സരമാഗോ കവർന്ന നോവലുകൾ, ടോൾസ്റ്റോയി പൂർണമാക്കാത്ത വാക്യം
അസാധാരണ പ്രതിഭകളായ ചിലർ ജീവിതത്തിലെ ഒരു ഘട്ടത്തിൽ എഴുത്തു നിർത്താറുണ്ട്. അവർക്ക് എഴുതാനുള്ള കഴിവു നഷ്ടമായതുകൊണ്ടല്ല, എഴുത്തു വേണ്ടെന്നു വയ്ക്കുകയോ മതിയാക്കുകയോ ചെയ്യുന്നതാണ്.
അസാധാരണ പ്രതിഭകളായ ചിലർ ജീവിതത്തിലെ ഒരു ഘട്ടത്തിൽ എഴുത്തു നിർത്താറുണ്ട്. അവർക്ക് എഴുതാനുള്ള കഴിവു നഷ്ടമായതുകൊണ്ടല്ല, എഴുത്തു വേണ്ടെന്നു വയ്ക്കുകയോ മതിയാക്കുകയോ ചെയ്യുന്നതാണ്.
അസാധാരണ പ്രതിഭകളായ ചിലർ ജീവിതത്തിലെ ഒരു ഘട്ടത്തിൽ എഴുത്തു നിർത്താറുണ്ട്. അവർക്ക് എഴുതാനുള്ള കഴിവു നഷ്ടമായതുകൊണ്ടല്ല, എഴുത്തു വേണ്ടെന്നു വയ്ക്കുകയോ മതിയാക്കുകയോ ചെയ്യുന്നതാണ്.
എനിക്ക് ഇപ്പോൾ പറയാനാകും, കല ഒരു മൂഢത്വമാണ്.
-ആർതർ റംബൊ (എ സീസൺ ഇൻ ഹെൽ, ആദ്യപ്രതിയിലുള്ളത്)
അസാധാരണ പ്രതിഭകളായ ചിലർ ജീവിതത്തിലെ ഒരു ഘട്ടത്തിൽ എഴുത്തു നിർത്താറുണ്ട്. അവർക്ക് എഴുതാനുള്ള കഴിവു നഷ്ടമായതുകൊണ്ടല്ല, എഴുത്തു വേണ്ടെന്നു വയ്ക്കുകയോ മതിയാക്കുകയോ ചെയ്യുന്നതാണ്. ഇത്തരക്കാരെ നിരാസത്തിന്റെ എഴുത്തുകാർ (റൈറ്റേഴ്സ് ഓഫ് നോ) എന്നാണു സ്പാനിഷ് നോവലിസ്റ്റ് എൻറിക് വിലാ മത്താസ് (Enrique Vila Matas) വിളിക്കുന്നത്. എഴുത്തിൽനിന്നോ കലാപ്രവർത്തനത്തിൽനിന്നോ അകന്നു നിൽക്കാനുള്ള പ്രവണതയെ അദ്ദേഹം ‘ബാർട്ടിൽബൈ സിൻഡ്രോം’ എന്നാണു വിളിക്കുന്നത്. ‘ബാർട്ടിൽബൈ’ എന്നാൽ ഹെർമൻ മെൽവിലിന്റെ ഒരു ചെറുകഥയിലെ കഥാപാത്രത്തിന്റെ പേരാണ്. ഒരു ഓഫിസ് ക്ലാർക്ക്. അയാൾ ഒന്നും വായിക്കാറില്ല. ഒരു ദിനപത്രം പോലും അയാൾ വായിക്കുന്നത് ആരും കണ്ടിട്ടില്ല. വോൾ സ്ട്രീറ്റിലെ ഒരു ഓഫിസ് മുറിയുടെ മങ്ങിയ ജനാലയിലൂടെ അയാൾ പുറത്തേക്കു നോക്കിനിൽക്കും. മറ്റുള്ളവരെപ്പോലെ, ബീയറോ കോഫിയോ ചായയോ അയാൾ കുടിക്കുന്നതും ആരും കണ്ടിട്ടില്ല. എവിടെയും യാത്ര പോകാറുമില്ല. ഞായറാഴ്ചകളിൽ പോലും ആ ഓഫിസ് മുറിയിലാണു വാസം. അയാളുടെ നാടോ ഭൂതകാലമോ ആർക്കുമറിയില്ല. ഇത്തരം കാര്യങ്ങളിൽ ആരെങ്കിലും നേരിട്ടുചോദിച്ചാൽ മറുപടി തരാനാവില്ല എന്നു മുഖത്തുനോക്കി പറയുകയും ചെയ്യും.
