും കൂട്ടിൽ നിന്നു പറന്നുയരാനും കഴിയുന്ന, ജീവിതാവർത്തനങ്ങളുടെ മുക്തലാസ്യം നിറയുന്ന പുതുവർഷം ആഗ്രഹിക്കുമ്പോഴും, ‘ദൈവം എല്ലായിപ്പോഴും ക്ഷമിക്കും, മനുഷ്യരാകട്ടെ വല്ലപ്പോഴും, എന്നാൽ കാലവും പ്രകൃതിയും ഒന്നും പൊറുക്കില്ല’ എന്ന സൂഫിവചനമാണ് മനസ്സിൽ.
English Summary: Writer Francis Noronha on his life, writing and book reading in 2020