സാഹിത്യത്തിലും ഇങ്ങനെ നിഷേധികളും നിശ്ചലരുമായിപ്പോയ എഴുത്തുകാരെ അന്വേഷിച്ച് അവരെപ്പറ്റി തന്റെ ഡയറിയിൽ എഴുതുന്ന ഒരു മനുഷ്യനാണു മത്താസിന്റെ ‘ബാർട്ടിൽബൈ & കോ’ (Bartleby & Co.) എന്ന നോവലിലെ നായകൻ മാർസലോ. ബാർസിലോനയിലെ ഓഫിസ് ക്ലാർക്കായ അയാൾ മധ്യവയസ്സ് പിന്നിട്ടു. കൂനനായതു കൊണ്ടാവാം ഒരുകാലത്തും ഒരു പെണ്ണും അയാളോട് അടുത്തില്ല. സ്ത്രീയുടെ കാര്യത്തിൽ താനൊരു പരാജയമാണെന്നു പറഞ്ഞാണു മാർസലോ തന്റെ കഥ ആരംഭിക്കുന്നത്. മെൽവിലിന്റെ കഥാപാത്രത്തെപ്പോലെ, നിരാസങ്ങളിലാണ് ഈ ഗുമസ്ത കഥാപാത്രവും ജീവിക്കുന്നത്. പ്രണയത്തിന്റെ അസാധ്യതയെക്കുറിച്ച് 25 വർഷം മുൻപ് അയാൾ ഒരു നോവലെഴുതി. ഇപ്പോൾ, 1999 ജൂലൈ എട്ടിന് അയാൾ എഴുത്ത് പുനരാരംഭിച്ചു. പക്ഷേ ഇത്തവണ അതൊരു നോവലല്ല. അദൃശ്യമായ ഒരു കൃതിക്ക് എഴുതുന്ന അടിക്കുറിപ്പുകളുടെ പുസ്തകമാണിത്. ഇതു രചന ഉപേക്ഷിച്ച അസാധാരണ സ്രഷ്ടാക്കളുടെ എഴുത്തും ജീവിതവുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങളുടെ എഴുത്തു കൂടിയാകുന്നു.
ആധുനിക സാഹിത്യത്തിലെ ഒരു സവിശേഷ പ്രവണത എന്ന നിലയിലാണ് എഴുത്തുനിരാസത്തെ മാർസലോ സമീപിക്കുന്നത്. നോവലിസ്റ്റാണോ കഥാപാത്രമാണോ സംസാരിക്കുന്നത് എന്നു വ്യക്തമാകാത്ത ആഖ്യാനരീതിയാണ്. പൊതുവേ മത്താസിന് ഇഷ്ട വിഷയം സാഹിത്യവും ചിത്രകലയുമാണ്. എഴുത്തുകാരുടെയും ചിത്രകാരന്മാരുടെയും ലോകത്തു സംഭവിച്ചിട്ടുള്ള ധിഷണാപരവും ഭാവുകത്വപരവുമായ അട്ടിമറികളിലാണു മത്താസിന്റെ ശ്രദ്ധ. അദ്ദേഹത്തിന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് പോർട്ടബിൾ ലിറ്ററേച്ചർ (1985) എന്ന നോവൽ നോക്കുക. അത് ഒന്നാം ലോകയുദ്ധകാലത്തു യൂറോപ്പിൽ രൂപം കൊണ്ട എഴുത്തുകാരുടെയും കലാകാരന്മാരുടെയും ദാദായിസ്റ്റ് പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ, അരാജവാദികളായ എഴുത്തുകാരുടെ സാഹസികതകളെയാണു ചിത്രീകരിക്കുന്നത്. ചില പ്രത്യേക അഭിരുചികൾ പങ്കിടുന്ന എഴുത്തുകാരുടെ രഹസ്യസംഘം എന്ന ആശയം മുൻനിർത്തിയാണ് ഈ നോവൽ വികസിക്കുന്നത്.
‘ബാർട്ടിൽബൈ ആൻഡ് കോ’യിൽ, അസാധാരണമായ പ്രതിഭാശേഷിയുണ്ടായിട്ടും പൊടുന്നനെ എഴുത്ത് ഉപേക്ഷിച്ചവരാണു കഥാപാത്രങ്ങളായി വരുന്നത്. നോവലിന്റെ ഇംഗ്ലിഷ് പരിഭാഷ നിർവഹിച്ച ജോനാഥൻ ഡൺ പറയുന്നുണ്ട്, ജിജ്ഞാസയുള്ള വായനക്കാർക്ക് ഒരുപാട് എഴുത്തുകാരെ ഒരു വേദിയിൽ ഒരുമിച്ചു കാണാനുള്ള അവസരം കൂടിയാണീ വായന.
ജോൺ കീറ്റ്സ്, ടോൾസ്റ്റോയി, റോബർട്ട് വാൽസർ, ഹുവാൻ റൂൾഫോ, ഫ്രാൻസ് കാഫ്ക, ആർതർ റംബൊ, ജെ.ഡി. സാലിഞ്ചർ, മോപസാങ്, പെസോവ തുടങ്ങിയ വിശ്വപ്രശസ്തർക്കൊപ്പം നാം കേട്ടിട്ടില്ലാത്ത എഴുത്തുകാരും ബാർട്ടിൽബൈ സിൻഡ്രോമിന് ഇരകളായി ഈ കൃതിയിൽ പ്രത്യക്ഷപ്പെടുന്നു.
ഒരുവന് എഴുതാൻ കഴിയാത്ത എഴുത്തും എഴുത്തു തന്നെയാണെന്നു റോബർട്ട് വാൽസർക്ക് മനസ്സിലായി. പലതരം ചെറുജോലികൾ ചെയ്തു ജീവിതം കഴിച്ചുകൂട്ടിയ വാൽസർ തന്റെ ജീവിതത്തിലെ അവസാനത്തെ ഇരുപതിലേറെ വർഷങ്ങൾ ഒരു മാനസികാരോഗ്യ കേന്ദ്രത്തിലാണു ചെലവഴിച്ചത്. അക്കാലത്ത് അദ്ദേഹം ഒരുതരം ചുരുക്കെഴുത്തുരീതി പരീക്ഷിച്ചു. കടലാസുകൂടുകളുടെയും പോസ്റ്റ്കാർഡുകളുടെയും പുറത്തു കുനുകുനെ പെൻസിൽ കൊണ്ട് അദ്ദേഹം എഴുതി. തന്റേതായ ഒരു രഹസ്യഭാഷയിലേക്കു വിചാരങ്ങളെ നാടുകടത്തിയ അദ്ദേഹം വായനക്കാരെ സമ്പൂർണമായും നിരാകരിച്ചു. നടത്തം ഇഷ്ടമായിരുന്ന വാൽസർ ഒരു മഞ്ഞുകാല സവാരിക്കിടെ, വീണു മരിക്കുകയായിരുന്നു. മഞ്ഞിൽപുതഞ്ഞ നിലയിലാണ് ആ മൃതദേഹം പിന്നീടു കണ്ടെത്തിയത്.
മെൽവിലിന്റെ കഥാപാത്രമായ ബാർട്ടിൽബൈയെ പോലെ ഓഫിസിലെ ഗുമസ്ത ജോലിയാണു ഹുവാൻ റൂൾഫോയും ചെയ്തിരുന്നത്. വർഷങ്ങളോളം മെക്സിക്കോ സിറ്റിയിലെ ഓഫിസിൽ പകർപ്പെഴുത്തുകാരനായി ജോലിയെടുക്കവേ മേലധികാരിയെ മുഖാമുഖം കാണാൻപോലും റൂൾഫോ മടിച്ചു. തന്നെക്കണ്ടാൽ തന്റെ കഴിവില്ലായ്മയുടെ പേരിൽ പിരിച്ചുവിട്ടാലോ എന്നു ഭയന്നു റൂൾഫോ ഒരു തൂണിനു മറഞ്ഞിരുന്നാണു പണിയെടുത്തിരുന്നത്. പെദ്രോ പരാമോയെപ്പറ്റി ഹുവാൻ റൂൾഫോ പറയുന്നു- ‘1954 മേയിൽ ഞാൻ ഒരു സ്കൂൾ എക്സർസൈസ് ബുക്ക് വാങ്ങി നോവലിന്റെ ആദ്യ അധ്യായം എഴുതി. എന്റെ ശിരസ്സിനുള്ളിൽ വർഷങ്ങളായി അതു രൂപം കൊണ്ടുവരികയായിരുന്നു. പെദ്രോ പരാമോയുടെ പിറവിക്കു നിദാനമായ ചോദനകൾ എങ്ങുനിന്നെന്ന് എനിക്ക് അറിയില്ല. ഒരാൾ എനിക്കത് എഴുതാനായി പറഞ്ഞുതന്നതു പോലെയായിരുന്നു അത്. ചിലപ്പോൾ തെരുവിനു നടുവിൽ ഒരാശയം എനിക്കുണ്ടാവും. ഞാൻ അത് അപ്പോൾത്തന്നെ കടലാസിൽ കുറിച്ചുവയ്ക്കും..’
പെദ്രോ പരാമോയ്ക്കു ശേഷം ഹുവാൻ റൂൾഫോ 30 വർഷം ഒന്നുമെഴുതിയില്ല. റൂൾഫോയുടെ ഈ മാറ്റത്തെ റംബൊയുടെ ജീവിതവുമായാണു താരതമ്യം ചെയ്യുന്നത്. തന്റെ രണ്ടാമത്തെ പുസ്തകം പത്തൊൻപതാം വയസ്സിൽ പ്രസിദ്ധീകരിച്ചശേഷം എല്ലാം ഉപേക്ഷിച്ചു റംബൊ ദേശാടനത്തിനു പോയി. ജർമനി, സൈപ്രസ്, ജാവാ, സുമാത്ര, അബിസീനിയ, സുഡാൻ തുടങ്ങിയ ദേശങ്ങളിലൂടെയുള്ള ഭൂഖണ്ഡാന്തര യാത്ര. രണ്ടുദശകത്തിനു ശേഷം മരിക്കും വരെ ഒരു കവിതയുമെഴുതിയില്ല.
പെദ്രോ പരാമോയ്ക്കുശേഷം റൂൾഫോയുടെ പിന്നാലെ നടന്ന പ്രസാധകർക്കു നിരാശപ്പെടേണ്ടിവന്നു. എന്താണു രണ്ടാമതൊരു നോവലെഴുതാത്തതെന്ന ചോദ്യം ഉയരുമ്പോഴെല്ലാം ഹുവാൻ റൂൾഫോ നൽകിയ മറുപടി ഇതാണ്, ‘‘എന്റെ അമ്മാവൻ സെലിറിനോ മരിച്ചുപോയി. അദ്ദേഹമാണ് എനിക്കു കഥകൾ പറഞ്ഞുതന്നിരുന്നത്.’’
‘‘അമ്മാവൻ എപ്പോഴും വാതോരാതെ പറഞ്ഞുകൊണ്ടിരിക്കും. അങ്ങേര് നുണകളുടെ ഒരു കൂമ്പാരമായിരുന്നു. അതെല്ലാം എന്നോടു പറഞ്ഞു. സ്വാഭാവികമായും ഞാനെഴുതിയതും നുണകളാണ്.’’
റംബൊയുടെ തിരസ്കാരങ്ങൾ ഐതിഹാസികമായിരുന്നു. എ സീസൺ ഇൻ ഹെൽ എന്ന കൃതിയിൽ, ‘വിട’ എന്ന ചെറിയ ഖണ്ഡം കവി ഉൾപ്പെടുത്തിയിരുന്നു. ഇത് കവിതയിൽനിന്നുള്ള റംബൊയുടെ വിടവാങ്ങൽ സന്ദേശമായി വിലയിരുത്തപ്പെട്ടു. റംബൊ എഴുതി- ‘ഞാൻ പുതിയ പൂക്കളും പുതിയ നക്ഷത്രങ്ങളും പുതിയ മാംസവും പുതിയ ഭാഷകളും നിർമിക്കാൻ ശ്രമിച്ചു. അതിമാനുഷികമായ കരുത്തു നേടിയതായി ഞാൻ കരുതി. ഇപ്പോൾ നിങ്ങൾ കണ്ടോ! ഞാൻ എന്റെ ഭാവനയും സ്മരണകളും കുഴിവെട്ടിമൂടണം. കഥപറച്ചിലുകാരന്റെയും കലാകാരന്റെയും സുന്ദരമായ ഔന്നത്യം തട്ടിപ്പറിക്കപ്പെട്ടിരിക്കുന്നു.’
കവിതയെന്ന മിഥ്യയെക്കാൾ വലിയ അഭിലാഷങ്ങളാണു കവിക്കു മുന്നിലുണ്ടായിരുന്നത്. തന്റെ മുന്നിൽ തെളിഞ്ഞ പുതിയ വഴി നോക്കി റംബൊ പ്രഖ്യാപിച്ചു: ‘One must be absolutely modern. No songs; hold on to a step that has been taken.’
ഈ നോവലിലെ രസകരമായ ഒരു സന്ദർഭം, പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കെ എഴുത്ത് അവസാനിപ്പിച്ച ജെ.ഡി. സാലിഞ്ചറെ, കഥാനായകനായ മാർസലോ ന്യൂയോർക്കിലെ ഫിഫ്ത് അവന്യൂവിൽ ബസ് യാത്രയ്ക്കിടെ കാണുന്നതാണ്. ഡിപ്രഷനാണെന്നു നടിച്ച് മാർസലോ ഓഫിസിൽനിന്ന് ദീർഘ അവധിയെടുത്തു മുങ്ങിയതായിരുന്നു. വാരാന്ത്യം ന്യൂയോർക്കിൽ ചെലവഴിക്കാനെത്തിയ സമയമാണു ബസിൽ അപ്രതീക്ഷിതമായി സാലിഞ്ചറെ കണ്ടത്.
അമേരിക്കൻ നോവലിസ്റ്റായ സാലിഞ്ചർ 1963 ലാണ് അവസാന പുസ്തകമിറക്കിയത്. അദ്ദേഹത്തെ മാർസലോ ബസിൽ കാണുമ്പോൾ ഒരു വാക്കുമെഴുതാതെ സാലിഞ്ചറുടെ ജീവിതം 36 വർഷം പിന്നിട്ടിരുന്നു. സത്യത്തിൽ സാലിഞ്ചറുടെ അടുത്തിരുന്ന പെണ്ണിനെയാണു മാർസലോ ആദ്യം കണ്ടത്. അവളുടെ ചുണ്ടുകൾ ഒരു പ്രത്യേക രീതിയിൽ വിടർന്നിരിക്കുന്നതു കണ്ട് കൗതുകം തോന്നിയാണു ശ്രദ്ധിക്കാൻ തുടങ്ങിയത്. ബസിന്റെ ഉൾവശത്തുള്ള ഒരു പരസ്യം വായിക്കവേയാണ് അവളുടെ വാ മെല്ലെ തുറന്നു പോയത്. പൊടുന്നനെയാണ് അവളുടെ അടുത്തിരിക്കുന്ന ആളെ മാർസലോ ശ്രദ്ധിക്കുന്നത്. അതു സാലിഞ്ചറായിരുന്നു. ആ പെണ്ണിനോട് ഒന്നു മിണ്ടാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് കൊതിപൂണ്ടിരുന്ന അയാൾക്ക് സാലിഞ്ചറെ കണ്ടതോടെ ശ്വാസം മുട്ടി. സാഹിത്യത്തിനും പെണ്ണിനുമിടയിൽ താൻ പെട്ടുപോയല്ലോ എന്ന് അയാൾ ഓർത്തു. ബസ് അടുത്ത സ്റ്റോപ് ആയപ്പോഴേക്കും മാർസലോയെ അമ്പരിപ്പിച്ച് സാലിഞ്ചറും ആ പെണ്ണും കൈ കോർത്ത് ഇറങ്ങിപ്പോകുകയും ചെയ്തു.
മറ്റൊന്ന് Antonio de la Mota Ruiz എഴുതിയ ഒരു കഥയെപ്പറ്റിയാണ്. അധികമാരും അറിയാത്ത എഴുത്തുകാരനായ റൂയിസിന്റെ കഥാപാത്രമാണു പാരനോയ്ഡ് പെരസ്. ഈ കഥാപാത്രം നോവലിസ്റ്റാണ്. പക്ഷേ ഇതേവരെ ഒരു നോവൽ പോലും എഴുതാനായിട്ടില്ല. കാരണം അയാൾ ഒരു ആശയം ആലോചിച്ച് ഉറപ്പിച്ച് എഴുതാനായി തയാറെടുക്കുമ്പോഴേക്കും അതു പോർച്ചുഗീസ് നോവലിസ്റ്റായ ഷുസെ സരമാഗോ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ടാവും. സരമാഗോയുടെ ബൽത്താസർ ആൻഡ് ബ്ലിമുൻഡ തന്റെ ആശയം അതേപടി പകർത്തിയതാണെന്ന് അയാൾ കൂട്ടുകാരോടു പറഞ്ഞെങ്കിലും അവർ ചിരിച്ചുതള്ളി. പിന്നീടു പെരസ് പെസോവയെ കഥാപാത്രമാക്കി നോവൽ ആലോചിച്ചു. അപ്പോഴേക്കും സരമാഗോയുടെ ‘ദി ഇയർ ഓഫ് ദ് ഡെത്ത് ഓഫ് റിക്കാർഡോ റെയ്സ്’ പുറത്തിറങ്ങി. പെരസിന്റെ കാര്യങ്ങൾ ആകെ കുഴമറിഞ്ഞു. തന്റെ മനസ്സ് ചോർത്താനുള്ള എന്തോ വിദ്യ സരമാഗോ പ്രയോഗിക്കുന്നതായി അയാൾ സംശയിച്ചു. തന്റെ സുഹൃത്തുക്കൾ സരമാഗോയ്ക്ക് ആശയങ്ങൾ ചോർത്തിനൽകുന്നുവെന്ന സംശയവും ബലപ്പെട്ടു. ഇതേത്തുടർന്ന് സരമാഗോക്ക് അയാൾ ഒരു കത്തെഴുതി. താങ്കളുടെ വരാനിരിക്കുന്ന നോവലിന്റെ വിഷയമെന്തെന്നായിരുന്നു കത്തിലെ ചോദ്യം. പക്ഷേ, പെരസ് മനസ്സിൽ വിചാരിച്ചതു തന്നെ സരമാഗോ എഴുതി. ‘ദ് ഹിസ്റ്ററി ഓഫ് ദ് സീജ് ഓഫ് ലിബ്സൺ’ ഇറങ്ങിയതോടെ പെരസിന്റെ സകല പിടിയും വിട്ടു. സരമഗോയുടെ വസതിക്കു മുന്നിൽ ഒരു റോമൻ സെനറ്ററായി വേഷം കെട്ടി ധർണയിരിക്കാൻ പെരസ് തീരുമാനിച്ചു. ഇതാ താങ്കളുടെ അടുത്ത നോവലിലെ കഥാപാത്രം എന്നെഴുതിയ പ്ലക്കാർഡും ഉയർത്തിപ്പിടിച്ച് പ്രതിഷേധിക്കാനായിരുന്നു പദ്ധതി. കാരണം റോമാസാമ്രാജ്യത്തിന്റെ തകർച്ചയുടെ പശ്ചാത്തലത്തിലാണു പെരസ് തന്റെ പുതിയ നോവൽ വിഭാവന ചെയ്തത്. ‘‘അയാൾ (സരമാഗോ) എന്നെ എഴുതാൻ അനുവദിക്കില്ലെന്ന് ഉറപ്പാണ്’’, പെരസ് പറഞ്ഞു, ‘‘അതുകൊണ്ട് അയാളുടെ പുതിയ നോവലിലെ കഥാപാത്രമായി ജീവിക്കാനെങ്കിലും അയാൾക്ക് എന്നെ അനുവദിക്കാമല്ലോ.’’
മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന പെരസ് അവിടെയും റോമൻ സെനറ്ററുടെ വേഷത്തിലാണു കഴിഞ്ഞത്. മറ്റ് അന്തേവാസികൾ അയാളെ പാരനോയ്ഡ് പെരസ് എന്നു വിളിച്ചു. അയാൾ കഥാകൃത്തിനോടു പറയുന്നു, ‘‘എനിക്ക് ആശ്വാസമായി, ഇപ്പോൾ സരമാഗോക്കു നൊബേൽ സമ്മാനം കിട്ടിയല്ലോ. ഇനി അയാൾക്കു തിരക്കു മൂലം എഴുതാനാവില്ല.‘‘
തന്റെ അന്ത്യദിനങ്ങളിൽ സാഹിത്യത്തെ ഒരു ശാപമായിട്ടാണു ടോൾസ്റ്റോയി കരുതിയത്. അദ്ദേഹം ഭയങ്കരമായി വെറുക്കുന്ന കാര്യങ്ങളിലൊന്നായും സാഹിത്യം മാറി. തന്റെ ധാർമിക പരാജയങ്ങൾക്കു സാഹിത്യമാണ് ഉത്തരവാദിയെന്ന് ആരോപിച്ചാണു ടോൾസ്റ്റോയി എഴുത്ത് ഉപേക്ഷിച്ചത്.
ഒരു രാത്രി ടോൾസ്റ്റോയി തന്റെ ഡയറിയിൽ, ഒരുപക്ഷേ മഹാനായ എഴുത്തുകാരന്റെ അവസാനത്തെ വാക്യം, എഴുതി. അതൊരു ഫ്രഞ്ച് പഴമൊഴിയായിരുന്നു. പക്ഷേ ആ വാക്യം പൂർണമാക്കാൻ അദ്ദേഹത്തിനായില്ല. ‘‘നീ നിന്റെ കടമ നിർവഹിക്കുക, എന്തു സംഭവിച്ചാലും’’. എന്നായിരുന്നു ആ വാക്യം. ‘‘നീ നിന്റെ കടമ നിർവഹിക്കുക’’ എന്നു മാത്രമേ അദ്ദേഹം എഴുതിയുള്ളു.
1910 ഒക്ടോബർ 28. അതിശൈത്യമുള്ള ആ പ്രഭാതത്തിൽ എൺപത്തിരണ്ടു വയസ്സുകാരനായ ടോൾസ്റ്റോയി യസനയ പോളിയാനയിലെ തന്റെ വീട്ടിൽനിന്ന് ആരുമറിയാതെ സ്ഥലം വിട്ടു. വീട്ടിൽനിന്നു കാണാതായി പത്താം നാൾ റഷ്യയിലെ ആരുമറിയാത്ത അസ്തപ്പോവ ഗ്രാമത്തിലെ റെയിൽവേ സ്റ്റേഷൻ മാസ്റ്ററുടെ വീട്ടിൽ കിടന്ന് ലോകപ്രശസ്തനായ എഴുത്തുകാരൻ മരിച്ചു. ശൈത്യകാലത്ത്, തുറന്ന മൂന്നാം ക്ലാസ് കംപാർട്ട്മെന്റിലെ യാത്രയ്ക്കിടെ ന്യൂമോണിയ ബാധിതനായ ടോൾസ്റ്റോയി യാത്രാമധ്യേ അസ്തപ്പോവയിലെ വിജനമായ സ്റ്റേഷനിൽ ഇറങ്ങാൻ നിർബന്ധിതനാവുകയായിരുന്നു.
English Summary : Ezhuthumesha Authors who had to stop writing due to different reasons